പടയൊഴിയാതെ പാളയത്തിലും ഇടിപ്പേടി

SEPTEMBER 23, 2026, 9:24 AM

പിണറായി വിജയനും കുടുംബത്തിനും എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ രാഷ്ട്രീയം കണേണ്ടതില്ല എന്നാണ് സഖ്യകക്ഷിയായ സി.പി.ഐയുടെ നിലപാട്. കേസിനെ കേസായി മാത്രം കണ്ടാൽ മതി.

ടി.വീണ സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങി എന്നത് പകൽ പോലെ യാഥാർത്ഥ്യമാണ്. അത് എന്തിനുവേണ്ടി എന്ന് തെളിയിക്കേണ്ട ബാധ്യത അവർക്കുള്ളതാണ്. അതിനാൽ വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ നിൽക്കേണ്ടതില്ല എന്നാണ് സി.പി.ഐ സെക്രട്ടറിയേറ്റിന്റെ നിലപാട്.

പാർട്ടി കമ്മിറ്റികളിൽ അതീവ ശക്തനായ ബിനോയ് വിശ്വം, മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ കഥ മറന്നവനെ പോലെയാണ് പെരുമാറുക. പരമ്പരാഗതമായുള്ള വല്യേട്ടൻ പേടി കേരളത്തിലെ സി.പി.ഐ ഇപ്പോഴും പുലർത്തുന്നു. അത് വെളിയം ഭാർഗവന്റെ കാലത്തായാലും കാനം രജേന്ദ്രന്റെ കാലത്തായാലും വീമ്പ് പറച്ചിലിന് അപ്പുറത്തേക്ക് പോയിട്ടില്ല.

vachakam
vachakam
vachakam

ഭരണം കിട്ടുമ്പോൾ പങ്കുവെക്കുന്ന റവന്യൂ പോലുള്ള ചില അപ്പ കഷ്ണങ്ങൾ കൊണ്ട് തൃപ്തിയടയുകയാണ് പതിവ്. എന്നാൽ ഇത്തവണ ഇരുവട്ടം ഭരണം കിട്ടിയപ്പോൾ, വല്യേട്ടൻ അല്പം വലതുപക്ഷ വ്യതിയാനം കാട്ടുന്നുണ്ടോ എന്ന് നാട്ടുകാർക്ക് മൊത്തം സംശയം തോന്നിയപ്പോഴും ഘടകകക്ഷി മൗനം പാലിച്ചു.

ഒരിക്കലും ഒരു തിരുത്തൽ ശക്തിയായി മുന്നണിക്കുള്ളിൽ നിലകൊണ്ടില്ല. അതിന്റെ പ്രതിഫലമായി കിട്ടിയതോ ഭരണ നഷ്ടം !

അരികിൽ ഒരു സീറ്റ്

vachakam
vachakam
vachakam

ഇനി ഒന്നും നഷ്ടപ്പെടാനില്ല എന്ന നില വന്നപ്പോഴാണ് നിയമസഭയിൽ പ്രതിപക്ഷ നിരയിൽ അരികിൽ ഒരു സീറ്റിനായി ശബ്ദമുയർത്താൻ സി.പി.ഐക്ക് ധൈര്യം വന്നത്. അതാവട്ടെ ഒരിക്കലും തരില്ല എന്ന് സാക്ഷാൽ പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ മാത്രം. അണികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയെങ്കിലും അല്പം ധൈര്യം പുറത്തെടുക്കാം എന്ന് വച്ചാൽ സി.പി.എം ക്യാമ്പിൽ ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ തീരെ നേരമില്ല.

കേന്ദ്രസർക്കാരിന്റെ കൈയിലെ കളിപ്പാവ എന്ന് അവർ ആക്ഷേപിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പടിക്കകത്ത് കയറ്റാതിരിക്കാനുള്ള സർവ്വതന്ത്രങ്ങളും പയറ്റുന്ന തിരക്കിലാണ് വല്യേട്ടൻ ക്യാമ്പ്. എന്നാലും പ്രതിപക്ഷ ഉപനേതാവ് പദവിയെ പറ്റി നേരിയ പ്രതീക്ഷ എങ്കിലും പുലർത്താൻ ഒരു ചുറ്റുപാടും കാണുന്നില്ല.

സർക്കാർ 100 ദിവസം പിന്നിട്ടിട്ടും എൽ.ഡി.എഫ് യോഗം പോലും കൃത്യമായ ചേരാനാകാത്തത് ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കം കാരണമാണ്. പദവിയിൽ തീരുമാനമായിട്ട് മാത്രമേ യോഗത്തിനുള്ളൂ എന്ന നിലപാടിലായിരുന്നു സി.പി.ഐ. പദവി കിട്ടിയേ തീരുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പദവി സി.പി.എമ്മിനായിരിക്കുമെന്നും താൻ കത്ത് കൊടുക്കേണ്ട താമസമേ ഉള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്യമായി പറഞ്ഞതോടെയാണ് ഭിന്നത രൂക്ഷമായത്.

vachakam
vachakam
vachakam

പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്‌നമായി മാറിയതോടെ വിട്ടുവീഴ്ച ചെയ്യുന്നത് രാഷ്ട്രീയമായി വലിയ ക്ഷീണവും കീഴടങ്ങലുമായി വ്യാഖ്യാനിക്കപ്പെടാവുന്ന സാഹചര്യം ഇരുവശത്തും രൂപപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐയ്ക്ക് കിട്ടുമെന്നത് വെറും പ്രതീക്ഷയല്ല, ബോധ്യമാണ് എന്നൊരു പഞ്ച് ഡയലോഗ് ബിനോയ് വിശ്വം പറഞ്ഞു എന്നത് നേരാണ്. കേരള കോൺഗ്രസ് എമ്മും മറ്റ് ഘടകകക്ഷികളും ഈ വിഷയത്തിൽ അതൃപ്തി പരസ്യമാക്കിയിരുന്നു.

പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്ന സത്യൻ മൊകേരിയുടെ വിമർശനം പാർട്ടി പത്രത്തിൽ അച്ചടിച്ചു. പിണറായി മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാർമ്മികത ഉയർത്തിപ്പിടിച്ചില്ല. താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് നല്ലതല്ല. പിണറായിയുടെ പ്രസ്താവന കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും വിമർശിച്ചു നോക്കി. എന്ത് ഫലം!

മുന്നണിയെ ശക്തിപ്പെടുത്താൻ താല്പര്യപ്പെടാൻ ശ്രമിക്കാത്ത പാർട്ടിയാണ് സി.പി.ഐ എന്നും സി.പി.ഐ രാഷ്ട്രീയ മര്യാദ ലംഘിച്ചുവെന്നും ശിവൻകുട്ടി പിണറായിക്ക് വേണ്ടി തിരിച്ചടിച്ചു. ജനയുഗത്തിൽ അച്ചടിച്ചുവന്ന സത്യൻ മുകേരിയുടെ ലേഖനം നിർഭാഗ്യകരമെന്നും ശിവൻകുട്ടി പറഞ്ഞു. അങ്ങനെ ഘടകകക്ഷികളിൽ നിന്ന് മുന്നണിയിൽ സൃഷ്ടിക്കപ്പെട്ട പടയൊരുക്കം എങ്ങനെ നേരിടും എന്ന് അറിയാതിരിക്കുമ്പോഴാണ് മാസപ്പടി കേസുമായി ഇ ഡിയുടെ കടന്നുവരവ്.

ചേദ്യോത്തര വേള

മാസപ്പടി കേസിൽ  പിണറായി വിജയനെതിരെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ടി.വീണക്കെതിരെയും അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകിയതോടെ പ്രതിരോധ കോട്ട ശക്തമക്കേണ്ട ബാധ്യത സി.പി.എമ്മിന് കൈവന്നു. വിശാല സംസ്ഥാന സമിതിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ ന്യായീകരിച്ചും പ്രതിരോധിച്ചും ആരൊക്കെയോ ചെയ്ത തെറ്റുകൾക്ക് പാർട്ടി വില നൽകിയെന്ന് പരിതപിച്ചും മുഖം മിനുക്കി വരുമ്പോഴാണ് അന്വേഷണ ഏജൻസികളുടെ കറുത്ത കരങ്ങൾ നീണ്ടു നീണ്ടുവരുന്നത്.

വലിയ തിരിച്ചടിയായത് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിക്കുമെന്നതാണ്. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തിന്മേലാണ് സർക്കാർ തീരുമാനം.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി 25 പേജുള്ള കത്തും അനുബന്ധ തെളിവുകളും ഡിജിപിക്ക് കൈമാറി. കെ.എം.ആർ.എല്ലിൽ നിന്ന് എക്‌സലോജിക് വഴിയും വീണ വിജയന് നേരിട്ടും 3.28 കോടി രൂപ ലഭിച്ചത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് ഇ.ഡി കത്തിൽ ആരോപിക്കുന്നു. കൂടാതെ, മുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേർന്ന് ഈ പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നും !

അന്വേഷണ സംഘത്തിന്റെ തിരക്കഥയാണ് ഇതെല്ലാം എന്ന് റിയാസ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നു ചിരിച്ചുകൊണ്ട് പറയുന്നുണ്ടെങ്കിലും അമ്പരപ്പ് വ്യക്തമാണ്. പണം കൊടുത്ത കർത്തയുടെ ഉദ്യോഗസ്ഥരും മൊഴികളിൽ ചതിവ് കാട്ടി. തന്റെ മൊഴിയിൽ കർത്ത പിന്നീട് വെള്ളം ചേർത്തെങ്കിലും അതൊന്നും പിണറായി കുടുംബത്തെ രക്ഷിക്കാനുള്ള മാർഗമായില്ല.
സ്വന്തം ക്യാമ്പിൽ നിന്നു തന്നെ ഇരുമുനയുള്ള ഡയലോഗുകളുമായി എത്തുന്ന തോമസ് ഐസക്കിനെപോലുള്ളവർ വേറെ.

മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക് പറയുമ്പോൾ അതിന് പല അർത്ഥതലങ്ങൾ ഉണ്ട്. അവിടെയും പ്രതിരോധത്തിന് യു.ഡി.എഫ് ക്യാമ്പിനെ ഒന്ന് ആക്രമിച്ചു നോക്കി. കർത്തയിൽ നിന്ന് പണം വാങ്ങിയ രണ്ടുപേർ സതീശൻ മന്ത്രിസഭയിൽ ഉണ്ടല്ലോ എന്നാണ് ഒരു പ്രതിരോധം.

എന്നാൽ പിന്നെ മന്ത്രിമാരുടെ വിദേശ യാത്രകൾ, അവരുടെ ആഡംബരം എന്നിവ എടുത്തിട്ട് കാര്യങ്ങൾ മറ്റൊരു വഴിക്കാക്കാം എന്ന് വച്ചാലും സതീശന്റെ പുനർജനി കേസ് പാർട്ടി പത്രത്തിൽ ആവർത്തിച്ച് എഴുതിയാലും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാട് സതീശൻ കൈക്കൊള്ളുമ്പോൾ പാർട്ടി വീണ്ടും അസ്വസ്ഥമാവുകയാണ്. ചില ആശ്വാസങ്ങളുണ്ട്...
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയ്ക്ക് പിന്നിൽ അഴിമതിയുണ്ട്. രമേശ് ചെന്നിത്തലയുടെ വിദേശയാത്രയുടെ പിന്നാമ്പുറവും പുറത്തുവന്നല്ലോ. ആരെയൊക്കെ സഹായിക്കാനാണ് ഇത്തരം യാത്രകൾ എന്ന് ചർച്ച ചെയ്യാം.

അറ്റകൈ പ്രയോഗം എന്ന നിലയിൽ പുതിയ ക്യാപ്‌സുളുകൾ ഇടത് ക്യാമ്പുകൾ പുറത്തിറക്കിയത് ഇപ്പോൾ ഹിറ്റായിട്ടുണ്ട്. മോഡി, ഈഡി, വീഡി എന്ന് പ്രാസം ഒപ്പിച്ചുള്ള ക്യാപ്‌സൂൾ. ഗോവിന്ദൻ മാസ്റ്റർ മുതൽ ചിന്ത ജെറോം വരെ ഇത് ഏറ്റുപാടി ക്കൊണ്ടിരിക്കുകയാണ്. കേരളം ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമാണ്.

നാഷണൽ ഹൊറാൾഡ് അഴിമതി കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കവചം തീർത്തുകൊണ്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ അന്വേഷണ ഏജൻസിയെ വിമർശിച്ചതാണ് മറ്റൊരു പ്രതിരോധം.

സർവ്വശക്തിയും സംഭരിച്ച് പിണറായിക്ക് വേണ്ടി നിലകൊള്ളമെന്ന ഇ.പി. ജയരാജന്റെ വാക്കുകൾക്ക് പോലും കരുത്ത് പോരെന്നാണ് കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ തോന്നുന്നത്.

പ്രിജിത് രാജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam