സിനിമാമോഹവുമായി മദ്രാസിലെത്തിയ മോഹൻലാലിന്റെയും പ്രിയദർശന്റെയും കോടമ്പാക്കം ദിനങ്ങൾ എപ്പോഴും രസകരമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു. പണപ്പെട്ടിക്കു മുന്നിൽ ഗമയിലിരിക്കുന്ന ലാലും അടുക്കള ഭരിക്കുന്ന പ്രിയനും ചേർന്ന് ഒരു സാധാരണ തമിഴ് ചായക്കടയെ സിനിമാക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. എന്നാൽ, ഇതിനിടയിൽ ലാലിനെ തേടിയെത്തിയ ഒരു വലിയ സിനിമാ അവസരം, സമയത്തിന് ആളെ കിട്ടാത്തതുകൊണ്ട് മറ്റൊരാളിലേക്ക് വഴിമാറിപ്പോകുന്ന ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളാണ് ഈ അധ്യായത്തിൽ.
ഏതാണ്ട് വൈകുന്നേരത്തോടെ ആ തമിഴന്റെ ചായക്കട ആകെയൊന്ന് മിനുക്കിയെടുത്തു മോഹൻലാലും പ്രിയനും. സഹായികളായി കൂടെ തമിഴന്റെ മകളും അനന്തരവളുമൊക്കെയുണ്ട്. അങ്ങനെ വഴിയെ പോകുന്നവരുടെ ശ്രദ്ധ അങ്ങോട്ടു തിരിയുമെന്ന് ഉറപ്പായി. ഇതിനൊക്കെപ്പുറമേ 'ഇന്നത്തെ സ്പെഷ്യൽ' എന്ന ബോർഡും തൂക്കി. പണപ്പെട്ടിയുടെ അടുക്കൽ മോഹൻലാൽ അല്പം ഗമയിൽത്തന്നെ ഇരുന്നു. കിച്ചണിന്റെ സൂപ്പർവൈസർ പ്രിയദർശനും.
അപ്പോഴതാ ബോർഡ് നല്ല ഭംഗിയിൽ എഴുതിക്കൊടുത്ത രാധാകൃഷ്ണനും, നടനും തിരക്കഥാകൃത്തുമായ വിജയനും, ആർ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാധാകൃഷ്ണന്റെ സഹായി സുധാകരനും, സുരേഷ് വിനുമാരിലെ വിനുവും, അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കെ. ബാലകൃഷ്ണനും... ഇങ്ങനെ കുറേപ്പേർ ഒരു കാറിൽ 'ഇന്നത്തെ സ്പെഷ്യൽ' എന്ന ബോർഡിനു മുന്നിൽ വന്നിറങ്ങി.
അവരെയെല്ലാവരെയും കണ്ടപ്പോൾ ലാൽ അറിയാതെ ചാടി എഴുന്നേറ്റുപോയി. എന്നിട്ട് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു:
'പ്രിയാ... എടാ... ഇതാരൊക്കെയാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ!''
ഉടനെ അതിഥികളെ ക്ഷണിച്ചിരുത്തി. ഇടയ്ക്ക് രാധാകൃഷ്ണൻ ചോദിച്ചു:
''എവിടെ പാചകശിരോമണി പാലക്കാട്ട് മണിശങ്കര അയ്യങ്കാർ...?''
''അയ്യോ... അതൊരു ട്രേഡ് സീക്രട്ടാ... അല്ലേ പ്രിയാ?'' പിന്നെ ചെറുതായൊന്ന് ചമ്മി ലാൽ രാധാകൃഷ്ണന്റെ ചെവിയിൽ മൊഴിഞ്ഞു: ''ചതിക്കരുത്, ഞങ്ങളൊന്ന് പിടിച്ചു നിന്നോട്ടെ. എന്തായാലും ദോഷം പറയരുതല്ലോ.''
രണ്ടുനാലു ദിനംകൊണ്ട് മണിശങ്കര അയ്യരുടെ ദോശ കോടമ്പാക്കത്തെ സിനിമാക്കാർക്കിടയിൽവരെ ചർച്ചാവിഷയമായി. കടയുടമയ്ക്ക് പെരുത്ത് സന്തോഷം!
ആവശ്യത്തിൽ കൂടുതൽ വിറ്റുവരവ്. മോഹൻലാലിനും പ്രിയദർശനും ലാഭവിഹിതത്തിൽ നല്ലൊരു പങ്കും കിട്ടി. ഭക്ഷണവും സൗജന്യം. അത്യാവശ്യ കടങ്ങളൊക്കെ മണിശങ്കര അയ്യരുടെ പേരുപയോഗിച്ച് വീട്ടി ഈ വിദ്വാന്മാർ.
ഇതിനിടെ മോഹൻലാലിന് സിനിമയിൽ മുഖം കാണിക്കാൻ ഒരു ചാൻസ് രാധാകൃഷ്ണൻ ഒപ്പിച്ചെടുക്കുന്നു. എന്നാൽ ആ വിവരം ലാലിനെ അറിയിക്കാൻ പറ്റുന്നില്ല. സംവിധായകൻ ബേബിയുടെ ''പ്രഭു'' എന്ന ചിത്രത്തിൽ ഒരു ഗായകന്റെ റോളാണ്. ലിപ് മൂവ്മെന്റ് ശരിയാകണം. അതുമാത്രം ശ്രദ്ധിച്ചാൽ മതി.
ഒടുവിൽ സ്വാമീസ് ലോഡ്ജിലേക്ക് രാധാകൃഷ്ണൻ വിളിച്ചു. ജോസ് പ്രകാശിനെയാണ് കിട്ടിയത്. ഉടനെ മോഹൻലാലിനോട് എ.വി.എം. സ്റ്റുഡിയോയിൽ ലാസ്റ്റ് ഫ്ളോറിൽ എത്തി പ്രൊഡക്ഷനിലുള്ള രാമു ശാസ്തമംഗലത്തെ കാണാൻ രാധാകൃഷ്ണൻ അറിയിച്ചു. പക്ഷേ, അന്വേഷിക്കാവുന്ന ഇടങ്ങളിലെല്ലാം ലാലിനെ തിരക്കി. പക്ഷേ, കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഇങ്ങനെയിരിക്കെ രാധാകൃഷ്ണന്റെ താമസസ്ഥലത്തേക്ക് യാദൃച്ഛികമായാണ് മോഹൻലാൽ എത്തിയത്.
കക്ഷിയെ കണ്ടയുടൻ സുധാകരൻ ചോദിച്ചു:
''അല്ല, നല്ല പാർട്ടിയാ... ഇതെവിടായിരുന്നു? രാധാകൃഷ്ണൻ സാർ ലാലിനെ എവിടെയെല്ലാം തിരക്കി. ഒരു ചാൻസ് ഒത്തുവന്നിട്ടുണ്ട്. വേഗം അകത്തേക്ക് ചെല്ല്.''
ലാലും രാധാകൃഷ്ണനും ഉടനെ പുറപ്പെട്ടു. ആദ്യം കണ്ട ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി ചാടിക്കയറി രാധാകൃഷ്ണൻ പറഞ്ഞു:
''എ.വി.എമ്മിലേക്ക്... ശീഘ്രം... ശീഘ്രം...''
ഓട്ടോ ഇരുവരെയും കൊണ്ട് മുന്നോട്ടു കുതിച്ചു.
എ.വി.എമ്മിന്റെ അവസാന ഫ്ളോറിൽ ''പ്രഭു'' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. സീമ ക്ലബ്ബ് ഡാൻസറുടെ വേഷത്തിൽ.
''ഗായകന്റെ റോളിൽ അഭിനയിക്കാനുള്ള ജൂനിയർ ആർട്ടിസ്റ്റ് റെഡിയാണല്ലോ അല്ലേ?'' ഡയറക്ടർ ബേബി അസോസിയേറ്റ് ഡയറക്ടർ വിനോദിനോട് ചോദിക്കുന്നു.
''എല്ലാം റെഡിയാണ്,'' വിനോദ് മറുപടി പറഞ്ഞു. (ഇയാൾ സംവിധായകൻ ബേബിയുടെ മരുമകനാണ്). എന്നാൽ ആ മറുപടി അത്ര പന്തിയുള്ളതല്ല എന്ന് നിരീക്ഷണപാടവമേറെയുള്ള ബേബി മനസ്സിലാക്കി.
വിനോദ് ഉടനെ പ്രൊഡക്ഷനിലെ രാമുവിനോട് ചോദിച്ചു:
''എവിടെ ആ പാട്ടുസീനിലെ ജൂനിയർ ആർട്ടിസ്റ്റ്?''
''ആർ.കെ. സാറാണ് ആർട്ടിസ്റ്റിന്റെ കാര്യം ഏറ്റത്. കക്ഷിയെ ഇതുവരെയായിട്ടും കാണുന്നില്ലല്ലോ?''
''ഛേയ്... ബേബി അണ്ണന് എന്തോ ഡൗട്ട് തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇനി ആ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിവരും. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ.'' വിനോദ് സ്വന്തം തലയ്ക്കടിച്ച് അസഹിഷ്ണുത പ്രകടിപ്പിച്ചു.
''തൊട്ടടുത്ത ഫ്ളോറിൽ എൻ. ശങ്കരൻ നായരുടെ ''ചുവന്ന ചിറകുകൾ'' ഷൂട്ട് ചെയ്യുന്നുണ്ട്.
ആരെയെങ്കിലും അവിടെനിന്ന് വിളിച്ചാലോ...?'' രാമു ചോദിച്ചു.
സിനിമയിൽ മറ്റൊരു പ്രേംനസീറാകാൻ മോഹിച്ച് മദ്രാസിലെത്തിയ സാജനാണ് ശങ്കരൻ നായരുടെ അസോസിയേറ്റ് ഡയറക്ടർ. അഭിനയമോഹം ഇപ്പോഴുമുണ്ട്. കക്ഷിയെ കിട്ടിയാൽ രക്ഷപ്പെട്ടു.
ശർമിള ടാഗോറാണ് നായിക. അവരോട് ഹിന്ദിയിൽ സംസാരിക്കണമെങ്കിൽ സാജൻ വേണം.
അതുകൊണ്ട് ശങ്കരൻ നായർ സാർ വിടുമോ? എങ്കിൽ പ്രൊഡ്യൂസർ ഈരാളിയോട് ചോദിക്കാമെന്ന് വിനോദ് ഓടുന്നതിനിടയിൽ മനസ്സിൽ കരുതി.
ചെന്നപാടെ സാജനെ കൈമാടി വിളിച്ചു വിനോദ്. എന്നിട്ട് കാര്യം പറഞ്ഞു.
''നീ ശങ്കരൻ നായർ സാറിനോട് ചോദിക്ക്. മൂപ്പര് സമ്മതിച്ചാൽ ഞാൻ റെഡി.''
വിനോദ് മടിച്ചുമടിച്ച് ശങ്കരൻ നായരോട് ചോദിച്ചു. ശങ്കരൻ നായർ നല്ല മൂഡിലായിരുന്നതുകൊണ്ട് ഉടനെ സമ്മതം മൂളി.
പിന്നെ താമസിയാതെ സാജനെയും കൊണ്ട് വിനോദ് പറന്നു. തല്ലിപ്പിടിച്ച് ഒരു കോട്ട് ഇടിയിച്ച് ടൈയും കെട്ടിക്കൊടുത്തപ്പോൾ സാജൻ മിടുമിടുക്കനായി മാറി.
ഉടൻ മേക്കപ്പിട്ടു. ബേബി ''സ്റ്റാർട്ട്'' പറഞ്ഞു. ''ആക്ഷൻ...!''
(തുടരും)
ജോഷി ജോർജ്
കഥ ഇതുവരെ
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും
https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop
വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema
വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam
വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer
വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college
വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും
https://vachakam.com/article/vismayanatanam-chapter-8-the-krishnachandran-of-kovalam-and-the-autograph-exposed-as-a-sham
വിസ്മയ നടനം - അധ്യായം 9 - സ്വാമീസ് ലോഡ്ജിലെ 'ലാലേട്ടൻ' തന്ത്രവും പ്രിയന്റെ പെരുവഴി പേടിയും!
https://vachakam.com/article/vismayanatanam-chapter-9-the-lalettan-ruse-at-swamis-lodge-and-priyans-fear-of-being-left-stranded
വിസ്മയ നടനം - അധ്യായം 10 - മോഹൻ ലാലിന്റെ 'തകർപ്പൻ' ഐഡിയയും പ്രിയന്റെ നെഞ്ചിടിപ്പും!
https://vachakam.com/article/vismayanatanam-chapter-10-mohanlals-brilliant-idea-and-priyans-racing-heart
വിസ്മയ നടനം - അധ്യായം 11 - സിനിമ വെല്ലുന്ന ലോഡ്ജ് ജീവിതം: ലാലും പ്രിയനും പിന്നെ ശങ്കരാടിയുടെ ദേഷ്യവും..!
https://vachakam.com/article/vismayanatanam-chapter-11-lodge-life-that-rivals-cinema-lal-priyan-and-the-anger-of-sankaradi
വിസ്മയ നടനം - അധ്യായം 12 - അയ്യർ ദി ഗ്രേറ്റിന്റെ ദോശക്കഥയും തല്ലുകൊള്ളിത്തരങ്ങളും
https://vachakam.com/article/vismayanatanam-chapter-12-iyer-the-greats-dosa-saga-and-his-mischievous-antics
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
