വിസ്മയ നടനം - അദ്ധ്യായം 14 - ഭാഗ്യദേവത കടാക്ഷിച്ച ഒൻപതാം നമ്പർ മുറിയും 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലേക്കുള്ള വാതിലും

NOVEMBER 25, 2026, 5:44 AM

ആമുഖം: കൈവിട്ടപോയ ആദ്യ സിനിമാ അവസരത്തിന്റെ നിരാശയിൽ തിരുവനന്തപുരത്തേക്ക് മടങ്ങിയ മോഹൻലാലിനെത്തേടി വീണ്ടും മദ്രാസിലേക്ക് ഒരു യാത്രയെത്തുന്നു. സുഹൃത്ത് സരേഷ് കുമാറിനൊപ്പം താമസിച്ച കോടമ്പാക്കം സ്വാമീസ് ലോഡ്ജിലെ പഴയ ഒൻപതാം നമ്പർ മുറിയിൽ വെച്ചാണ് ലാലിന്റെ സിനിമാ ജീവിതത്തെ മാറ്റിമറിച്ച ആ പത്രപ്പരസ്യം കണ്ണിൽപ്പെടുന്നത്. നവോദയയുടെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലേക്കുള്ള അപേക്ഷയും, മോശമായ ഫോട്ടോ പ്രിന്റുകൾക്കിടയിലും തേടിയെത്തിയ ടെലിഗ്രാമും, ആലപ്പുഴ നവോദയ സ്റ്റുഡിയോയിലെ ആ ആദ്യ ഓഡിഷൻ നിമിഷങ്ങളുമാണ് ഈ അധ്യായത്തിൽ.

ഈ സമയം മോഹൻലാലിനെയും കൂട്ടി ആർ.കെ. ഓടിക്കിതച്ചെത്തി. വന്നപാടെ ആർ.കെ. രാമുവിനോട് പറഞ്ഞു:

'ഇതാ പറഞ്ഞ പയ്യൻ. ഇവൻ ശരിക്കും കലക്കും. നോക്കിക്കോ...!'

vachakam
vachakam
vachakam

'ശരിയാ... അവൻ ശരിക്കും കലക്കിയേനെ. ശങ്കരൻ നായരുടെ സെറ്റിൽ നിന്ന് സാജനെ കിട്ടിയില്ലായിരുന്നുവെങ്കിൽ ബേബിയണ്ണൻ ഇപ്പോൾ ഇവിടെയാകെ ഒരു കലക്കുകലക്കിയേനെ...'

സത്യത്തിൽ ട്രാഫിക് പ്രശ്‌നം മൂലമാണ് എ.വി.എം. സ്റ്റുഡിയോയിൽ മോഹൻലാലിന് എത്താൻ കഴിയാതിരുന്നത്. ഇത് രാധാകൃഷ്ണനും പ്രയാസമുണ്ടാക്കി. എന്തായാലും താൻ അടുത്ത് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ മോഹൻലാലിനെക്കൂടി ഉൾപ്പെടുത്തണമെന്ന് രാധാകൃഷ്ണൻ തീർച്ചപ്പെടുത്തി.

പിന്നെയും കുറേനാൾകൂടി പ്രതീക്ഷ വെച്ചുപുലർത്തിക്കൊണ്ട് പ്രിയദർശനും ലാലും സ്വാമീസ് ലോഡ്ജിൽ കഴിച്ചുകൂട്ടി. ഒടുവിൽ അത് മുഷിപ്പൻ പരിപാടിയായി തോന്നിയപ്പോൾ നാട്ടിലൊന്ന് പോയ് വരാമെന്നായി. അങ്ങനെ ഇരുവരും തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി.

vachakam
vachakam
vachakam

നാട്ടിലെത്തി അല്പദിവസം കഴിഞ്ഞപ്പോഴാണ് സുരേഷിന്റെ പിതാവിന്റെ സഹോദരൻ എം.ആർ.സി. മേനോൻ (അദ്ദേഹം അന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു) ഒരു തമിഴ് ചിത്രം നിർമ്മിക്കാൻ തുടങ്ങിയത്. അതിൽ നിർമ്മാതാവിന്റെ പേരിന്റെ സ്ഥാനത്ത് സുരേഷ് എന്നാണ് ടൈറ്റിലിൽ കൊടുത്തിരുന്നത്. ആ ചലച്ചിത്രത്തിന്റെ ചർച്ചയ്ക്കും മറ്റുമായി സുരേഷിന് മദ്രാസിൽ പോകേണ്ടിവന്നു. അപ്പോൾ അയാൾ ഒരു കൂട്ടിനായി മോഹൻലാലിനെയും ക്ഷണിച്ചു.

അങ്ങനെ അവർ ഇരുവരും വീണ്ടും മദ്രാസ് നഗരത്തിലെത്തി. ലാലിന് ഏറെ പരിചിതമായ കോടമ്പാക്കത്തെ സ്വാമീസ് ലോഡ്ജിൽത്തന്നെയായിരുന്നു താമസം. മുറിപോലും പഴയ ഒൻപതാം നമ്പർ. ആ മുറിയിൽവെച്ചുതന്നെയായിരുന്നു ഭാഗ്യദേവത ലാലിനെ കടാക്ഷിച്ചതും.

ഒരു ദിവസം രാവിലെ ആരോ ഒരാൾ ഒരു മലയാളപത്രവുമായി സ്വാമീസ് ലോഡ്ജിലെത്തി. ലാൽ മലയാളപത്രം വളരെ അലസമായി മറിച്ചുനോക്കുകയായിരുന്നു. അതിനിടയ്ക്ക് സുരേഷാണ് നവോദയയുടെ പുതിയ ചിത്രത്തിലേക്ക് നടീനടന്മാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ടതും അത് ഉറക്കെ വായിച്ചതും. തുടർന്ന് സുരേഷ് ലാലിനോടായി പറഞ്ഞു:

vachakam
vachakam
vachakam

'ലാലേ, നീ അപ്ലൈ ചെയ്യ്. കിട്ടണെങ്കിൽ കിട്ടട്ടെ...'

സമ്മതഭാവത്തിൽ മോഹൻലാൽ തയ്യാറായി. പിന്നെ താമസിച്ചില്ല, നല്ലൊരു ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആർട്ട് ഡയറക്ടറും ഡയറക്ടറുമായ ആർ.കെ.യുടെ ടി. നഗറിലെ സങ്കേതത്തിൽ വെച്ചാകാമെന്ന് തീരുമാനിച്ചു. ലാലും സുരേഷും അങ്ങോട്ട് യാത്രതിരിച്ചു.

അവിടെത്തിയപ്പോൾ രാധാകൃഷ്ണൻ ആദ്യം ചോദിച്ചത് ദോശ ബിസിനസിന്റെ കാര്യത്തെക്കുറിച്ചായിരുന്നു, പിന്നെ പാലക്കാട്ട് മണിശങ്കര അയ്യങ്കാർ എന്ന പ്രിയദർശനെക്കുറിച്ചും.
ഇതിനിടെ രാധാകൃഷ്ണന്റെ അസിസ്റ്റന്റ് സുധാകരൻ പോയി സ്റ്റിൽ ഫോട്ടോഗ്രാഫി പഠിച്ച നമ്പ്യാതിരിയെ വിളിച്ചുകൊണ്ടുവന്നു. (ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമാട്ടോഗ്രാഫി പഠിച്ച നമ്പ്യാതിരി പിന്നീട് ശ്രദ്ധേയനായ ഛായാഗ്രാഹകനായി മാറി). ആർ.കെ.യുടെ ടെറസിൽ നിന്നാൽ ചുറ്റുവട്ടത്തുള്ള സ്ഥലം മുഴുവൻ കാണാം. അവിടെവെച്ചാണ് നമ്പ്യാതിരി മോഹൻലാലിന്റെ വിവിധ പോസിലുള്ള ഫോട്ടോ എടുത്തത്.

അന്ന് സുരേഷ് ഇട്ടിരുന്നത് അയാളുടെ അമ്മാവൻ ടാൻസാനിയയിൽ നിന്നും കൊണ്ടുവന്ന പ്രത്യേക ഫാഷനിലുള്ള ഒരു ഷർട്ടായിരുന്നു. തികച്ചും അടിപൊളി ഷർട്ട്! ഫ്രണ്ടിൽ ലേസ് പിടിപ്പിച്ച് കെട്ടുകളുമൊക്കെയായി ഒരു അൾട്രാമോഡേൺ ഷർട്ട്. അങ്ങനെ സുരേഷിന്റെ ഷർട്ട് ഊരിമേടിച്ച് അതുമിട്ട് കുറച്ച് സ്റ്റിൽകൂടി എടുത്തു. ഉടൻതന്നെ തിരുവനന്തപുരത്തേക്ക് ലാലിനും സുരേഷിനും മടങ്ങേണ്ടിയിരുന്നതുകൊണ്ട് ഫോട്ടോയുടെ പ്രിന്റ് കിട്ടാനൊന്നും നിൽക്കാതെ നെഗറ്റീവും വാങ്ങി തിരുവനന്തപുരത്തേക്ക് തിരിച്ചു.

മദ്രാസിൽ നിന്ന് യാത്രതിരിച്ച മോഹൻലാലും സുരേഷും തീവണ്ടിയിൽ തമ്പാനൂർ വന്നിറങ്ങി നേരെ ശിവറാം സ്റ്റുഡിയോവിൽ പോയി ലാലിന്റെ നെഗറ്റീവ് അവിടെ ഏൽപ്പിച്ചു. ശിവറാം സ്റ്റുഡിയോവിൽത്തന്നെ കൊടുക്കാൻ ഒരു കാരണമുണ്ടായിരുന്നു. ലാലിന്റെയും സുരേഷിന്റെയും അടുത്ത സുഹൃത്ത് ജൽറാമിന്റേതായിരുന്നു ആ സ്റ്റുഡിയോ.

'എടാ സമയമില്ല, എത്രയും പെട്ടെന്ന് ഈ നെഗറ്റീവിന്റെ പ്രിന്റ് അടിച്ചുതരണം. പോസ്റ്റിൽ അയയ്ക്കാനുള്ളതാണ്,' സുരേഷ് പറഞ്ഞു.

വൈകുന്നേരം ആയപ്പോഴുണ്ട് ജൽറാം വിഷണ്ണനായി സ്‌കൂട്ടറുമെടുത്ത് സുരേഷിന്റെ വീട്ടിലെത്തി. ഫോട്ടോ സുരേഷിന്റെ മേശപ്പുറത്തേക്കിട്ടിട്ട് അയാൾ പറഞ്ഞു:

'ലാലിന്റെ ഫോട്ടോ ശരിയാകുന്നില്ല. ഇതയച്ചാൽ അവന്റെ ചാൻസ് തുലഞ്ഞതുതന്നെ.'

എന്നാൽ ഈ വിവരമൊന്നും മോഹൻലാൽ അറിയുന്നില്ല. എന്തും വരട്ടെയെന്ന് കരുതി സുരേഷ് സ്‌കൂട്ടറുമെടുത്ത് അത് പോസ്റ്റ് ചെയ്യാനായി പോയി. അന്ന് അവസാന ദിവസമാണ്. ചിലപ്പോൾ ലാസ്റ്റ് ഡേറ്റും കഴിഞ്ഞേ ഉദയാ സ്റ്റുഡിയോവിൽ അത് എത്തൂ. 'ഭാഗ്യമുണ്ടെങ്കിൽ കിട്ടട്ടെ' എന്ന് മനോഗതമെന്നോണം സുരേഷ് പറഞ്ഞു.

കൃത്യം മൂന്നാം നാൾ നവോദയയിൽ നിന്ന് മോഹൻലാലിന് സെലക്ഷൻ കിട്ടിയെന്നറിയിച്ചുകൊണ്ട് ടെലിഗ്രാം വന്നിരിക്കുന്നു! ലാൽ ടെലിഗ്രാം കൊണ്ട് ആദ്യം ഓടിയത് സുരേഷിന്റെ വീട്ടിലേക്കായിരുന്നു. സുരേഷിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല.

'എടാ ലാലേ... ഇത് നിന്റെ ഭാഗ്യമല്ലേ?'

'മഹാഭാഗ്യമാണെടാ...' സുരേഷ് ഉടനെ ലാലിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉയർത്തി വട്ടം ചുറ്റിച്ചുനിർത്തി. സുരേഷിന്റെ നാക്ക് ഫലിച്ചു. മോഹൻലാലിനെ ഭാഗ്യദേവത അനുഗ്രഹിക്കാൻ തുടങ്ങി.

പിറ്റേദിവസം രാവിലെതന്നെ തന്റെ ഇഷ്ടദൈവമായ ഗണപതിയെ പ്രാർത്ഥിച്ച് ലാലും സുരേഷും ആലപ്പുഴയ്ക്ക് തിരിച്ചു. അവിടെ തിരുവമ്പാടി ജംഗ്ഷനിലുള്ള അമ്മാവന്റെ വീടായ 'ഗായത്രി'യിലേക്കാണ് ആദ്യം പോയത്. അവിടെ പൂജാമുറിയിൽ വെച്ചിരിക്കുന്ന ഗണപതി വിഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. പ്രഭാകര സിദ്ധയോഗികളുടെ കുടുമയ്ക്കുള്ളിൽ ഇരുന്നതായിരുന്നു ആ വിഗ്രഹം.

അതിനുശേഷമാണ് ആലപ്പുഴയിലുള്ള നവോദയയുടെ ഓഫീസിൽ മോഹൻലാൽ എത്തിയത്. ഇതിനിടെ ലാലിനുവേണ്ടി നവോദയ അപ്പച്ചന്റെ അടുക്കൽ ഒരു ശുപാർശയും നടന്നു.

നവോദയയുടെ ലീഗൽ അഡൈ്വസർ അഡ്വ. മഹേശ്വരൻ ഗോപിനാഥൻ നായരുടെ കുടുംബസുഹൃത്തായിരുന്നു. ഇവർ ലാലിനവേണ്ടി അപ്പച്ചനോട് ശുപാർശ നടത്തിയിരുന്നു.

അതോടെ അപ്പച്ചൻ ലാലിന്റെ കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചു.

സമയം ഉച്ചയോട് അടുക്കുകയാണ്. ആലപ്പുഴയിലെ നവോദയയിലെ ഒരു വിശാലമായ മുറിയിൽ ഉയരം കൂടി മെലിഞ്ഞ, നാണംകുണുങ്ങിയായ ഒരു ചെറുപ്പക്കാരൻ കടന്നുചെന്ന് ചോദിച്ചു:
'സംവിധായകൻ ഫാസിൽ ഉണ്ടോ?'

'അകത്തുണ്ടെന്ന്' ആരോ പറഞ്ഞു. അല്പംകൂടി ധൈര്യം സംഭരിച്ച് ചെറുപ്പക്കാരൻ അങ്ങോട്ട് കടന്നുചെന്നു. അവിടെ ഫാസിൽ എന്തോ ഗൗരവമേറിയ ചിന്തയിലായിരുന്നു. ചെറുപ്പക്കാരൻ ഒന്ന് ചുമച്ച് ശബ്ദമുണ്ടാക്കിയപ്പോൾ ഫാസിൽ ചിന്തയിൽ നിന്നുണർന്നു.

'ടെലിഗ്രാം കിട്ടിയിട്ട് വന്നതാണ്... ഇന്റർവ്യൂ...'

'ഉം... സമയമായിട്ടില്ല... ഏതായാലും നിങ്ങൾ ഇരിക്കൂ.' ഫാസിൽ ചെറുപ്പക്കാരനോട് പറഞ്ഞു.

അഞ്ചുമിനിറ്റ് തികയും മുമ്പേ ജിജോയും മറ്റൊരാളും അങ്ങോട്ട് കടന്നുവന്നു. ചെറുപ്പക്കാരൻ എല്ലാവരെയും വിഷ് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ഇന്റർവ്യൂ ആരംഭിച്ചു- 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന നവോദയയുടെ അടുത്ത ചിത്രത്തിലെ വില്ലൻ കഥാപാത്രം നരേന്ദ്രനെ കണ്ടെത്താനായിരുന്നു ഇന്റർവ്യൂ.

ആദ്യം ഔപചാരികമായ ചില ചോദ്യങ്ങളായിരുന്നു. പിന്നെ മേക്കപ്പ്മാൻ എം.എ. അമാന്റെ മുന്നിലേക്ക് ആ ചെറുപ്പക്കാരനെ അയച്ചു. തുടർന്ന് ആ ചെറുപ്പക്കാരന് ഫാസിൽ ചിത്രത്തിലില്ലാത്ത ഒരു രംഗം വിവരിച്ചുകൊടുത്തു.

മുണ്ടുടുത്ത് കുടയും പിടിച്ചു വരുന്ന ഒരു വൃദ്ധനെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്.

(തുടരും)

ജോഷി ജോർജ്‌

കഥ ഇതുവരെ

വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal

വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്‌
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments

വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും

https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop

വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്‌
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema

വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam

വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer

വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്‌സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college

വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും
https://vachakam.com/article/vismayanatanam-chapter-8-the-krishnachandran-of-kovalam-and-the-autograph-exposed-as-a-sham

വിസ്മയ നടനം - അധ്യായം 9 - സ്വാമീസ് ലോഡ്ജിലെ 'ലാലേട്ടൻ' തന്ത്രവും പ്രിയന്റെ പെരുവഴി പേടിയും!
https://vachakam.com/article/vismayanatanam-chapter-9-the-lalettan-ruse-at-swamis-lodge-and-priyans-fear-of-being-left-stranded

വിസ്മയ നടനം - അധ്യായം 10 - മോഹൻ ലാലിന്റെ 'തകർപ്പൻ' ഐഡിയയും പ്രിയന്റെ നെഞ്ചിടിപ്പും!
https://vachakam.com/article/vismayanatanam-chapter-10-mohanlals-brilliant-idea-and-priyans-racing-heart

വിസ്മയ നടനം - അധ്യായം 11 - സിനിമ വെല്ലുന്ന ലോഡ്ജ് ജീവിതം: ലാലും പ്രിയനും പിന്നെ ശങ്കരാടിയുടെ ദേഷ്യവും..!
https://vachakam.com/article/vismayanatanam-chapter-11-lodge-life-that-rivals-cinema-lal-priyan-and-the-anger-of-sankaradi

വിസ്മയ നടനം - അധ്യായം 12 - അയ്യർ ദി ഗ്രേറ്റിന്റെ ദോശക്കഥയും തല്ലുകൊള്ളിത്തരങ്ങളും
https://vachakam.com/article/vismayanatanam-chapter-12-iyer-the-greats-dosa-saga-and-his-mischievous-antics

വിസ്മയ നടനം - അധ്യായം 13 - മണിശങ്കര അയ്യരുടെ ദോശയും 'പ്രഭു' സിനിമയിലെ കൈവിട്ട ചാൻസും
https://vachakam.com/article/vismayanatanam-chapter-13-manishankara-iyers-dosa-and-the-missed-opportunity-in-the-movie-prabhu


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam