പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

FEBRUARY 26, 2026, 3:17 AM

കഥ ഇതുവരെ

കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. അങ്ങിനെ അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്ര അയാളെ വലിയൊരു അപകടത്തിലേക്കെത്തിച്ചു. ഒടുവിൽ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. തുടർന്നു വായിക്കുക.

ഇരുണ്ട ഭൂഖണ്ഡത്തിലെ സമുദ്രാന്തർഭാഗത്ത്, അറിയപ്പെടാത ചിതറിക്കിടക്കുന്ന ദ്വീപസമൂഹങ്ങൾ. അവയ്ക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു നിഗൂഢ ലോകം! അവിടെ ചരിത്രം വഴിമുട്ടി നിൽക്കുകയായിരുന്നു; കാലം മുന്നോട്ടു പോകുന്നില്ല, മറിച്ച് വട്ടം ചുറ്റി തിരികെ അതേ പാദമുദ്രകളിലേയ്ക്ക് മടങ്ങിവരുന്നു.

vachakam
vachakam
vachakam

ആ ദ്വീപ് പുറത്തുള്ള ലോകത്തിന് ഒരു നീല പാടപോലെ മാത്രം. ഉപഗ്രഹങ്ങൾ കടന്നുപോകും, കടൽപ്പാതകൾ അതിനെ മറികടക്കും, പക്ഷേ ആരും അവിടെ എത്തിച്ചേർന്നട്ടില്ല. തീരത്തെ ചുറ്റി നിൽക്കുന്ന പാറക്കെട്ടുകൾ കാവൽക്കാരെപ്പോലെ. കാറ്റിന്റെ ശബ്ദം പോലും അവിടെ കടക്കുമ്പോൾ ഭയന്ന് നിശ്ശബ്ദമാകുന്നുവെന്ന് തോന്നും. അവിടെ, ജീവിച്ചിരുന്നവർക്ക് നഗരങ്ങളോ നാഗരീകതയോ രാജ്യങ്ങളോ ചരിത്രമോ ഉണ്ടായിരുന്നില്ല. കൂറ്റൻ മരങ്ങൾ, വെള്ളം, വേട്ട. വൻമരങ്ങൾ തമ്മിൽ ചേർന്ന് ആകാശം കാണാനാവാത്തത്ര കട്ടിയായി നിൽക്കുന്നു.

ലോകത്ത് മറ്റൊരിടത്തും ഇത്രയേറെ അപരിഷ്‌കൃതവും അമാനുഷ സ്വഭാവമുള്ളതുമായ ജനവിഭാഗത്തെ കാണാൻ കഴിയുകയില്ല. ജീനോമാമി എന്ന ഈ ഗോത്രത്തിലുള്ളവരുടെ ലക്ഷ്യം തന്നെ ശത്രുക്കളുടെ തലയറുക്കലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ തല അറക്കുന്നവനാണ് ജിനോമാമികളുടെ വീരപുരുഷൻ. ഒരുതരത്തിലും പുറത്തുനിന്നു വരുന്നവരെ അവർ വിശ്വസിക്കുന്നില്ല. അങ്ങനെ ആരും കടന്നുവരാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്.

തലയറുക്കുന്ന വിദ്യ ചെറുപ്രായത്തിൽ തന്നെ അഭ്യസിച്ചു തുടങ്ങും. കുട്ടികളുടെ കുരുന്നു ഹൃദയത്തിൽ ക്രൂരതയടേയും പ്രതികാരത്തിന്റേയും വിത്തുകൾ പാകിക്കൊണ്ടാണ് തലയറുക്കൽ പരിശീനിപ്പിക്കുന്നതു തന്നെ..! സത്യത്തിൽ അവിടെ ജീവിക്കുന്നവർക്ക് രാജ്യം എന്ന ആശയം ഇല്ല, നഗരം എന്ന സങ്കൽപ്പമില്ല. പേരുകൾ പോലും സ്ഥിരമല്ല. കാലാവസ്ഥയോടൊപ്പം മാറുന്ന വിളിപ്പേരുകൾ മാത്രം. അവരുടെ ഭാഷ കാറ്റിന്റെ ശബ്ദത്തോട് ചേർന്ന് നിൽക്കുന്നു; വാക്കുകൾക്കു പകരം കണ്ണുകൾ സംസാരിക്കുന്നു. തീ ചുറ്റി ഇരുന്ന് അവർ പറയുന്ന കഥകൾ ചരിത്രമല്ല; മറിച്ച് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഓർമ്മകളുടെ തിരമാലകൾ.

vachakam
vachakam
vachakam

ഏറെ സംവത്സരങ്ങൾക്കു മുമ്പ് ഒരു ഉച്ചവെയിലിലെ കനത്ത നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഒരു കടൽപ്പക്ഷിയുടെ സീൽക്കാരമുയരുന്നു. ഇടതൂർന്ന വനത്തിൽ ഒരു പെരുമ്പാമ്പ് ഇഴഞ്ഞു നീങ്ങി. ചെളിനിറഞ്ഞ ഒരു ജലാശയത്തിൽ നിന്നും ഒരു കാട്ടുപോത്തിന്റെ കിടവ് ഞെട്ടി തല ഉയർത്തി.

ആ ഘോരവനത്തിന്റെ പ്രശാന്തതയെ ഇളക്കിമറിച്ചതെന്താണ്..? അമ്പും വില്ലുമായി ചില കാട്ടുമനുഷ്യർ കടലോരത്തെക്കു പായുകയാണ്. അവിടെ തിരമാലകൾ എപ്പോഴെങ്കിലും എന്തെങ്കിലും കൊണ്ടുവരും. ഒരു കപ്പലിന്റെ തകർന്ന ഭാഗം, അല്ലെങ്കിൽ ഒരു മരത്തിന്റെ പെട്ടി, അങ്ങനെ പലതും. അത് ഏതെങ്കിലും തരത്തിൽ ഈ കാട്ടുമനുഷ്യർ ഉപയോഗപ്പെടുത്തും. അങ്ങിനെ എന്തോ കണ്ടിട്ടാണി പാച്ചിൽ.

അവരുടെ ഊഹം തെറ്റിയില്ല. ഒരു കൂറ്റൻ പെട്ടി ഒഴുകിവരുന്നു. അതേ നിമിഷം ദൂരത്ത് നിന്നൊരു കട്ടത്തടി തിരമാലകളെ മറികടന്ന് അടുത്തെത്തി. മറ്റൊരു ഗോത്രത്തിൽപ്പെട്ട യുവാവ് ശരീരത്തിൽ ചാർത്തിയ ചുണ്ണാമ്പ് വരകളും കണ്ണുകളിൽ തീക്ഷ്ണമായ മോഹവും പെട്ടിയിലേക്കു തുഴ നീട്ടാൻ ശ്രമിച്ചു. കരയിൽ നിന്നിരുന്നവരുടെ ശ്വാസം പോലും കേൾക്കാത്ത നിശ്ശബ്ദത പടർന്നു.അടുത്ത നിമിഷം. ശ്ശ്...

vachakam
vachakam
vachakam

വായുവിനെ കീറി ഒരു അമ്പ് പാഞ്ഞു. പക്ഷേ അതു ലക്ഷ്യം തെറ്റി. എന്നാൽ രണ്ടാമത്തവൻ കൃത്യമായി എതിരാളിയുടെ ചുമലിൽ കുത്തി. വേദനയിൽ അവൻ നിലവിളിക്കാൻ പോലും കഴിയാതെ കട്ടത്തടിയിൽ തളർന്ന് വീണു. തിരമാലകൾ കട്ടത്തടിയെ പാറക്കരയിലേക്ക് അടിച്ചുകൊണ്ടുവരുമ്പോൾ, രണ്ടുപേർ വെള്ളത്തിലേക്ക് ചാടി. അമ്പെയ്തവൻ മുന്നിലെത്തി. ഇടതുകൈ കൊണ്ട് എതിരാളിയുടെ മുടിയിൽ പിടിച്ചുയർത്തി. പിന്നെ വലതുകൈ കൊണ്ട് അരയിൽ നിന്നും ഒരായുധമെടുത്ത് നിർദ്ദയം അവന്റെ തല അരിഞ്ഞെടുത്തു. അപ്പോഴേക്കും രണ്ടാമൻ വന്നു പെട്ടിപിടിച്ചു.

കടലിന്റെ തിളക്കുന്ന ചൂടിൽ തിരകളെ ചീന്തിക്കൊണ്ട് ഒരു രൂപം കരയിലേക്ക് നീന്തിയെത്തി. അവൻ ഒറ്റയ്ക്കായിരുന്നു. എന്നാൽ അവന്റെ നിഴൽ മാത്രം ഒറ്റയല്ലായിരുന്നു.

വലതുകൈ ഉയർത്തിപ്പിടിച്ച് അവൻ കരയിലേക്ക് കയറി. അവന്റെ കൈയിൽ എതിരാളിയുടെ ശിരസ്.

കടലിന്റെ ഉപ്പുവെള്ളം അതിൽനിന്ന് ചോർന്ന രക്തവുമായി കലർന്ന് ചുവപ്പുനിറമുള്ള തുള്ളികളായി മണലിൽ വീണു. കരയിലേക്കു നോക്കിയിരുന്ന ഗോത്രക്കാർക്ക് ആ ദൃശ്യം ഒരു പ്രഖ്യാപനമായിരുന്നു വേട്ട വിജയിച്ചു. കുട്ടികൾ ആദ്യം ആർത്തു രസിച്ചു. പിന്നെ സ്ത്രീകൾ.

അവർ അരക്കെട്ടിൽ നാരുകളും വള്ളികളും ചേർത്ത സ്‌കർട്ട് പോലുള്ള വസ്ത്രം ധരിച്ചു. മാറിന് മുകളിലൂടെ ചിലർ ഇലകളാൽ നെയ്ത പട്ടകൾ ധരിച്ചപ്പോൾ, മറ്റുചിലർ മുത്തുകളും ചെറുശംഖുകളും ചേർത്ത അലങ്കാരമാലകൾ മാത്രം ധരിച്ചു. അവരുടെ മുടിയിൽ നിറമുള്ള പക്ഷിപ്പീലികൾ. കഴുത്തിൽ പല്ലുകളും കല്ലുകളും ചേർത്ത നീണ്ട മാലകൾ.

കാൽമുട്ടിനും കൈമുട്ടിനും ശംഖുകൾ അവർ ചലിക്കുമ്പോൾ ചെറിയ ശബ്ദം ഉയർന്ന് ആചാരത്തിന് താളമായി. അവസാനം പുരുഷന്മാർ മുഴുവൻ ഒരുമിച്ച്  ഒച്ചവെച്ചു. പുരുഷന്മാർ കൂടുതലായി അരയിൽ മാത്രം മരച്ചീന്തുകളോ വള്ളിച്ചരടുകളോ ചേർത്ത് ഉണ്ടാക്കിയ ചെറു വസ്ത്രം ധരിച്ചിരുന്നു.

ചിലരുടെ അരയിൽ ചെറിയ അസ്ഥികൾ, പല്ലുകൾ, ശംഖുകൾ എന്നിവ കൊണ്ടുണ്ടാക്കിയ ചരടുകൾ തൂങ്ങിയിരുന്നു. ഓരോന്നും ഓരോ വേട്ടയുടെ ഓർമ്മകൾ. അവരുടെ ശരീരത്തിൽ കറുപ്പ്, ചുവപ്പ്, വെള്ള നിറങ്ങളിൽ വരച്ച ചിഹ്നങ്ങൾ ഗോത്രപരിചയവും വ്യക്തിപരമായ ധൈര്യകഥകളും പറഞ്ഞു.

എല്ലാവരും ചേർന്ന് പൈശാചികമായി നൃത്തം ചവിട്ടി. അത് ആ ഗോത്രത്തിന്റെ വിജയഗാനം.കുറച്ച് നിമിഷങ്ങൾക്കുള്ളിൽ കര മുഴുവൻ ആളുകൾ നിറഞ്ഞു. മുതിർന്നവർ തീ കത്തിച്ചു. പുക ഉയരമ്പോൾ അതിന്റെ ഗന്ധം കടൽകാറ്റിൽ കലർന്നു ഒരു ആചാരത്തിന്റെ സൂചനയായി. രണ്ട് സ്ത്രീകൾ കരിങ്കോഴിയെ കൊണ്ടുവന്നു. അതിന്റെ ചിറകുകൾ പിടിച്ചുനിർത്തിയപ്പോൾ ഒരു വൃദ്ധൻ മൂർച്ചയുള്ള കല്ലുകൊണ്ട് കഴുത്ത് മുറിച്ചു.

ചൂടൻ രക്തം ഒരു ചെറുകല്ല് പാത്രത്തിലേക്ക് ഒഴുകി. വിജയി മുട്ടുകുത്തി. ആ സ്ത്രീകൾ രക്തം അവന്റെ കാലുകളിൽ ഒഴിച്ചു. വേട്ടയുടെ ശക്തി ശരീരത്തിലേക്ക് പ്രവേശിക്കട്ടെ എന്ന അവരുടെ വിശ്വാസം.

അതിനുശേഷം മറ്റൊരാൾ കറുത്ത നിറമുള്ള മണ്ണ്, ചാരവും ഔഷധസസ്യങ്ങളുടെ ചാറും കലർത്തിയ  മിശ്രിതം കൊണ്ടുവന്നു. അത് വിജയിയുടെ നെഞ്ചിലും ഭുജങ്ങളിലും മുഖത്തും പൂശി. അവൻ സാധാരണ കാട്ടുമനുഷ്യനിൽ നിന്ന് ആ ഗോത്രത്തിന്റെ പ്രതീകമായ ഒരു യോദ്ധാവായി മാറി.

അടുത്ത ഇനം തീ ചുറ്റിയുള്ള നൃത്തമാണ്. അത് താളമില്ലാത്തതുപോലെ തോന്നിയെങ്കിലും കടലിന്റെ തിരശബ്ദം തന്നെയായിരുന്നു ആ നൃത്തത്തിന്റെ താളം. വിജയി ശിരസ് ഉയർത്തിപ്പിടിച്ച് തീയുടെ വെളിച്ചത്തിലേക്ക് നടന്നു.

അവന്റെ കണ്ണുകളിൽ ഭയം ഇല്ല.

ഒരു പ്രാചീന അഭിമാനം മാത്രം. ആ രാത്രിയിൽ കടലും കാടും ആ ഗോത്രത്തിന്റെ ആഘോഷം കണ്ടുനിന്നു. ഇന്നേക്ക്  ഒരു വ്യാഴവട്ടക്കാലം മുമ്പ്  ജീനോമാമി എന്ന പ്രാചീന ഗോത്രവർഗക്കാർ ജീവിക്കുന്ന ദ്വീപിനടുത്തുള്ള സമുദ്രത്തിലൂടെ ഒരു ഗവേഷണകപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിൽ ഗവേഷണ കപ്പൽ ആടിയുലഞ്ഞു.

പിന്നെ പാറയിൽ തട്ടി ചിതറിപ്പോയി. കൊടുങ്കാറ്റ് അവസാനിച്ചെങ്കിലും കടൽ ഇപ്പോഴും അലയടിച്ചു കൊണ്ടിരുന്നു. ഗവേഷണ കപ്പലിന്റെ അവശിഷ്ടങ്ങൾ പാറകളിൽ ഇടിച്ച് ശബ്ദമുണ്ടാക്കുമ്പോൾ, ജീവനോടെ രക്ഷപ്പെടാനുള്ള പോരാട്ടം മാത്രം ശേഷിച്ചിരുന്നു. കപ്പലിൽ നിന്നും ജീവനോടെ കരയോടടുത്തത് മൂന്നുപേർ മാത്രം.

ആദ്യം കരയിലെത്തിയത് പ്രൊഫസർ ഡാൻ സള്ളീവൻ ആയിരുന്നു. ശാസ്ത്രലോകത്ത് പ്രശസ്തനായ ആന്ത്രോപോളജിസ്റ്റ്?

പക്ഷേ ആ നിമിഷം

അവൻ വെറും ക്ഷീണിതനായ ഒരു മനുഷ്യൻ മാത്രം.

മണൽക്കരയിൽ വീണുകിടന്ന അവൻ, ആകാശത്തേക്ക് നോക്കി ശ്വാസം വീണ്ടെടുത്തു. കടലിന്റെ ഉപ്പുരുചി ഇപ്പോഴും അധരങ്ങളിൽ. അവൻ എഴുന്നേൽക്കാൻ ശ്രമിച്ച നിമിഷം കാടിന്റെ നിഴലിൽ നിന്ന് രണ്ട് രൂപങ്ങൾ പൊട്ടിത്തെറിച്ചതുപോലെ മുന്നോട്ടുവന്നു.

ശരീരത്തിൽ വസ്ത്രമില്ലാതെ, ഇലകളും കാട്ടുവള്ളിയും കൊണ്ട് കഷ്ടിച്ചു നാണം മറച്ചിരിക്കുന്നു. കണ്ണുകളിൽ ജാഗ്രതയുടെ കാഠിന്യം. കയ്യിൽ കല്ലും മരവും ചേർത്ത് നിർമ്മിച്ച ആയുധങ്ങൾ.സള്ളീവന് ഒന്നും മനസ്സിലായില്ല.

അവൻ കൈ ഉയർത്തി. ഫ്രൺസ് ഹെൽപ്പ് മീ..! പ്ലീസ്സ്...!

അയാളുടെ വാക്കുകൾ കാറ്റിൽ ചിതറിപ്പോയി. അടുത്ത നിമിഷം.

ഏറെ പിന്നിലായിരുന്നു മറ്റു രണ്ടുപേർ. സ്വീഡിഷ് നഗരങ്ങളിൽ മനുഷ്യശാസ്ത്രം പഠിച്ചിരുന്ന ദമ്പതികൾ, അപരിചിത സംസ്‌കാരങ്ങളെ പഠിക്കാനായാണ് യാത്ര തിരിച്ചത്. പക്ഷേ പഠനം ജീവിതമായി മാറുമെന്ന് അവർ കരുതിയിരുന്നില്ല. പിന്നെ, ് മാർട്ടിനും എലീനക്കും ജീവിതം മുഴുവൻ മറക്കാനാവാത്ത ദൃശ്യം കാണേണ്ടിവന്നു. അവർ ഞെട്ടിത്തെറിച്ച് കണ്ണുകൾ ഇറുകെ അടച്ചുകളഞ്ഞു.

കടലിൽ നിന്ന് കരയിലേക്ക് വളരെ സാവകാശം നീന്തികൊണ്ടിരുന്നു അവർ, പാറയുടെ മറവിൽ ഒരു നിമിഷം നിന്നു. അപ്പോൾ കരയിൽ കണ്ട കാഴ്ച വല്ലാതെ ഭീതിപ്പെടുത്തുന്നതായിരന്നു. കാടിറങ്ങിയ ആ രണ്ട് മനുഷ്യർ സള്ളീവനെ വളഞ്ഞു. സംഭാഷണമില്ല. മറ്റുശബ്ദങ്ങളുമില്ല. വാക്കുകളില്ല. പിന്നെ സംഭവിച്ചത്  ഒരു പ്രാചീന ലോകത്തിന്റെ നിയമം.

മാർട്ടിൻ എലീനയുടെ കൈ ശക്തമായി പിടിച്ചു. മറുകൈ കൊണ്ട് അവളുടെ വായ അടച്ചു. അവരുടെ മുന്നിൽ, ആ രണ്ടു മനുഷ്യർ തമ്മിൽ തന്നെ ഏറ്റുമുട്ടൽ ആരംഭിച്ചു. ഒരാൾ മുന്നോട്ട് ചാടി, മറ്റെയാൾ തടഞ്ഞു. ആദ്യമായി ഇരയായ മനുഷ്യനെക്കുറിച്ചല്ല വിജയത്തെക്കുറിച്ചായിരുന്നു അവരുടെ പോരാട്ടം.

മണൽക്കരയിൽ രണ്ട് നിഴലുകൾ പൊരുതിക്കൊണ്ടിരുന്നു. തിരമാലകൾ വീണ്ടും വീണ്ടും വന്നു ആ പാടുകൾ മായ്ച്ചു.

എലീനയുടെ കണ്ണുകൾ കണ്ണുനീർ നിറഞ്ഞു.

മാർട്ടിൻ അവളുടെ ചെവിയിൽ  മന്ത്രിച്ചു:

നമുക്ക് ഇവിടെ നിന്നു മാറണം... ഇപ്പോൾ.

അവർ പാറയുടെ മറവിൽ നിന്ന് പിന്നോട്ടു നീങ്ങി. കടലിന്റെ ശബ്ദം മാത്രം അവരുടെ രക്ഷയുടെ മറയായി. അൽപം അകലെ  കാടിന്റെ മറ്റൊരു ശാന്തമായ ഭാഗത്ത് അവർ കരയിലേക്കുകയറി. ആ ദിവസം അവർ മനസ്സിലാക്കി ഇത് വെറും അപരിചിത ഭൂമി അല്ല. കാലം തന്നെ വേറൊരു നിയമത്തിൽ സഞ്ചരിക്കുന്ന സ്ഥലം.

മാർട്ടിൻ പിന്നോട്ട് ഒരിക്കൽക്കൂടി നോക്കി. മണൽക്കരയിൽ മനുഷ്യരുടെ അടയാളങ്ങൾ ഇല്ലാതാകുകയായിരുന്നു. തിരമാലകൾ എല്ലാം മായ്ച്ചിരുന്നു. പക്ഷേ അവരുടെ ഓർമ്മയിൽ ആ ദൃശ്യം എന്നും നിലനിന്നു.

ആ ദിവസം മുതൽ, അവർ തീരുമാനിച്ചു: ഈ ഭൂമിയിൽ ജീവിക്കണം.

പക്ഷേ കാണപ്പെടാതെ. പഠിക്കണം. പക്ഷേ ഇടപെടാതെ..! ആ തീരുമാനം

വർഷങ്ങൾക്കശേഷം റോബിൻസിന്റെ ജീവിതവും മാറ്റുമെന്നത് അവർ അറിഞ്ഞിരുന്നില്ല.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam