തകരാറാകാതെ വൈദ്യുതി കരാർ; 'ലോ വോൾട്ടേജ്' സുതാര്യത

NOVEMBER 18, 2026, 9:08 AM

കേരളത്തിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണാനുള്ള സർക്കാർ നീക്കങ്ങൾ അതിന്റെ സുതാര്യമില്ലായ്മ കാരണം വിവാദമായി. പക്ഷേ, കെ.പി.സി.സി അധ്യക്ഷ സ്ഥാനമുള്ള വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള ശീതസമരം പരസ്യമായതോടെ മൊട്ടിട്ട പ്രതിപക്ഷ ആനന്ദത്തിന് പൊടുന്നനേ വൃദ്ധിക്ഷയം വന്നു. കോൺഗ്രസിലും സർക്കാരിലും വൈദ്യുതി കരാർ മൂലം 'ഷോർട്ട് സർക്യൂട്ട്' ഉണ്ടാകുമെന്ന് സി.പി.എം കരുതിയെങ്കിലും അത് വൃഥാമോഹമായി.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി, ഉയർന്ന നിരക്കിലുള്ള രണ്ട് ഉഭയകക്ഷി വൈദ്യുതി വാങ്ങൽ കരാറുകളിൽ യു.ഡി.എഫ് സർക്കാർ ഏർപ്പെട്ട നടപടി മുഖ്യമന്ത്രി വി.ഡി. സതീശനെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെയും തമ്മിൽ കൂടുതൽ അടുപ്പിച്ചതായാണിപ്പോഴത്തെ വിലയിരുത്തൽ. പ്രതിസന്ധി പരിഹരിക്കാനായി മാർച്ച് 31 വരെ, സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് വിവാദത്തിന് നേരത്തെ തിരി കൊളുത്തിയത്. ഹിമാചലിൽനിന്ന് വൈദ്യുതി എത്തിക്കുമെന്നായിരുന്നു കെ.എസ്.ഇ.ബിയും വകുപ്പ് മന്ത്രി സണ്ണി ജോസഫും മുമ്പ് അറിയിച്ചിരുന്നത്.

എന്നാൽ, ഹിമാചലിൽനിന്ന് വാങ്ങുമ്പോൾ 2,232 കോടിയുടെ അധികബാധ്യത വരുമെന്നും വൈദ്യുതി ഉപയോഗം കൂടുതലുള്ള  സമയങ്ങളിൽ കൂടുതൽ വാഗ്ദാനം ചെയ്യുന്നത് ജി.എൻ.എ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഈ വാദങ്ങളും കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ച കണക്കുകളും പരസ്പര വിരുദ്ധമാണെന്ന് വൈദ്യുതി ബോർഡിന്റെ തന്നെ കത്ത് സാക്ഷ്യപ്പെടുത്തി. സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതിക്ഷാമമുണ്ടാക്കി, മുഖ്യമന്ത്രി ദുരൂഹമായ കരാറിനൊരുങ്ങുകയാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചത്.

vachakam
vachakam
vachakam

സമീപ കാലത്തൊന്നും ദൃശ്യമായിട്ടില്ലാത്ത വിധം, കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം, മഴക്കുറവ് തുടങ്ങിയ പ്രകൃതിപരമായ ഘടകങ്ങളും പുതിയൊരു വൈദ്യുതി കരാറിന്റെ അഭാവവുമായിരുന്നു ഈ പ്രതിസന്ധിയുടെ കാരണമെന്നു വ്യക്തം. പുറത്തുനിന്ന് അധികവൈദ്യുതി വാങ്ങുകയാണ് താൽക്കാലിക പരിഹാരം. ഇതിനായി, സർക്കാരിന് മുന്നിൽവന്ന നിർദേശങ്ങൾ പഠിക്കാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 

ഹിമാചൽ, ജി.എൻ.എ എന്നിവ സമർപ്പിച്ച കരാർ വിലയിരുത്തി മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതായിരുന്നു ഇതിൽ മുഖ്യം. ജി.എൻ.എയുടെ വൈദ്യുതി വാങ്ങിയാൽ 1566 കോടി രൂപയാണ് ചെലവ്. എന്നാൽ, ഹിമാചൽ പ്രദേശിൽനിന്നുള്ള നിലവിലെ 12.50 രൂപ നിരക്കിൽ തന്നെ വാങ്ങിയാൽ ചെലവ് 1105 കോടി രൂപമാത്രം; നിരക്ക് രണ്ട് രൂപ കൂട്ടിയാലും 1281 കോടി രൂപ മാത്രമായിരിക്കും നൽകേണ്ടി വരിക.

മറ്റൊരർഥത്തിൽ, ജി.എൻ.എയുമായുള്ള ഇടപാടിൽ 285 കോടി മുതൽ 461 കോടി രൂപവരെ അധികചെലവ് വരും. ഇതിനുപുറമെ, ഹിമാചൽ പ്രദേശിൽനിന്ന് ശരാശരി 900 മെഗാവാട്ട് ലഭിക്കാമായിരുന്നിടത്ത് ജി.എൻ.എ വഴി ലഭിക്കുക 500 മെഗാവാട്ട് മാത്രം. അപ്പോൾ, പീക്ക് സമയ ആവശ്യകത നിറവേറ്റാൻ പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങേണ്ടിവരും. അതിന് 450 കോടി രൂപകൂടി അധികമായി കാണണം. മാത്രമല്ല, ഏപ്രിൽ മാസത്തിൽ ജി.എൻ.എയുടെ കരാറിൽ വൈദ്യുതി വിതരണമില്ല; ഹിമാചലിന്റെ കരാറിൽ ആ മാസംകൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

vachakam
vachakam
vachakam

ചുരുക്കത്തിൽ, ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങിയാൽ ഏറ്റവും ചുരുങ്ങിയത് 730 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നായിരുന്നു പുറത്തുവന്ന കണക്ക്. ഇക്കാര്യങ്ങളത്രയും ദിവസങ്ങൾക്കുമുമ്പ്, വകുപ്പ് മന്ത്രിയും സൂചിപ്പിച്ചതാണ്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ച് ഹിമാചൽ പ്രദേശിന്റെ 14.50 രൂപ നിരക്കും ജി.എൻ.എയുടെ 8.63 രൂപ നിരക്കും തമ്മിൽ താരതമ്യം ചെയ്ത് മികച്ച 'ഓഫർ' ഏതെന്ന് ഉയർത്തിക്കാട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഇപ്പോഴത്തെ കരാറിന് റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. ടെൻഡർ നടപടികളോ റെഗുലേഷൻ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങാനാവില്ലെന്നാണ് നിയമം. വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം വാങ്ങൽ വില നിർണയിക്കേണ്ടത് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലൂടെയോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ ആയിരിക്കണം. റെഗുലേറ്ററി കമീഷന് മുന്നിലുള്ള കണക്കുകൾ പ്രകാരം നടപ്പുമാസം തൊട്ട് മാർച്ച് വരെ എസ്.ഇ.സി.ഐ സോളാർ പദ്ധതി, ബാറ്ററി സംഭരണശേഷി,കേന്ദ്രവിഹിതം തുടങ്ങിയവയിൽ നിന്നായി വലിയ അളവിൽ വൈദ്യുതി ലഭ്യമാക്കേണ്ടതാണ്. 

മുഖ്യമന്ത്രിയുടെ വൈദ്യുതിക്ഷാമ കണക്കുകളിൽ ഇതില്ല. അഥവാ, കിട്ടാനുള്ളത് ലഭ്യമാക്കുകയും സിന്നാർ പോലുള്ള വൈദ്യുതി നിലയങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുകയും ചെയ്താൽ ഏപ്രിൽവരെ കുഴപ്പമില്ലാതെ മുന്നോട്ടുപോകാമെന്നതാണ് വസ്തുത. അതിനിടയിൽ, ജി.എൻ.എയുമായി തിടുക്കപ്പെട്ടൊരു കരാർ എന്തിനാണെന്നതായിരുന്നു ചോദ്യം. ജി.എൻ.എ ഒരു വൈദ്യുതി ഉൽപാദന കമ്പനിയല്ലെന്നതും കേവലമൊരു ഒ.ടി.സി പ്ലാറ്റ്‌ഫോം മാത്രമാണെന്നുമുള്ള വസ്തുതകൂടി പരിഗണിക്കുമ്പോൾ ഈ കരാറിന് സുതാര്യതയില്ലെന്ന വാദത്തിന് വോൾട്ടേജ് കൂടി.

vachakam
vachakam
vachakam

മത്സരാധിഷ്ഠിതമായ ടെൻഡർ നടപടികളോ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ, 'വി.ഇ.എച്ച് ഗ്ലോബൽ'  എന്ന കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി (വിൻഡ് പവർ), യൂണിറ്റിന് 11 രൂപ എന്ന അമിത നിരക്കിൽ വാങ്ങാൻ യു.ഡി.എഫ് സർക്കാർ കരാറുണ്ടാക്കിയെന്ന് സി.പി.എം ആരോപിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതി യൂണിറ്റിന് 34 രൂപ നിരക്കിൽ ലഭ്യമാകുമ്പോൾ ഇത്തരമൊരു കരാർ ഒപ്പിട്ടത് കൂടുതൽ സംശയങ്ങൾക്കിടയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഇതേ സമയം തന്നെ, ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് 900 മെഗാവാട്ടിലധികം വൈദ്യുതി, യൂണിറ്റിന് 14.50 രൂപ നിരക്കിൽ വാങ്ങാനും കരാറുണ്ടാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം ക്രമേണ സി.പി.എം കൂടുതൽ ശക്തമാക്കി. യു.ഡി.എഫ് സർക്കാർ ഒപ്പുവെച്ച ഈ വൈദ്യുതി കരാറുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 'അമിത നിരക്കിൽ വൈദ്യുതി വാങ്ങാൻ ഒക്ടോബറിൽ ഒപ്പുവെച്ച രണ്ട് കരാറുകൾക്കും പിന്നിൽ മുഖ്യമന്ത്രിയാണ് ' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപണമുയർത്തി. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ മുതലെടുത്ത്, മറ്റ് മന്ത്രിമാരുടെ പിന്തുണ ലഭിക്കാതെ മുഖ്യമന്ത്രി സതീശനെ ഒറ്റപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചതെന്ന് നിരീക്ഷകർ പറഞ്ഞു.

'ഞങ്ങൾ ഒറ്റക്കെട്ട്'

ഇതിനിടെയാണ് 'പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ മുഖ്യമന്ത്രിയും ഞാനും ചേർന്നാണ് ഈ തീരുമാനങ്ങൾ എടുത്തത്,' എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയത്. വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെയുള്ള 'പീക്ക് അവർ' സമയങ്ങളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കരാർ ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 'കെ.എസ്.ഇ.ബിക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്ന ആ ഘട്ടത്തിൽ, പരമാവധി വൈദ്യുതി ലഭ്യമാക്കുക എന്നത് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ഈ കരാറുകളുമായി മുന്നോട്ട് പോകാൻ ഞങ്ങൾ രണ്ടുപേരും ചേർന്ന് തീരുമാനമെടുത്തത് ' മന്ത്രി പറഞ്ഞു.

'സാധാരണയായി കെ.എസ്.ഇ.ബി ഇത്തരം നേരിട്ടുള്ള കരാറുകളിൽ ഏർപ്പെടാറില്ല. എന്നാൽ ഇതൊരു അടിയന്തര സാഹചര്യമായിരുന്നു. 'എൽ നിനോ' പ്രതിഭാസം കാരണം സെപ്തംബറിലുണ്ടായിരുന്ന വൈദ്യുതി ക്ഷാമം ഒക്ടോബറിലേക്കും നീളാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിന്നിരുന്നു. അതിനാൽ, പ്രതിസന്ധി മറികടക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്ന് ഞങ്ങൾ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മന്ത്രി അതിന് സമ്മതിക്കുകയായിരുന്നു,' കെ.എസ്.ഇ.ബിയിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞതിങ്ങനെ.

ഒക്ടോബറിൽ വൈദ്യുതി സാഹചര്യം മെച്ചപ്പെട്ടതിനാൽ, 'വി.ഇ.എച്ച് ഗ്ലോബൽ' നൽകിയ വിൻഡ് പവർ കേരളത്തിന് ആവശ്യമില്ലാതെ വന്നു. 'ഒക്ടോബർ സാധാരണ നിലയിലായിരിക്കുമെന്ന് കരുതി കരാറിൽ നിന്ന് പിന്മാറാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല,' കെ.എസ്.ഇ.ബിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകൾ ഇങ്ങനെ. 'കൂടാതെ, ഒക്ടോബർ 1 മുതൽ വൈദ്യുതി നിയന്ത്രണങ്ങൾ എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന രാഷ്ട്രീയ തീരുമാനവും ഉണ്ടായിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതിയുടെ വില നിശ്ചയിക്കുന്നതിലും കെ.എസ്.ഇ.ബിക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. 'വിപണിയിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു, എന്നാൽ ഞങ്ങൾക്ക് അത് അത്യാവശ്യവുമായിരുന്നു. കമ്പനി വളരെ ഉയർന്ന വിലയാണ് ആവശ്യപ്പെട്ടത്, ഞങ്ങൾ അത് അംഗീകരിക്കുകയായിരുന്നു. അതൊരു ചൂതാട്ടമായിരുന്നു,' ആ വൃത്തങ്ങൾ പറഞ്ഞു. ഒടുവിൽ, കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്നതിലും വളരെ കുറഞ്ഞ അളവിൽ വൈദ്യുതി മാത്രമേ 'വി.ഇ.എച്ച് ഗ്ലോബൽ' വഴി എടുത്തുള്ളൂ. 200 മെഗാവാട്ടിന്റെ കരാറായിരുന്നു

ഉണ്ടായിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ലഭിച്ചത് 36 മെഗാവാട്ട് വൈദ്യുതി മാത്രം. കെ.എസ്.ഇ.ബി ആദ്യം കണക്കാക്കിയതിനേക്കാൾ വളരെ കുറഞ്ഞ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നർത്ഥം.
ഒരാഴ്ച മുമ്പ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസം പുറത്തുവന്നിരുന്നു. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളിൽ ഇവർക്കിടയിൽ ഏകോപനമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇത് യു.ഡി.എഫ് മന്ത്രിസഭയിലെ 'കൂട്ടായ നേതൃത്വത്തെ' പരിഹസിച്ചുകൊണ്ട് സംസാരിക്കാൻ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെപ്പോലും പ്രേരിപ്പിച്ചു. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ഉചിതമെന്ന് വൈദ്യുതി മന്ത്രി ശുപാർശ ചെയ്തിരുന്നെങ്കിലും, മുഖ്യമന്ത്രി 'ജനറൽ നെറ്റ്‌വർക്ക് ആക്‌സസ്' (ജിഎൻഎ) വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് മന്ത്രിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു.

പുതിയ ചെയർമാനും വൈദ്യുതി സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം, ജി.എൻ.എ വഴി പോലും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചപ്പോൾ, തനിക്ക് അത്തരമൊരു തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. 'പത്രങ്ങളിൽ നിന്നാണ് ഞാനത് അറിഞ്ഞത്,' അദ്ദേഹം പറഞ്ഞു.

മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിൽ വ്യത്യസ്ത താൽപ്പര്യങ്ങളാണുള്ളതെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് ഈ അഭിപ്രായഭിന്നത സാധുത നൽകുന്നതായി തോന്നി. എങ്കിലും, ഈ പുതിയ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് വൈദ്യുതി മന്ത്രി മുതിർന്നത്. മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് അഭിമാനത്തോടെയാണ് താൻ പറയുന്നതെന്നും ജനാധിപത്യത്തിന്റെ മനോഹാരിതയാണ് അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വൈദ്യുതി കരാർ സംബന്ധിച്ച വിവാദം 'ഡിം ലൈറ്റിലേ'ക്കു മാറി.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam