ഡോക്ടറുടെ വേഷമിട്ട ഒരു സ്ത്രി യൂട്യൂബിൽ വളരെ കാര്യമായി ഒരു പ്രസംഗം നടത്തുന്നത് കണ്ടു :ഇല്ല ഇനി ഒട്ടും പരിഭ്രമിക്കാൻ ഇല്ല, എല്ലാം ഭദ്രമാണ് എന്നാണ് അവർ പറഞ്ഞത്. ഒരു വിശദീകരണം കുടി ആയിരുന്നു അത്. ജനറൽ ആസ്പത്രികളിലെ എല്ലാ ഉപകരണങ്ങളും ഭദ്രമാണ്. ഒന്നും കാണാതെ പോയിട്ടില്ല, ഒന്നും! ഒന്നിനും ഒരു തേയ്മാനവും സംഭവിച്ചിട്ടും ഇല്ല. ആവശ്യം പോലെ ഭദ്രമായി തിരിച്ചെടുക്കാം. രോഗികളുടെ ശരീരത്തിന് അകത്താണ് എല്ലാം.
പുറത്തായിരുന്നെങ്കിൽ പറയൂ, തുരുമ്പോ തേയ്മാനമോ ഒക്കെ സംഭവിക്കുമായിരുന്നു. ഇതിപ്പോൾ എല്ലാം പുതുപുത്തനായി തന്നെ ഇരിപ്പുണ്ട്!
ഇന്നേവരെ സർജറി ചെയ്തിട്ട് പോയ എല്ലാ രോഗികളെയും തിരികെ വിളിച്ച് സ്‌കാനിങ്ങിന് വിധേയരാക്കിയാൽ കൃത്യമായി കണ്ടെടുക്കാം. കൂട്ടത്തിൽ അവർക്ക് വല്ല ശസ്ത്രക്രിയയും ഇപ്പോൾ ആവശ്യമാണെങ്കിൽ അതും ചെയ്യാം. അതിന്റെ കൂടെ ആശുപത്രിയിൽ സൂക്ഷിക്കാൻ വിഷമമുള്ള അല്ലെങ്കിൽ സ്ഥല സൗകര്യം ഇല്ലാത്ത എന്തെങ്കിലും ഉപകരണം ഉണ്ടെങ്കിൽ, അത് വയറ്റിൽ തന്നെ നിക്ഷേപിക്കാം.
സർക്കാറിലേക്ക് ഒരുപാട് ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് ഇത്. ഉപകരണങ്ങൾ സൂക്ഷിക്കാൻ ലോകത്ത് മറ്റൊരു നാട്ടിലും ഇന്നേവരെ സ്വീകരിക്കാത്ത കൗതുകകരമായ ഒരു രീതിയാണ് ഇത്. ഇതിന്റെ പേരിൽ കേരളത്തിലെ പല ആശുപത്രികൾക്കും രാഷ്ട്രാന്തരീയ സമ്മാനങ്ങൾ നൽകാൻ ആലോചനയുണ്ട് എന്ന് അറിയുന്നു. ശാസ്ത്രം ഈ രീതിയിൽ പുരോഗമിക്കും എന്ന പ്രതീക്ഷ ഒരു ഗവേഷകനും ലോകത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ കേരളീയ വൈദ്യശാസ്ത്രം ലോകത്തിന് വഴി കാണിക്കുന്നു.
നമ്മുടെ സർക്കാർ സ്ഥാപനങ്ങൾ കാര്യക്ഷമമായി അല്ല പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞവരെ കണ്ടുപിടിച്ച് ഇപ്പോൾ നല്ല ചൂരൽ കൊണ്ട് അടിക്കണം!
കണ്ണു മാറി ശസ്ത്രക്രിയ ചെയ്യുക, കാലു മാറി മുറിച്ചു മാറ്റുക, ഒടിഞ്ഞ കയ്യോ കാലോ ഒക്കെ മറുവശം തിരിച്ചു വെച്ച് പ്ലാസ്റ്റർ ഇടുക, അനസ്‌തേഷ്യ അധികമായി രോഗി നിത്യ നിദ്രയിലേക്ക് പോവുക, മരുന്നു മാറി കുത്തിവയ്ക്കുക എന്നീ നവീന പരീക്ഷണങ്ങൾ നാം സ്ഥിരമായി നടത്തി പോരാറുണ്ടല്ലോ.
പേവിഷത്തിന്റെ മരുന്ന് പല രീതികളിലും ഉണ്ടാക്കി ഈയിടെ നാം പരീക്ഷിക്കുകയാണല്ലോ. ചില അപകടങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും മരുന്നിന്റെ പരിഷ്‌കാരങ്ങളിൽ പൂർണ്ണത കൈവരിക്കാൻ ഈ പരീക്ഷണങ്ങൾ സഹായിച്ചിട്ടുണ്ട്.
പല മെഡിക്കൽ കോളേജുകളിലും ശവങ്ങൾ ഇല്ലാത്തതുകൊണ്ട് ഡമ്മിയെ ഉപയോഗിക്കുകയാണ് എന്ന് കേൾക്കുന്നു. ഇതും ഒരു അതിനൂതന പരീക്ഷണമാണ്. പല മെഡിക്കൽ കോളേജുകളും ഡീംഡ് സർവ്വകലാശാലകൾ ആണല്ലോ. പാഠ്യ പദ്ധതി തയ്യാറാക്കുന്നതും പരീക്ഷ നടത്തുന്നതും ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതും ഡിഗ്രി നൽകുന്നതും ഒക്കെ അവർതന്നെ ആണല്ലോ. ഈ സ്വയം പര്യാപ്തത ലോകത്ത് മറ്റെവിടേയും ഇത്ര സ്വതന്ത്രമായി നടക്കുന്നില്ല എന്നാണ് കേൾവി.ജനസംഖ്യയിൽ 10 പേർക്ക് ഒരു ഡോക്ടർ എങ്കിലും ഉണ്ടായിരിക്കണം എന്നാണല്ലോ നമ്മുടെ ഒരു സ്വപ്‌നം.
നല്ല ആശുപത്രികളും മരുന്നു കമ്പനികളും തങ്ങളുടെ അതാതു വ്യവസായ സ്ഥാപനങ്ങളുടെ വലിയ പരസ്യങ്ങൾ കൊടുത്തു രോഗികളെ സഹായിക്കുന്നു. ആകർഷകങ്ങളായ ഓഫറുകൾ നൽകുന്നു. ഇനി അഥവാ വേറെ വല്ല വിഷമവും ഉണ്ടായാൽ ഇൻഷുറൻസ് തുക വഴി പരിഹാരം കാണാവുന്നതാണ്. വലിയ സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ചികിത്സയുടെ ചെലവ് വഹിക്കും. അതിന് ഇൻഷുറൻസ് എടുത്താൽ മതി. അങ്ങനെ ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും കൂടി സർക്കാർ ഖജനാവ് നല്ല പോലെ ഉപയോഗിക്കും.
അമേരിക്കയിൽ ഒക്കെ കേട്ടിട്ടുള്ളത് സ്വകാര്യ ആശുപത്രികൾ രോഗികളെ കഴിയും വേഗം ഡിസ്ചാർജ് ചെയ്യാൻ ശ്രമിക്കും എന്നാണ്. കാരണം ആശുപത്രികൾ ഇൻഷുറൻസ് കമ്പനികളുമായി ലോഹ്യത്തിലാണ്. ഇവിടെ നേരെ വിപരീതമാണ് അവസ്ഥ. നാം രോഗികളെ കാര്യമായി ശുശ്രൂഷിക്കും. ഈയിടെ ഒരു പട്ടാളക്കാരൻ വളരെ സന്തോഷപൂർവ്വം പറയുകയുണ്ടായി: 20 ദിവസമാണ് അച്ഛനെ അവർ വെന്റിലേറ്ററിൽ കിടത്തിയത്. സർക്കാരിന്റെ വക ഫണ്ടില്ലായിരുന്നുവെങ്കിൽ 13 ലക്ഷം രൂപ താൻ ബില്ലടയ്‌ക്കേണ്ടി വരുമായിരുന്നു! മാത്രമല്ല അച്ഛൻ വളരെ നേരത്തെ മരിച്ചുപോകുമായിരുന്നു!
പറയൂ, ഇതല്ല എങ്കിൽ പിന്നെ എന്താണ് ആരോഗ്യ വിപ്ലവം!!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
