ഇരുണ്ട കാലങ്ങളെ വെളുപ്പിക്കുമ്പോ

FEBRUARY 25, 2026, 10:38 AM

ഇന്ന് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെ അവയുടെമേലുള്ള പൂപ്പലും വടുക്കളും മാറ്റി പുതുപുത്തൻ കളർ ചിത്രങ്ങളാക്കി മാറ്റുന്ന അത്യാധുനിക ടെക്‌നോളജിയുണ്ടല്ലോ. യാതൊരു കേടുപാടും തോന്നിക്കാതെ, ഡിജിറ്റൽ എഡിറ്റിങ്ങിലൂടെ പഴയ ദൃശ്യങ്ങളെ അത് കളറാക്കും. മങ്ങിപ്പോയ പശ്ചാത്തലങ്ങളെ മിഴിവോടെ കാണിച്ചു തരും. വിസ്മയം തോന്നുന്ന ആ മാറ്റത്തിൽ നാം ഒരു നിമിഷം പഴയതിനെ മറക്കും.

പുതുകാല ഭാഷയിൽ അതിനെ വിളിക്കുക വെളുപ്പിച്ചെടുക്കൽ എന്നാണ്. അങ്ങനെ ടെക്‌നോളജിയുടെ എല്ലാത്തരം അലക്കു യന്ത്രങ്ങളും എടുത്തുവെച്ച്, സ്വന്തം മുഷിഞ്ഞ കാലത്തെ പുത്തനാക്കി നമുക്കു മുന്നിൽ നിറം ചാർത്തി നിവർത്തിയിടുകയാണ് ജനകീയ രാഷ്ട്രീയ നേതൃത്വങ്ങളും അവയുടെ അണികളും ഇപ്പോൾ.

ഗീബൽസിയൻ തന്ത്രത്തിൽ കാണുന്നതുപോലെ, ഒരു നുണ പലവട്ടം ആവർത്തിക്കുമ്പോൾ അത് സത്യമല്ലേ എന്ന് കുറെ പേർക്കെങ്കിലും തോന്നുംവിധം അതിന് കിട്ടുന്ന സ്ഥിരീകരണമാണ് വെളുപ്പിക്കലിന്റെ ഗുണം. മറിച്ചു പറയാൻ ആളില്ലെങ്കിൽ അത് സത്യമാണെന്ന് ഉറപ്പിക്കപ്പെടുന്നു.

vachakam
vachakam
vachakam

തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ശരിയോ തെറ്റോ എന്ന് നോക്കാതെ ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കുകയും അത് വ്യാപകമായ ചർച്ചയ്ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുക. അതിനെ വോട്ടാക്കി മാറ്റുക. എന്നാൽ ഇന്ന് കാലം മാറി. ഒരു തന്ത്രത്തിന് മറുതന്ത്രം നിമിഷങ്ങൾക്കകം വരികയായി.

ഒരു നുണയ്ക്ക് പല നുണകൾ കൊണ്ടു മറുപടി !അതിനായി ശമ്പളം പറ്റുന്ന സൈബർ തൊഴിലാളികൾ. അഞ്ചു പൈസ കൈപ്പറ്റാതെ ആ ജോലി നിർവഹിക്കുന്ന അനുഭാവ കൂട്ടങ്ങൾ.അവരെ അടിമകൾ എന്ന് വിളിക്കാൻ പാടില്ല. അത് അവർ ആത്മാർത്ഥമായി ചെയ്യുന്നതാണ്. അവിടെയാണ് മേൽപ്പറഞ്ഞ ടെക്‌നോളജിയുടെ വേഗത സമകാലിക സമ്മതിദായകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഉറങ്ങാത്ത സൈബർ വാർ റൂമുകൾ

vachakam
vachakam
vachakam

രാഷ്ട്രീയ കക്ഷികൾ ഒറ്റയ്ക്കല്ല ഈ യുദ്ധത്തിൽ. യുദ്ധ മുറികൾ തുറന്നുവച്ച ഡിജിറ്റൽ അച്ചടി മാധ്യമങ്ങളും ഇപ്പോൾ സർവ്വേയുടെ രൂപത്തിൽ രംഗത്തിറങ്ങുന്നത് സ്വതന്ത്ര അഭിപ്രായ സ്വരൂപണം നടത്താനണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സർവ്വേയ്ക്ക് മേൽ സർവ്വേ ! 

അതിനിടെ, നവകേരള സർവേയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് അനുമതി ലഭിച്ചത് തുടർഭരണം സ്വപ്‌നം കാണുന്ന ഇടതിന് ആശ്വാസമായി. എന്നാൽ, അവിചാരിതമായി വാട്ട്‌സ്ആപ്പ് പ്രചാരണത്തിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത് ക്ഷീണവുമായി. ഒരു ഡിജിറ്റൽ യുദ്ധത്തിന് കളമൊരുങ്ങുമ്പോൾ കാര്യങ്ങൾ കോടതിയിലേക്ക് പോകുന്നത് ഉത്സാഹം കുറയ്ക്കും. എന്നാൽ, പുതു വോട്ടർമാരെ സൈബർ യുദ്ധം എത്രത്തോളം സ്വാധീനിക്കുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പുതുതലമുറ വോട്ടർമാർ ഇതിനൊന്നും കണ്ണും കാതും കൊടുക്കുന്നില്ല.

vachakam
vachakam
vachakam

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യ എന്നാൽ ഇന്ദിര എന്നെല്ലാം ചുമരെഴുത്തുകൾ വായിച്ച ഒരു തലമുറ കടന്നുപോവുകയാണ്. കുമ്മായമടിച്ച ആ ചുമരുകളിൽ നിന്ന് ഇന്നത്തെ നവമാധ്യമ ചടുലതകളിലേക്ക് ലോകം മാറുമ്പോൾ, വോട്ടർമാരുടെ മനസ്സിൽ കുടിയേറാനുള്ള തന്ത്രങ്ങളെക്കാൾ, രാഷ്ട്രീയ എതിരാളിയുടെ മുഖചിത്രം വികൃതമാക്കാനുള്ള തത്രപ്പാടിലാണ് ഒരോ സൈബർ പോരാളിയും. ഒരു പതിറ്റാണ്ട് മുമ്പ് ഭരണക്കസേരയിൽ നിന്ന് ഇറങ്ങിപ്പോയ കോൺഗ്രസ് നയിച്ച യു.ഡി.എഫിന്റെ ഇരുണ്ട ദിനങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഇടത് സൈബർ വെബ്‌സൈറ്റുകൾ തുറക്കപ്പെടുമ്പോൾ, നാം കാണുന്നു, ഇവിടെ വെളുപ്പിക്കൽ മാത്രമല്ല മുഷിപ്പിക്കലുമുണ്ടെന്ന്!

പ്രതിച്ഛായാ നഷ്ടം വരുത്തുക എന്നത് കേവലം എളുപ്പമുള്ള പണിയാണ്. പ്രതിശ്ചായ സൃഷ്ടിക്കലും അത് നിലനിർത്തലുമാണ് പ്രയാസകരം. ഇന്ന് കോൺഗ്രസിന്റെ പ്രതിച്ഛായാ ഉപദേശകനായ കനഗോലു നൽകിയിട്ടുള്ള ഒരു ഉപദേശം, വികസന ചർച്ചകളേക്കാൾ വോട്ടർമാരുടെ മനസ്സിൽ വൈകാരിക വിഷയങ്ങൾ വാരിവിതറുക എന്നതാണ്. അതിനാൽ, ആശാവർക്കർമാരുടെ ദയനീയതയേക്കാൾ, ശബരിമലയിലെ സ്ത്രീ പ്രവേശം മുഴച്ചു നിൽക്കുന്നത് രാഷ്ട്രീയ തന്ത്രജ്ഞരുടെ കണ്ണിൽ തെറ്റല്ല.

കർണാടകക്കാരനായ സുനിൽ 

കനഗോലുവിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കടം വാങ്ങിച്ചവരിൽ സാക്ഷാൽ അമിത് ഷാ മുതൽ തമിഴ്‌നാട്ടിലെ സ്റ്റാലിൻ വരെയുണ്ട്. പിന്നെയണോ പാവം വി.ഡി. സതീശൻ? കർണാടകയിൽ ഓപ്പറേഷൻ വിജയിച്ചതോടെ തന്നെ കനഗോലു കോൺഗ്രസിന്റെ വിഐപി പട്ടികയിൽ കയറിയിരുന്നു. ഇതാണ് 2023ൽ രാഹുൽഗാന്ധിയുടെ ഭാരത് ജേഡോ യാത്രയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഭാരത് ജേഡോ യാത്രയുടെ ആസൂത്രണത്തിന് പിന്നിൽ സുനിലിന്റെ പങ്കാളിത്തം സുപ്രധാനമായിരുന്നു.

അതിനിടെ, കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ഒരോ വകുപ്പിലും നടത്തിയ അഴിമതികളും മന്ത്രിമാർ ഒരോ ഘട്ടത്തിലും നടത്തിയ വർഗീയ പരാമർശങ്ങളും ഉൾപ്പെടുത്തിയാണ് സി.പി.എം ഇരുണ്ടകാലം എന്ന വെബ്‌സൈറ്റ് ആവിഷ്‌കരിച്ചത്. മുച്ചൂടും മുടിഞ്ഞുപോയ ആരോഗ്യരംഗം, കുട്ടികൾ സ്‌കൂളിൽപോകാൻ പേടിച്ചിരുന്ന വിദ്യാഭ്യാസരംഗം, പവർകട്ടും ലോഡ്‌ഷെഡിങും, കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി, അനധികൃത നിയമനങ്ങൾ, പാലാരിവട്ടം പാലം അഴിമതി, ബാർകോഴ, പ്ലസ്ടു കോഴ എന്നിങ്ങനെ നെഗറ്റീവുകൾ ലിസ്റ്റ് ചെയ്ത മനോഹരമായ, പ്രൊഫഷണലായ വെബ്‌സൈറ്റ്.

പുതുയുഗ യാത്ര നടത്തുന്ന പ്രതിപക്ഷ നേതാവിന്റെ 60 സെക്കൻഡ് നീളുന്ന ഒരോ ബൈറ്റും മുറിച്ചെടുത്ത്, സതീശന്റെ നുണകൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനെ തമാശ എന്നല്ല, ക്രൂരമായ ഫലിതം എന്നു വേണം വിശേഷിപ്പിക്കാൻ. ഇടതുപക്ഷത്തെ ആക്രമിക്കാൻ സതീശൻ കരുതിക്കൂട്ടി പറയുന്ന ഒരോ വാക്കും പച്ചക്കള്ളം ആണെന്ന് വരുത്തുന്ന സൈബർ ബുദ്ധി. ഒരോ സർക്കാർ ഉദ്യോഗസ്ഥന്റെയും മൊബൈൽ ഫോണിലേക്ക് തന്റെ പടം വെച്ച സന്ദേശങ്ങൾ നേരിട്ട് എത്തിക്കുന്ന നല്ലവനായ മുഖ്യമന്ത്രി. അതിനെ ഡാറ്റ ചോർച്ച എന്ന് ആക്ഷേപിക്കുന്നത് സങ്കേതികമായി ശരിയാണെങ്കിലും, കാലത്തെ കവച്ചു വയ്ക്കുന്ന ടെക്‌നോളജിയുടെ പ്രയോഗ സാധ്യതകളെയാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രയോജനപ്പെടുത്തുന്നത് എന്ന് ഓർക്കുമ്പോൾ, പഴയകാല കമ്പ്യൂട്ടർ വിരുദ്ധ സമരങ്ങളെയെല്ലാം ആരെങ്കിലും കുത്തിപ്പൊക്കുന്നുണ്ടെങ്കിൽ അത് അസൂയ കൊണ്ടാണെന്ന് കരുതിയാൽ മതി.

ഇന്ത്യയിൽ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നായകന് തികഞ്ഞ ഒരു പിൻഗാമിയെ അവതരിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിലും അവർക്ക് കഴിയുന്നില്ല എന്നിടത്താണ് കമ്മ്യൂണിസ്റ്റ് വിരോധികൾ പോലും ഖേദിക്കുന്നത്. മുഖ്യമന്ത്രിയാവാൻ താല്പര്യമുണ്ടോ എന്ന് എ.കെ. ശൈലജ ടീച്ചറോടും മറ്റും ചില മുഖ്യധാരാ മാധ്യമങ്ങൾ വിളിച്ചിരുത്തി ചോദിക്കുന്നത് ഈ സൈബർ തമാശയുടെ മറുപുറമാണ്; കരയണോ ചിരിക്കണോ എന്നറിയാത്ത ശൈലജ. 

ഏത് വിഷയവും ചർച്ച ചെയ്യാൻ അടിയന്തര പ്രമേയം ഉൾപ്പെടെ അവസരമുണ്ടായിട്ടും അത് ഉപയോഗിക്കാത്ത പ്രതിപക്ഷം എന്ന് ഇടത് മന്ത്രിമാർ മുഖത്തുനോക്കി ആക്ഷേപിച്ചിട്ടും, പ്ലക്കാർഡുമായി നടുത്തളത്തിൽ കഴിഞ്ഞു കൂടാനാണ് പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിലും യു.ഡി.എഫ് താൽപര്യപ്പെട്ടതെങ്കിൽ അതിനർത്ഥം, ചർച്ചകളെക്കാൾ പ്രകടനങ്ങൾക്ക് പ്രാധാന്യം കിട്ടുന്ന കാലത്തേക്കാണ് അവരും സഞ്ചരിക്കുന്നത് എന്നുതന്നെ !

അതിനിടെ, ഡാറ്റ ചോർച്ച വിവാദത്തിൽ, ശമ്പളാനുകൂല്യങ്ങൾ കിട്ടിയ സർക്കാർ ജീവനക്കാരുടെ മൊബൈൽ ഫോണിലേക്കു മാത്രമാണ് പിണറായി വിജയന്റെ സന്ദേശം എത്തിയത് എന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. ഇതേ മാതൃകയിൽ നരേന്ദ്രമോദിയും സന്ദേശങ്ങൾ അയക്കാറുണ്ട്. സ്വന്തം നേട്ടങ്ങൾ വിവരിക്കുന്ന, അതിന്റെ പ്രതിഫലനം തിരക്കുന്ന സർവ്വേകൾ നടത്തുന്നതിൽ എന്താണ് തെറ്റ് എന്ന സുപ്രീംകോടതിയുടെ തലോടൽ കേരള സർക്കാരിന് മറുവശത്ത് കിട്ടുമ്പോൾ അതും നവമാധ്യമ കാലത്തെ സ്പന്ദനങ്ങൾക്ക് നീതിന്യായ പീഠങ്ങൾ നൽകുന്ന തല്ലും തലോടലുമായി കരുതിയാൽ മതി.

അതിനിടെ, പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് മീഡിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു എന്ന വിവരവും കൗതുകമുണർത്തുന്നു. ഭരണാനുകൂല സംഘടനകളുടെ തലപ്പത്തുള്ളവർക്കാണ് ഇതിന്റെ ചുമതല. മൊബൈൽ ഫോണുകൾ വഴി റീൽസുകളായും സ്റ്റിക്കറുകളായും മീഡിയ യൂണിറ്റിലെ അംഗങ്ങൾ ഭരണ നേട്ടങ്ങൾ പങ്കുവയ്ക്കും.

ദാസനും വിജയനും

യു.ഡി.എഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിയുമായി മെഗാസ്റ്റാർ മോഹൻലാൽ അഭിമുഖം നടത്തിയത് ആളുകൾ മറന്നതാണ്. അക്കാലത്ത് അതിന് റീച്ച് കുറവായിരുന്നു. ഇന്നിതാ അതേ ലലേട്ടൻ, താര സിംഹാസനത്തിൽ പ്രഭ ഒട്ടും കുറയാതെ തന്നെ മറ്റൊരു മുഖ്യമന്ത്രിക്ക് മുന്നിൽ മിണ്ടിയും പറഞ്ഞു മിരിക്കുന്നു. പൊതുവേ ചിരിക്കാത്ത പിണറായി വിജയൻ ലാലിന്റെ തമാശകൾക്കു മുന്നിൽ പൊട്ടിച്ചിരിക്കുന്നു. ഇഷ്ട കഥാപാത്രം ഏതെന്ന ചോദ്യത്തിന് ദാസനും വിജയനും എന്നു പറയുന്നു.

ഇതെല്ലാം പൊതുവേ ഇപ്പോൾ പറയും പോലെ, പ്രതിച്ഛായ നിർമ്മാണ പിആർവർക്കിന്റെ ഭാഗമല്ലേ എന്ന് കടക്ക് പുറത്ത് വീഡിയോ പുറത്തിറക്കിയവർ പോലും അമ്പരക്കുന്നുണ്ടാവും! 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് നൽകിയ അഭിമുഖം ഓർമിപ്പിച്ചാണ് ഒരുവിഭാഗം ആശ്വാസം കൊള്ളുന്നത്. മാധ്യമപ്രവർത്തകരെ അകറ്റിനിർത്തുന്ന മോദി ഒരു നടന്റെ ചോദ്യങ്ങൾക്കുമുന്നിൽ ഇരുന്നുകൊടുത്തത് അന്ന് ദേശീയതലത്തിൽ ചർച്ചയായിരുന്നു. എല്ലാം തെരഞ്ഞെടുപ്പ് കാല വിനോദങ്ങൾ എന്ന് ആശ്വസിക്കാം.

പ്രിജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam