മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സൗഹൃദമാണ് മോഹൻലാലും പ്രിയദർശനും തമ്മിലുള്ളത്. എന്നാൽ അവർ ഇന്നുകാണുന്ന സൂപ്പർതാര പദവികളിലേക്ക് എത്തുന്നതിന് മുൻപ്, മദ്രാസിലെ സിനിമാമോഹികളുടെ താവളമായിരുന്ന 'സ്വാമീസ് ലോഡ്ജിൽ' കഴിഞ്ഞുകൂടിയ നാളുകളിൽ അരങ്ങേറിയ രസകരമായ ഒരു പഴയകാല സംഭവം ഓർത്തെടുക്കുകയാണ് ഈ കുറിപ്പിലൂടെ. പണമില്ലാതെ വലഞ്ഞ ഒരു സുപ്രഭാതത്തിൽ, ചീട്ടുകളിക്കളത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ലാലും പ്രിയനും ഒടുവിൽ ചെന്നെത്തിയത് ഒരു കുരുക്കിൽ.
അവധിക്കാലം ഏറെ ആഘോഷിക്കാനൊന്നും മോഹൻലാലിന് മനസ്സ് വന്നില്ല. എങ്ങനെയെങ്കിലും സിനിമയുടെ മായികപ്രപഞ്ചത്തിലേക്ക് കയറുക, അതുമാത്രമായി പിന്നെത്തെ ലക്ഷ്യം. 'തിരനോട്ടം' എന്ന പ്രഥമ സിനിമ സംരംഭം ഏതാണ്ട് പാളിപ്പോയ മട്ടായി. എങ്കിലും മദ്രാസിൽ സ്വാമീസ് ലോഡ്ജിൽ ചെന്ന് പറ്റിയാൽ എങ്ങനെയെങ്കിലും കരകയറാമെന്നൊരു ചിന്ത മോഹൻലാലിനുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് സുരേഷ് കുമാറിന് അത്യാവശ്യമായി ഒരു രേഖ കോയമ്പത്തൂരിലുള്ള ഒരാളെ ഏൽപ്പിക്കേണ്ടിയിരുന്നത്. അത് അവിടെ എത്തിക്കാമെന്നുള്ള ദൗത്യം മോഹൻലാലും പ്രിയദർശനും ഏറ്റെടുത്തു. അങ്ങനെ സുരേഷ് കുമാറിൽ നിന്ന് രേഖയും കത്തുമായി ഇരുവരും കോയമ്പത്തൂർക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലെത്തി.
ആളുകൾ തള്ളിക്കയറിക്കൊണ്ടിരുന്ന ഒരു കമ്പാർട്ട്മെന്റിൽ ഇരുവരും ഒരു കണക്കിന് കയറിക്കൂടി. തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂർ വരെ ലാലും പ്രിയനും തൂങ്ങിപ്പിടിച്ചു നിന്നു. തീവണ്ടിയിൽ ഒടുവിൽ ഏതോ പ്രേതബാധയേറ്റതുപോലെ അവർ കോയമ്പത്തൂരിൽ ഇറങ്ങി.
തൊട്ടടുത്തു കണ്ട ഒരു ചായക്കടയിൽ കയറി ഇരുവരും മുഖം നന്നായി കഴുകി. പിന്നെ തലമുടി ചീകിയൊതുക്കി. ഓരോ ചായയും കഴിച്ച് സുരേഷ് കുമാറിന്റെ കത്തും രേഖയും ഏൽപ്പിക്കേണ്ട ആളെ തേടിപ്പോയി.
ആ ദൗത്യം ഭംഗിയായി നിർവ്വഹിച്ചശേഷം അവർ അടുത്ത വണ്ടിയിൽ തന്നെ മദ്രാസിന് വച്ചുപിടിച്ചു. ആ യാത്രയും ദുരിതപൂർണ്ണമായിരുന്നു. അങ്ങനെ ഏറെ അവശരായി സ്വാമീസ് ലോഡ്ജിൽ ലാലും പ്രിയനും വീണ്ടുമെത്തി. കാലപ്പഴക്കത്തിന്റെ കനത്ത ഗന്ധം തങ്ങിനിൽക്കുന്ന സിനിമക്കാരുടെ ആവാസകേന്ദ്രമായ ആ ലോഡ്ജിലെ ഇടുങ്ങിയൊരു മുറിയിൽ ഇരുവരും വാസമുറപ്പിച്ചു.
പുതിയ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തകൃതിയായി മദ്രാസിലെ വിവിധ സ്റ്റുഡിയോകളിൽ നടക്കുന്നു. അതിലേതിലെങ്കിലും ഒരു ചെറു വേഷം കിട്ടിയാൽ മതിയായിരുന്നു. അത് പ്രതീക്ഷിച്ച് ഓരോ ദിവസവും തള്ളിനീക്കുകയാണ്. ഇതിനിടെ ഒരു നേരമ്പോക്കിനായി തുടങ്ങിയതാണ് ചീട്ടുകളി. താരങ്ങളിൽ പലരും ആ ചീട്ടുകളി സംഘത്തിൽ ഉണ്ടായിരുന്നു. ആലുംമൂടൻ, ജോസ് പ്രകാശ്, സി.എ. പോൾ, മാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്കരൻ, പൂജപ്പുര രവി, പറവൂർ ഭരതൻ അങ്ങനെ ആ നിര നീളുന്നു.
ആദ്യം പ്രിയദർശൻ വലിയ പ്രിയമൊന്നും ചീട്ടുകളിയുടെ കാര്യത്തിൽ കാണിച്ചിരുന്നില്ല. പിന്നെ ഇരുവരും പണം വച്ചുള്ള ചീട്ടുകളിയിലും ചേർന്നു. കുറച്ചു രൂപ പോയിക്കിട്ടിയതോടെ പ്രിയദർശൻ ചീട്ടുകളിയോട് വിടപറഞ്ഞു.
ആലുംമൂടനും ജോസ് പ്രകാശും സി.എ. പോളും പണം വച്ചുള്ള കളിയിൽ രസം പിടിച്ചിരിക്കുകയാണ്. അപ്പോൾ മോഹൻലാലിന് ഒരു ഐഡിയ! ഈ ഐഡിയ കേട്ട് പണമില്ലാതെ വിഷമിച്ചിരിക്കുന്ന പ്രിയദർശൻ ചൂടായി. ഇതുകണ്ട് കൂളായി ലാൽ പറഞ്ഞു:
'ഛേ... പ്രിയൻ വിഷമിക്കാതെ, പണം ഞാൻ ഉണ്ടാക്കാം!''
''എങ്ങനെയെന്ന്?'' പ്രിയൻ ചോദിച്ചു.
''അതൊക്കെ കാണിച്ചുതരാം. നീ സമയം കളയാതെ കയ്യിൽ അവശേഷിച്ച പണമങ്ങെടുക്ക്.''
''ലാലേ... നീ കളിക്കരുത്.'' പ്രിയൻ പറഞ്ഞു.
''എടാ ഭൂതം നിധി കാക്കുന്നതുപോലെ നീയാ പണവും അള്ളിപ്പിടിച്ചിരുന്നിട്ട് എന്ത് പ്രയോജനം?'' കള്ളച്ചിരിയോടെ ലാൽ ചോദിച്ചു.
പ്രിയദർശന് ശരിക്കും ദേഷ്യം കയറി. എന്നിട്ട് പറഞ്ഞു:
''ലാലേ കളിയാക്കല്ലേ... നമ്മുടെ കയ്യിൽ ഇനി വേറെ പണമില്ല...''
''അതുശരി.. അപ്പോൾ നിനക്കെന്നെ വിശ്വാസമില്ല. അല്ലേ?''
''എനിക്ക് നിന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലടാ. ഈ പണം കൂടി തീർന്നാൽ നമുക്ക് പെരുവഴിയേയുള്ളൂ. അതുകൊണ്ടാ...'' ദയനീയമായി ലാലിനെ നോക്കിക്കൊണ്ടാണ് പ്രിയൻ അതു പറഞ്ഞത്.
''എടാ പെരുവഴിയിൽ നമ്മൾ ഇറങ്ങാതിരിക്കാൻ വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. മനസ്സിലായോ? നിന്റെ കയ്യിലിരിക്കുന്ന ഈ പണം നമ്മൾ വലുതാക്കും. ഇരട്ടിയും രണ്ടിരട്ടിയും നാലിരട്ടിയുമാകും. രാജാ... വെയ്ക്ക്...'' മോഹൻലാൽ വാചാലനായി.
മനസ്സില്ലാമനസ്സോടെ പ്രിയദർശൻ ശേഷിച്ച പണം മോഹൻലാലിനെ ഏൽപ്പിച്ചു. പിന്നെ ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള മുറിയിലേക്ക് പാഞ്ഞു. അവിടെ ജോസ് പ്രകാശും ആലുംമൂടനും മാളയുമൊക്കെ പൊരിഞ്ഞ ചീട്ടുകളിയിലാണ്.
പണം വച്ചുള്ള കളി തന്നെ. അടുത്ത കളിക്ക് ലാലും ഇരുന്നു. അരമണിക്കൂർ കഴിഞ്ഞില്ല, മോഹൻലാൽ പോയ സ്പീഡിൽ മുറിയിലേക്ക് മടങ്ങിയെത്തി. ഇടംവലം തിരിഞ്ഞുനോക്കിയ ശേഷം കട്ടിലിനടിയിലേക്ക് നുഴഞ്ഞുകയറി.
ബാത്ത്റൂമിൽ നിന്ന് ഇറങ്ങിവന്ന പ്രിയൻ കണ്ടത് ലാലിന്റെ കട്ടിലിനടിയിലേക്കുള്ള നുഴഞ്ഞുകയറ്റമാണ്.
''എന്താ... എന്താടാ പ്രശ്നം? വല്ല കുഴപ്പവുമുണ്ടായോ?'' പ്രിയന് സംശയം.
''ഹേയ്... ഒന്നുമില്ലെടാ...'' ലാൽ അട്ടയെപ്പോലെ ഒന്നുകൂടി ചുരുണ്ടുകൂടി! അപ്പോഴാണ് വാതിലിൽ ഒരു മുട്ടു കേൾക്കുന്നത്.
പ്രിയദർശൻ ഉടനെ വാതിൽ തുറന്നു. ആലുംമൂടൻ ആയിരുന്നു അത്.
''...മോനേ മോഹൻലാൽ ഉണ്ടോ ഇവിടെ?''
''ഇല്ലല്ലോ ചേട്ടാ...'' പ്രിയന് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.
''എവിടെപ്പോയി?'' വീണ്ടും ചോദ്യം.
''ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തുപോയതാണ്?''
ഒന്നിരുത്തി മൂളിയിട്ട് ആലുംമൂടൻ തിരിച്ചപോയി. അല്പം കഴിഞ്ഞപ്പോൾ ജോസ് പ്രകാശും വന്ന് ലാലിനെ അന്വേഷിച്ചു. അവിടെ ഇല്ലെന്നറിഞ്ഞ് അദ്ദേഹവും മടങ്ങി.
സ്വാമീസ് ലോഡ്ജിൽ ജോസ് പ്രകാശിന്റെയും ആലുംമൂടന്റെയും ഒപ്പം ചീട്ടുകളിച്ച് പണമെല്ലാം പോയപ്പോൾ മോഹൻലാൽ കടം വാങ്ങി കളിച്ചു. അതിലെല്ലാം ദയനീയമായി പരാജയപ്പെടുമ്പോൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ അവിടെനിന്ന് മുങ്ങി. വാടകമുറിയിൽ കട്ടിലിനടിയിൽ ലാൽ ചുരുണ്ടുകൂടി ഇരിപ്പായി.
ഇതിനിടയിൽ പ്രിയദർശൻ പലപ്രാവശ്യം ലാലിനോട് കാര്യമെന്തെന്ന് തിരക്കി. ഒന്നുമില്ലെന്നായി ലാൽ. പ്രിയന് ദേഷ്യവും വിശപ്പുമേറിയപ്പോൾ കൂജയിൽ ഉണ്ടായിരുന്ന വെള്ളമത്രയും കുടിച്ചുതീർത്തു. പിന്നെ കിടക്ക തട്ടിക്കുടഞ്ഞ് ഉറങ്ങാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടകേട്ടു. ഇത് ശല്യമായല്ലോ എന്ന മട്ടിൽ പ്രിയൻ വാതിൽ തുറന്നപ്പോൾ മുന്നിൽ സി.എ. പോൾ!
''മോഹൻലാൽ ഉണ്ടോ?''
''പോളേട്ടാ... എന്താ കാര്യം? ലാൽ ഇവിടെയില്ല... പ്രശ്നമെന്താണെന്ന് പറ...!'' പ്രിയദർശൻ ഏറെ ജിജ്ഞാസയോടെ തിരക്കി.
''ഹേയ്... പ്രത്യേകിച്ചൊന്നുമില്ല.'' ഇതുപറഞ്ഞ് പോളും മടങ്ങിപ്പോയി.
പ്രിയൻ വാതിൽ അടച്ചുകുറ്റിയിട്ടു. പിന്നെ ദേഷ്യത്തിൽ തന്നെ ലാലിനെ നോക്കി ചോദിച്ചു: ''സത്യം പറയടാ... എന്താ പ്രശ്നം...?''
''എന്ത് പ്രശ്നം...!'' ലാൽ ഏറെ നിഷ്കളങ്കഭാവത്തിൽ പറഞ്ഞു.
''പിന്നെ ഇവരെല്ലാവരും നിന്നെ തിരക്കിവരുന്നത് എന്തിനാ...''
''വെറുതെ കാണാനായിരിക്കും...''
''പിന്നെ നീയെന്ത് വി.ഐ.പി. യാണെന്നറിഞ്ഞിട്ടല്ലേ. ആട്ടേ... ഞാൻ തന്ന കാശെവിടെ?''
''ഒക്കെയുണ്ടെടാ...''
പക്ഷേ ഇത്തവണ പ്രിയൻ വിട്ടില്ല... ''നീയാ കാശ് ഇങ്ങെടുക്ക്. എനിക്ക് എന്തെങ്കിലും കഴിക്കണം.''
''നിനക്ക് ഭക്ഷണം കഴിച്ചാൽ പോരേ. വായ് കീറിയ തമ്പുരാൻ ഇരയും തരും എന്ന പ്രമാണം.'' ഇതു പറഞ്ഞുകൊണ്ട് ലാൽ കട്ടിലിനടിയിൽ നിന്ന് ഇറങ്ങി. മുഖം കഴുകി, വസ്ത്രം മാറി. അല്പം ഭസ്മമെടുത്ത് കുറിതൊട്ട് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രിയനെയും കൊണ്ട് ലോഡ്ജിന് പുറത്തുകടന്നു.
(തുടരും)
ജോഷി ജോർജ്
കഥ ഇതുവരെ
വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ
https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal
വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments
വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും
https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop
വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema
വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam
വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer
വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്സ് വിപ്ലവവും
https://vachakam.com/article/vismayanadanam-chapter-7-the-treachery-of-the-second-year-exam-and-the-commerce-revolution-at-muttada-college
വിസ്മയ നടനം - അധ്യായം 8 - കോവളത്തെ 'കൃഷ്ണചന്ദ്രനും' കാപട്യം പൊളിഞ്ഞ ഓട്ടോഗ്രാഫും
https://vachakam.com/article/vismayanatanam-chapter-8-the-krishnachandran-of-kovalam-and-the-autograph-exposed-as-a-sham
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
