പുലിറ്റ്‌സർ ജേതാവ് - അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

OCTOBER 15, 2025, 9:52 AM

റോബിൻസ് തറയിൽ കണ്ട കാഴ്ച, രണ്ട് ചുണ്ടലികൾ..! തന്റെ വലതുകാലിലെ തള്ളവിരലിൽ പല്ലുപയോഗിച്ച് കരളുകയാണ്. അയാൾ ആ കാൽ ശക്തിയിൽ കുടഞ്ഞു. ഒരെലി തെറിച്ച് എവിടയോ വീണു. രണ്ടാമത്തെ എലി അവിടെത്തന്നെ ചുറ്റിത്തിരിയുകയാണ്. ഒരു നിമിഷം അയാൾ ചുണ്ടെലിയുടെ ചേഷ്ടകൾ നിരീക്ഷിച്ചു. അയാളുടെ തലച്ചോറിലൂടെ ഒരുമിന്നൽ..! ഇങ്ങനെയൊരു ചുണ്ടെലിയാണല്ലോ വാൾട്ട് ഡിസ്‌നിയെ പ്രസിദ്ധനാക്കിയത്. ഈ സാഹചര്യത്തിൽ എലിക്ക് വല്ല പ്രസക്തിയുണ്ടോ..? അയാൾ ചിന്തിച്ചു. പൊടുന്നനെ വളരെ വ്യക്തമായ ഒരു ചിന്ത തലയിൽ ഉദിച്ചു. രണ്ടുവർഷം മുമ്പ് വായിച്ചതാണ്.

മദ്യാസക്തി ജന്മാനാ ഉണ്ടാകുന്നതോ, അതോ ആർജിച്ചെടുക്കുന്നതോ എന്നറിയാൻ ഒരു പരീക്ഷണം. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലിസ മുറേ എലികൾക്ക് മദ്യം നൽകിയാണ് പരീക്ഷിച്ചത്. അതിന്റെ ഫലമായി മദ്യാസക്തി പാരമ്പര്യമായി കിട്ടാം എന്നുകണ്ടെത്തി. പരീക്ഷിച്ച എലികളിൽ 10% മദ്യാസക്തി പ്രകടിപ്പിച്ചു.

'മദ്യാസക്തി തങ്ങൾക്കും പാരമ്പര്യമായി കിട്ടിയതാകാം' ഇങ്ങനെയാണ് ആ പരീക്ഷണ റിപ്പോർട്ടു വായിച്ച റോബർട്ട് കെന്നഡി അഭിപ്രായപ്പെട്ടത്. ഉടൻ തന്നെ റോബിൻസ് ഇതിൽ നിന്നോരു സ്റ്റോറി ഉണ്ടാക്കിയാൽ എങ്ങിനെയിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഡിറ്ററോട് ആരാഞ്ഞു. അദ്ദേഹമാകട്ടെ, 1993 ൽ മർലിൻ മൺറോയെക്കുറിച്ച് മനോഹരമായൊരു പുസ്തകമെഴുതിയ ആൾ കൂടിയാണല്ലോ..!

vachakam
vachakam
vachakam

മർലിന്റെ നിഗൂഢമായ ബാല്യത്തിന്റെയും കൗമാരത്തിന്റെയും പിന്നാമ്പുറകഥകൾ. അവളുടെ സങ്കീർണ്ണമായ വിവാഹങ്ങളിലൂടെ; അവളുടെ വ്യക്തിപരവും തൊഴിൽപരവുമായ ബന്ധങ്ങളിലൂടെ; മർലിന്റെ  മരണത്തെക്കുറിച്ചുള്ള സത്യത്തിലേക്ക്..., പുതിയ വെളിച്ചം നൽകുന്നു 36 വർഷത്തെ ജീവിതത്തിന്റെ  പുസ്തകം. ആ കഥകളിൽ നിന്നുമൊരു കുറിപ്പ് തയ്യാറാക്കാൻ അദ്ദേഹം റോബിസിന് അനുമതി നൽകി. ഒപ്പം ഒരു തലക്കെട്ടും കൊടുത്തു.

'എലികൾ കെന്നഡി കുടുംബകഥ തുരക്കുന്നു; 

കോട്ടാരത്തിൽ മദ്യം മണക്കുന്നു.'

vachakam
vachakam
vachakam

ആ വാർത്ത റോബിൻസ് ഇങ്ങനെയാണ്  എഴുതിയത്. 

ന്യൂയോർക്ക്: എലികൾ കഥ പറയുന്നു. അമേരിക്കയിലെ കെന്നഡി കുടുംബത്തിന്റെ കഥ..! കെന്നഡി കുടുംബം തലമുറകളായി പേറുന്ന ശാപകഥ. മറവിയുടെ, മദ്യാസക്തിയുടെ, മാദകലീലകളുടെ, തലമുറകളെ വേട്ടയാടുന്ന കഥകൾ...! അതിനിടയിലേക്കാണ് മർലിൻ മൺറോ ഒരു അപ്‌സരസിനെപ്പോലെ അവരുടെ ജീവിതത്തിലേക്ക് പാറിവീണത്..! ആവളുടെ മരണം കെന്നഡി സഹോദരന്മാരെ വല്ലാതെ ഉലച്ചുകളഞ്ഞു. റോബിസിന് ഒരു നിമിഷം ഓർമ്മവന്നത് ക്ലീയോപാട്രെയെയാണ്. കനകവും കാമിനിയം അന്നും ഇന്നും എന്നും പ്രഹേളികതന്നെ..!

പോസ്റ്റുമോർട്ടത്തിൽ മർലിന്റെ ആമാശയത്തിൽ ജലാംശം തെല്ലും കണ്ടതേയില്ല. പിന്നീട് മാരക വിഷം കുത്തിവെച്ചാണ് മർലിൻ മരിക്കുന്നതെന്നു തെളിഞ്ഞു. അതുകൊണ്ടുതന്നെ അതൊരിക്കലും ആത്മഹത്യയല്ലെന്നുമാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പറയുന്നത്. അങ്ങനെയെങ്കിൽ 'മർലിന്റെ പ്രേതവും കെന്നഡിമാരുടെ പിന്നാലെയുണ്ടെന്നു വേണം കരുതാൻ.'
അതിൽ നിന്നും മോചനം നേടാൻ കെന്നഡിമാർ ആശ്രയിച്ചത് മദ്യം.

vachakam
vachakam
vachakam

എലികൾ ഏറ്റുപാടിയതും അക്കഥ തന്നെ..! 

അതേ, തലമുറകളുടെ രക്തത്തിൽ കലർന്ന മദ്യാസക്തിയുടെ കഥാശാസ്ത്രം അത് ശരിവയ്ക്കുകയും ചെയ്തിരിക്കുന്നു. എലികളെ മദ്യം കുടിപ്പിച്ചു നടത്തിയ പരീക്ഷണം കെന്നഡി കുടുംബത്തിന്റെ ശാപത്തിന്റെ നിലവറ തുറക്കുന്നതായിരുന്നു.

തലമുറകളിലൂടെ കൈമാറ്റപ്പെടുന്ന ജീനിന്റെ പിടിയിലമർന്ന് കെന്നഡി കുടുംബാംഗങ്ങൾക്ക് പഴയ തലമുറയെ പഴിപറഞ്ഞ് ആശ്വസിക്കാം. എന്തായാലും കെന്നഡി കുടുംബാഗങ്ങളിൽ എട്ടുപേർ മദ്യവിമുക്ത സംഘടനയായ ആൽക്കഹോളിക് അനോനിമസിൽ അംഗങ്ങളാണിന്ന്. ഇനി നമുക്ക് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ പിതാവിലേക്കു വരാം. ജോസഫ് കെന്നഡി.

അദ്ദേഹമൊരു കടുത്ത മറവിക്കാരൻ ആയിരുന്നു..!  മദ്യ ബിസിനസ്സിൽ വലിയ ആനന്ദം കണ്ടെത്തിയ ആൾ. നിരോധനകാലത്ത് വ്യാജമദ്യ വിൽപ്പന നടത്തി. അത് നിയമവിരുദ്ധമാണെന്നുപോലും മറവിക്കാരനായ അദ്ദേഹം മറന്നുപോയെന്ന ഒരു പരിഹാസവും അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ ജോസഫ് കെന്നഡി വർഷങ്ങളോളം പക്ഷാഘാതം മൂലം അവശനിലയിൽ കിടന്നു മരിച്ചു. ഇങ്ങനെ നീളുന്നു ആ വാർത്ത.
ഒട്ടേറെ സവിശേഷതകൾ ഉൾക്കൊള്ളിച്ച്, ദി വേൾഡ് ടൈംസ് 396 പേജുകളോടെ  രൂപപ്പെടുകയാണ്. 

**   **    **   **

ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ജോർജ് ലൂക്കാസ് റോബിൻസിനേയും കൂട്ടി. ഇരുവരും തൊട്ടടുത്ത ബാറിലേക്കാണ് പോയത്.  ക്ലേശകരമായി ജോലിയെടുക്കുന്ന ദിവസങ്ങളിൽ ജോർജ് തന്റെ സഹായി ആയ റോബിൻസനേയും കൂട്ടി പോകുന്നത് ബാറിലേക്കായിരിക്കും. പതുപതുത്ത ലെതർ സോഫകളും മങ്ങിയ പ്രകാശവുമുള്ള ആർഭാടം നിറഞ്ഞ ബാറിലെ അവരുടെ സ്ഥിരം മുറി. അവിടെ ടെലിവിഷൻ സ്‌ക്രീനിൽ കെന്നഡി ജൂനിയറിനെക്കുറിച്ചുള്ള വാർത്തകൾ മിന്നിമറയുന്നു. 

ഷിറാസ് വൈനാണ് റോബിൻസിനു വേണ്ടി സ്ഥിരമായി ഓർഡർ  ചെയ്യുന്നത്.  പല പ്രത്യേകതരം മുന്തിരിയിൽ നിന്ന് എടുക്കുന്ന വൈൻ. ജോർജ് ലൂക്കാസ്  'ജാക് ഡാനിയേൽ' വിസ്‌കിയാണ് കഴിക്കുക. കാപ്രി എന്നു പേരുള്ള ഇറ്റാലിയൻ നിർമ്മിത ഗ്ലാസിലേക്ക് വിസ്‌കിയുടെ ഒരു പെഗ് ഒഴിച്ചു. പിന്ന ഐസ് ക്യൂബുകൾ നിറച്ചു. അയാൾ ഒരിറക്ക് മദ്യം കുടിച്ച ശേഷം മാൽബറോ സിഗരറ്റിന് തീ കൊളുത്തി. ആഞ്ഞു വലിച്ച് പുക ഊതിവിട്ടുകൊണ്ട് പറഞ്ഞു: 

'എടാ റോബിൻസേ, നിന്റെ ഇന്നത്തെ ഫോട്ടോ സെലക്ഷനും 'ചുണ്ടെലി സ്റ്റോറി'യും ഗംഭീരം തന്നെ. കൺഗ്രാജുലേഷൻ മൈ ബോയ്..!'

വലതുകൈ നെഞ്ചിൽ ചേർത്ത് റോബിൻസ് തലകുനിച്ച് നന്ദി പ്രകാശിപ്പിച്ചു. എന്നിട്ടു ചോദിച്ചു: 
'സാർ, എന്തിനായിരുന്നു സൂസൻ മാം വിശേഷാൽ മീറ്റിങ്ങ് വിളിച്ചുകൂട്ടിയത്..?' 

ഒരു കവിൾ മദ്യം കൂടി ഇറക്കിയ ശേഷം ജോർജ് ലൂക്കാസ് പറഞ്ഞു:

രണ്ടു വർഷമായി വലിയ പുരസ്‌ക്കാരങ്ങളൊന്നും നമ്മുടെ പത്രത്തെ തേടി വരുന്നില്ല. പ്രത്യേകിച്ച് പുലിറ്റ്‌സർ അവാർഡ്..! അത് പത്രത്തെ സംബന്ധിച്ച് അഭിമാനത്തിന്റെ പ്രശ്‌നമാണ്. അതിലവർക്ക്  നിരാശയുണ്ട്.

അല്ല..., അവർ പറയുന്നതിലും കാര്യമുണ്ട്. കുറച്ചൊക്കെ സർക്കുലേഷനേയും അഡ്വർടൈസ്‌മെന്റ് ഡിപ്പാർട്ടുമെന്റിനേയും അത് ബാധിക്കുന്നുമുണ്ട്.

അതിന് നമ്മൾ ഇനി എന്തു ചെയ്യണം സാർ..!

റോബിൻസ് ആകാംക്ഷയോടെ തിരക്കി. 

ലോകമെമ്പാടം ശ്രദ്ധേയമായ കേന്ദ്രങ്ങളിൽ നമുക്ക് ന്യൂസ് ബ്യൂറോകളുണ്ട്. അമേരിക്കയിൽ തന്നെ ബോസ്റ്റൺ, അറ്റ്‌ലാന്റ, ഷിക്കാഗോ... എന്നിങ്ങനെ 11 ഇടങ്ങളിൽ നാഷ്ണൽ ബ്യൂറോകളുണ്ട്. ഇതിന് പുറമേ പ്രാദേശീക ബ്യൂറോകളും, വാഷിംഗ്ടണിൽ മുപ്പതോളം റിപ്പോർട്ടർമാരും. ഏഴ് എഡിറ്റർമാരുമുള്ള ബ്യൂറോയുമുണ്ട്. പക്ഷേ, അവരിൽ പലർക്കും ഗഹനമായ പുതിയ വാർത്തകൾ കണ്ടെത്താനവുന്നുണ്ടോ..?  സംശയമാണ്.

ഇക്കിളിപ്പെടുത്തുന്ന കഥകൾക്കോ, സംഭ്രമജനകമായ വാർത്തകൾക്കൊ വേണ്ടി പലരും വേണ്ടതിലേറെ സമയം കളയുകയാണ്. റൂബർട്ട് മർഡോക്കിനെപ്പോലുള്ളവർ മീഡിയാ എന്ന നാലാം തൂണിനെ തികച്ചും കച്ചവടച്ചന്തയാക്കുന്ന തിരക്കിലാണ്..! ജനാധിപത്യത്തിന്റെ നട്ടെല്ലാവാൻ പത്രപ്രവർത്തകർക്ക് കഴിയണം.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സംവേദനാത്മകമായ കഥപറച്ചിലും ആഴത്തിലുള്ള അന്വേഷണാത്മക റിപ്പോർട്ടിംഗും നടത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു. അമേരിക്കൻ പത്രങ്ങളിൽ വിപ്ലവം സൃഷ്ടിച്ച, ഒരു ജനാധിപത്യ സമൂഹത്തിൽ പത്രങ്ങളുടെ ശക്തി നിർവചിക്കാൻ  സഹായിച്ച കഥാപാത്രമാണ്  ജോസഫ് പുലിറ്റ്‌സർ.

അദ്ദേഹത്തിന്റെ പേരിലല്ലേ പുലിറ്റ്‌സർ പ്രൈസ്. അദ്ദേഹമൊരു ദരിദ്രനായാണ് ജനിച്ചതെന്നു കേട്ടിട്ടുണ്ട്. ശരിയാണോ സാർ..? റോബിൻസ് ഇടയ്ക്കുകയറി ചോദിച്ചു. 

അതേ എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: 

17-ാം വയസ്സിൽ തൊഴിൽ തേടി ലണ്ടൻ തെരുവുകളിൽ അലയുകയും 40-ാം വയസ്സിൽ കോടിക്കണക്കിന് ഡോളറിന്റെ അധിപനായി തീരുകയും ചെയ്ത മനുഷ്യനാണ് ജോസഫ് പുലിറ്റസർ..!

'സാർ.., എന്തു മറിമായത്തിലൂടെയാണ് അദ്ദേഹം ഇതെല്ലാം നേടിയെടുത്തത്..?' റോബിൻസിന് അതറിയാൻ തിടുക്കമായി. 

'അതൊരു വലിയ കഥതന്നെയാണ്.' അദ്ദേഹം തുടർന്നു. 

'അങ്ങ് ഹംഗറിയിലെ മേക്കിൽ ജൂതനായ ഫിലിപ്പ് പുലിറ്റ്‌സറുടെ മകനായി ദാരിദ്ര്യത്തിൽ ജനിച്ചവൻ പത്രലോകത്തെ മുടിചൂടാമന്നനായി മാറിയ കഥ. കാര്യമായ വിദ്യാഭ്യാസം പോലും നേടാനാകാതെ അവൻ തെണ്ടിത്തിരിഞ്ഞ് ലണ്ടനിലെത്തി. 

അവിടെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലേക്ക് ആളെ എടുക്കുന്നുണ്ടെന്നറിഞ്ഞു. എങ്ങനെയെങ്കിലും തന്നെക്കൂടി ആർമിയിലേക്ക് എടുക്കണമെന്നു ആ ഉദ്യോഗസ്ഥനോട് അവൻ കെഞ്ചി.  ദരിദ്രമായ അവന്റെ ഇംഗ്ലീഷ് കേട്ട് അയാൾ പൊട്ടിച്ചിരിച്ചില്ലെന്നേയുള്ളു. എല്ലും തോലും മാത്രമുള്ള ഒരു മനുഷ്യക്കോലം എന്തൊക്കെയോ പറയുന്നു.'

അക്കഥ കേട്ടുനിന്ന റോബിൻസിന് തന്റെ ചെറുപ്പകാലം ഓർമ്മ വന്നു.

അവന്റെ കണ്ണുനിറഞ്ഞുപോയി..!

'തുടർന്ന് പുലിറ്റ്‌സർ പല വാതിലുകൾ മുട്ടി. അവയെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു. ഒടുവിൽ സെയിന്റ് ലൂയിസ് നഗരത്തിലെത്തപ്പെട്ട പുലിറ്റ്‌സർ അവിടെ 'വെസ്റ്റ് ലിഷേ പോസ്റ്റ് ' എന്നൊരു ജർമ്മൻ പത്രസ്ഥാപനത്തിൽ കയറിപ്പറ്റി. അവന്റെ കഴിവ് ശരിക്കും അളന്ന ശേഷം അവിടെ അവനെ റിപ്പോർട്ടർ ട്രെയിനിയായി എടുത്തു. അവൻ അവിടെ കഠിനമായി പണിയെടുത്തു. എന്തിനു പറയുന്നു 24-ാമത്തെ വയസ്സിൽ ആ പത്രത്തിന്റെ പാർട്ട്ണറായി.'

ആവേശത്തോടെ വൈൻ ഗ്ലാസ് കാലിയാക്കി റോബിൻസ് ചോദിച്ചു.

'സത്യമാണോ സാർ പറയുന്നത്.'

'ഇനി ഞാൻ പറയുന്നത് കൂടി കേട്ടാൽ നീ ഞെട്ടും മോനേ..!'

'അതെന്താ..?' 

'പത്രത്തെ അയാൾ ഉടച്ചുവാർത്തു. ഒരു വർഷം കൊണ്ട് 7000 സ്റ്റെർലിംഗ് ലാഭമുണ്ടാക്കി. '

'അമ്പമ്പോ..., കൊള്ളാമല്ലോ..! '

'ഇതിനോടകം പുലിറ്റ്‌സർ ഇംഗ്ലീഷിൽ കാര്യമായ അവഗാഹം നേടി. സജീവരാഷ്ടീയക്കാരനുമായി. 1869ൽ ലെജിസ്ലേറ്റിലേക്ക് ഒരു റിപ്പബ്ലിക്കനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒപ്പം  കക്ഷി നിയമ പഠനവും നടത്തി. വാഷിംഗ്ടൺ കോടതിയിൽ അഭിഭാഷകനുമായി. അതിനിടെ ഒട്ടേറെ പത്രങ്ങൾ വാങ്ങിക്കൂട്ടി. 1883ൽ ന്യൂയോർക്ക് വേൾഡും അദ്ദേഹം കൈപ്പിടിയിലൊതുക്കി.

ഒന്നോർക്കണം. അദ്ദേഹത്തിന്റെ പത്രപ്രവർത്തന രീതി അനുവാചകരുടെ ചേതോവികാരങ്ങളെ പ്രകമ്പനം കൊള്ളിച്ചിരുന്നുവെങ്കിലും ഒരിക്കലുമവ ആഭാസത്തിന്റേയോ മൂല്യശോഷണത്തിന്റേയോ നിലവാരത്തിലേക്ക് താണിരുന്നില്ല.

ഇതൊക്കെ നീയും പഠിക്കേണ്ട പാഠങ്ങളാണ്. 

പുലിറ്റ്‌സറുടെ പത്രങ്ങൾ സർക്കാർ അഴിമതികൾക്കും മർദ്ദിതവർഗം അനുഭവിച്ചു പോന്ന ചൂഷണങ്ങൾക്കും നേരേയുള്ള ശക്തമായ പടവാളുകളായിരുന്നു. ''ഒരുകാര്യം നാം അറിയണം. ഒരിക്കലും ഔദ്യോഗിക വിവരണങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ അതിന്റെ നിജസ്ഥിതി കണ്ടെത്താൻ ശ്രമിച്ചവർക്ക് പലപ്പോഴും മികച്ച വാർത്തകൾ കിട്ടിയിട്ടുണ്ട്. മിടുക്കരായ പത്രപ്രവർത്തകർ അതുതന്നെയാണ് ചെയ്തുവരുന്നത്.

അന്വേഷണാത്മക പത്രപ്രവർത്തനം എന്നത് ഉയർന്ന ഉത്തരവാദിത്തമുള്ള ഒരു റിപ്പോർട്ടിംഗ് രീതിയാണ് കുഞ്ഞേ..! അതിന് സമയവും ക്ഷമയും ആവശ്യമാണ്. പലപ്പോഴും വ്യക്തിപരമായ അപകടസാധ്യതയും ഉണ്ട്. അധികാരത്തിന്റെ മറഞ്ഞിരിക്കുന്ന കോണുകളിലേക്ക് കടന്നുചെന്ന് ലോകത്തെ ഞെട്ടിപ്പിക്കുകയും, അതിനെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്യുന്നതരം വാർത്ത കണ്ടെത്തണം.' 

'നിനക്കു കേൾക്കണോ, നെല്ലി ബ്ലൈ എന്ന ആദ്യകാല പത്രപ്രവർത്തക എഴുതിയൊരു പുസ്തകമുണ്ട്. 1887ൽ പുറത്തിറങ്ങിയ 'ടെൻ ഡേയ്‌സ് ഇൻ എ മാഡ്ഹൗസ്.'

'ഒരു മാനസികാരോഗ്യ സ്ഥാപനത്തിനുള്ളിലെ പീഡനങ്ങൾ തുറന്നുകാട്ടാൻ ഭ്രാന്തിയായി അഭിനയിച്ച്  അവിടെയെത്തി. അവർ കണ്ടെത്തിയ കാര്യങ്ങളാണ് പുസ്തകത്തിനാധാരം. അവരുടെ ആഴത്തിലുള്ള ശൈലി പിന്നീട് അന്വേഷണാത്മക പത്രപ്രവർത്തകരെ ഏറെസ്വാധീനിച്ചിരുന്നു.'

ഇത്തരം വീരസാഹസീക കഥകൾ വിളമ്പുന്നതിനിടയിൽ ഒരു ബ്രേക്കങ്ങ് ന്യൂസ് എത്തി. കെന്നഡി ജുനിയർ നിയന്ത്രിച്ചിരുന്ന റീച്ചിംഗ് അപ്പിന്റെ വൈസ് ചെയർമാൻ ജിം ഈസ്റ്റുമാനേയും കുടുംബത്തേയും അജ്ഞാതർ വെടിവെച്ചുകൊന്നിരിക്കുന്നു.

(തുടരും)

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam