വിസ്മയനടനം - അധ്യായം 7 - രണ്ടാം വർഷ പരീക്ഷയിലെ 'ചതിയും' മുട്ടട കോളേജിലെ കോമേഴ്‌സ് വിപ്ലവവും

OCTOBER 7, 2026, 1:28 AM

പഠനവും തമാശകളും ഒരേപോലെ കൊണ്ടുപോയ കോളേജ് കാലഘട്ടം. രണ്ടാം വർഷ ബികോം പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും അതിനെത്തുടർന്നുണ്ടായ അപ്രതീക്ഷിത ട്വിസ്റ്റും മോഹൻലാൽ എന്ന വിദ്യാർത്ഥിയുടെ ജീവിതത്തിൽ വലിയൊരു പാഠമായി മാറി. തുടർന്ന്, എം.ജി. കോളേജിൽ അന്നുവരെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന കോമേഴ്‌സ് വിഭാഗത്തെ മോഹൻലാലിന്റെ നേതൃത്വത്തിൽ എങ്ങനെ മുൻനിരയിലേക്ക് നയിച്ചു എന്ന് വിവരിക്കുന്ന ''വിസ്മയനടന്റെ'' ജീവിതകഥയിലെ ഏഴാം ഭാഗം വായിക്കാം.

എങ്ങനെയെങ്കിലും ഡിഗ്രി പരീക്ഷ ജയിക്കുക, അതിനുശേഷം വീട്ടുകാരുടെ അനുഗ്രഹ ആശിസ്സുകളോടെ സിനിമാ ഫീൽഡിലേക്ക് ഇറങ്ങുക അതായിരുന്നു ലാലിന്റെ പിന്നീടുള്ള ലക്ഷ്യം. അതോടെ പഠനകാര്യങ്ങളിൽ സജീവമായി. ബികോമിന്റെ ഫൈനൽ പരീക്ഷയാണ്, എങ്ങനെയെങ്കിലും ജയിച്ചേ പറ്റൂ. രണ്ടാം വർഷ പരീക്ഷയ്ക്ക് സംഭവിച്ചതുപോലെ ആകരുതെന്ന് ലാലിന് നിർബന്ധമുണ്ടായിരുന്നു.

രണ്ടാം വർഷ പരീക്ഷയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ? ഏറെ രസികനായ ഒരു അധ്യാപകനായിരുന്നു ചന്ദ്രൻ സാർ. അദ്ദേഹത്തിന്റെ അടുത്ത് സെക്കൻഡ് ബികോംകാരായ മോഹൻലാലും കൂട്ടരും ട്യൂഷൻ പഠിക്കാൻ ഏർപ്പാടാക്കിയിരുന്നു. അശോകൻ, പ്രദീപ്, മോഹൻലാൽ എന്നീ ത്രിമൂർത്തികൾ ഒരു ഗ്യാങ്. അന്ന് പ്രദീപിന് ഒരു വട്ടപ്പേരുണ്ടായിരുന്നു ''റ്റിപ്പ''. ആദ്യം ഇവർ വിളിച്ചിരുന്നത് നാലുപേർ കേൾക്കെ വിളിക്കാൻ കൊള്ളാവുന്ന പേരായിരുന്നില്ല ''പട്ടി''. എപ്പോഴും പട്ടി, പട്ടി എന്ന് വിളിച്ചു തുടങ്ങിയപ്പോൾ കക്ഷിക്ക് പരിഭവമായി, പരാതിയായി. അത് ഉടൻ പരിഹരിച്ചത് സുരേഷായിരുന്നു. പട്ടി എന്ന പേര് കൂട്ടുകാർ തിരിച്ചിട്ടു ''റ്റിപ്പ''. അങ്ങനെ പ്രദീപ് 'റ്റിപ്പ'യായി.

vachakam
vachakam
vachakam

ട്യൂഷനെന്നു പറഞ്ഞ് ഓരോരുത്തരും അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. അതിരാവിലെ എന്നു പറഞ്ഞാൽ ഏകദേശം അഞ്ചുമണിയോടെ ഡി.പി.ഐ  ജങ്ഷനിൽ ഒത്തുകൂടും. അവിടെ ഒരു ചായക്കടയുണ്ട്. അത്യുഗ്രൻ ചായയ്ക്ക് പുറമെ ആവി പറക്കുന്ന ചിരട്ടപ്പുട്ടും കടലയും പപ്പടവും അവിടെ കിട്ടും. മോഹൻലാലിന് അന്നുമിന്നും പുട്ടും കടലയും വളരെ ഇഷ്ടമാണ്. അത് വയറുനിറയെ കഴിച്ചശേഷമാണ് ചന്ദ്രൻ സാറിന്റെ വീട്ടിലേക്ക് ട്യൂഷന് വേണ്ടിയുള്ള കാൽനടയാത്ര. രാവിലെ ആറര മുതൽ ഏഴര വരെയാണ് ട്യൂഷൻ.

ചന്ദ്രൻ സാറിന്റെ ഭവനത്തിലെത്തിയാൽ പഠനസംഘത്തിന്റെ കലാപരിപാടികൾ വേറെയാണ്. ആദ്യം നാട്ടുവർത്തമാനം, പിന്നെ അത്യാവശ്യം പരദൂഷണം, പത്രപാരായണം. സാറിന്റെ കുഞ്ഞുകുട്ടികളെ കളിപ്പിക്കൽ എന്നുവേണ്ട, അധ്യാപകനെ സംഘം രാവിലെ തന്നെ കാര്യമായി അങ്ങ് സഹായിക്കാൻ തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ ചന്ദ്രൻ സാർ ഈ ത്രിമൂർത്തികളുടെ പോക്കറ്റിലായി.

മോഹൻലാലും കൂട്ടരും ബികോമിന് പഠിക്കുമ്പോൾ തന്നെ ചന്ദ്രൻ സാറിന്റെ ട്യൂഷനും മുറയ്ക്ക് നടന്നു. എന്നാൽ ആ നല്ലവനായ മാസ്റ്ററെ പറ്റിക്കലായിരുന്നു ഇവരുടെ അക്കാലത്തെ പ്രധാന ഹോബി. ഓരോരുത്തരും വീടുകളിൽ നിന്ന് മാസാമാസം സാറിന് കൊടുക്കാനുള്ള ട്യൂഷൻ ഫീസ് കൃത്യമായി മേടിക്കും. എന്നാൽ ആ പണം സാറിന്റെ കൈകളിൽ എത്തുന്നത് വല്ലപ്പോഴും മാത്രം! പുട്ടും കടലയും ചൂടോടെ വെട്ടിവിഴുങ്ങാനും മുടങ്ങാതെ സിനിമ കാണാനും ഇതല്ലാതെ ആ തിരുമാലിക്കുട്ടന്മാർക്ക് മറ്റ് എന്തുവഴി!

vachakam
vachakam
vachakam

ചന്ദ്രൻ സാറാണെങ്കിൽ ആരോടും കണക്കുപറഞ്ഞ് ഫീസ് വാങ്ങാറുമില്ല. എന്നാൽ സാറിനുമുണ്ട് ചില പൊടിക്കൈകളൊക്കെ. കുട്ടിപ്പട്ടാളം ഒത്തുകൂടുമ്പോൾ വീട്ടുചെലവുകളെക്കുറിച്ചൊക്കെ പറഞ്ഞുതുടങ്ങും. വീട്ടുവാടക, പലചരക്ക് സാധനങ്ങളുടെ വില, പാലിന്റെയും പത്രത്തിന്റെയും കണക്ക്. അങ്ങനെ ഓരോന്നും ചന്ദ്രൻ സാർ കൂട്ടും. എന്നിട്ട് വരുമാനവും തിട്ടപ്പെടുത്തും. പിന്നെ ആരോടെന്നില്ലാതെ പറയും: 

''ഉം... ശമ്പളവും ട്യൂഷൻ ഫീസും ഒരുമിച്ച് കിട്ടിയാൽ കാര്യങ്ങളൊക്കെ നടക്കും.'' പക്ഷേ പ്രിയപ്പെട്ട ശിഷ്യഗണങ്ങൾ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ ഇരിക്കും.

അങ്ങനെ ബികോമിന്റെ രണ്ടാം വർഷ പരീക്ഷ അടുത്തു. മോഹൻലാലും സംഘവും കാര്യമായി ഒന്നും പഠിച്ചിട്ടില്ല. ഒരു ദിവസം ചങ്ങാതി പ്രദീപിന്റെ വീട്ടിൽ മോഹൻലാൽ ചെല്ലുമ്പോൾ അവിടെ ഒരാൾക്കൂട്ടം. പ്രദീപ് ലാലിന്റെ തലവെട്ടം കണ്ടയുടനെ വിളിച്ചുകൂവി:

vachakam
vachakam
vachakam

''അളിയാ രക്ഷപ്പെട്ടെടാ... അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നുകിട്ടിയടാ...!''
ഉഴപ്പൻ സംഘത്തിന് നിധികിട്ടിയ സന്തോഷം. അക്കൗണ്ടൻസി ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവർക്ക് ഇതിൽപരം എന്തുവേണം! ട്യൂഷൻ പഠിപ്പിക്കുന്ന അധ്യാപകന്റെ കയ്യിൽ നിന്നാണ് പ്രദീപ് എന്ന ''റ്റിപ്പ''യ്ക്ക് ആദ്യം ചോദ്യക്കടലാസ് ലഭിച്ചത്. അയാൾ ചോദ്യമെല്ലാം പകർത്തിയെടുത്തു. ആ രാത്രി മുഴുവനുമിരുന്ന് ഉത്തരം കണ്ടെത്തി.

അത് കാണാതെ പഠിക്കാൻ കിണഞ്ഞു ശ്രമിച്ചു. പിറ്റേന്ന് സംഘം വളരെ ആഹ്ലാദത്തോടെയാണ് കലാലയ കവാടം കടന്നത്. ക്ലാസിൽ കുത്തിയിരുന്ന് പഠിച്ചിരുന്ന പുസ്തകപ്പുഴുക്കളെ കാണുമ്പോൾ ഒരുമാതിരി പുച്ഛം. പുസ്തകപ്പുഴുക്കളാകട്ടെ കാര്യമറിയാതെ പകച്ചുനിന്നു.

''നീയൊക്കെ തലപുകച്ച് രാപ്പകൽ ഇരുന്ന് പഠിച്ചിട്ട് എന്തു കാര്യം? ആൺകുട്ടികൾ പരീക്ഷകളിൽ ഉന്നതവിജയം നേടിയെടുക്കുന്നത് എങ്ങനെയെന്ന് കണ്ടുപഠിക്കെടാ...'' എന്ന ഭാവമായിരുന്നു ഉഴപ്പൻ സംഘത്തിന്.

പതിവിലും നേരത്തെ ഇവർ പരീക്ഷാഹാളിൽ എത്തി. അവസാനഘട്ട പഠനത്തിൽ ശ്രദ്ധിച്ചിരുന്നവരെ കഴിയുന്നത്ര ശല്യം ചെയ്യുക എന്ന പണിയായി ലാലും സംഘവും. പരീക്ഷയുടെ മണിയ മുഴങ്ങി. അധ്യാപകർ എത്തി. ചോദ്യക്കടലാസ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പൊടുന്നനെ ഉഴപ്പൻ സംഘത്തിലുള്ളവർ ഉഷ്ണിക്കാനും തുടങ്ങി. ചിലർക്ക് കൈ വിറച്ചു. ചോദ്യങ്ങൾ ഓരോന്നായി പലയാവർത്തി വായിച്ചുനോക്കി. ചോർന്നു കിട്ടിയെന്ന് പറയുന്ന ചോദ്യങ്ങളിൽ ഒന്നുപോലും ആ പേപ്പറിൽ ഇല്ലായിരുന്നു!

അങ്ങനെ രണ്ടാം വർഷ ബികോം പരീക്ഷ മോഹൻലാലിന്റെ ജീവിതത്തിൽ ഒരു പാഠമായി മാറി. എങ്ങനെയെങ്കിലും അടുത്ത പരീക്ഷയ്ക്ക് ജയിച്ചേ പറ്റൂ എന്നൊരു വാശി ലാലിന്റെ മനസ്സിൽ ഉരുണ്ടുകൂടി. അന്ന് എം.ജി. കോളേജ് കൊമേഴ്‌സ് വിഭാഗം തീരെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ബികോമിന് എത്തുന്നവർ ഭൂലോക ഉഴപ്പന്മാരാണെന്ന് ഒരു അഭിപ്രായം എങ്ങനെയോ കോളേജിൽ ഉണ്ടായിരുന്നു.

''മുട്ടട'' കോളേജ് എന്നായിരുന്നു അന്ന് കൊമേഴ്‌സ് വിഭാഗത്തെ കളിയാക്കി വിളിച്ചിരുന്നത്. മോഹൻലാൽ, സനൽകുമാർ, അശോകൻ ഇവരൊക്കെത്തന്നെയായിരുന്നു കലാകായിക രംഗത്ത് അന്ന് ശോഭിച്ചിരുന്നവരും. ഇവരെല്ലാവരും തികച്ചും അവഗണിക്കപ്പെട്ട്, എം.ജി. കോളേജിന്റെ ആർക്കും വേണ്ടാത്തൊരു കോണിൽ മറ്റ് ബിരുദ വിദ്യാർത്ഥിവിദ്യാർത്ഥിനികളിൽ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കൊമേഴ്‌സുകാർ ഒടുവിൽ സംഘടിക്കാൻ തീരുമാനിച്ചു.

എങ്ങനെയെങ്കിലും കൊമേഴ്‌സുകാരിൽ പതിഞ്ഞുകിട്ടിയ അവഗണന തുടച്ചുനീക്കണം, അതൊരു ഉറച്ച തീരുമാനമായി രൂപാന്തരപ്പെട്ടു. അവരെല്ലാവരും ചേർന്ന് പ്രതിജ്ഞയെടുത്തു. അതിന് ഇനി എന്തുചെയ്യണം? എല്ലാവരും തലപുകച്ച് ആലോചിച്ചു. ബിരുദങ്ങളിൽ എന്തുകൊണ്ടും ഉന്നത ബിരുദം തന്നെയാണ് കൊമേഴ്‌സ്. ഏതു മേഖലയിലായാലും കൊമേഴ്‌സിനെ അവഗണിക്കാൻ ആർക്കാണ് കഴിയുക? എന്നിട്ടും എം.ജി. കോളേജിൽ കൊമേഴ്‌സ് വിഭാഗത്തെ മറ്റെല്ലാവരും കൂടി ചവിട്ടിമെതിക്കുന്നു. ഇത് ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ല.

മോഹൻലാലിനെ ആ ഗ്രൂപ്പിന്റെ ലീഡറായി തിരഞ്ഞെടുത്തു. പിന്നെ ലാൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി. കോളേജ് ഡേയ്ക്ക് അന്ന് കൊമേഴ്‌സുകാർക്ക് കാര്യമായ റോളൊന്നും ഇല്ലായിരുന്നു. ആർട്‌സ്‌സയൻസ് വിഭാഗം എല്ലാം കൈയടക്കിവെച്ചിരിക്കുകയായിരുന്നു. അവർ കലാപരിപാടികൾ അവതരിപ്പിച്ച് കൈയടി വാങ്ങുന്നു, സമ്മാനങ്ങൾ തൂത്തുവാരുന്നു. ഇനി അതിനുള്ള അവസരമുണ്ടാകരുത്. കൊമേഴ്‌സുകാരുടെ കലാവീര്യം നുരഞ്ഞുപൊങ്ങി.

കോളേജ് മുഴുവൻ നമ്മളുടെ പദ്ധതി കണ്ട് ഞെട്ടണം, പഴയ താപ്പാനകൾ തൊഴുതു നിൽക്കണം. അടുത്ത കോളേജ് ഡേയ്ക്ക് ഏറെ മുൻപുതന്നെ കൊമേഴ്‌സുകാരായ സീനിയർമാരെയും ജൂനിയർമാരെയും മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുമിപ്പിച്ചു. കോളേജ് ഡേയ്ക്ക് സമാന്തരമായി 'കൊമേഴ്‌സ് ഡേ' ആഘോഷിക്കാൻ തീരുമാനമെടുത്തു. അതിനായി ഒരു നല്ല നാടകം സംഘടിപ്പിക്കണം എന്ന് ചില അഭിനയമോഹികൾ അഭിപ്രായപ്പെട്ടു. പല നാടകങ്ങളും പരിഗണനയിൽ വന്നു.

ഒടുവിൽ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ 'തിരുവിതാംകൂർ തമ്പി' എന്ന നാടകം തിരഞ്ഞെടുത്തു. പിന്നെ റിഹേഴ്‌സലായി. അത് പൊടിപൊടിക്കുക തന്നെ ചെയ്തു. അവസാനം കോളേജിനെയാകെ ഞെട്ടിച്ചുകൊണ്ടും അതിശയിപ്പിച്ചുകൊണ്ടും 'കൊമേഴ്‌സ് ഡേ' ഗംഭീരമായി.

നാടകത്തിലെ നായകൻ മോഹൻലാൽ തന്നെയായിരുന്നു. ഇതിനുപുറമെ കാവാലം ശ്രീകുമാറിന്റെ ഗാനമേളയും, പെൺകുട്ടികളായ കൊമേഴ്‌സുകാരുടെ വകയായി ഒരു ഫാഷൻ പരേഡും ഉണ്ടായിരുന്നു. എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചതോടെ സംഗതി അങ്ങ് കൊഴുത്തു.

(തുടരും...)

ജോഷി ജോർജ്‌

കഥ ഇതുവരെ

വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

https://vachakam.com/article/vismayanatanam-1-the-mischievous-eyed-one-of-mudavanmugal

വിസ്മയം നടനം - അധ്യായം 2 - അമർഷങ്ങളുടെ അങ്കത്തട്ട്‌
https://vachakam.com/article/vismayam-nadanam-chapter-2-the-arena-of-resentments

വിസ്മയ നടനം - അധ്യായം 3 - വേതാളമരത്തിലെ കൂട്ടുകാരും ബസ് സ്റ്റോപ്പിലെ പ്രണയപ്പകയും

https://vachakam.com/article/the-marvelous-dance-chapter-3-friends-in-the-vetala-tree-and-a-vendetta-of-love-at-the-bus-stop

വിസ്മയ നടനം - അധ്യായം 4 - മോഹൻലാൽ സിനിമയിലേക്ക്‌
https://vachakam.com/article/a-mesmerizing-performance-chapter-4-mohanlal-enters-cinema

വിസ്മയ നടനം - അധ്യായം 5 - തിരനോട്ടത്തിന്റെ അരങ്ങിലും അണിയറയിലും
https://vachakam.com/article/the-mesmerizing-performance-chapter-5-on-stage-and-backstage-at-the-thiranottam

വിസ്മയ നടനം - അധ്യായം 6 - സ്വാമീസ് ലോഡ്ജിലെ കസേരയും വിസ്മയനടനിലേക്കുള്ള ദൂരവും
https://vachakam.com/article/vismayanatanam-chapter-6-the-chair-at-swamis-lodge-and-the-distance-to-the-marvelous-performer


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam