മൾബറി സ്ട്രീറ്റിലെ പ്ലാസ ഹോട്ടലിൽ ഇടത്തരം മുറികളിലൊന്നിലാണ് റോബിൻസ് താമസിക്കുന്നത്. അവിടെ നിന്നും ഓഫീസിലേക്ക് അധികം ദൂരമില്ല. ഏറെ വൈകി കിടന്നതിനാൽ പെട്ടന്നുതന്നെ ഉറക്കത്തിലേക്ക് വഴുതിവീണു. ഗാഢനിദ്ര. പുറത്ത് ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് റോബിൻസ് ഞെട്ടിയുണർന്നത്. ഉറക്കച്ചടവോടെ ചാടി എഴുന്നേറ്റ് മുഖം കഴുകി അയാൾ പുറത്തേക്കോടി. അപ്പോൾ സമയും രാവിലെ 7.45. പമേല ഹിയാൺ എന്ന സ്‌പെഷ്യൽ സ്‌ക്കൂൾ ടീച്ചറുടെ കാർ ഷെഡിന്റെ മുകളിൽ വീണ കറുത്ത കാൽപ്പാദം അവിടെനിന്നും തെറിച്ച് അയാൾ താമസിക്കുന്ന ഹോട്ടൽ മുറ്റത്താണ് വീണത്.
വല്ലാത്ത വലുപ്പവും അസാധാരണമായ കറുപ്പു നിറവുമുള്ള കാൽപ്പാദം. കുട്ടികളാരോ മെഴുകിലോ, കളിമണ്ണിലോ ഒപ്പിച്ച കുസൃതിയാണെന്നാണ് ആദ്യം കരുതിയത്. അതല്ല സത്യം എന്നറിഞ്ഞ സെക്യൂരിറ്റിയുടെ മുഖം വിളറാൻ തുടങ്ങി. മുറിവിൽ ചോര കട്ടപിടിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിൽ വന്നു ബഹളമുണ്ടാക്കിയ ദീർഘകായകനായ നീഗ്രോയുടെ ഭീകര രൂപം അയാളുടെ മനസ്സിൽ തെളിഞ്ഞു.
ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഹോട്ടലിന്റെ വടക്കുവശത്തുള്ള സെക്യൂരിറ്റി ഓഫീസറുടെ മുറിയിലേക്കയാൾ ഓടി..!
സെക്യൂരിറ്റി ഓഫീസർ അറിയിച്ചതനുസരിച്ച് പോലീസുകാർ സംഭവസ്ഥലത്തെത്തി. അത് മനുഷ്യന്റെ യഥാർത്ഥ കാൽ തന്നെ..! കാൽ മാത്രമല്ല, അരക്കെട്ടിന്റെ അല്പം ഭാഗവും പിന്നെ നട്ടെല്ലിന്റെ ഏതാനും കണ്ണികളും പരിസരങ്ങളിലായി തെറിച്ചുവീണിട്ടുണ്ട്. അതെല്ലാം സൂഷ്മതയോടെ പോലീസ് ശേഖരിച്ചു. അതുമായി രണ്ടുപോലീസുകാർ സ്റ്റേഷനിലേക്കുപോയി. മറ്റുള്ളവർ ഹോട്ടലിൽ താമസിക്കുന്നവരെക്കുറിച്ചും, കഴിഞ്ഞ ദിവസങ്ങളിൽ അസാധാരണമയ സംഭവങ്ങൾ വല്ലതും ഉണ്ടായോ എന്നും അറിയുന്നതിനുള്ള തിരക്കിലാണ്.
പോലീസുകാരുമായി റോബിൻസ് സംസാരിച്ച ശേഷം പെട്ടെന്നുകുളിച്ച് വസ്ത്രം മാറി ഓഫീസിൽ റിപ്പോർട്ടു ചെയ്ത ശേഷം അയാളും പോലീസ് സ്റ്റേഷനിലേക്കു പോയി. ഇതിനിടെ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മറ്റൊരു ഫോൺ കോൾ..!
അതിരാവിലെ വന്നിറങ്ങിയ വിമാനത്തിന്റെ ചക്രപേടകത്തിൽ ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ.
ദക്ഷിണാഫ്രിക്കായിലെ ജോഗൻസ്ബർഗിൽ നിന്ന് സെനഗാളിന്റെ തലസ്ഥാനമായ ദാക്കർ വഴി ന്യൂയോർക്കിലെത്തിയ സൗത്ത് ആഫ്രിക്കൻ എയർവേയ്‌സിന്റെ എയർബസ് എ300 വിമാനത്തിന്റെ ചക്രപേടകത്തിൽ കണ്ട ഒരു കറുത്തുകരിവാളിച്ച കാലും ശരീരഭാഗങ്ങളും രാവിലെ ഹോട്ടൽ മുറ്റത്തുനിന്നു കിട്ടിയ കാലിന്റെ ബാക്കിയാണെന്നു വൈകാതെ സ്ഥിരീകരിച്ചു. തല ഉൾപ്പെടെ ഇനിയും കുറെ ഭാഗങ്ങൾ കിട്ടാനുണ്ട്.
ഈ വാർത്ത റോബിൻസിന്റെ മനസ്സിൽ ആകാംക്ഷ ജനിപ്പിച്ചു. എന്തായിരിക്കും ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളത്. അതറിയാൻ അയാൾക്ക് തിടുക്കമായി. ഇതുമായി ബന്ധപ്പെട്ട ഇടങ്ങളിൽ തന്റെ അന്വേഷണം അയാൾ തുടർന്നു. ഇങ്ങന സംഭവിക്കാൻ പലസാധ്യതകളുണ്ട്. അതിൽ ഒന്നിനെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ വിവരിച്ചതിങ്ങനെ:
'ദക്ഷിണാഫ്രിക്കയിലോ സെനഗാളിലോ വിമാനം റൺവേയിൽ നിൽക്കുമ്പോൾ ദാരിദ്രത്തിൽ നിന്നും രക്ഷപ്രാപിക്കാൻ ആരുമറിയാതെ ചക്രങ്ങളിൽ പിടിച്ചുകയറി ചക്രപേടകത്തിൽ ഒളിച്ചിരുന്നിട്ടുണ്ടാകാം ആ നീഗ്രോ.'
ഒരുപക്ഷേ അയാൾ വല്ല ചാരനുമായിരന്നോ..? അല്ലെങ്കിൽ അയാൾ അറിയാതെ അയാള ആരെങ്കിലും ഒരു ഉപകരണമാക്കി മാറ്റിയതാണൊ? റോബിൻസിന്റെ ചിന്ത പലവഴിക്കുപോയി. ഒരു പത്രപ്രവർത്തകന്റ താല്പര്യത്തോടും, കാര്യക്ഷമതയോടും കൂടി വിദഗ്ദരുമായി അതേക്കുറിച്ച് അയാൾ സംഭാഷണത്തിൽ ഏർപ്പെട്ടു.
ഒടുങ്ങാത്ത ദുരിതങ്ങൾക്കും തീരാത്ത പട്ടിണിക്കും അറുതിയാവുമെന്നു സ്വപ്‌നം കണ്ട്, ഒടുവിൽ ഭയാനകമായ മരണത്തിലേക്ക് ചിതറിവീണ നൂറുകണക്കിന് കഥകളാണ് മാധ്യമ റിപ്പോർട്ടുകൾ ചികഞ്ഞാൽ കാണാൻ കഴിയുക..! അങ്ങനെ യാത്ര ചെയ്താൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടത്തെക്കുറിച്ചാണ് ആ ഓഫീസർ പറഞ്ഞത്.
'ആരുമറിയാതെ അങ്ങനെ വിമാനത്തിൽ കയറിപ്പറ്റിയാൽ അത് പറന്നുയർന്നു കഴിയുമ്പോൾ ചക്രങ്ങൾക്ക് ഉള്ളിലേക്ക് വലിഞ്ഞ് മടങ്ങി ഇരിക്കാനുള്ളതാണ് വിമാനങ്ങളുടെ ചക്രപേടകം. വമ്പൻ യാത്രാവിമാനങ്ങളുടെ വലുപ്പം ഏറെയുള്ളള്ള ചക്രപേടകം വിമാനം റൺവേയിൽ നിൽക്കുമ്പോഴും ഓടുമ്പോഴും തുറന്നാണിരിക്കുക.'
റോബിൻസിന്റെ ആകാംക്ഷ മുറ്റിയ ഭാവം അയാൾക്കു തുടർന്നു പറയാനുള്ള താല്പര്യം വർദ്ധിപ്പിച്ചു.
'... അങ്ങനെ ചക്രത്തിൽ പിടിച്ചുകയറി പേടകത്തിനകത്ത് ഒളിച്ചിരുന്നാൽ അല്ലലില്ലാതെ വിദൂരദേശങ്ങളിൽ എത്തി സുഖമായി ജീവിക്കാമെന്നു കരുതി ഏറെ സാഹസപ്പെട്ട് ആ പേടകത്തിൽ കയറിപ്പറ്റിയതുമാകാം.
എന്നാൽ, അവിടെയങ്ങനെ കൂനിക്കൂടി ഇരിക്കുന്നവൻ പേടിച്ചുതുടങ്ങുക, വിമാനം റൺവേയിലൂടെ ഓടിത്തുടങ്ങുമ്പോഴാണ്. തൊട്ടടുത്ത് ചിറകുകളുടെ കീഴെ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിനുകളുടെ ചെകിടടപ്പിക്കുന്ന ശബ്ദം അവസാനിച്ചെങ്കിലെന്നു വേവലാതി പൂണ്ടു തുടങ്ങുമ്പോഴേക്കും വിമാനം ആ മനുഷ്യന്റെ ചെവിയോട് ചേർന്ന് ഇടി വെട്ടുന്നതിനേക്കാൾ ഭയാനകമായ ശബ്ദത്തോടെ റൺവേയാകെ കുലുക്കിമറിച്ച് പറന്നുയർന്നു കഴിഞ്ഞിരിക്കും..!
എഞ്ചിനുകളുടെ അലർച്ചയിൽ ചെവിപൊട്ടിപ്പിളരുമ്പോൾ...!'
ആ ഓഫീസറുടെ വിവരണം കേട്ടപ്പോൾ റോബിൻസിന് തന്റെ നട്ടെല്ലിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടതപോലെ തോന്നി. തന്റെ കർണ്ണപുടത്തിലേക്കാണ് ആ ശബ്ദം ഇരച്ചുകയറുന്നതെന്നും അയാൾക്കു തോന്നി. കണ്ണുകൾ ഇറുകെ അടച്ചു. അതുകണ്ട് ആ ഓഫീസർ പറഞ്ഞു:
'ഇനി സംഭവിക്കുന്നതു കൂടി കേട്ടാൽ നിങ്ങൾ ബോധരഹിതനായേക്കാം.'
പരിസരബോധം തിരിച്ചുകിട്ടിയ റോബിൻസ് അറിയാതെ പറഞ്ഞുപോയി 'ഹോ...ഹോറിബിൾ..!
സോറി സാർ... ഒരു നിമിഷം ഞാൻ പരിസരം മറന്നുപോയി എന്നതു നേരാണ്. പറയൂ സാർ..പ്ലീസ്.'
'ചക്രപേടകത്തിൽ കയറിയവന്റെ ചെവിപൊട്ടിപ്പിളരുമ്പോൾ പതിയെ ചക്രങ്ങൾ ഉള്ളിലേക്ക് വലിഞ്ഞു കയറുകയായി. ഉരുക്കു ദണ്ഡുകളും സ്പ്രിങ്ങുകളും കമ്പികളും ഒടിഞ്ഞുമടങ്ങി നിവരുന്നതിനിടയിൽ പെടാതെ ചക്രപേടകത്തിന്റെ ഇരുണ്ട മൂലകളിലേക്ക് ഒതുങ്ങുമ്പോൾ പൂർണ്ണമായും അന്ധകാരം എത്തിക്കഴിയും.
പിന്നെ കണ്ണിൽ കുത്തിയാൽ അറിയാത്തത്ര ഇരുട്ട്..!
ചക്രപേടകവാതിലുകൾ അടഞ്ഞാൽ... പിന്നെ എഞ്ചിന്റെ ശബ്ദം അല്പമൊന്നു കുറഞ്ഞു എന്നു ആശ്വസിച്ചു തുടങ്ങുമ്പോൾ തണുപ്പ് അരിച്ചരിച്ച് എത്തുകയായി. കിലോമീറ്റർ ഉയരത്തിൽ പൂജ്യത്തേക്കാൾ 50 ഡിഗ്രി താഴ്ന്ന തണുപ്പിൽ അസ്ഥികൾ പോലും മരവിക്കുന്നതറിഞ്ഞ്, ഒന്നുകണ്ണീരൊഴുക്കാൻ പോലുമാകാതെ ശബ്ദം പുറത്തുവരാതെ ഞെട്ടിത്തരിച്ചിരിക്കുമ്പോൾ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടാൻ തുടങ്ങും.'
'അതിനിടെ മറ്റൊന്നു കൂടി സംഭവിക്കും. അതായത്, 10 കിലോമീറ്ററിലേറെ ഉയരത്തിൽ അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് വളരെ കുറവായിരിക്കും. അതോടെ ബോധം മറയുകയായി. ആ ഘട്ടത്തിൽ ഏറ്റവും ആശ്വാസകരമായ കാര്യം അതുമാത്രമാണ്.' അടുത്തുനിന്ന ഓഫീസർ ആണ് അത് പറഞ്ഞത്.
അപ്പോൾ റോബിൻസ് സങ്കടം അടക്കി പിറുപിറുക്കുന്നതു പോലെ പറഞ്ഞു:
'തെല്ലുഭാഗ്യമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പിന്നൊന്നുമറിയാതെ അയാൾക്ക് മരിക്കാം. അല്ലേ സാർ..?'
'അതേയതേ... വിമാനം നിലത്തിറങ്ങാൻ വട്ടം കൂട്ടിത്തുടങ്ങുമ്പോൾ ചക്രപേടകം വീണ്ടും തുറക്കുന്നതും ഉരുക്കു ദണ്ഡുകളുടെ മടക്കുകൾ നിവർത്തി ചക്രം കീഴ്‌പ്പോട്ടിറങ്ങുന്നതും മനസിലാക്കി ഒതുങ്ങിക്കൊടുക്കാൻ ആ ഘട്ടത്തിൽ ആർക്കാണ് പറ്റുക..?'
അങ്ങനെയൊരു ചോദ്യമുയർത്തി ആ ഓഫീസർ മൗനിയായി നിന്നപ്പോൾ മറ്റെ ആൾ പറഞ്ഞു:
'വലിഞ്ഞു നിവരുന്ന ലിവറുകൾക്കിടയിൽ പെട്ട് ശരീരം പല കഷണങ്ങളായി കീറിപ്പറിഞ്ഞ് താഴെ വാഗ്ദത്ത ഭൂമിയിൽ ചിതറിവീഴുമ്പോൾ ആ നിർഭാഗ്യവാനായ ഭാഗ്യാന്വേഷി വേദന അറിയുന്നുണ്ടാവില്ല എന്നാശ്വസിക്കാം നമുക്ക്.'
ഈ വിവരങ്ങളത്രയും ശേഖരിച്ച് റോബിൻസ് അവിടെനിന്നും മടങ്ങി.
ആഫ്രിക്കൻ നാടുകളിലെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപെടാൻ, മറ്റേതെങ്കിലും രാജ്യത്തു ചെന്നു ജീവിതം കരുപ്പിടിപ്പിക്കാൻ വെമ്പുന്നവർ. അവർ വിമാനമെന്ന മായാവാഹനത്തിന്റെ കാലുകളിൽ കെട്ടിപ്പിടിച്ചിരുന്നു മരണത്തിന്റെ ഗുഹാമുഖത്തേക്കു കടക്കുന്ന ആ രംഗം റോബിൻസിന് ഒരു നീറ്റലായി അനുഭവപ്പെട്ടു.
അത് എഴുതാനിരുന്നപ്പോൾ തന്റെ വളർത്തച്ഛനായ ഫാ. ജയിംസ് വെളിപ്പറമ്പിലിനെ ഓർത്തുപോയി. അദ്ദേഹം പത്രപ്രവർത്തകരാകാൻ വരുന്നവരോട് പറയുന്ന ഒരു കര്യമാണത്. 1956ൽ മഹാകവി വള്ളത്തോൾ നാരായണ മേനോൻ 79-ാം വയസ്സിൽ എറണാകുളത്തുവച്ചാണ് മരിക്കുന്നത്. അത് റിപ്പോർട്ട് ചെയ്തത് പ്രസിദ്ധനായ സാഹിത്യകാരനും പത്രാധിപരുമായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായർ ആയിരുന്നു. അദ്ദേഹം ആ രംഗം വർണിക്കാനുപയോഗിച്ച സർഗാത്മക ഭാഷ. അതുവരെ മലയാളത്തിൽ ആരും ഉപയോഗിച്ചുകാണാത്ത തരത്തിലായിരുന്നു എഴുതിയത്.
'ഏഴുതിരിയുള്ള നിലവിളക്കിന് ചുവടെ ചുട്ടി കുത്താനെന്നവണ്ണം കലാമണ്ഡലത്തിന്റെ സ്ഥാപകനും മഹാകവിയുമായ വള്ളത്തോൾ നാരായണ മേനോൻ നീണ്ടുനിവർന്നു കിടക്കുന്നു.'
ഇന്നു നാം ടിവിയിൽ കാണുന്നതുപോലുള്ളൊരു ദൃശ്യവൽക്കരണം.
ആ ഒരു രീതി അവലംബിച്ചാണ് റോബിൻസ് ആ ഹതഭാഗ്യനായ നിഗ്രോയുടെ ദുരന്തം റിപ്പോർട്ടു ചെയ്തത്. അത് ഏറെ ഹൃദയസ്പർശിയായെന്ന് പത്രാധിപർ ജോർജ് ലൂക്കാസ് പറയുകയും ചെയ്തു.
അപ്പോൾ വൈക്കം ചന്ദ്രശേഖരൻ നായർ എന്ന പ്രതിഭാധനനായ പത്രാധിപർ 1956 ൽ റിപ്പോർട്ടു ചെയ്ത രീതി താൻ അനുകരിക്കുക മാത്രമാണ് ചെയ്തതെന്നു പറയാൻ റോബിൻസ് മറന്നില്ല.
തെല്ല് കൗതുകത്തോടെയാണ് ജോർജ് ലൂക്കാസ് അക്കഥ കേട്ടിരുന്നത്. 'ഇവിടെ അമേരിക്കയിൽപ്പോലും 1960കളിലാണ് ഇത്തരത്തിലുള്ള ന്യൂവേവ് ജേണലിസം വരുന്നത്.' എന്ന് അദ്ദേഹം പറയുകയും ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബിബിസി ആളുകളെ അമ്പരപ്പിച്ച 'ആകാശ വഴിയിലൂടെ വന്ന കാൽപ്പാദം' എന്ന വാർത്തയ്ക്ക് മറ്റോരു വഴിത്തിരിവുണ്ടാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടു. അതിൽ കെന്നഡി ജുനിയറിന്റെ മരണത്തിനു പിന്നിലും റിച്ചിംഗ് അപ്പിന്റെ പിആർഒ ജിം ഈസ്റ്റുമാന്റെയും കുടുംബത്തിന്റേയും കൊലപാതകത്തിന്റെ പിന്നിലും ക്യൂബൻ മാഫിയ ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ആ ദൗത്യത്തിനായി പരിശീലനം ലഭിച്ച ഒരു നീഗ്രോ ന്യൂയോർക്കിൽ കഴിഞ്ഞ മാസം എത്തിയതായി പറയപ്പെടുന്നുണ്ട്. ആ വ്യക്തിയെ ഈ സംഭവങ്ങൾക്കു ശേഷം പൊടുന്നനെ കാണാതാകുകയും ചെയ്തിരിക്കുന്നു.
ജോൺ എഫ് കെന്നഡിയുടെ ഭരണകാലത്ത്, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ അന്തിമ പ്രകടനമെന്ന നിലയിൽ, കാസ്‌ട്രോ അമേരിക്കൻ ഉടമസ്ഥതയിലുള്ള റിഫൈനറികൾ ദേശസാൽക്കരിച്ചു. അതിനെത്തുടർന്ന് സി.ഐ.എ കാസ്‌ട്രോയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതുമുതലുള്ള ഒട്ടേറെ വിഷയങ്ങൾ 'ക്യൂബൻ മാഫിയ' എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന സംഘത്തിന്റെ മുന്നിലുണ്ട്. ഇതൊക്കെയായിരിക്കണം അവരെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് ആ റിപ്പോർട്ടിൽ സുചിപ്പിക്കുന്നത്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1