എന്റെ അയൽക്കാരനായിരുന്ന വേലായുധനെ മുപ്പത് വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്നലെ വീണ്ടും കണ്ടു. വിദേശത്ത് പോകുമ്പോൾ യാത്ര പറയാൻ വന്ന വേളയിലായിരുന്നു അവസാനത്തെ കാഴ്ച. അമേരിക്കയിലെ ക്വാളിഫോർണിയയിലേക്ക് ആണ് അദ്ദേഹം പോയത്. അതൊരു അത്ഭുതകരമായ യാത്രയായിരുന്നു. കാരണം വേലായുധൻ സ്‌കൂളിൽ പോയിട്ടില്ല. എഴുത്തും വായനയും അറിയില്ല. ഞങ്ങളുടെ നാട്ടിലെ മലയാളമല്ലാതെ ഒരു ഭാഷയും പറയാൻ പോലും വയ്യ. വിമാനം എന്നല്ല തീവണ്ടി പോലും മുൻപ് കണ്ടിട്ടില്ല.
ഒരു സായിപ്പ് പൊന്നാനിയിൽ ടൂറിസ്റ്റ് ആയി വന്നതിൽ നിന്നാണ് തുടക്കം. പൊന്നാനി തുറമുഖത്തിന്റെ ചരിത്രം പഠിക്കാനാണ് വന്നത്. മൂന്നു മാസം അദ്ദേഹം പൊന്നാനിയിൽ താമസിച്ചു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ സഹചാരി ആയിരുന്നു വേലായുധൻ. ആദ്യമാദ്യം ആംഗ്യഭാഷ സംസാരിച്ചു. മൂന്നു മാസം കൊണ്ട് ഇംഗ്ലീഷ് കഷ്ടി പറയാറായി. അതിന്റെ കൂടെ സായിപ്പിനെ പൊന്നാനിക്കാരുടെ ഭക്ഷണം വെച്ചുകൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്തു.
സായിപ്പ് തന്നെയാണ് മുൻകൈയെടുത്ത് വേലായുധന് പാസ്‌പോർട്ട് സംഘടിപ്പിച്ചു കൊടുത്തത്. അമേരിക്കൻ കോൺസുലേറ്റിലെ എല്ലാ അപേക്ഷകളും പൂരിപ്പിച്ചതും അവിടെ ഗ്യാരണ്ടി നൽകിയതും സായിപ്പ് തന്നെ. അങ്ങനെ വേലായുധൻ അമേരിക്കക്കാരൻ ആയി. നാട്ടിലുള്ള അമ്മയ്ക്ക് സ്ഥിരമായി പണം അയച്ചു കൊടുത്തു. നാട്ടിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങി രണ്ടു മുറിയുള്ള ഒരു വീട് പണിതു. പക്ഷേ ഒരിക്കലും വേലായുധൻ നാട്ടിൽ വന്നില്ല, ഇന്നേവരെ.
സായിപ്പിനെ പിരിഞ്ഞു പോരാൻ തോന്നാത്തത് ഒരു കാരണം. ഒരു മെക്‌സിക്കോ കാരിയെ വിവാഹം കഴിച്ചത് മറ്റൊരു കാരണം. സായിപ്പിനു വേണ്ടി വേലായുധൻ സാധനങ്ങൾ വാങ്ങാൻ പോകുന്ന കടയിൽ ജോലിക്കാരിയായിരുന്നു അവർ. മൂന്ന് കുട്ടികളും ഉണ്ടായി. ഇപ്പോൾ അവരൊക്കെ വലുതായി. അവരവരുടെ ജീവിതം കണ്ടെത്തി. എന്നിട്ടാണ് വേലായുധൻ നാട്ടിലേക്ക് ഭാര്യയെയും കൂട്ടി വന്നത്.
അവർ നാട്ടിലെ മലയാളം അസ്സലായി പറയുന്നു. വേലായുധന്റെ ഇംഗ്ലീഷ് പരിചയം കണ്ട് വാ പൊളിച്ച് നിൽപ്പാണ് നാട്ടുകാർ. സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തുന്ന ഒരാൾ വേലായുധന് വലിയ ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നു! എന്ന് തിരിച്ചുപോകും എന്ന ചോദ്യത്തിന് വേലായുധൻ ചിരി മാത്രം മറുപടി നൽകുന്നു.
ലോകത്ത് എങ്ങുമുള്ള മനുഷ്യർ, അവർ ഏത് ജാതിയോ മതമോ വംശമോ എന്തും ആകട്ടെ, ലോകത്ത് മറ്റെങ്ങും എത്തിച്ചേരുന്ന ആധുനിക കാലത്തെക്കുറിച്ച് അത്ഭുതപ്പെടുകയാണ് ഞാനിപ്പോൾ. ദേശീയത എന്ന് ഒന്ന് ഇനി പഴയ അർഥത്തിൽ ഇല്ല. ലോകമേ തറവാട് എന്ന് ഇവിടെ പണ്ടരോ പാടിയത് അക്ഷരാർത്ഥത്തിൽ ഫലിച്ചിരിക്കുന്നു. നമ്മുടെ കുട്ടികൾ ഒക്കെ പുറത്തുപോകുന്നു എന്ന് കരയുകയാണല്ലോ നാം ഇപ്പോൾ.
ആരും എവിടേക്കും പോകട്ടെ ആരും എവിടുന്നും വരട്ടെ എന്ന് കരുതുകയല്ലേ നമുക്കും ലോകത്തിനും നല്ലത്? അങ്ങനെ പോയാൽ കുറച്ചു കഴിയുമ്പോൾ അതിർത്തികളും ചെക്ക് പോസ്റ്റുകളും പാസ്‌പോർട്ടുകളും ഒന്നും വേണ്ടി വരില്ല. ഇത്രയും പ്രായമായതുകൊണ്ട് ആ നല്ല കാലം കാണാൻ ഞാൻ ഉണ്ടാവില്ല, തീർച്ച. പക്ഷേ അത് ഭാവനയിൽ കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു പുളകം!
വെള്ളം സമനിരപ്പായ നിൽക്കൂ എന്ന് പണ്ടേ നമുക്ക് അറിയാം. മനുഷ്യർ പല തട്ടിൽ നിൽക്കണം എന്ന് മൂഢമായി നാം നിശ്ചയിക്കുകയായിരുന്നു. നമ്മുടെ ആ വിവരക്കേടിനെയാണ് ഇപ്പോൾ ലോകമെങ്ങും വേലായുധന്മാർ തകർത്തു മുന്നേറുന്നത്. എല്ലാ വേലായുധന്മാർക്കും കൂപ്പുകൈയോടെ അഭിനന്ദനങ്ങൾ.
ആയിരം പ്രസംഗങ്ങൾ നടത്തിയ ഞങ്ങളെക്കാൾ മനുഷ്യന്റെ ഭാവി ഭാസുരമാക്കിയത് നിങ്ങളാണ്.
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1