'രാഷ്ട്രീയ കൗപീനം' ധരിച്ച മാ.പ്രാ. കളും അടിമക്കണ്ണുകളായ നേതാക്കളും

SEPTEMBER 23, 2026, 9:28 AM

എന്തായാലും വിവാദങ്ങൾക്കോ സമരങ്ങൾക്കോ കേരളത്തിൽ ഇപ്പോൾ പഞ്ഞമേയില്ല. ഇന്നത്തെ (ബുധൻ) വാർത്താ സമ്മേളനത്തിലും സംസ്ഥാനത്തിനും ജനങ്ങൾക്കും ഗുണം ലഭിക്കുന്ന ഏഴോളം കാര്യങ്ങൾ മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങളായി വാർത്താ ലേഖകരെ അറിയിക്കുകയുണ്ടായി. എന്നാൽ അതിലൊന്നും തീരെ താൽപ്പര്യം പ്രകടിപ്പിക്കാതെ വിവാദങ്ങളുടെ ഓലപ്പടക്കങ്ങൾ കത്തിച്ചെറിയാനാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കൗപീനം ധരിച്ച വാർത്താ ലേഖകർ തിരക്കു കൂട്ടിയത്. 

'കടക്ക് പുറത്ത്' എന്ന പിണറായിയുടെ ഉഗ്രശാസനയെ ചോദ്യം ചെയ്യാനോ, 'നിങ്ങളെന്താ എന്റെ കൂടെ ബാത്‌റൂമിലേക്ക് വരികയാണോ' എന്ന ചോദ്യത്തിന് തക്ക മറുപടി കൊടുക്കാനോ കഴിയാത്ത മാ.പ്ര.കൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പൂണ്ടു വിളയാടുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ 'വാലും ചുരുട്ടി' ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയിരുന്ന മുൻ മുഖ്യന്റെ കാലം ഇപ്പോഴും  ജനങ്ങൾ മറന്നിട്ടില്ല. 

പവർകട്ട് പതിയെ കുറച്ചുകൊണ്ടുവരികയാണ് സർക്കാർ. തമിഴ്‌നാട് ചൊവ്വാഴ്ച വൈദ്യുതി വാങ്ങിയത് യൂണിറ്റിന് 38 രൂപ നിരക്കിലാണെന്നും, പഞ്ചാബിൽ ദിവസേന 10 മണിക്കൂറാണ് പവർകട്ടെന്നും മുഖ്യമന്ത്രി മാ.പ്ര.കളെ ഓർമ്മിപ്പിക്കുകയുണ്ടായി. ഇതിനിടെ തിരുവനന്തപുരത്തെ മൃഗശാലയുടെ 57 ഏക്കർ ഭൂമി സർക്കാർ കണ്ണ് വച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി  പറഞ്ഞത് 'ആ ഭൂമിയിൽ സർക്കാരിന് ഒരു കണ്ണുണ്ടെന്നു തന്നെയാണെന്നായിരുന്നു!'

vachakam
vachakam
vachakam

ഭരണയന്ത്രം നിശ്ചലമല്ല കേട്ടോ

യു.ഡി.എഫ്. സർക്കാർ ഓരോ ജനകീയ പ്രശ്‌നങ്ങളിലും കഴിയുന്നത്ര വേഗം തീരുമാനമെടുക്കുന്നുണ്ട്. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും, ഇടതു യൂണിയൻ നേതാക്കൾ ഇപ്പോഴും കക്ഷത്തുള്ള ഡയറിയിൽ കാത്തുസൂക്ഷിച്ചിട്ടുള്ള 'പാർട്ടി ഭക്തി' യും ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ തീർക്കുന്നുണ്ട്. അവ മറികടക്കാനുള്ള ശ്രമത്തിൽ ഭൂരിപക്ഷം മാധ്യമങ്ങളും ഇപ്പോൾ സർക്കാർ പക്ഷത്തില്ല.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനൽ, ഈ സർക്കാരിനെതിരെ 'ആദർശത്തിന്റെയും  ധാർമ്മികതയുടെയും' പേരിലുള്ള മുഖംമൂടിയാക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.  മന്ത്രിമാരുടെ വിദേശയാത്ര തന്നെ ഉദാഹരണം. മന്ത്രി ഒ.ജെ. ജനീഷ് ഗൾഫ് യാത്ര നടത്തിയതും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അമേരിക്ക സന്ദർശിച്ചതും മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ ടൂറുമാണ് ഇപ്പോൾ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന ആദ്യത്തെ വിവാദം.

vachakam
vachakam
vachakam

വാർത്താ സമ്മേളനത്തിൽ മഴക്കെടുതികളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾക്കെതിരെ ബോധവത്ക്കരണവും കർശന നടപടികളും സ്വീകരിക്കാൻ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുകയാണ്. വയോജനവകുപ്പ് 'മുതിർന്ന പൗരന്മാർക്കുള്ള മന്ത്രാലയ'മാക്കി പുനർ നാമകരണം ചെയ്തു കഴിഞ്ഞു. 

മലയോരത്തും കണ്ണെത്തുന്നുണ്ട്...

മലയോര ജനത നേരിടുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏതായാലും നന്നായി. കഴിഞ്ഞ ദിവസം ഇ.എസ്.എ. കാര്യത്തിൽ സമരത്തിനിറങ്ങേണ്ടിവരുമെന്ന തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെയും താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്‌ക്കെടുക്കാമെന്നു തോന്നുന്നു. 

vachakam
vachakam
vachakam

ഇ.എസ്.എ. കാര്യത്തിൽ 8590 ചതുരശ്ര കിലോമീറ്ററാണ് മുൻ സർക്കാർ തീരുമാനിച്ച് കേന്ദ്രത്തെ അറിയിച്ചത്. ജനവാസപ്രദേശങ്ങൾ പുതിയ വനാതിർത്തി വരയ്ക്കുമ്പോൾ ഉൾപ്പെടുത്തരുതെന്നും ഈ സർക്കാർ കേന്ദ്രവനം മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ വനവിസ്തൃതി ദേശീയ ശരാശരിയെക്കാൾ 3 ശതമാനം കൂടുതലാണ്.

(22%) കേരളത്തിന്റെ ഹരിതാവരണവും മറ്റ് സംസ്ഥാനങ്ങളുടേതിനെക്കാൾ മികച്ചതായതിന് ഇന്നും നന്ദി പറയേണ്ടത് ഏറെ റിസ്‌ക്കെടുത്ത് ഇപ്പോഴും കാർഷികവൃത്തി കൈവിടാത്ത കർഷകരോടാണ്. 

മലയോര മേഖലയിൽ ഏതു നിമിഷവും ചാടിവീഴാവുന്ന വന്യജീവികളെ ഭയന്നാണ് കർഷകരുടെ ജീവിതം. റബർ ടാപ്പ് ചെയ്യാൻ പുലർച്ചെ ഒറ്റയ്ക്ക് ജീവനും കൈയിൽ പിടിച്ചാണ് നമ്മുടെ ടാപ്പിംഗ് തൊഴിലാളികൾ തോട്ടത്തിലേക്ക് ഇറങ്ങുന്നത്. ഇത്രയേറെ ദുരിതങ്ങൾ അനുഭവിക്കുന്ന മലയോര കർഷകരെ 'പന്ത് തട്ടുന്ന' കേന്ദ്ര നിയമങ്ങളെപ്പറ്റി സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നേതാക്കൾ ബോധവാന്മാരല്ലേ? അല്ലെങ്കിൽ അവർ 'പൊട്ടൻ' കളിക്കുകയാണോ?

ഉപതെരഞ്ഞെടുപ്പുകളും വീതം വയ്ക്കലും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സെപ്തമ്പർ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള പാർട്ടികളുടെ ജനപിന്തുണയുടെ അളവു കോലായി മാറാം. 38 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ 21ഉം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ 12. കൊല്ലവും ആലപ്പുഴയും ഒഴിച്ചുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മണ്ഡലങ്ങളുള്ളത്. 

പ്രാദേശിക പ്രശ്‌നങ്ങളും പുതിയ സർക്കാരിന്റെ പ്രവർത്തനവും ഈ തെരഞ്ഞെടുപ്പിൽ ജനകീയ വിചാരണയ്ക്ക് കാരണമാകും. 38 സീറ്റുകളിൽ കോഴിക്കോട്ടെ കുറ്റിച്ചിറ സീറ്റ് സി.പി.എം.നെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ ടി.പി.രാമകൃഷ്ണനെ വെറും 22കാരിയായ ഫാത്തിമ തഹ്‌ലിയയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. പിണറായി പരോക്ഷമായി വിമർശിച്ചതിന്റെ പേരിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ടി.പി.യെ പുറത്താക്കിക്കഴിഞ്ഞു. ഇടതു മുന്നണി കൺവീനർ സ്ഥാനം സംബന്ധിച്ച തീരുമാനമാകട്ടെ, സി.ഐ.ടി.യുവിന്റെ സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ പാർട്ടി ഫ്രീസറിൽ വച്ചിരിക്കുകയാണ്.

യു.ഡി.എഫിൽ ഇനി അലകളുയരുക  ബോർഡ്, കോർപ്പറേഷൻ തലവന്മാരുടെയും അംഗങ്ങളുടെയും  നിയമനത്തെക്കുറിച്ചായിരിക്കും. ക്യാബിനറ്റ് റാങ്കുള്ള ബോർഡ്, കോർപ്പറേഷൻ തലവന്മാരാകാൻ കുപ്പായം തയ്ച്ച് കാത്തിരിക്കുന്നത് മുൻ മന്ത്രി പി.ജെ. ജോസഫും പാലാ എം.എൽ.എ. മാണി  സി.കാപ്പനുമാണ്. ഉമ്മൻചാണ്ടിയുടെ കാലത്തെ കീഴ്‌വഴക്കം ബോർഡ്, കോർപ്പറേഷൻ വീതംവെപ്പിലും തുടരാമെന്ന് ലീഗ് യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. എങ്കിലും പുതിയ ഭരണം വന്നപ്പോൾ  കോൺഗ്രസിൽ 'ഇല കിട്ടാത്തവരും പായ കിട്ടാത്തവരുമായി' ഒരുപാട് പേരുണ്ട്. അവരെയെല്ലാം എങ്ങനെ കോൺഗ്രസ് നേതൃത്വം തൃപ്തിപ്പെടുത്തുമാവോ?

സമരങ്ങളുടെ വേലിയേറ്റം തന്നെ 

പാലക്കാട്ട്  കൃഷിക്ക് വെള്ളം കിട്ടാത്ത കർഷകർക്കുവേണ്ടിയും ഹാരിസൺ എസ്‌റ്റേറ്റിൽ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത തോട്ടം വനിതാ തൊഴിലാളിക്കുവേണ്ടിയും സി.പി.എം. പോഷക സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് ന്യായമുണ്ടെന്നു പറയാം. എന്നാൽ പിണറായിയെ വേട്ടയാടുന്നുവെന്ന ആരോപണവുമായി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്ത പാർട്ടിക്കാർ നൽകുന്ന സൂചനകൾ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതാണെന്നു ചിലർ പറയുന്നുണ്ട്. 

പിണറായിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും മോദി-ഈ.ഡി-വി.ഡി. കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നും പറയുന്ന സി.പി.എം. ലക്ഷ്യമിടുന്നത് മുൻ മുഖ്യനെതിരെ ഇനിയും തുടങ്ങാനിരിക്കുന്ന അഴിമതിയന്വേഷണങ്ങളെ തന്നെയാണ്. മെസി വിവാദം, അഗസ്റ്റിൻ സഹോദരങ്ങൾ പിണറായി സർക്കാരിലേക്കും, മന്ത്രിയുടെ പഴയ സ്റ്റാഫംഗങ്ങൾ മുൻ സ്‌പോർട്‌സ് മന്ത്രിയിലേക്കും 'ചാരിക്കൊണ്ട്' മൊഴികൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇനി മുൻമന്ത്രി മെസി വിവാദത്തിന്റെ അണിയറ നായകൻ പിണറായിയാണെന്നു മൊഴി നൽകിയാലോ? സ്ഥിതി ഗുരുതരമാകും. 

ഇ.പി.യും പി. ജയരാജനെന്ന ചെന്താരകവുമെല്ലാം പിണറായിക്കുവേണ്ടി പ്രതിരോധം തീർക്കുവാൻ രംഗത്തിറങ്ങിക്കഴിഞ്ഞു. ഏ.കെ.ബാലനും ഈ ന്യായീകരണ തൊഴിലാളിപ്പടയിലുണ്ട്. എന്നാൽ, ഇപ്പോഴും ഒരു രാഷ്ട്രീയ പകപോക്കലിലേക്ക് യു.ഡി.എഫ്. നീങ്ങിയിട്ടില്ല. മുൻ മുഖ്യമന്ത്രി എല്ലാ അഴിമതിക്കാര്യങ്ങളും നേരിട്ട് നിയന്ത്രിച്ചിരിക്കെ, ഇനിയുള്ള നാളുകളിൽ സി.പി.എം അണികൾക്ക് പിടിപ്പത് പണിയുണ്ടാകും. പക്ഷെ പിണറായിയെ വെള്ളപൂശാൻ ഇനി എവിടെ നിന്ന് 'ജനതാസം' ലഭിക്കുമെന്ന ആശങ്ക പാർട്ടിയിലെ ചില നേതാക്കൾക്കുണ്ട്.

ഇവന്റുകളുടെ കാലം വീണ്ടും

കേരളത്തിന് 70 വയസ്സ് എന്ന വർഷക്കണക്കിൽ യു.ഡി.എഫ്. സർക്കാർ ഇന്ത്യയൊട്ടുക്കും  കേരളത്തിനായി പബ്ലിസിറ്റി ഇവന്റുകൾ സംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു. കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇന്ത്യയിലെ വൻ നഗരങ്ങളിൽ അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഈ വേദികളിൽ അവതരിപ്പിക്കപ്പെടും.

ഇതൊരു നല്ല ആശയമാണ്. പക്ഷെ കാട്ടുമൃഗങ്ങളും പേപ്പട്ടികളും അരങ്ങ് വാഴുന്ന നാട്ടിൻപുറങ്ങൾ ടൂറിസ്റ്റുകൾക്കായി  ഇനിയെങ്കിലും സുരക്ഷിതമാക്കപ്പെടണം. അടിസ്ഥാന സൗകര്യ നിർമ്മാണ  മേഖലയിൽ നടന്നുവരുന്ന 'നാഥനില്ലാക്കളികൾ' ജനങ്ങൾക്കായും ടൂറിസ്റ്റുകൾക്കായും അവസാനിപ്പിക്കുകയും വേണം. 

ടൂറിസ്റ്റ് സ്‌പോട്ടുകളുടെ വികസനമെന്നത് റോഡും പാലവും മാത്രമല്ല ആധുനികവൽക്കരിച്ച ശൗചാലയങ്ങളുടെയും ബജറ്റ് മാതൃകയിലുള്ള വാസസ്ഥാനങ്ങളുടെയുമെല്ലാം നിർമ്മാണം കൂടിയായിരിക്കണം. എങ്ങനെയും ഈ സർക്കാരിനെ താഴെയിറക്കാൻ ക്രമസമാധാന നിലപോലും താറുമാറാക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് കുടപിടിക്കാൻ മാഫിയകളുടെ അന്താരാഷ്ട്ര റാക്കറ്റുകളും പണമിറക്കാം.

കേരളത്തിന് 'പുതിയ മുഖം' നൽകാനുള്ള നീക്കങ്ങളെ ജനങ്ങളുടെ പേര് പറഞ്ഞ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ചില പാർട്ടിക്കാർ കുപ്പിപ്പാൽ നൽകിത്തുടങ്ങിയിട്ടുണ്ട്. കേരളം ഭരിക്കുന്നത് മുതലാളിമാരുടെ സർക്കാരാണെന്നാണ് സി.പി.എം. നേതാവ് ഇന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ സർക്കാർ മുതലാളിയായെങ്കിൽ നാളെ ജനവും മുതലാളികളാകട്ടെയെന്ന് ചിന്തിക്കുന്നവരുടെ നിരയിൽ ഇപ്പോൾ  കൂടുതൽ പേരുണ്ട് കേട്ടോ.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam