വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "അവൻ എന്നെ കൊല്ലുന്നതിന് മുൻപ് ഞാൻ അവനെ പിടികൂടി. അവർ രണ്ടുതവണ എന്നെ വധിക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ വിജയിച്ചു," എന്ന് ട്രംപ് മാധ്യമപ്രവർത്തകനോട് പറഞ്ഞു. 2024-ൽ തന്നെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചനയെ സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
ഖമേനിയുടെ വധത്തിന് ശേഷം ഇറാന്റെ അടുത്ത തലവൻ ആരാകുമെന്ന ചോദ്യത്തിന്, നിലവിലുണ്ടായിരുന്ന സ്ഥാനാർത്ഥികളെയെല്ലാം ആക്രമണത്തിലൂടെ ഇല്ലാതാക്കിയെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ള പ്രമുഖരെല്ലാം കൊല്ലപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു.
ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഖമേനിയെയും ഇറാന്റെ ഭരണ-സൈനിക തലപ്പത്തുള്ള ഉന്നതരെയും വധിച്ചത്. ഇറാന്റെ ആണവ പദ്ധതികൾ തടയുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ സൈനിക നീക്കത്തെ അമേരിക്ക വിശേഷിപ്പിക്കുന്നത്.
നിലവിലെ സൈനിക നീക്കം നാലോ അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനു മുൻപേ ലക്ഷ്യം കാണാൻ സാധിച്ചേക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വെനിസ്വേലയിലും ഇറാനിലും ഉൾപ്പെടെ നടത്തിയ ഓപ്പറേഷനുകളിൽ ആകെ മൂന്ന് അമേരിക്കൻ സൈനികർക്ക് മാത്രമാണ് ജീവൻ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖമേനിയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിന് നേരെയും ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. നിലവിൽ ആയത്തുള്ള അലി റെസ അറാഫിയെ ഇറാൻ താൽക്കാലിക തലവനായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ടെഹ്റാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
