പുതിയ ലേബർ കോഡ് കേന്ദ്ര സർക്കാർ തൊഴിലാളിവർഗത്തിനുവച്ച പുതിയ ആപ്പോ കെണിയോ ഒക്കെ ആണെന്നു ബി.എം.എസ്. ഒഴിച്ചുള്ള തൊഴിലാളി യൂണിയനുകൾ പറയുന്നു. സംസ്ഥാന സർക്കാരാകട്ടെ തൊഴിലാളികളുടെ എപ്പോഴും കൂടെയാണെന്നു പറഞ്ഞ് മുതലാളിത്തത്തിന്റെ തോളിൽ കൈയിട്ടു നടക്കുകയാണെന്ന വാർത്തകൾ വേറെയുമുണ്ട്. കൊല്ലം സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോർട്ടിലെ ആറാം ഭാഗത്താണ് സംസ്ഥാന സർക്കാരിന്റെ ഭാവി പദ്ധതികൾ എന്ന പ്രധാനതലക്കെട്ടിനു താഴെ ഭരണനിർവഹണം വരെയുള്ള 20 ചെറിയ തലക്കെട്ടുകൾ വേറെയുമുണ്ട്.
92 ഭാവി പദ്ധതികളെല്ലാം തന്നെ തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയം സംരക്ഷിച്ചുകൊണ്ട് നടപ്പാക്കുമെന്നു ഈ റിപ്പോർട്ടിൽ പറയുന്നു. സ്റ്റേജിൽ അവതരിപ്പിച്ച ഈ റിപ്പോർട്ടിലെ തൊഴിലാളി രാഷ്ട്രീയം സംരക്ഷിക്കുന്നതിലെ പാർട്ടിയുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ മറനീക്കി പുറത്തു വന്നിട്ടുള്ളത്. 85 തൊഴിൽ നിയമങ്ങൾ വെറും 4 കോഡുകളായി ചുരുക്കിയത് നാട്ടിൽ വ്യവസായങ്ങൾ വരാനുള്ള മാർഗമായി കരുതപ്പെടുന്നുണ്ട്. ഇന്ന് നടത്തിക്കഴിഞ്ഞ ദേശീയപണിമുടക്കിന്റെ പടഹ ധ്വനിയൊന്നും ഡെൽഹിയിൽ എത്തില്ല. വെറുതെ വഴിപാടു സമരം നടത്തി ഈ കേന്ദ്രനീക്കത്തെ ചെറുക്കാനുള്ള തടിമിടുക്കൊന്നും ഇപ്പോൾ രാജ്യത്തെ തൊഴിലാളി സംഘടനകൾക്കുണ്ടോ?
ഡെൽഹിയിൽ വായു മലിനീകരണത്തിനെതിരെ സമരം ചെയ്ത യുവതീ യുവാക്കൾക്ക് ഡെൽഹി പൊലീസ് പുതിയൊരു പേര് നൽകിയിരുന്നു. അർബൻ നക്‌സലുകൾ! ദേശ ദ്രോഹിയെക്കാൾ ഈ പേര് മാർക്കറ്റ് ചെയ്തു നീതിക്കുവേണ്ടിയുള്ള സമരങ്ങളെ പിടിച്ചുകെട്ടാമെന്ന് കേന്ദ്രം തീരുമാനിച്ചു കഴിഞ്ഞു. സമരം ചെയ്യാനുള്ള അവകാശം, സ്ഥിരം നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പുതിയ ലേബർ കോഡ് തൊഴിലാളി വിരുദ്ധമാണെന്നു ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ പല വേദികളിൽ തുടരുമായിരിക്കാം. പക്ഷെ, 12 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തിയെന്നു അതേ നേതാക്കൾ പരാതിപ്പെടുമ്പോൾ, ഇക്കാര്യത്തിൽ ഒരു ഏകാധിപത്യ ശൈലിയുടെ മണമുയരുന്നുണ്ടോയെന്നു സംശയിക്കണം.
വനഭൂമി വൻ വ്യവസായികൾക്ക് പതിച്ചു നൽകുന്നത് ചെറുത്ത ആദിവാസി ഗോത്ര ജനതയിൽപെട്ടവരെ മാവോയിസ്റ്റുകളെന്നു കേന്ദ്രം മുദ്രകുത്തി തടവിലാക്കുകയോ ഏറ്റുമുട്ടൽ നാടകങ്ങളിലൂടെ വധിക്കുകയോ ചെയ്തു കഴിഞ്ഞു. ഇനി നഗരങ്ങളിലും അർധ നഗരങ്ങളിലും തൊഴിലാളികളുടെ നീതി നിഷേധത്തിനെതിരെയുള്ള സമരങ്ങൾക്ക് അർബൻ നക്‌സലിസമെന്ന പേരിൽ അടിച്ചമർത്താൻ ഭരണകൂടങ്ങൾ ശ്രമിച്ചേക്കാം. ചർച്ചകളിലൂടെ തൊഴിലാളികൾക്ക് പറയാനുള്ളത് കേൾക്കാനുള്ള ശ്രമമുണ്ടാവണം. ജനാധിപത്യത്തിൽ അതല്ലേ ശരി?
ശിവൻകുട്ടിയുടെ പുതിയ ചുവടുകൾ
പരമശിവന് 108 തരത്തിലുള്ള നൃത്തശൈലികളുണ്ടെന്നാണ് വേദപണ്ഡിതർ എഴുതിവച്ചിട്ടുള്ളത്. ശിവൻകുട്ടിയുടെ വക പുതിയ നൃത്തചുവടായി പുതിയ ലേബർ കോഡും കാണേണ്ടിവരുമോ? വിദ്യാഭ്യാസവും (ഉന്നതമൊഴിച്ച്) തൊഴിലും ഒരുമിച്ച് കൈയാളുന്ന ശിവൻകുട്ടിയുടെ പി.എം.ശ്രീ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ കേന്ദ്രം പുതിയ ലേബർകോഡുകൾ കൊണ്ടുവരുന്നതിനു മുമ്പു തന്നെ, 2021 ഡിസബറിൽ തൊഴിൽ വകുപ്പിന്റേതായ വിജ്ഞാപനമിറങ്ങിയെന്നാണ് ഇന്ന് മനോരമ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുറത്ത് കേന്ദ്രനടപടിക്കെതിരെ സമരം നടത്തുകയും രഹസ്യമായി ആ നീക്കങ്ങൾക്ക് കുടപിടിക്കുകയും ചെയ്യുകയാണോ സംസ്ഥാന സർക്കാർ?
പി.എം.ശ്രീ വിവാദത്തിൽ എന്ന പോലെ ഈ വിജ്ഞാപനത്തിന്റെയും കാര്യവും ഇടതുമുന്നണിയോ മന്ത്രിസഭയോ അറിഞ്ഞിട്ടില്ലെന്നാണ് ജോജി സൈമണിന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റോറിയിലുള്ളത്. അങ്ങനെയെങ്കിൽ, കേരളാ രാഷ്ട്രീയത്തിൽ മന്ത്രി ശിവൻകുട്ടി സാക്ഷാൽ പരമശിവനെയും തോൽപ്പിക്കുന്ന വിധം ചുവടുകൾ വയ്ക്കുകയാണെന്നുള്ള ചിലരുടെ ആരോപണം നമുക്ക് തള്ളിക്കളയാനാവില്ല. 'കേരള കോഡ് ഓൺ വേജസ് റൂൾസ് 2021' എന്ന പേരിലുള്ളതാണ് കരടുവിജ്ഞാപനം.
തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് പകരമാണത്രെ ഇത്. ഇതോടെ 1958ലെ മിനിമം വേതനം സംബന്ധിച്ച ഏഴ് ചട്ടങ്ങളും കരാറിൽ നിന്ന് ഒഴിവായെന്നതാണ് ഏറെ വിചിത്രം. കേന്ദ്രത്തിന്റെ ലേബർകോഡ് തൊഴിലാളികളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ജംഗിൾ രാജെന്ന് സി.പി.എം.പൊളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കിയിട്ടുണ്ട്. എന്നിട്ടും ശിവൻകുട്ടിയുടെ തൊഴിൽ വകുപ്പ് എങ്ങനെ ഇത്തരമൊരു വിജ്ഞാപനത്തിന് മുതിർന്ന്? ആരുടെ ആശിർവാദത്തോടെയാണ് പാർട്ടി പറഞ്ഞ 'തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയം' തള്ളിക്കളഞ്ഞുകൊണ്ട് ശിവൻകുട്ടി ഇത്തരമൊരു ഗൂഢനീക്കത്തിന് തയ്യാറായത്?
തൊഴിലാളികളെ ഇരുട്ടിൽ നിർത്തുകയോ
തൊണ്ണൂറുകളിൽ ഉദാരവൽക്കരണത്തിന്റെ കൂറ്റൻ തിരമാലകൾ തച്ചു തകർത്ത നിരവധി തൊഴിൽ സംരംഭങ്ങൾ ഉണ്ട്. ആ കാലഘട്ടത്തിലെ തൊഴിൽ തർക്ക കേസുകളുടെ വിചാരണ വേഗം തീർക്കാതിരിക്കാൻ സംസ്ഥാനത്തെ ലേബർ കോടതികളിൽ വേണ്ടത്ര ജഡ്ജിമാരെ നിയമിക്കാതെ ഉഴപ്പുന്ന ചരിത്രമാണ് എല്ലാ ഭരണകൂടങ്ങൾക്കുമുള്ളത് സ്ഥിരം ജഡ്ജിമാരില്ലാത്ത ലേബർ കോടതികളിൽ ഇപ്പോഴും കേസുകൾ കെട്ടിക്കിടക്കുന്നു. വിചാരണയാകട്ടെ അനന്തമായി നീളുന്നു.
നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ വകുപ്പിനുവേണ്ട പാഠപുസ്തകങ്ങൾ കൃത്യമായി അച്ചടിച്ചു നൽകിക്കൊണ്ടിരിക്കുന്ന തൃക്കാക്കര കെ.ബി.പി.എസിൽ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാൻ തൊഴിലാളികൾ കോടതി കയറേണ്ടി വന്ന കാര്യം ഓർമ്മിക്കുക. 2025 ഓഗസ്റ്റ് 26ന് ആണ് 2 മാസത്തിനുള്ളിൽ സർക്കാർ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി വിധിച്ചത് എന്തായോ എന്തോ?
സർക്കാർ ജീവനക്കാരുടെ മൂന്ന് ശതമാനം ഡിഎ കുടിശ്ശിക പ്രഖ്യാപിച്ചത് ഓഗസ്റ്റ് മാസത്തെ അവസാന ആഴചയിൽ ആയിരുന്നു. ഏത് കാലഘട്ടത്തിലെതാണ് ഈ കുടിശ്ശിക എന്ന് വ്യക്തമാക്കാതെ ആയിരുന്നു ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങിയത് 37 മാസത്തെ ഡിഎ കുടിശ്ശിക ആയി ഓരോ ജീവനക്കാരോടും ശരാശരി ഒരു ലക്ഷം രൂപ വീതം കടം പറഞ്ഞു നിൽക്കുകയാണ് സർക്കാർ.
മാർക്‌സിസ്റ്റ് നേതാവ് എ.കെ. ഗോപാലൻ സ്ഥാപിച്ച ഇന്ത്യൻ കോഫീഹൗസ് ശൃഖലയുടെ കാര്യം കൂടി കേൾക്കൂ : തൃശൂർ മുതൽ തെക്കോട്ടുള്ള ഇന്ത്യൻ കോഫീ ഹൗസുകളിൽ 500ൽ ഏറെ ജീവനക്കാരുടെ ഒഴിവുണ്ട്. ഈ ഒഴിവുകൾ നികത്താൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ജീവനക്കാരുടെ ക്ഷാമം മൂലം 14 കോഫീ ഹൗസുകൾ പൂട്ടിക്കഴിഞ്ഞു. 2017ൽ എല്ലാ ട്രേഡ് യൂണിയനുകൾക്കും പ്രാതിനിധ്യമുള്ള ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
കോടതി സർക്കാർ ഉത്തരവ് റദ്ദാക്കി പഴയ ഭരണസമിതിയെ വീണ്ടും അധികാരത്തിലേറ്റി. അന്നു തുടങ്ങിയതാണ് സർക്കാർ വക പക. തൃശൂരിന് വടക്കോട്ടുള്ള കോഫീ ഹൗസുകൾ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടേതാണ്. അവിടെയുള്ള 59 ബ്രാഞ്ചുകളിലും ജോലിക്കാരെ നിയമിക്കാൻ സർക്കാർ അനുമതി നൽകി എന്നിട്ടും സി.ഐ.ടിയുവിന് ഭരണമില്ലാത്ത കോഫീഹൗസുകൾ ഇന്നും ഗതികേടിൽ തന്നെ. എങ്ങനെയുണ്ട് തൊഴിലാളി ക്ഷേമം?
പ്രകടനപത്രികയിലെ 'ചീപ്പ് പ്രകടനങ്ങൾ'
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 49 ഇനം നിയമനങ്ങൾ പി.എസ്.സി.ക്ക് വിടുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും അതൊന്നും നടപ്പായില്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്താൻ കേരളാ പബ്ലിക് സർവീസ് ബോർഡ് എന്നൊരു സംരംഭം തുടങ്ങിയത് പുതിയ നിയമനങ്ങളിൽ സി.പി.എമ്മിന് മേൽക്കൈ നേടാനാണെന്ന പരാതിയുർന്നിരുന്നു.
റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറിയെ കനത്ത ശമ്പളം നൽകി ഈ ബോർഡിന്റെ തലവനായി നിയമിക്കുകയും ചെയ്തു. ഈ ബോർഡ് പി.എസ്.സി. വഴിയല്ലാതെ 4000ഓളം നിയമനങ്ങൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. നിയമനം ലഭിച്ചത് ആർക്കായിരിക്കുമെന്ന് പറയില്ല. കാരണം, അത് പ്രതിപക്ഷത്തുള്ള ട്രേഡ് യൂണിയനുകളുടെ ജോലിയാണ്.
മനുഷ്യജീവന് ഒരു വിലയുമില്ലേ?
തെരഞ്ഞെടുപ്പ് കമ്മീഷൻ വക എസ്.ഐ.ആർ നടപ്പാക്കൽ രാജ്യത്തെ ഒരു പറ്റം സർക്കാർ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടും ഇന്ന് കേരളത്തിലെ എസ്.ഐ.ആർ. നടപ്പാക്കുന്നതിനെതിരെ പുറപ്പെടുവിച്ച വിധിയിൽ ആ ഹതഭാഗ്യരെപ്പറ്റി പരാമർശമില്ലെന്നാണ് അറിയുന്നത്. കേസ് ഡിസബർ 2ലേക്ക് മാറ്റിയ സുപ്രീം കോടതിയിൽ ബി.എൽ.ഒ.മാരുടെ ദുരവസ്ഥയെപ്പറ്റി രാഷ്ട്രീയ പാർട്ടികളുടെ അഭിഭാഷകർ മൗനംപാലിക്കുകയാണോ ഉണ്ടായത്? അങ്ങനെ മൗനം പാലിച്ചിട്ടുണ്ടെങ്കിൽ, മനുഷ്യാവകാശ ലംഘനത്തിന് ചൂട്ടു പിടിക്കലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
തദ്ദേശയുദ്ധങ്ങളിലെ ഒളിപ്പോരുകൾ
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്തവണ ഒളിപ്പോരിനായിരിക്കും പ്രാധാന്യം. ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കുന്നതിനെക്കാൾ തോൽപ്പിക്കുന്നതിനുള്ള കുതന്ത്രങ്ങളാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും അണിയറ തന്ത്രങ്ങളായി പരിണമിക്കാൻ പോകുന്നത്. വിമത സ്ഥാനാർത്ഥികളും മൽസരിക്കാൻ സ്ഥാനാർത്ഥികളെ നിർത്താത്തതും ഇത്തരം കുതന്ത്രങ്ങളിൽ പെടും. ബി.ജെ.പി. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 846 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. സ്ഥാനാർത്ഥികളെ നിർത്താത്ത സീറ്റുകളിൽ ബി.ജെ.പി. ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്കുവേണ്ടി കുതന്ത്രം പയറ്റുമായിരിക്കാം. തിരുവനന്തപുരം ജില്ലയിൽ ഏഴ് വിമത സ്ഥാനാർത്ഥികളുള്ള ബി.ജെ.പി.
50 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. തിരുവനന്തപുരത്തെ 14 നിയമസഭാമണ്ഡലങ്ങളിലും 13 ഉം ഇടതുമുന്നണിയുടെ കൈകളിലാണ്. ഇവിടെ 92 വാർഡുകൾ തോന്നിയതുപോലെ വെട്ടിമുറിച്ച് സി.പി.എം. ന് ജയിക്കാൻ 'ഇടത് ഉദ്യോഗസ്ഥ ലോബി' വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ പല റസിഡന്റ്‌സ് അസോസിയേഷനുകളും ഇക്കാര്യത്തിൽ കലിപ്പിലാണ്. ബി.ജെ.പി. പിന്തുണയോടെയാണെങ്കിലും തിരുവനന്തപുരം നഗരസഭ കൈപ്പിടിയിലൊതുക്കാനുള്ള സി.പി.എം.ന്റെ തന്ത്രത്തിലെ ആദ്യ ചുവടായി യു.ഡി.എഫ്. ഈ നീക്കത്തെ കാണുന്നു.
ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് കുറെയെല്ലാം സ്വാധീനമുള്ള കോട്ടയം ജില്ലയിൽ 169 സീറ്റുകളിൽ ബി.ജെ.പി. മൽസരിക്കുന്നില്ല. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്ഥാനാർത്ഥികൾ വേണ്ടെന്നുള്ള നിലപാട് കൊണ്ടാകാം അവിടെ 1200 സീറ്റുകളാണ് ബി.ജെ.പി. മൽസരിക്കാതെ ഒഴിവാക്കിയത്.
പാലക്കാട്ട് 158, കണ്ണൂർ 491, ഇടുക്കി 220 എന്നിങ്ങനെയാണ് ബി.ജെ.പി. മൽസരിക്കാത്ത സീറ്റുകളുടെ കണക്ക്. വിമതരുടെ കണക്ക് നോക്കുമ്പോഴും യു.ഡി.എഫ്. പട്ടികയിൽ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം 29, കണ്ണൂർ 30, തൃശൂർ 28, പാലക്കാട് 27 എറണാകുളം 23 എന്നീ ജില്ലകളിലാണ്. ആലപ്പുഴയിൽ ഇടതുമുന്നണിക്ക് 34 വിമതരുണ്ട്, പാലക്കാട്ട് 41 പേരും. പാർട്ടിയേതായാലും സീറ്റ് വേണമെന്ന മട്ടിലുള്ള ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ പുതിയ ഒളിയുദ്ധങ്ങളുടെ പരീക്ഷണശാലയായിമാറാം.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
