പുസ്തകം എഴുതിയാൽ ഉണ്ടാകുന്ന പുകിൽ..! അതിൽ ഇനി സോണിയ ഗാന്ധിയും

SEPTEMBER 23, 2026, 5:51 AM

ഇറ്റാലിയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സ്ഥാനത്തേക്കുള്ള സോണിയാഗാന്ധിയുടെ യാത്ര, പ്രണയം, വേർപാട്, രാഷ്ട്രീയ കടമ എന്നിവയുടെ വ്യക്തിപരമായ കഥയാണ് ഇതെന്ന് പ്രസാധകർ പറയുന്നു. ഇന്ദിരാഗാന്ധിയുടെയും ഭർത്താവ് രാജീവ് ഗാന്ധിയുടെയും വധം, പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള നിർബന്ധിതമായ വരവ്, യുപിഎ കാലഘട്ടം എല്ലാം? ഈ പുസ്തകത്തിൽ ഉണ്ടാകും എന്നാണ് സൂചന.

ലോകത്ത് ഏറ്റവും നന്നായി വിറ്റഴിക്കപ്പെടുന്നതും ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രങ്ങൾ തന്നെയാണ്. കാരണം അതിൽ ഒരു വ്യക്തിയുടെ കഥ മാത്രമല്ല, ഒരു രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങളും ഉണ്ടാകാം..!

മികച്ചത് എന്ന് ലോകം വാഴ്ത്തിയ പട്ടിക നോക്കിയാൽ ആദ്യം വരുന്നത് മഹാത്മാ ഗാന്ധിയുടെ 'എന്റെ സത്യന്വേഷണ പരീക്ഷണങ്ങൾ' തന്നയാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട ആത്മകഥകളിൽ എപ്പോഴും പറയുന്ന പേരാണത്. പിന്നെ നെൽസൺ മണ്ടേലയുടെ 'സ്വാതന്ത്ര്യത്തിലേക്കൊരു ദീർഘയാത്ര'.

vachakam
vachakam
vachakam

27 വർഷത്തെ ജയിൽവാസത്തിനു ശേഷം സൗത്ത് ആഫ്രിക്കയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഒരു നേതാവിന്റെ കഥ. അത് വെറും വൈകാരികമല്ല, പ്രചോദനാത്മകവും ഉന്നമനാത്മകവുമാണ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ പട്ടികയിൽ തന്നെയാണ് ബിൽ ക്ലിന്റന്റെ 'മൈ ലൈഫ്', ബറാക്ക് ഒബാമയുടെ 'എന്റെ പിതാവിൽ നിന്നുള്ള സ്വപ്‌നങ്ങൾ' തുടങ്ങിയവയും.

എന്നാൽ മറുവശത്ത്, ഒരു പുസ്തകം കൊണ്ട് രാഷ്ട്രീയം ഇളക്കിമറിച്ച ചരിത്രവും ഉണ്ട്. ഹിറ്റ്‌ലറുടെ 'മെയ്ൻ കാംഫ്'. 'അയാളുടെ ആദ്യ ആത്മകഥയായി കണക്കാക്കപ്പെടുന്നു എന്ന് തന്നെ ചരിത്രകാരന്മാർ പറയുന്നു, അയാൾ എത്ര വലിയ തന്ത്രശാലിയായ രാഷ്ട്രീയക്കാരനായിരുന്നു എന്ന് അത് കാണിക്കുന്നു.

ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ പൊട്ടിത്തെറി ഉണ്ടാക്കിയത് ജസ്വന്ത് സിങ്ങിന്റെ 'ജിന്ന: ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം' 2009 ആണ്. ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അദ്ദേഹം മുഹമ്മദ് അലി ജിന്നയെ അനുകൂലമായി ചിത്രീകരിച്ചു, വിഭജനത്തിന്റെ കാരണങ്ങൾ നമ്മൾ കരുതുന്നതിലും സങ്കീർണമാണെന്ന് വാദിച്ചു. അതേത്തുടർന്ന് ആ പാർട്ടി അദ്ദേഹത്തെ പുറത്താക്കി.

vachakam
vachakam
vachakam

അടുത്തകാലത്ത് ഇന്ത്യയിൽ ഏറ്റവും വിവാദമായത് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവാനെയുടെ  'വിധിയുടെ നാല് നക്ഷത്രങ്ങൾ'? എന്ന പുസ്തകമാണ്. വായനക്കാരുടെ കൈകളിൽ കിട്ടും മുൻപേ തന്നെ അത് വിവാദമായി, സെൻസിറ്റീവായ സൈനിക-രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള വിവരണം കാരണം അതിന്റെ പ്രസിദ്ധീകരണം ഇപ്പോഴും വൈകുകയാണ്.

ഇതാണ് ഒരു രാഷ്ട്രീയ ഓർമക്കുറിപ്പിന്റെ വിധി  അത് പറയുന്ന സത്യം ആരെയെങ്കിലും അസ്വസ്ഥമാക്കും. ഇപ്പോൾ ആ പട്ടികയിലേക്കാണ് സോണിയ ഗാന്ധിയും എത്തിയിരിക്കുന്നത്. അവരുടെ 'അകക്കാമ്പിലെ ഒരിടം: സ്‌നേഹത്തിന്റെ ഒരു യാത്ര' ('Belonging: A Journey of Love') എന്ന പുസ്തകത്തിന് ഇന്ത്യയിൽ മാത്രം ഉണ്ടായ പ്രശ്‌നം അതിന്റെ ഉള്ളടക്കം കൊണ്ടാണ്.

പ്രധാനമന്ത്രിയെയും, ആർ.എസ്.എസിനെയും, വർഗീയ കലാപങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യാൻ പ്രസാധകർ ആവശ്യപ്പെട്ടു എന്ന വാർത്ത വന്നതോടെ, ഈ പുസ്തകം ഇറങ്ങും മുൻപേ തന്നെ ഇന്ത്യയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ പുസ്തകമായി മാറി കഴിഞ്ഞു.

vachakam
vachakam
vachakam

ഗാന്ധിയും മണ്ടേലയും മികവ് കൊണ്ട് ഓർമിക്കപ്പെടുന്ന പട്ടികയിലും, ജസ്വന്ത് സിങ്ങും നരവാനെയും വിവാദം കൊണ്ട് ഓർമിക്കപ്പെടുന്ന പട്ടികയിലും, ഇനി മുതൽ സോണിയ ഗാന്ധിയുടെ പേരും അക്കൂട്ടത്തിൽ ഉണ്ടാകും.

1992ൽ രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതാൻ ഒരാൾ ശ്രമിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ആ കാത്തിരിപ്പ്. നെഹ്‌റു കുടുംബത്തിന്റെ ഭാഗമായി 58 വർഷം ജീവിച്ചിട്ടും സ്വന്തം ജീവിതം സ്വന്തം വാക്കുകളിൽ പറയാൻ സോണിയ ഗാന്ധിക്ക് മൂന്നര പതിറ്റാണ്ടിലേറെ വേണ്ടിവന്നു. അതുകൊണ്ടാണ് ആ പഴയ പത്രത്തലക്കെട്ട് ഇന്നും പ്രസക്തമാകുന്നത് - ജീവിതം പറയാനാകാത്ത കാലം.

ഇപ്പോൾ ആ കാലത്തിന് അറുതിയാകുന്നു. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ്, സ്‌നേഹത്തിന്റെ ഒരു യാത്ര' എന്ന പേരിൽ ലോകമെമ്പാടും ഒരേ ദിവസം, 2026 നവംബർ 10ന് പുറത്തിറങ്ങും. ആദ്യം അമേരിക്കയിലെ പ്രസിദ്ധരായ ആൽഫ്രഡ് എ. നോപ്ഫ്  ആണ് പുസ്തകം പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതോടെ ആ കരാർ ഇപ്പോൾ ഹാർപ്പർ-കോളിൻസ് ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ പതിപ്പ് തന്നെ ഒരു ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്.

ഈ പുസ്തകം വെറുമൊരു രാഷ്ട്രീയ ആത്മകഥയല്ല. പ്രസാധകർ പറയുന്നത് തന്നെ അതൊരു പ്രണയത്തിന്റെയും, നഷ്ടത്തിന്റെയും, കടമയുടെയും, ചേർന്നിരിക്കുന്നതിന്റെയും കഥയാണെന്നാണ്. യുദ്ധാനന്തര ഇറ്റലിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തിലേക്കുള്ള യാത്ര. തുടർന്ന് ഭർതൃമാതാവിന്റെയും ഭർത്താവിന്റെയും കൊലപാതകങ്ങൾ തകർത്തെറിഞ്ഞ ജീവിതം, ഒടുവിൽ അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന രാഷ്ട്രീയ നേതൃത്വം. ഇതെല്ലാം അവർ എങ്ങനെ കണ്ടു എന്നതിന്റെ അകംകാഴ്ചയാകും ഈ പുസ്തകം.

പിന്നെ എന്തുകൊണ്ടാണ് ഈ പുസ്തകത്തിന് ഇന്ത്യയിൽ മാത്രം ഒരു പ്രശ്‌നം ഉണ്ടായത്? ഉത്തരം ഇപ്പോൾ വ്യക്തമാണ്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ അഭിഭാഷകരും എഡിറ്റർമാരും പുസ്തകത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ, ആർ.എസ്.എസിന്റെ പങ്ക്, വർഗീയ സംഘർഷങ്ങളും ന്യൂനപക്ഷങ്ങളുടെ അവസ്ഥയും സംബന്ധിച്ച ഭാഗങ്ങൾ എന്നിവയായിരുന്നു അത്. സോണിയ ഗാന്ധി അതിനെ എതിർത്തു. ഇത്രയധികം മാറ്റങ്ങൾ വരുത്തിയാൽ പുസ്തകത്തിന്റെ ലോക പതിപ്പും ഇന്ത്യൻ പതിപ്പും രണ്ടാകും, വായനക്കാർക്ക് എന്താണ് സെൻസർ ചെയ്തത് എന്ന് താരതമ്യം ചെയ്ത് കണ്ടുപിടിക്കേണ്ടി വരും എന്നതായിരുന്നു അവരുടെ വാദം.

ഒടുവിൽ ആ തർക്കം രൂക്ഷമായതോടെ ഹാർപ്പർകോളിൻസ് ഇന്ത്യ ആ കരാർ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഒരു പുസ്തക പ്രകാശനം മാത്രമല്ല. അത് ഇന്ത്യൻ പ്രസിദ്ധീകരണ ലോകം സ്വയം നേരിടേണ്ട ഒരു ചോദ്യമാണ് എഴുതിയതുപോലെ തന്നെ ഒരു ജീവിതം പുറത്തുവരുന്നതിനെ നമ്മൾ എന്തിന് ഭയപ്പെടുന്നു? 

'ഉൾച്ചേരൽ'('Belonging') എന്ന ആ പേര് തന്നെ അതിന് ഉത്തരമാണ്. ഇറ്റലിയിൽ ജനിച്ച്, ഇന്ത്യയിൽ വന്ന്, പതിറ്റാണ്ടുകളായി 'വിദേശി' എന്ന് വിളിക്കപ്പെട്ട ഒരാൾ, താൻ എവിടെയാണ് ചേർന്നിരിക്കുന്നത് എന്ന് ഒടുവിൽ സ്വയം പറയുകയാണ്.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam