യുഎസ് : ഇന്ന് അമേരിക്കയിൽ രാജ്യവ്യാപകമായി താങ്ക്‌സ് ഗിവിംഗ് ദിനം ആഘോഷിക്കുന്നു. കുടുംബങ്ങളും സുഹൃത്തുക്കളും കഴിഞ്ഞ വർഷത്തെ അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും ഐക്യവും സ്‌നേഹവും പങ്കിടുകയും ചെയ്യുന്ന ദിനമാണ് ഇത്. വീടുകളിലും സമൂഹങ്ങളിലും വിവിധ വിരുന്നുകളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു.
താങ്ക്‌സ് ഗിവിംഗിന്റെ ചരിത്രം സാധാരണയായി 1621ലെ പ്ലൈമുത്ത് കോളനിയിൽ നടന്ന വിരുന്നാണ് തുടക്കമെന്ന് പറയുന്നു. കഠിനമായ ശീതകാലത്തിൽ ജീവൻ നിലനിർത്താൻ ശ്രമിച്ച യൂറോപ്യൻ കുടിയേറ്റക്കാരെ നാട്ടുവംശജരായ വാംപനോഗ് ഗോത്രക്കാർ ആഹാരവും കൃഷിയറിവും നൽകി സഹായിച്ചതിന്റെ പ്രതിഫലനമായാണ് ആ ആദ്യ 'നന്ദിഅർപ്പണ വിരുന്ന്' നടന്നത്. മുമ്പും സമാന ചടങ്ങുകൾ ഉണ്ടായിരുന്നെങ്കിലും, ഇന്ന് ദേശീയമായി ആഘോഷിക്കുന്ന താങ്ക്‌സ്ഗിവിംഗിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെടുന്നത് പ്ലൈമുത്തിലെ 1621 വിരുന്നാണ്.
1863ൽ പ്രസിഡന്റ് അബ്രഹാം ലിങ്കൺ താങ്ക്‌സ് ഗിവിംഗ് ദേശീയ അവധിയായി പ്രഖ്യാപിക്കുകയും തുടർന്ന് നവംബർ മാസത്തിലെ നാലാം വ്യാഴാഴ്ച ദിനമായി ആചരിക്കുകയും ചെയ്തു.
ഇന്നും ആ പാരമ്പര്യം തുടരുന്നതിനായി വീടുകളിൽ ടർക്കി വിഭവം, പൈ, സൈഡ് ഡിഷുകൾ എന്നിവയടങ്ങിയ പ്രത്യേക വിരുന്നുകളാണ് ഒരുക്കുന്നത്. മലയാളി കുടുംബങ്ങളും, ദേവാലയ ആരാധനകൾ, കൂട്ടചേരലുകൾ, സമൂഹ സംഗമങ്ങൾ എന്നിവയിലൂടെ ദിനത്തെ വർണാഭമാക്കുന്നു.
താങ്ക്‌സ് ഗിവിംഗ് ദിനത്തോടനുബന്ധിച്ച് ഫെഡറൽ ഓഫീസുകൾ, പോസ്റ്റ് ഓഫിസുകൾ, ബാങ്കുകൾ, പൊതുസ്‌കൂളുകൾ എന്നിവ ഇന്ന് അടച്ചിട്ടിരിക്കും. പല സംസ്ഥാനങ്ങളും നീണ്ട അവധിയാക്കി വെള്ളിയാഴ്ചയും പൊതു അവധി അല്ലെങ്കിൽ 'ബ്ലാക്ക് ഫ്രൈഡേ' ഷോപ്പിംഗ് ദിനമായി ആചരിക്കുന്നു. അതിനാൽ പലർക്കും നീണ്ട അവധിദിനങ്ങൾ ലഭിക്കുന്നു.
നന്ദി പറയുന്നതിന്റെയും പങ്കിടലിന്റെയും മൂല്യങ്ങൾ ഓർമ്മിപ്പിക്കുന്ന ദിനമായി താങ്ക്‌സ് ഗിവിംഗ് കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും സന്തോഷവും ഐക്യവും നിറഞ്ഞ ആഘോഷമായിത്തീരും.
മാർട്ടിൻ വിലങ്ങോലിൽ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
