ഒറ്റപ്പെടില്ല എമ്പ്രാന്മാർ; ഒപ്പമുണ്ട് അമ്പലവാസികൾ

JULY 29, 2026, 12:57 PM

'എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന കുഞ്ചൻ നമ്പ്യാരുടെ നിരീക്ഷണം ഹാസ്യ രസമാർന്ന സാമൂഹിക വിമർശനമായിരുന്നു. കാര്യക്കാർ മോഷ്ടിച്ചാൽ താഴെയുള്ളവരും അത് തന്നെ ചെയ്യുമെന്ന് സാരം. ക്ഷേത്ര സ്വത്തിന്റെ ചുമതലക്കാർ എത്ര ജാഗരൂകരായിരിക്കണം എന്നതിലേക്കാണ് മൂന്നു നൂറ്റാണ്ടു മുമ്പ് നമ്പ്യാർ വിരൽ ചൂണ്ടിയത്. പക്ഷേ, അമ്പലക്കൊള്ള ഇപ്പോഴും കൂടിവരുന്നതേയുള്ളൂ എന്ന് മലയാളി സമൂഹത്തിന് ആവർത്തിച്ച് ബോധ്യമായിരിക്കുന്നു.

ദേവസ്വം ബോർഡ് ഭരിക്കുന്നവരും സിൽബന്ധികളും കട്ടു മുടിക്കുന്നതിലെ വിരുത് ഭഗവാനെ ഭയന്ന് മാറ്റിവച്ചില്ല. നമ്പ്യാരുടെ കാലത്ത് എണ്ണയോ തിരിയോ നെല്ലോ ആണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ, സ്വർണം ഉരുക്കി ചെമ്പാക്കി മുക്കുന്ന രസതന്ത്രമായി അമ്പലക്കൊള്ള പിന്നീട് മാറി. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ ഒരു ദേവസ്വം ബോർഡിനെതിരെ അമ്പലം കൊള്ളയടിച്ചതിന് എഫ്‌ഐആർ ഇടുന്നത്. അതും ലോകശ്രദ്ധനേടിയ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സ്വർണപ്പാളികൾ കൊള്ളയടിച്ചതിന്.

സ്വർണക്കൊള്ളയുടെ അന്വേഷണം പുരോഗമിക്കവേ തന്നെ ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിൽ വലിയ ആസൂത്രണത്തോടെ ക്രമക്കേടുകൾ നടന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നു. സ്വർണക്കൊള്ളയുമായി താരതമ്യം ചെയ്യാനാകില്ല ഈ ചോരണമെങ്കിലും എമ്പ്രാന്മാരെ അനുകരിച്ച അമ്പലവാസികളുടെ എണ്ണം അത്ര കുറവല്ലെന്ന സൂചന ശ്രദ്ധേയം തന്നെ.
ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിൽ വലിയ ആസൂത്രണത്തോടെ ക്രമക്കേടുകൾ നടന്നതായുള്ള അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയാരംഭിച്ചതോടെ അന്വേഷണം ദേവസ്വം ബോർഡിലേക്കും നീങ്ങുമെന്നുറപ്പായി. നെയ്യ് തട്ടിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായി എന്ന് പറഞ്ഞ ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി.

vachakam
vachakam
vachakam

ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിയതെന്ന് ദേവസ്വം കമ്മീഷണർ അന്വേഷിക്കും. നെയ്യ് കൊടുത്ത മിൽമയേപ്പോലെ തന്നെ വാങ്ങിയ ദേവസ്വം ബോർഡിനും ഇടപാടിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഉത്തരവിട്ടുണ്ട്. സംഭവത്തിൽ ഇതിനോടകം വിജിലൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മിൽമയിലെ ഇടത് ഭരണസമിതി അറിയാതെ ഒന്നും നടക്കില്ലെന്ന് മന്ത്രി പറയുന്നു. നെയ്യ് വിൽപ്പനയിൽ ആരോപണ വിധേയനായ മിൽമയിലെ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതിന്റെ വിവരങ്ങളും പുറത്തുവന്നു.

അന്വേഷണം നടക്കുന്നതിനിടെ ഷൈൻ ജോസഫ് രാജിവെച്ച് പോകാൻ ശ്രമിച്ചപ്പോൾ മിൽമ എംഡിയും സർക്കാർ പ്രതിനിധിയും അതിനെ എതിർത്തു. ഗുരുതരമായ ആരോപണമാണ് ഉദ്യോഗസ്ഥൻ നേരിടുന്നതെന്നും അന്വേഷണം നടക്കുന്നതിനാൽ രാജി അംഗീകരിക്കരുതെന്നുമായിരുന്നു നിലപാട്. എന്നാൽ ഇടത് ഭരണസമിതി എതിർപ്പ് തള്ളി ഷൈൻ ജോസഫിനെ രാജിവെക്കാൻ അനുവദിച്ചു. ചട്ടങ്ങൾ ലംഘിച്ച് ടെണ്ടറിന് ശുപാർശ നൽകിയതും ടെണ്ടർ അംഗീകരിച്ചതും ഷൈൻ ആയിരുന്നു.

സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻപ്രസിഡന്റും സി.പി.എം നേതാവുമായ പി.എസ്.പ്രശാന്ത് കൂടി ഈയിടെ, അറസ്റ്റിലായതോടെ ക്രമക്കേടുകളിലും കൊള്ളയിലും ദേവസ്വം ബോർഡിനുള്ള സമ്പൂർണ പങ്കാളിത്തമാണ് പുറത്തായത്. പത്തു വർഷത്തെ ഇടതു സർക്കാരിന്റെ കാലയളവിൽ നിയമിതരായ മൂന്ന് പ്രസിഡന്റുമാർ മാത്രമല്ല, ബോർഡ് ഉദ്യോഗസ്ഥരും, ഇടനിലക്കാരനും കൂട്ടാളികളും ഉൾപ്പെടെ ആകെ 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൂന്ന് ഭരണസമിതികൾ ക്രമക്കേടുകളുടെ ഭാഗമായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.

vachakam
vachakam
vachakam

ഈ പാപകർമ്മങ്ങളിലൊന്നും ദേവസ്വം ബോർഡിലെ ഭരണക്കാർക്കു പങ്കില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന മുൻ സർക്കാരും അതിനെ നയിച്ചിരുന്ന സി.പി.എമ്മും അക്ഷരാർത്ഥത്തിൽ കുരുക്കിലായി. പ്രതികളിൽ ഒരാൾക്കു പോലും കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിലുള്ള ഉത്ക്കണ്ഠ പൊതുവേ ഏറിവരുന്നുവെന്നത് മറ്റൊരു കാര്യം. പ്രതിയായിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഇതിനിടെ മരിച്ചു. ഈയിടെ അറസ്റ്റിലായ പി.എസ്.പ്രശാന്തും അജികുമാറും ജയിലിലാണെങ്കിലും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ട് മറ്റു പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തുവന്നു.

ദേവസ്വം ബോർഡുകളുടെ പ്രവർത്തനം അതത് സർക്കാരുകളുടെ നിയന്ത്രണത്തിലായിരിക്കേ കേസ് പ്രസിഡന്റുമാരിൽ ഒതുങ്ങാതെ അതിനു പിന്നിൽ രാഷ്ട്രീയ ഗൂഢലോചനയുണ്ടോ എന്നും മറ്റും അന്വേഷിക്കാൻ എസ്.ഐ.ടി തുനിഞ്ഞാൽ പ്രശ്‌നം അതീവ ഗുരുതരമാകും. ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് മാത്രമല്ല, അന്ന് ബോർഡ് അംഗമായിരുന്ന സി.പി.ഐ നേതാവ് അജികുമാറും അറസ്റ്റിലായിരുന്നു. സ്‌പോൺസർ എന്നപേരിൽ ഭരണസമിതിക്കാർക്കും ഉദ്യോഗസ്ഥർക്കും സ്വർണവ്യാപാരികൾക്കും വേണ്ടി ചരടുവലിക്കുകയും, മുന്നിൽനിന്ന് കൊള്ളയുടെ റൂട്ട് നിശ്ചയിക്കുകയും ചെയ്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. അയാൾ തന്നെ ഒന്നാം പ്രതി.

പോറ്റിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശബരിമല ശ്രീകോവിലിന്റെ വാതിൽ മാത്രമല്ല, കട്ടിളപ്പാളിയും, ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശില്പങ്ങളുംവരെ ഇളക്കിയെടുത്ത് പുറത്തുകടത്തി അതിലെ സ്വർണം ഉരുക്കിയെടുത്തു എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞത്. കൊടിമരം, വാജിവാഹനം, പ്രഭാവലയം തുടങ്ങി സന്നിധാനത്തെ അമൂല്യവസ്തുക്കളിലൊന്നിൽപ്പോലും പോറ്റിയും കൂട്ടരും കൈവയ്ക്കാതിരുന്നില്ല. സ്വർണംപൂശലിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിലായിരുന്നു എല്ലാ വിക്രിയകളും അരങ്ങേറിയത്.

vachakam
vachakam
vachakam

ബോർഡ് പ്രസിഡന്റിന്റെ സമ്മതമില്ലാതെയോ, അംഗങ്ങളുടെ അറിവില്ലാതെയോ, ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെയോ ഇതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് ഏവർക്കുമറിയാം. അതിനും മുകളിലുള്ള ഉന്നതരുടെ അനുവാദവും അനുഗ്രഹവുമില്ലാതെ ഇതു വല്ലതും സാദ്ധ്യമാകുമോയെന്ന ചോദ്യവും ഉയരുന്നു. ഇതിനിടെ, ശബരിമല അഷ്ടാഭിഷേക വസ്തുക്കളുടെ വിതരണക്കാരായി ദേവസ്വം ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിശുദ്ധ സ്ഥലത്തെ അവിശുദ്ധ രീതിയെന്നാണ് സംഭവത്തെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്. ശബരിമലയിലെ വഴിപാട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടക്കാല ഉത്തരവ്.

കൊള്ള പലവിധം

ദേവസ്വം എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റേത് എന്നാണ്. ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തം ദേവന്റെ സ്വത്തും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്നതും. സംസ്ഥാനത്ത് സർക്കാർ നിയന്ത്രിക്കുന്ന അഞ്ച് ദേവസ്വങ്ങളാണുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം ബോർഡ്. ദേവസ്വം ബോർഡുകളിൽ വിശ്വാസികൾ ആണ് അംഗങ്ങൾ ആകേണ്ടത്. എന്നാൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനനുസരിച്ച് ബോർഡിന്റെ രാഷ്ട്രീയ നിറവും മാറും. പക്ഷെ അമ്പലക്കൊള്ളയ്ക്ക് മാത്രം വ്യത്യാസമുണ്ടാകില്ല. അതാണ് ശബരിമലയിൽ കണ്ടത്.

2019 ൽ കട്ടിളയിലെയും ദ്വാരപാലകരുടെയും സ്വർണപ്പാളികൾ ഇളക്കിക്കൊടുത്തത് മാത്രമാണ് ഹൈക്കോടതി കണ്ടെത്തിയതും പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതും. അതിനുമുമ്പും ശേഷവും നടന്ന കൊള്ളകൾ എത്രയോ പുറത്തുവരാനുണ്ടെന്ന് ഭക്തർ പറയുന്നു. മറ്റ് ക്ഷേത്രങ്ങൾ പരിശോധിച്ചാൽ കൊച്ചിൻ ബോർഡിന്റെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടമായി. അവിടെ ഉണ്ടായിരുന്ന സ്വർണത്തിൽ തീർത്ത നെറ്റിപ്പട്ടം പുതിയ ആനകൾക്ക് ചേരില്ലെന്ന വാദത്തിൽ ഉരുക്കിമാറ്റി. സ്വർണാഭരണങ്ങളിലെ രത്‌നങ്ങൾ വിറ്റതായും ആരോപണമുണ്ട്. ആറന്മുളയിലെ വിഗ്രഹത്തിലെ 50 പവൻ സ്വർണ്ണം നഷ്ടപ്പെട്ട സംഭവം ശബരിമല വിഷയത്തിന് പിന്നാലെ ഉയർന്നുവന്നതാണ്.

ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരത്തിലെ സ്വർണ്ണം നഷ്ടമായി. ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ 81 മുത്തുകളുള്ള പഴയ മാലയ്ക്ക് പകരം 72 മുത്തുകളുടെ മാല വയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത് വിജിലൻസ് ആണ്.
ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിലെ 160 ഗ്രാം സ്വർണ ഉരുപ്പടികൾ മുക്കിയത് മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ആയിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിലെ തൃശൂർ ചേലക്കര പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ 15.300 ഗ്രാം സ്വർണത്തിൽ ചെമ്പവിഴ രത്‌നങ്ങളും ഇന്ദ്രനീല രത്‌നവും പതിപ്പിച്ച കിരീടം കാണാതായതിൽ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ പ്രസാദ അഴിമതി കണ്ടെത്തിയിരുന്നു. ഗണപതിഹോമത്തിന്റെ പ്രസാദം തയാറാക്കിക്കൊണ്ടിരുന്നത് വാടകയ്ക്ക് എടുത്ത മുറിയിൽ ബംഗാളികൾ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉൾപ്പടെ ഇതൊന്നും അറിഞ്ഞില്ലെന്നാണ് ന്യായീകരണം. ഉണ്ണിയപ്പ നിർമ്മാണത്തിലും അഴിമതി പുറത്ത് വന്നു.

തിരുവിതാകൂർ ദേവസ്വംബോർഡിന്റെ രണ്ടാമത്തെ വരുമാനമുള്ള ക്ഷേത്രമാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. ഇവിടെ പിതൃക്കൾക്കുള്ള ബലിതർപ്പണത്തിൽ പോലും ലക്ഷങ്ങളുടെ കൊള്ളയാണ്. ഈ ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് ഒരുവർഷം ഒരുകോടിവരെ വരുമാനമുണ്ടെന്ന് കണ്ടെത്തിയത് ദേവസ്വം വിജിലൻസ് ആണ്. ഒടുവിൽ ഇത്തരം വരുമാനം ഉണ്ടാകുമ്പോൾ 25 ശതമാനം ദേവസ്വത്തിന് നൽകണമെന്ന നിബന്ധന ബോർഡ് മുന്നോട്ടുവച്ചത് ഉദ്യോഗസ്ഥരും അംഗീകരിച്ചു.

അപ്പോൾ വെട്ടിപ്പിന്റെ 25 ശതമാനം ബോർഡിന് സ്വന്തമായി. ഇത്തരം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ എല്ലാ ദേവസ്വംബോർഡിലും ഉണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണം, രത്‌നം, വെള്ളി തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടെന്നാണ് ഓഡിറ്റിൽ കണ്ടത്തി. മറയൂർ ചന്ദനം, കശ്മീരി കുങ്കുമപ്പൂവ് എന്നിവയ്ക്കും കൃത്യമായ കണക്കില്ല. സ്വർണക്കുടയുടെ 140 ഗ്രാം വെള്ളിയിൽ തീർത്ത കാല് കാണാതായി. ഒരു വെള്ളിക്കുടത്തിന്റെ തൂക്കം 10 മാസം കൊണ്ട് 1190 ഗ്രാം കുറഞ്ഞു.

ചില ക്ഷേത്രങ്ങളിലെ ഉപദേശക സമിതികൾ നടത്തിയ കൊള്ളകൾ, തെളിവില്ലെന്ന് പറഞ്ഞ് ദേവസ്വം ബോർഡുകൾ എഴുതിത്തള്ളിയ സംഭവങ്ങൾ നിരവധി. 'കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും' എന്ന കുഞ്ചൻ നമ്പ്യാരുടെ നിരീക്ഷണവും തെല്ലും പാളിയിട്ടില്ല.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam