പതാകയെ പല പേരിൽ സ്‌നേഹിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്ന ദേശീയ കക്ഷി. സ്വന്തമായി ഒരു പതാക കൈവശം വന്നശേഷം രാജ്യത്ത് ഒറ്റക്കക്ഷിയായി ശക്തി തെളിയിച്ച പ്രസ്ഥാനം. നാല് പതിറ്റാണ്ട് കൊണ്ട്, രണ്ട് എന്ന അക്കത്തിൽ നിന്ന് 303 ലേക്ക് വളർന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികളിൽ ഒന്ന്. 2014 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി.
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 240 സീറ്റുകളുമായി പതിനെട്ടാം ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചതോടെ, വികസിത ഇന്ത്യ എന്ന സ്വപ്‌നത്തിലേക്ക് രാജ്യത്തെ നയിക്കാൻ സ്വപ്‌നങ്ങൾ നെയ്യുന്ന നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി. കോൺഗ്രസിന്റെ സകല കൊള്ളരുതായ്മകൾക്കും മറുപടി എന്നപോലെ രാഷ്ട്രീയ നഭോ മണ്ഡലത്തിൽ കുതിച്ചുയർന്ന പ്രസ്ഥാനം.
എങ്കിലും, ജാതീയതയുടെ പേരിൽ അവരെ പച്ച തൊടാൻ അനുവദിക്കാതിരുന്ന കേരളം എന്ന കൊച്ചു ഭൂമിക. അവിടെ ഒരു കാൽ പതിപ്പിക്കാൻ സകല തന്ത്രങ്ങളും മെനയുന്ന കാവിയുടെ പിൻബലമുള്ള ബി.ജെ.പി. അവരോടുള്ള അകൽച്ചയും ഭീതിയും കേരളീയ രാഷ്ട്രീയ മനസ്സിൽ പൂർണമായി ഒഴിഞ്ഞുമാറിയിട്ടില്ലെങ്കിലും, മാറിമാറി പരീക്ഷിച്ച മുന്നണി രാഷ്ട്രീയം കണ്ടും അനുഭവിച്ചും മടുത്ത മലയാളി, മെല്ലെ പൂമുഖത്ത് അവർക്കായി ഒരു കസേര വലിച്ചിടാൻ തുടങ്ങുമ്പോഴാണ് തനിനിറം പുറത്തുവരുന്ന കാഴ്ചകൾ അമ്പരപ്പുണ്ടാക്കുന്നത്.
വിളമ്പുന്ന ദേശീയത
അതിവിശാല കാഴ്ചപ്പാട് അവതരിപ്പിക്കുന്ന നരേന്ദ്രമോദി എന്ന വാഗ്മി ഇന്ത്യയിലെ സ്വകാര്യ കുത്തകകളുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ്. എന്നുവെച്ചാൽ, പ്രസ്ഥാനത്തെ കൊണ്ട് നടക്കാൻ കാശിന് പഞ്ഞമില്ലാത്ത കാലാവസ്ഥ. കേരളവും തെലുങ്കാനയും പശ്ചിമബംഗാളും ഒഴിച്ച് എല്ലായിടത്തും ഭരണസാന്നിധ്യം അറിയിച്ച ബി.ജെ.പിക്ക് കേരളം പ്രത്യേകിച്ച് ഒരു അഭിമാന ഭൂമികയാണ്.
ഇവിടെ ഒറ്റയ്ക്ക് ഭരണം പിടിക്കുക എന്നത് വിദൂര സ്വപ്‌നമാണെങ്കിലും, ജനമനസ്സിൽ കടന്നു കയറാനുള്ള എല്ലാ തന്ത്രങ്ങളും ഒരുക്കുന്ന അത്യാധുനിക വാർറൂം സ്വന്തമായുള്ള പ്രസ്ഥാനമാണ് ബി.ജെ.പി. ദേശീയത എന്ന വികാരം ആവോളം ആളിക്കത്തിച്ചാലും കുളിരുമാറാതെ നിൽക്കുന്ന കേരളമെന്ന സവിശേഷ പ്രദേശത്തെ സ്വന്തമാക്കുക എന്നത് അഭിമാന പ്രശ്‌നം കൂടിയാണ് അവർക്ക്. അതിനാലാണ് ഒരോ തിരഞ്ഞെടുപ്പും സുപ്രധാനവും നിർണായകവും ആവുന്നത്.
പണം ഒഴുക്കിയാൽ പലതും വഴിക്ക് വരുമെന്ന് അനുഭവംകൊണ്ട് തെളിയിച്ച ഒരു പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പ് കാല ഫണ്ട് വിനിയോഗം ഒരു പ്രശ്‌നമേയല്ല. നല്ലപോലെ ഫണ്ട് ഒഴുകും എന്നറിഞ്ഞു തന്നെ അവരോടൊപ്പം കൂടാൻ പ്രദേശിക ഈർക്കിലി പാർട്ടികളും നേതാക്കളും എപ്പോഴും സന്നദ്ധരാണ്. അങ്ങനെ ഒഴുകിയ ഫണ്ടിൽ നിന്ന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് വോട്ടല്ല, കുറെ ചീത്തപ്പേരാണ്.
പതാക സ്‌നേഹം
അന്തരിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ ശവപേടകത്തിൽ ദേശീയപതാകയുടെ മുകളിൽ ബി.ജെ.പി പതാക വിരിച്ച് ദേശീയ പതാക പൂർണമായി കാണാൻ സാധിക്കാതെ മറച്ച് സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി തന്നെ പങ്കുവച്ച ചിത്രം പലരും മറന്നിട്ടുണ്ടാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ (2022) വീടുകളിൽ ദേശീയ പതാക ഉയർത്താനും പൗരന്മാർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പതാകയുടെ ചിത്രം പ്രദർശിപ്പിക്കാനും ബി.ജെ.പി സർക്കാർ ആഹ്വാനം ചെയ്തിരുന്നു.
അത് രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കാവിക്കൊടി രാജ്യമെങ്ങും പാറിപ്പറക്കണം എന്ന സ്വപ്‌നമായിരുന്നു അതിന് പിന്നിൽ. എന്നാൽ ഇന്ന് സ്വന്തം പതാക വിറ്റ് കാശാക്കുന്ന നേതാക്കളെയും പ്രവർത്തകരെയും കൊണ്ട് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുറ്റുവട്ടത്ത് നിൽക്കക്കള്ളിയില്ലാതെ, വിയർത്തു നിൽക്കുകയാണ് പാർട്ടി നേതൃത്വം.
ബി.ജെ.പി ഫണ്ട് വിവാദത്തിൽ തട്ടിപ്പിന്റെ കണക്ക് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ ചിരി പടർത്തിയത്, സൗജന്യമായി കിട്ടിയ പതാക ഒരു നേതാവ് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു എന്ന കഥ കേട്ടപ്പോഴാണ്. ബി.ജെ.പി ദേശീയ സംഘടനാ സെക്രട്ടറിക്ക് ഫണ്ട് തട്ടിപ്പിന്റെ സാക്ഷി എന്ന പേരിൽ ഒരാൾ അയച്ച കത്താണ് പാർട്ടിക്കുള്ളിൽ കത്തിപ്പടർന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് മനേജ്‌മെന്റ് കമ്മിറ്റിയും വോളന്റിയർ കമ്മിറ്റിയും ഒരു സ്വകാര്യ വ്യക്തിയിൽനിന്ന് 1.62 കോടി രൂപയുടെ തിരഞ്ഞെടുപ്പു സാമഗ്രികൾ വാങ്ങി.
ഇതിന് 31 ലക്ഷം രൂപ കമ്മിഷനായി കൈപ്പറ്റി. പ്രചാരണത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന സംസ്ഥാന ഭാരവാഹിക്കു തുക നേരിട്ട് കൈമാറുകയായിരുന്നു. കട്ടൗട്ടുകൾക്കുള്ള ക്വട്ടേഷൻ നൽകിയതിനു പ്രചാരണ വിഭാഗത്തിൽ ഉണ്ടായിരുന്ന 2 പേർക്ക് 5 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചു.
ഭക്ഷ്യോൽപ്പന്നങ്ങളും ലോഷനും വിതരണം ചെയ്യുന്ന ഏജൻസിയിൽ നിന്ന് തിരഞ്ഞെടുപ്പുകാലത്തു ബി.ജെ.പി 10,000 പാർട്ടി പതാകകൾ വാങ്ങിയതായി രേഖയുണ്ടാക്കി.
ഇതിനു 3.25 ലക്ഷം രൂപയും നൽകി. ബി.ജെ.പി വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറി വി.പ്രേമചന്ദ്രന്റെ ഭാര്യ സുദർശനന്റെ എ.ഇ. ഏജൻസിയിൽ നിന്നാണ് ഇനിയും പാറാത്ത പതാക വാങ്ങിയത്. പ്രചരിക്കുന്ന ജിഎസ്ടി ബിൽ വ്യാജമാണെന്നു പ്രേമചന്ദ്രൻ പറഞ്ഞുവെങ്കിലും!
തന്നോടൊപ്പം ഉണ്ടായിരുന്ന നേതാക്കൾ വിശ്വാസ വഞ്ചന നടത്തിയോ എന്നത് കണ്ടെത്തുക എന്നതാണ് രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നത്. എന്നാൽ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ വിഷയം പാർട്ടിയിൽ എവിടെയും ചർച്ചയാകാത്തതിൽ മുരളീധരനും കെ. സുരേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേതാക്കളുടെ യോഗം വിളിച്ചുചേർത്ത് പ്രസ്താവിച്ചുവെങ്കിലും അതൊന്നും അണികൾ പോലും വിശ്വസിച്ചിട്ടില്ല. അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ് കയ്യൊഴിയാൻ മാത്രമേ സംസ്ഥാന അധ്യക്ഷന് തൽക്കാലം നിവൃത്തിയുള്ളൂ. അതീവ രഹസ്യമായി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം തണുപ്പിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ യഥാർത്ഥത്തിൽ തട്ടിപ്പ് നടന്നു എന്ന് വിശ്വസിക്കുന്ന പാർട്ടിയിലെ പ്രബലമായ ഒരു വിഭാഗം മറുവശത്ത് നിൽക്കുമ്പോൾ, ബി.ജെ.പിയിൽ ഉടലെടുക്കുന്ന വിഭാഗീയതയുടെ ചിത്രം കൂടിയാണ് പുറത്തുവരുന്നത്. കൊടകര കുഴൽപ്പണ കേസ് വിവാദമായപ്പോൾ പാർട്ടി നടത്തിയ പ്രതിരോധം തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ഉണ്ടാവുന്നില്ല എന്നും മറുപക്ഷം ആരോപിക്കുന്നു. ഏതായാലും വരും തെരഞ്ഞെടുപ്പുകളിലും മറ്റും ഇതിന്റെ പ്രതിഫലനം നമുക്ക് പ്രതീക്ഷിക്കാം.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
