രാജ്യത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന യു.പി വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 2027ലെ നിയമസഭാ പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോൾ, സഖ്യങ്ങൾക്കുള്ളിലെ പടലപ്പിണക്കങ്ങളും അപ്രതീക്ഷിത കൂട്ടുകെട്ടുകളുമാണ് യുപി രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. സമാജ്വാദി പാർട്ടി മുന്നോട്ടുവെച്ച 26 സീറ്റുകളുടെ വാഗ്ദാനം കോൺഗ്രസ് തള്ളിയതോടെ 'ഇന്ത്യ' സഖ്യത്തിൽ വിള്ളൽ വീണിരിക്കുന്നു.
ഇതിനിടയിൽ, ദളിത്മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട് അസദുദ്ദീൻ ഉവൈസിയും ചന്ദ്രശേഖർ ആസാദും േൈകാർത്തതോടെ മത്സരം ത്രികോണ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ അണിയറ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ, യുപി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ നീക്കങ്ങളും പിന്നാമ്പുറ കഥകളും പരിശോധിക്കാം.
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് അരങ്ങേറുന്നത്. 403 അംഗ നിയമസഭയിലേക്ക് കേവലഭൂരിപക്ഷമായ 202 സീറ്റുകൾ ലക്ഷ്യമിട്ട് മൂന്ന് പ്രബല ചേരികളാണ് കരുക്കൾ നീക്കുന്നത്. സമാജ്വാദി പാർട്ടി കോൺഗ്രസ് സഖ്യത്തിലെ സീറ്റ് തർക്കങ്ങളും, അസദുദ്ദീൻ ഉവൈസി ചന്ദ്രശേഖർ ആസാദ് കൂട്ടുകെട്ടിന്റെ വരവും, ബി.ജെ.പിയുടെ അണിയറ തന്ത്രങ്ങളും യുപി രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ച 'ഇന്ത്യ' സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത പ്രതിസന്ധിയിലാണ്. സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായി സമാജ്വാദി പാർട്ടി കോൺഗ്രസിന് 26 സീറ്റുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്തത്. എന്നാൽ നൂറിൽ കുറഞ്ഞ സീറ്റുകൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. 'ഞങ്ങൾ യാചകരല്ല' എന്ന ഉത്തർപ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഇമ്രാൻ മസൂദിന്റെ പ്രസ്താവന സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ തുറന്നുകാട്ടുന്നു. 130 മുതൽ 181 സീറ്റുകൾ വരെ കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 399 സീറ്റിൽ മത്സരിച്ച് വെറും രണ്ട് സീറ്റിൽ മാത്രം ഒതുങ്ങിയ കോൺഗ്രസിന്റെ മോശം പ്രകടനമാണ് അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നത്.
ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അഞ്ച് സീറ്റുകളിലേക്ക് എസ്പി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ യുപി ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. 'വിജയസാധ്യത' മാത്രമാണ് മാനദണ്ഡമെന്ന് അഖിലേഷ് യാദവ് ആവർത്തിക്കുമ്പോൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ചൂണ്ടിക്കാട്ടി കൂടുതൽ സീറ്റുകൾക്കായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു. സഖ്യം തകർന്നാൽ 403 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനും അല്ലെങ്കിൽ ബിഎസ്പിയുമായി കൈകോർക്കാനുമുള്ള ആലോചനകൾ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ സജീവമാണ്.
ഉവൈസി ആസാദ് സഖ്യം
എസ്പി-കോൺഗ്രസ് സഖ്യത്തിന് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നത് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും ചേർന്ന് രൂപീകരിച്ച 'സമാജിക് പരിവർത്തൻ മോർച്ച' എന്ന പുതിയ മുന്നണിയാണ്.
നാഗിനയിൽ നിന്നുള്ള ലോക്‌സഭാ എംപിയായ ചന്ദ്രശേഖർ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ഈ സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം അഞ്ചിൽ രണ്ട് ഭാഗം വരുന്ന ദളിത്, മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പല്ലവി പട്ടേൽ, സ്വാമി പ്രസാദ് മൗര്യ തുടങ്ങിയ പിന്നാക്ക വിഭാഗ നേതാക്കളെയും ഒപ്പം കൂട്ടാൻ ഉവൈസി ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയെ സഹായിക്കാനായി മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നു എന്ന 'ബി.ജെ.പി ബിടീം' ആരോപണത്തെ ഇരുനേതാക്കളും ശക്തമായി പ്രതിരോധിക്കുന്നു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ എസ്പിക്കും കോൺഗ്രസിനും ആത്മാർത്ഥതയില്ലെന്നും വിശാല പ്രതിപക്ഷ ഐക്യത്തിന് അവർ തയ്യാറായില്ലെന്നുമാണ് ചന്ദ്രശേഖർ ആസാദിന്റെ വിമർശനം. നേരിയ ഭൂരിപക്ഷത്തിൽ വിധി നിർണ്ണയിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഈ പുതിയ മുന്നണി പിടിക്കുന്ന വോട്ടുകൾ എസ്പി-കോൺഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയായേക്കാം.
ബി.ജെ.പിയുടെ തന്ത്രങ്ങളും അണിയറ നീക്കങ്ങളും
തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താൻ ലക്ഷ്യമിടുന്ന ബി.ജെ.പി, മഥുരയിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിലൂടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവന യുപി രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 'തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖം താമരയാണ്; വിജയത്തിന് ശേഷം എംഎൽഎമാരും കേന്ദ്ര നേതൃത്വവും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും' എന്ന മൗര്യയുടെ വാക്കുകൾ, യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിർത്തുന്നു. എന്നാൽ യോഗി ആദിത്യനാഥിന്റെ ക്രമസമാധാന പാലനവും വികസനവുമാണ് പ്രധാന പ്രചാരണ ആയുധമെന്ന് പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കുന്നുണ്ട്.
അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയം പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ഏകീകൃത സിവിൽ കോഡ്, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ എന്നിവയും പ്രചാരണത്തിൽ ഉയർത്തിക്കാട്ടും. അതേസമയം, എൻ.ഡി.എയിലെ നാല് പ്രാദേശിക ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾക്കായി ബി.ജെ.പിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ചുരുക്കത്തിൽ, 2027ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് കേവലം രണ്ട് മുന്നണികൾ തമ്മിലുള്ള പോരാട്ടമായിരിക്കില്ല. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ പരിഹരിച്ച് എസ്പിയും കോൺഗ്രസും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ അവർക്ക് ബി.ജെ.പിയെ വെല്ലുവിളിക്കാൻ സാധിക്കൂ. മറുവശത്ത്, ഉവൈസി ആസാദ് സഖ്യം പിടിക്കുന്ന വോട്ടുകളും, ബി.ജെ.പിക്കുള്ളിലെ അധികാര സമവാക്യങ്ങളും യുപിയുടെ അടുത്ത ഭരണാധികാരി ആരെന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
