കോൺഗ്രസിലും സി.പി.എമ്മിലും കലാപകാലമാണ്. പിണറായിക്കുശേഷം പാർട്ടി പിടിക്കാനുള്ള പടപ്പുറപ്പാട് സി.പി.എമ്മിൽ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിലാകട്ടെ, മുഖ്യമന്ത്രി പദം കൈയിൽ നിന്നു വഴുതിപ്പോയ കെ.സി.ഗ്രൂപ്പ് എങ്ങനെയും പാർട്ടി പിടിച്ചടക്കാനും, അവരുടെ നോമിനിയെ കെ.പി.സി.സി. പ്രസിഡന്റാക്കാനും പതിനെട്ടടവും പയറ്റുന്നു. ഈ ആഴ്ചക്കുറിപ്പിന്റെ തലവാചകം വരാൻപോകുന്ന ഒരു സിനിമാപ്പേരിന്റെ കോപ്പിയടിയാണ്. ഉണ്ണിക്കുട്ടൻ സിനിമാപ്പേരിൽ തിരിഞ്ഞുനോക്കുമ്പോൾ, ഈ തലവാചകത്തിൽ തിരിഞ്ഞുനോക്കുന്നത് രാജ്മോഹൻ ഉണ്ണിത്താനാണെന്നു മാത്രം.
ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുന്നണിയിൽ ഇത്തരം അപശബ്ദങ്ങൾ ഒഴിവാക്കാമായിരുന്നു. കൊടുക്കാതിരുന്ന കുടിശ്ശികയുടെ കോടിക്കണക്കിനു രൂപയുടെ കട ഭാരവും ചുമന്ന് ഭരണം എങ്ങനെയും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നോക്കുന്ന മുഖ്യമന്ത്രി തന്നിഷ്ടം പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി കഴിഞ്ഞയാഴ്ച ഡെൽഹിക്ക് പോയത് ബെന്നി ബെഹ്നാനും കെ.സി.ജോസഫുമാണ്.
ഹൈക്കമാൻഡിനു മുമ്പിലുള്ള അടൂർ പ്രകാശിന്റെ പരാതിക്ക് പഴയ എഗ്രൂപ്പുകാരുടെ ഡെൽഹി യാത്രയോടെ വീണ്ടും ജീവൻ വയ്ക്കുമെന്ന് കെ.സി.പക്ഷം കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. ഇനി വെള്ളിയാഴ്ച കെ.പി.സി.സി. പ്രസിഡന്റ് സണ്ണിജോസഫിന്റെ ഡെൽഹി യാത്രയ്ക്കുശേഷമേ കോൺഗ്രസിലെ സംഘർഷ ചിത്രം തെളിയൂ.
വളർമതി, മതി മതി....
ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സിന്റെ സമരത്തെക്കുറിച്ചായിരുന്നു ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യന്റെ മാധ്യമപ്രവർത്തകർ തൊടുത്ത ആദ്യചോദ്യങ്ങളിൽ ഒന്ന്. ഇടതു ചായ്വുള്ള എൽ.പി. എസ്.ടി സംഘടനയുടെ ജനറൽ സെക്രട്ടറി വളർമതിയെന്ന വനിതയാണ്. റാങ്ക് ലിസ്റ്റിലെ 168-ാമത്തെ റാങ്കുകാരിയാണിവർ. 2025മേയ് 31ന് പി.എസ്.സി. പുറപ്പെടുവിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനിയും ഒന്നരവർഷം കൂടിയുണ്ട്.
സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30ൽ നിന്ന് 1:25 ആക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ പറയുന്നു. സർക്കാർ നിരത്തുന്ന കാരണങ്ങളിൽ പ്രധാനം വിദ്യാർത്ഥികളുടെ എണ്ണക്കുറവാണ്. ഇപ്പോൾ തന്നെ സംസ്ഥാന തലത്തിൽ സർക്കാർ സ്കൂളുകളിലെ അധ്യാപക വിദ്യാർത്ഥി അനുപാതം 1:19 ആണ്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 1:13, 1:11 എന്നിങ്ങനെയെല്ലാമാണ് അനുപാതക്കണക്ക്. ഈ സാഹചര്യത്തിൽ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ ഇനിയും കുറഞ്ഞേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. അങ്ങനെ വന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം ഇപ്പോഴുള്ളതിൽ നിന്ന് കുറച്ചാൽ സർക്കാരിനത് വൻ ബാധ്യതയാകും. ഏകദേശം 4000കോടി രൂപ വരെയായിരിക്കും സർക്കാരിന് അധികച്ചെലവുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറയുന്നു.
തസ്തികകളില്ലാതെ പി.എസ്.സി. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലും അപകടമുണ്ട്. മാത്രമല്ല, സെക്രട്ടറിയേറ്റ് നടയിൽ യു.പി. സ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകാരും തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുമ്പിൽ സമരത്തിനെത്തിക്കഴിഞ്ഞിട്ടുണ്ട്.
അതിഥിത്തൊഴിലാളികൾ തുണ
കേരളത്തിലെ സർക്കാർ സ്കൂളുകളുടെ നിലനിൽപ്പ് തന്നെ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിൽ 24,525പേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:
എറണാകുളം 6506, മലപ്പുറം 2467, കാസർകോട് 2131, തൃശ്ശൂർ 2029, കോഴിക്കോട് 2028, കണ്ണൂർ 1926, തിരുവനന്തപുരം 1559, ഇടുക്കി 1349, കോട്ടയം 941, പാലക്കാട് 924, ആലപ്പുഴ 854, കൊല്ലം 821 ഈ പട്ടികയിൽ പഠനം നിർത്തിപ്പോയ വിദ്യാർത്ഥികളുടെ കണക്കുമുണ്ട്. 2024-25 കാലഘട്ടത്തിൽ ഇടയ്ക്കുവച്ച് പഠനം നിർത്തിപ്പോയത് 2914. വിദ്യാർത്ഥികൾ ഇവരിൽ 1070പേർ അതിഥിത്തൊഴിലാളികളുടെ മക്കളാണ്.
ദാരിദ്ര്യം മൂലമാണ് 43പേർ പഠനം നിർത്തിയത്. പഠനം നിർത്തിയവരിൽ 50 ശതമാനം ആൺകുട്ടികളും എറണാകുളം ജില്ലയിലുള്ളവരാണ്. ഏറ്റവും വിചിത്രമായ കാര്യം 103 കുട്ടികൾ പഠനം നിർത്തിയത് മതപഠനത്തിന് പ്രാധാന്യം കൊടുക്കാനാണത്രെ. ഇങ്ങനെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അനിശ്ചിതത്വം നിലനിൽക്കവേ എങ്ങനെയാണ് അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കാനാവുക?
വളർമതിയുടെ വാർത്താ സമ്മേളനത്തിൽ ഇതിലുംഭേദം മുഖ്യമന്ത്രി പദത്തിൽ പിണറായി വരുന്നതായിരുന്നുവെന്ന കമന്റ്കേട്ടു. 266 ദിവസം ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ കരഞ്ഞു കൂവിയിട്ടും കരുണ കാണിക്കാതിരുന്ന പിണറായിയെ വെള്ള പൂശുമ്പോൾ ഈ സമരത്തിന്റെ സ്പോൺസർ ആരാണെന്നത് വ്യക്തം.
കണ്ണൂർ സി.പി.എം. കുരുക്കിൽ
കണ്ണൂർ ജില്ലയിൽ പാർട്ടിയിലെ വമ്പന്മാരാണ് ഇ.പി.ജയരാജനും പി.ജയരാജനും ഇ.പി.വിവാഹം കഴിച്ചിരിക്കുന്നത് ശ്രീമതി ടീച്ചറുടെ അനിയത്തിയെയാണ്. ഇ.പി.യ്ക്കെതിരെ പി.ജയരാജൻ പണ്ട് പാർട്ടിവേദിയിൽ ഒരു പരാതിയുന്നയിച്ചിരുന്നു. കോർപ്പറേറ്റുകളുമായുള്ള അവിഹിത ബന്ധവും, ഭാര്യയുടെ പേരിലുള്ള വൈദേകം റിസോർട്ടുമായിരുന്നു ഇ.പി.യെ താഴ്ത്തിക്കെട്ടാനായി പി.ജയരാജൻ എഴുതി നൽകിയ പരാതിയിലെ പ്രധാന ആരോപണങ്ങൾ.
ഇപ്പോൾ പി.ജയരാജന് ഇടുക്കി ജില്ലയിലെ മാങ്കുളത്ത് റിസോർട്ടുണ്ടെന്നും, കള്ളക്കടത്തു സ്വർണ്ണം തട്ടിയെടുക്കുന്ന സ്വർണ്ണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്നും ഇ.പി.ജയരാജൻ പാർട്ടിക്ക് എഴുതി നൽകിയ പരാതിയിലുണ്ട്. രണ്ടുപേരെക്കുറിച്ചുമുള്ള പരാതികൾ അന്വേഷിക്കാൻ കെ.എൻ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയുമാണ് പാർട്ടി നിയോഗിച്ചിട്ടുള്ളത്. കണ്ണൂരിലെ വിശാല കമ്മിറ്റിയോഗത്തിൽ കരുത്തു കാട്ടി പാർട്ടി സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെത്തിയ പി. ജയരാജനെ ഒതുക്കാനാണോ പിണറായിയും ഗോവിന്ദൻ മാഷും ശ്രമിക്കുന്നതാവോ?
ഇതിനിടെ കോടിയേരിയുടെ ഭാര്യാ സഹോദരൻ പിണറായിയ്ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് സി.പി.എം. വിട്ടുകഴിഞ്ഞു. ഈ അസംതൃപ്തരെയെല്ലാം ബി.ജെ.പി. ചാക്കിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പി. ജയരാജൻ പാർട്ടി വിടാൻ സാധ്യതയില്ല. എന്നാൽ ഇ.പി. അങ്ങനെയല്ല, ബി.ജെ.പി.യിൽ സുഹൃത്തുക്കളുണ്ട്. ചിലപ്പോൾ ശിഷ്ടകാലം മോദിജിയെ ഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് അദ്ദേഹം വിചാരിക്കാനിടയുണ്ട്.
ഷാഫിയും എ ഗ്രൂപ്പും ഒ.സി.യും
കാസർകോട് നിന്ന് രണ്ടു തവണ പാർലിമെന്റിലേക്ക് ജയിച്ച രാജ്മോഹൻ ഉണ്ണിത്താൻ സി.പി.എമ്മിന്റെ നിരവധി ശാരീരികാക്രമങ്ങൾ നേരിട്ട വ്യക്തിയാണ്. 1968 മുതൽ ഉണ്ണിത്താൻ പാർട്ടിയിലുണ്ട്. പലപ്പോഴും പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടാത്ത നേതാവ്. പാർട്ടി ഉണ്ണിത്താനെ പലപ്പോഴും നിയോഗിച്ചിട്ടുള്ളത് സാഹസികമായ പോരാട്ടങ്ങളിലേക്കാണ്. ഒരു ലക്ഷത്തിലേറെ വോട്ട് നേടി കോടിയേരി ബാലകൃഷ്ണൻ ജയിച്ചുകൊണ്ടിരുന്ന തലശ്ശേരിയിൽ മൽസരിക്കാനായിരുന്നു പാർട്ടിയുടെ ആദ്യ നിയോഗം,
നല്ല മൽസരം കാഴ്ചവച്ചുവെങ്കിലും ഉണ്ണിത്താൻ അവിടെ തോറ്റു. പിന്നീട് 35 വർഷമായി കോൺഗ്രസ്തോറ്റ് തുന്നം പാടിയിരുന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മൽസരിക്കാൻ ഉണ്ണിത്താനെ പാർട്ടി നിയോഗിച്ചു. സി.പി.എമ്മിനെപോലും അമ്പരപ്പിച്ചുകൊണ്ട് ഉണ്ണിത്താൻ അവിടെ രണ്ടാം തവണയും ജയിച്ചു കയറുകയായിരുന്നു. ഉണ്ണിത്താൻ ഒറ്റ കാര്യമേ പറയുന്നുള്ളൂ: ഷാഫി എ ഗ്രൂപ്പുകാരനല്ല. അത് സത്യമല്ലേ?
സോളാർകേസിൽ ഉമ്മൻചാണ്ടിയെ ഇടതുമുന്നണി കുടുക്കിയ നാളുകളിൽ ഉണ്ണിത്താനായിരുന്നു ചാനലുകളിൽ അന്നത്തെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഉണ്ണിത്താൻ ഇന്നും ഓ.സി.ടുയെ കുടുംബത്തിന് പ്രിയങ്കരനാണ്. ഇപ്പോൾ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്നുവെന്ന മട്ടിൽ ഷാഫി പറമ്പിലിനെ കെ.പി.സി.സി. പ്രസിഡന്റാക്കാൻ ഹൈക്കമാൻഡ് ചിന്തിച്ചിരിക്കെ ഉണ്ണിത്താൻ എന്തിന് ഷാഫിക്ക് എതിരെ രംഗത്തു വന്നു? കെ.സി.വേണുഗോപാൽ കേരളത്തെ സംബന്ധിച്ച മോഹമെല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു. കെ.സി.യുടെ തണലിൽ നിന്നിരുന്ന പലനേതാക്കൾക്കും ഷാഫിയെ അത്രയ്ക്ക് ഇഷ്ടമല്ല.
വി.ഡി.സതീശനെ നേർക്കുനേർ നേരിടാൻ ഷാഫിക്ക് പറ്റുമെന്നതോന്നൽ കെ.സി.ഗ്രൂപ്പിന് ഉണ്ട്. എന്നാൽ ഒരു ക്രൗഡ് പുള്ളർ എന്ന നിലയിലും യുവജനങ്ങൾക്ക് പ്രിയങ്കരനെന്ന നിലയിലും ഷാഫിയുടെ മാസ് എൻട്രി ലീഗ് താത്പര്യപ്പെടുന്നില്ല. ദേശീയ സഖ്യത്തിൽപോലും പാർട്ടിയെ മുൻനിരയിൽ നിർത്താൻ ഹൈക്കമാൻഡ് വൈമുഖ്യം കാണിക്കുന്നതായി ലീഗിന് പരാതിയുണ്ട്. കാസർകോട് ഉണ്ണിത്താന് ജയിക്കാൻ ലീഗിന്റെ പിന്തുണ കൂടിയേ തീരൂ. അങ്ങനെ ഷാഫിക്കെതിരെയുള്ള ആരോപണങ്ങൾ ഉണ്ണിത്താനെക്കൊണ്ട് പരസ്യമാക്കിയത് മുസ്ലീം ലീഗിന്റെ കരുനീക്കമായി കരുതുന്നവരുമുണ്ട്.
സൈബറിടങ്ങൾ, രാഷ്ട്രീയഗോദാകൾ
ഒരു പുതിയ ട്രെൻഡ് ഇപ്പോഴുണ്ട്. സൈബറിടങ്ങളിൽ നടക്കുന്ന രാഷ്ട്രീയ ഒളിപ്പോരുകളാണവ. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ 80ഓളം വ്യാജ ഐ.ഡി.കളിൽ നിന്ന് തനിക്ക് എതിരെ കുപ്രചരണം നടന്നുവരുന്നതായി മുഖ്യമന്ത്രി മാധ്യമ ലേഖകരോടു പറയുകയുണ്ടായി. ഒരാളുടെ നിയന്ത്രണത്തിലാണ് ഈ സൈബർ ആക്രമണം നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ക്ഷേമപെൻഷനുകൾ പൂർണ്ണമായി നിർത്താൻപോകുന്നുവെന്നതാണ് ഒരു വ്യാജപോസ്റ്റ്. മറ്റൊരു പോസ്റ്റിൽ മുഖ്യമന്ത്രി മാവേലിത്തമ്പുരാനെന്ന് സ്വയം പുകഴ്ത്തിയത്രെ. മൂന്നാമതൊന്ന് ചാണ്ടി ഉമ്മന്റേതെന്ന മട്ടിൽ പ്രചരിക്കുന്ന വ്യാജപോസ്റ്റിൽ അപ്പയുടെ (ഉമ്മൻചാണ്ടിയുടെ) കണ്ണീരിന് കാരണക്കാരൻ മുഖ്യമന്ത്രിയാണെന്ന് കുറ്റപ്പെടുത്തുന്ന പ്രചരണമാണുള്ളത്.
ചക്കക്കൊമ്പനും മയക്കുവെടിയും
ഈ ആഴ്ചക്കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോൾ ആക്രമണകാരിയായ ചക്കക്കോമ്പൻ എന്ന കാട്ടാനയുടെനേരെ വനംവകുപ്പിന്റെ ദൗത്യ സംഘം ആദ്യത്തെ മയക്കുവെടിവച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി 24 മണിക്കൂർ ചക്കക്കൊമ്പൻ ഈ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. വിക്രം, ഭരത് എന്നീ കുങ്കിയാനകൾ ചക്കക്കൊമ്പനെ തളയ്ക്കാനായി ഓമനക്കുഴി എന്നുപേരുള്ള വനപ്രദേശത്തെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 5 കിലോ ഗ്രാം ഭാരമുള്ള റേഡിയോകോളർ ചക്കക്കൊമ്പന്റെ കഴുത്തിൽ പിടിപ്പിക്കലാണ് ദൗത്യ സംഘം ഇനി ചെയ്യേണ്ടത്.
കാടിറങ്ങുന്ന വന്യമൃഗങ്ങളോടൊപ്പം 'കാട്ടാള സ്വഭാവ' മുള്ള രാഷ്ട്രീയക്കാർക്കും ഇനിയുള്ള നാളുകളിൽ മയക്കുവെടിവേണ്ടി വന്നേക്കാം. അധികാരത്തിനുവേണ്ടിയുള്ള ആക്രാന്തത്തിൽ ഇത്തരം ജനുസ്സിൽപെട്ടവർ ജനകീയമായ അഭിലാഷങ്ങളെ ചവിട്ടിമെതിക്കുന്നുണ്ട്. പാർട്ടികളിൽ എന്തും വിളിച്ചു കൂവുന്നവരെയും സൈബറിടങ്ങളിൽ തന്തയില്ലായ്മ കാണിക്കുന്നവരെയും സൗരവേലി കെട്ടിയെങ്കിലും ഒന്ന് മാറ്റി നിർത്തിക്കൂടേ?
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
