2035ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍: അമേരിക്കയിലും കാനഡയിലും ക്രിസ്ത്യന്‍ ഭൂരിപക്ഷം നഷ്ടമാകും

NOVEMBER 18, 2026, 6:55 PM

ആഗോള മതജനസംഖ്യാ ഘടനയില്‍ വരും ദശകങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രശസ്ത ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2035-ഓടെ ക്രിസ്ത്യാനികളുടെ എണ്ണത്തെ മറികടന്ന് മുസ്ലീങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി മാറുമെന്നാണ് പഠനം പ്രവചിക്കുന്നത്.

2020 ല്‍ ലോകമെമ്പാടും 227 കോടി ക്രിസ്ത്യാനികളും 202 കോടി മുസ്ലീങ്ങളുമാണ് ഉണ്ടായിരുന്നതെങ്കില്‍, 2035 ഓടെ മുസ്ലീങ്ങളുടെ എണ്ണം 257 കോടിയായും ക്രിസ്ത്യാനികളുടേത് 252 കോടിയായും മാറും. നിലവിലെ ഈ വളര്‍ച്ചാ നിരക്ക് തുടരുകയാണെങ്കില്‍ 2070 ഓടെ ലോക ജനസംഖ്യയില്‍ 360 കോടിയലധികം മുസ്ലീങ്ങളും 300 കോടിയില്‍ താഴെ ക്രിസ്ത്യാനികളുമായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുസ്ലീം ജനസംഖ്യയിലുണ്ടാകുന്ന ഈ അതിവേഗ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം ഉയര്‍ന്ന പ്രജനന നിരക്കാണെന്ന് പ്യൂവിലെ സീനിയര്‍ ഡെമോഗ്രാഫര്‍ കോണ്‍റാഡ് ഹാക്കറ്റ് വിശദീകരിക്കുന്നു. 2020-2025 കാലയളവില്‍ മുസ്ലീം സ്ത്രീകളുടെ പ്രജനന നിരക്ക് ശരാശരി 3.1 കുട്ടികള്‍ ആയിരുന്നപ്പോള്‍ ക്രിസ്ത്യാനികളുടേത് 2.5 ഉം മറ്റെല്ലാ വിഭാഗങ്ങളുടേത് 1.6 ഉം ആയിരുന്നു. ഈ കാലയളവില്‍ ക്രിസ്ത്യന്‍ അമ്മമാര്‍ക്ക് 20.8 കോടി കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ മുസ്ലീം അമ്മമാര്‍ക്ക് ഏകദേശം 25.2 കോടി കുഞ്ഞുങ്ങളാണ് ജനിച്ചത്. മതപരിവര്‍ത്തനത്തേക്കാള്‍ ഉപരിയായി, മതവിഭാഗങ്ങള്‍ക്കിടയിലെ പ്രായഘടനയും ജനനനിരക്കുമാണ് ഈ വലിയ മാറ്റത്തിന് വഴിയൊരുക്കുന്നത്.

2020-നും 2070-നും ഇടയില്‍ ലോകജനസംഖ്യയില്‍ 29 ശതമാനം വര്‍ദ്ധനവുണ്ടാകുമ്പോള്‍, അതിനൊപ്പം വളരാന്‍ സാധിക്കുന്നത് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമായിരിക്കും. ഈ കാലയളവില്‍ മുസ്ലീം ജനസംഖ്യ 80 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 30 ശതമാനവും വളര്‍ച്ച കൈവരിക്കും. ഹിന്ദു, ജൂത മതവിഭാഗങ്ങളുടെ ആകെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെങ്കിലും ആഗോള ജനസംഖ്യയിലെ അവരുടെ ശതമാനക്കണക്ക് കുറയാനാണ് സാധ്യത. അതേസമയം, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യാ ഇടിവ് കാരണം ബുദ്ധമതക്കാരുടെ എണ്ണത്തിലും ആഗോള വിഹിതത്തിലും കുറവുണ്ടാകുമെന്ന് പഠനം വിലയിരുത്തുന്നു.

വരും ദശകങ്ങളില്‍ ലോകജനസംഖ്യാ വളര്‍ച്ചയുടെ പ്രധാന കേന്ദ്രം സബ്-സഹാറന്‍ ആഫ്രിക്കന്‍ മേഖലയായിരിക്കും. ഇവിടുത്തെ ഉയര്‍ന്ന ജനനനിരക്കും മെച്ചപ്പെട്ട ആയുര്‍ദൈര്‍ഘ്യവും കാരണം 2070-ഓടെ ലോകത്തിലെ പകുതിയിലധികം ക്രിസ്ത്യാനികളും ഈ മേഖലയിലായിരിക്കും ജീവിക്കുക. ഇതോടെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യമെന്ന പദവി അമേരിക്കയില്‍ നിന്ന് കോംഗോ സ്വന്തമാക്കും. മറുവശത്ത്, 2070-ഓടെ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി പാകിസ്ഥാന്‍ മാറുമെന്നും ഇന്ത്യ, നൈജീരിയ, നിലവില്‍ ഒന്നാമതുള്ള ഇന്തോനേഷ്യ എന്നിവ തൊട്ടുപിന്നിലുണ്ടാകുമെന്നും പ്യൂ പ്രവചിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ മതപരമായ ഘടനയിലും വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. അമേരിക്കയില്‍ നിലവില്‍ മുതിര്‍ന്നവരില്‍ 62 ശതമാനം ക്രിസ്ത്യാനികളാണെങ്കിലും 2065-ഓടെ ഇത് 50 ശതമാനത്തില്‍ താഴെയാകും. കാനഡയില്‍ 2030-ഓടെ തന്നെ ക്രിസ്ത്യന്‍ ഭൂരിപക്ഷം ഇല്ലാതാകും. യൂറോപ്പിലാകട്ടെ 2070-ഓടെ ആകെ ജനസംഖ്യ 17 ശതമാനം കുറയുകയും ക്രിസ്ത്യാനികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്യുമ്പോള്‍ മുസ്ലീം ജനസംഖ്യ 6 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു മതവുമായും ബന്ധമില്ലാത്തവര്‍ അഥവാ 'നണ്‍സ്' എന്ന വിഭാഗത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. നിരീശ്വരവാദികളും അജ്ഞേയവാദികളും ഉള്‍പ്പെടുന്ന ഈ വിഭാഗം 2070-ഓടെ അമേരിക്കന്‍ ജനസംഖ്യയുടെ 41 ശതമാനമായി മാറുകയും കാനഡയില്‍ ക്രിസ്ത്യാനികളെ മറികടക്കുകയും ചെയ്യും. ചൈനയെ ഒഴിവാക്കിയാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇവരുടെ എണ്ണം 18 കോടിയിലധികം വര്‍ദ്ധിക്കും. ജപ്പാന്‍, നെതര്‍ലാന്‍ഡ്സ്, വിയറ്റ്‌നാം തുടങ്ങി പത്ത് രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഭൂരിപക്ഷമായ ഈ വിഭാഗം, 2070-ഓടെ ബ്രിട്ടന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും ഭൂരിപക്ഷമാകും.

ഈ ജനസംഖ്യാ മാറ്റങ്ങളെ ഒരു മതവും മറ്റൊരു മതത്തിന് മേല്‍ നേടുന്ന വിജയമായോ ഏറ്റുമുട്ടലായോ കാണരുതെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. അതത് മതവിഭാഗങ്ങള്‍ ഭൂരിപക്ഷമായ രാജ്യങ്ങളിലെ സ്വാഭാവിക ജനസംഖ്യാ വര്‍ദ്ധനവാണ് ഇതിന് പിന്നിലെന്നും, ക്രിസ്ത്യാനികളുടെ ചെലവിലല്ല മുസ്ലീങ്ങളുടെ വളര്‍ച്ചയെന്നും പ്യൂ ഡയറക്ടര്‍ അലന്‍ കൂപ്പര്‍മാന്‍ വ്യക്തമാക്കി. മാറുന്ന സാഹചര്യത്തില്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങളും മതാന്തര ആശയവിനിമയങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക ജിന സുര്‍ലോയും അഭിപ്രായപ്പെടുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam