മനുഷ്യത്വത്തിന്റെ മഹിമയാർന്ന നാട്: ഈ ഖ്യാതി പണ്ടേ സ്വന്തമാക്കിയ കേരളത്തിൽ അരങ്ങേറിവരുന്ന ചില സമകാലിക സംഭവങ്ങൾ പഴയ നിഗമനങ്ങൾ തിരുത്താൻ ലോകത്തെ പ്രേരിപ്പിക്കുന്നു. മാനന്തവാടിയിൽ ആദിവാസി യുവാവിനെ പട്ടാപ്പകൽ കാറിന്റെ ഡോറിൽ കൈ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോയത് അര കിലോ മീറ്ററോളം. റാന്നി ഇട്ടിയപ്പാറയിൽ മറ്റൊരു യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയതറിഞ്ഞും തൊട്ടു പിന്നാലെ നാടു ഞെട്ടി. കോതമംഗലത്തിനു സമീപം എൽദോസ് എന്ന 45 കാരനെ കാട്ടാന ചവിട്ടിക്കൊന്ന വാർത്ത ഇതോടൊപ്പം ജനങ്ങൾ സംസാരവിഷയമാക്കിയതു സ്വാഭാവികം.
മാനന്തവാടി പുൽപ്പള്ളി റോഡിലൂടെയാണ് കൂടൽകടവ് ചെമ്മാട് ഊരിലെ മാതൻ എന്ന ആദിവാസി യുവാവിനെ ഒരു യുവസംഘം കാറിൽ വലിച്ചിഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ മാതൻ ചികിത്സയിലാണ്. ഈ യുവാവിനെ കാറിന്റെ വശത്തുകൂടി വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യം മാധ്യമങ്ങളിൽ വന്നിരുന്നു. നാലു പ്രതികളിൽ കസ്റ്റഡിയിലായ രണ്ടു പേർ വീര്യം മുറ്റി ചിരിക്കുന്ന മുഖവുമായി മാനന്തവാടിയിലെ പോലീസിനൊപ്പം പോകുന്ന ദൃശ്യങ്ങൾ ചാനലുകളിൽ കണ്ട് ജനം അന്തം വിട്ടു.
പുൽപ്പള്ളി റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന് മറ്റൊരു കാർ സൈഡ് കൊടുത്തില്ലെന്ന കാരണത്താലുണ്ടായ വാക്കുതർക്കത്തിനിടെ ഇരുകൂട്ടരെയും പിൻതിരിപ്പിക്കാൻ മാതനും നാട്ടുകാരും ശ്രമിച്ചിരുന്നു. ഇതിനിടെ നാട്ടുകാരിൽ ഒരാളെ കാറിലുണ്ടായിരുന്നവർ ആക്രമിക്കാൻ തുനിഞ്ഞു. ഇതു തടഞ്ഞപ്പോഴാണ് മാതനെ മർദിക്കുകയും കൈപിടിച്ചു കാറിലേക്കിട്ട് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തത്. അര കിലോ മീറ്റർ അകലെയാണ് മാതനെ അവർ പരിക്കുകളോടെ ഉപേക്ഷിച്ചു സ്ഥലം വിട്ടത്.
'അടിച്ചാൽ തിരിച്ചടിക്കണം, അതു പറ്റിയില്ലെങ്കിൽ മാന്തിപ്പറിക്കുകയെങ്കിലും ചെയ്യണ'മെന്നു പറയുന്ന എം.എൽ.എമാരുള്ള നാട്ടിൽ കൊല്ലാനും കൊല്ലിക്കാനും പക തീർക്കാനും യാതൊരു മടിയുമില്ലാതായിരിക്കുന്നു പൊതുവേ. അമ്പത്തൊന്നു വെട്ടേറ്റു മരിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പരോൾ നൽകുന്നതിനു തടസം നിന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഷനിലാക്കി പ്രതികാരം തീർക്കുന്ന ഭരണാധികാരികളുള്ള നാടുമാണിത്. പഴയകാല ഗുണ്ടാനേതാക്കളുടെ വീരഗാഥകൾ യൂട്യൂബിൽ വിളമ്പി പുതുതലമുറയെ ആവേശഭരിതരാക്കുന്ന മീഡിയ സംസ്‌കാരവും വളരുമ്പോൾ അവിടെ മനുഷ്യത്വത്തിനും മൂല്യങ്ങൾക്കും വിലയിടിയുന്നതിൽ എന്താണ് അത്ഭുതമെന്ന ചോദ്യവും ഉയരുന്നു.
ആദിവാസി ക്ഷേമത്തെക്കുറിച്ചുള്ള ആധി, വ്യാധി പ്രകടനങ്ങൾ വെറും നാട്യം. ഇപ്പോഴും ആ സമൂഹം വലിയ പരാധീനതകളിലൂടെയാണു കടന്നുപോകുന്നത്. മാനന്തവാടിയിൽ ആംബുലൻസ് ലഭിക്കാഞ്ഞതിനെത്തുടർന്ന് ആദിവാസി വൃദ്ധമാതാവ് ചൂണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മാശാനത്തിലേക്കു കൊണ്ടുപോകേണ്ടിവന്നു. ആംബുലൻസ് എത്തുമെന്നു പ്രമോട്ടർ അറിയിച്ചതു വെറുതെയായി. കാത്തിരുന്നു മടുത്തപ്പോൾ മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോയിൽ കയറ്റി ശ്മശാനത്തിലെത്തിക്കുകയായിരുന്നു. ഭക്ഷണം മോഷ്ടിച്ചുവെന്നതിന്റെ പേരിൽ മധു എന്ന ആദിവാസി യുവാവ് നേരിട്ട ക്രൂരത മലയാളിയുടെ വികല മനസിന്റെ മായാത്ത വടുവായി കിടക്കുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.
സർക്കാർ മദ്യവില്പനശാലയ്ക്കു സമീപമുണ്ടായ വാക്കുതർക്കമാണ് റാന്നി ഇട്ടിയപ്പാറയിൽ അമ്പാടി സുരേഷ് എന്ന യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ അജോയും കൊല്ലപ്പെട്ട സുരേഷിന്റെ സുഹൃത്തായ മിഥുനും തമ്മിൽ മദ്യശാലയ്ക്കു മുന്നിൽ തർക്കമുണ്ടായ ശേഷം ഇരുകൂട്ടരും തമ്മിൽ വെല്ലുവിളി മൂർച്ഛിച്ചാണ് അക്രമം അതിരു വിട്ടത്. സുഹൃത്തുക്കളും ഒപ്പം ചേർന്നു. കുറെക്കഴിഞ്ഞ് ഇരുകൂട്ടരും മന്ദമരുതിയിലെത്തി. അവിടെ ഫോണിൽ സംസാരിച്ചുനിന്ന അമ്പാടി സുരേഷിനെ എതിർ സംഘത്തിന്റെ കാർ ഇടിച്ചുവീഴ്ത്തി. താഴെവീണ സുരേഷിന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി.
കണ്ണിൽചോരയില്ലാതെ കരുതിക്കൂട്ടി നടത്തുന്ന കൊലപാതകങ്ങളുടെ നിരവധി കഥകളാണ് കേരള ജനത കേട്ടുകൊണ്ടിരിക്കുന്നത്. ഹിറ്റ് സിനിമകളിൽനിന്ന് ആശയം ഉൾക്കൊണ്ടു നടത്തുന്ന കൊലപാതകങ്ങളും മൃതദേഹങ്ങൾ ഗോപ്യമായി മറവു ചെയ്യുന്നതുമൊക്കെ 'ദൃശ്യം' തിരക്കഥയുടെ പൊലിമയോടെ വലിയ വാർത്തകളായി മാറുന്നു. ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളുമൊക്കെ കേരളത്തിൽ ഇപ്പോഴും വിലസുന്നു. ഇതിൽ പലതിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നേതാക്കളുമൊക്കെ ഉൾപ്പെടുന്നു. പോലീസിനെപ്പോലും നോക്കുകുത്തിയാക്കി അക്രമി സംഘങ്ങൾ അരങ്ങുവാഴുന്നു, ഈ കുറ്റവാളിരാഷ്ട്രീയ ബന്ധം മൂലം. ഭരണകൂട നിഷ്‌ക്രിയത്വം കടുത്തുനിൽക്കവേ തെരുവിൽ മനുഷ്യജീവന് യാതൊരു വിലയുമില്ലാതാകുന്നു.
ദുരന്തം തുടർക്കഥ
കോതമംഗലത്തു യുവാവിനെ ആന ചവിട്ടിക്കൊന്ന സംഭവം ഒരിക്കൽക്കൂടി കനത്ത പ്രതിഷേധത്തിനു കാരണമായി. എറണാകുളത്തെ സെക്യൂരിറ്റി ജോലി കഴിഞ്ഞ് രാത്രി എട്ടരയോടെ ബസിറങ്ങി വീട്ടിലേക്കു പോകുംവഴിയാണ് കുട്ടൻപുഴ ഉരുളൻതണ്ണിയിൽ എൽദോസ് എന്ന 45 കാരനെ കാട്ടാന ചവിട്ടിക്കൊന്നത്. ശരീരം ഛിന്നഭിന്നമായി. ഒപ്പമുണ്ടായിരുന്ന ആൾ ഓടിമാറിയതുകൊണ്ടു രക്ഷപ്പെട്ടു. ജോലി കഴിഞ്ഞു മകൻ വീട്ടിലെത്തുന്നതും കാത്തിരിക്കുകയായിരുന്നു വൃദ്ധരായ മാതാപിതാക്കൾ. ജില്ലാ കലക്ടറെത്തി കൈകൂപ്പി അപേക്ഷിക്കുകയും സുരക്ഷ ഒരുക്കുന്ന കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തതിനുശേഷമാണ് സംഭവസ്ഥലത്തുനിന്ന് എൽദോസിന്റെ മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്. കോതമംഗലം പ്രദേശത്തെ തന്നെ നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരംവീണ് എൻജിനിയറിംഗ് വിദ്യാർഥിനി ആൻ മേരി മരിച്ചതു തലേ ദിവസം വൈകുന്നേരമായിരുന്നു.
കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും വർധിക്കുന്നതല്ലാതെ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ കാര്യക്ഷമതയോടെയുള്ള ഇടപെടൽ ഉണ്ടാകുന്നില്ല. പുതിയ വനനിയമ ഭേദഗതി കൊണ്ടുവന്ന് പരമാവധി നാട്ടുകാരെ പിടികൂടാനുള്ള വഴി നോക്കുന്നുണ്ട് വനം വകുപ്പ്. ഇതിനിടെ തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്തു ജീവിക്കുന്നവരെ കാട്ടുമൃഗങ്ങളിൽനിന്നു രക്ഷിക്കാനാവുന്നില്ല അവർക്ക്. വന്യജീവി ആക്രമണങ്ങളിലൊക്കെ കൊല്ലപ്പെടുന്നത് സാധാരണക്കാരായ കർഷകരും പാർശ്വവത്കരിക്കപ്പെട്ട തൊഴിലാളികളുമൊക്കെ മാത്രം. അവഗണന നേരിടുന്നതും അവർക്കാണ്.
ഉരുളൻതണ്ണിയിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിലാണ് കലക്ടർ എൻ.എസ്.കെ. ഉമേഷിനു കൈകൂപ്പി നിൽക്കേണ്ടിവന്നത്. മാറിമാറിവരുന്ന സർക്കാരുകൾക്കു മുന്നിൽ വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന വിവിധ ജില്ലകളിലെ ജനങ്ങൾ ഇതേനിൽപ്പു തുടങ്ങിയിട്ടു കാലമേറെയായി. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കഴിയാത്തതിന്റെ ഫലമാണ് എൽദോസിന്റെ ദാരുണാന്ത്യമെന്ന കാര്യം വ്യക്തം. ഉരുളൻതണ്ണിയിലേതു പോലുള്ള മരണങ്ങളും തലനാരിഴയ്ക്കുള്ള രക്ഷപ്പെടലുകളും തുടർന്നുള്ള രോഷവും കണ്ണീരും പതിവു വാർത്ത. എന്നാൽ, ഇത്തരത്തിൽ ഛിന്നഭിന്നമായി പോകുന്ന മൃതദേഹങ്ങൾക്കു മുന്നിൽ ഹൃദയം തകർന്നിരിക്കുന്നവരുടെ വേദനയ്ക്കു പരിഹാരം കാണേണ്ടവർ കാര്യം ഉൾക്കൊള്ളുന്നില്ല. ഒരാൾ മരിച്ചാൽ അധികാരികളെത്തി എന്തെങ്കിലും കാണിച്ചും പറഞ്ഞും തടിതപ്പി പോകുന്ന കാഴ്ച തുടരുന്നു. എറണാകുളം കലക്ടർ കൈകൂപ്പി നിന്നത് ഒറ്റപ്പെട്ട സംഭവമല്ല.
രണ്ടു വർഷം മുമ്പ് ഒരു ആദിവാസി യുവാവ് ഈ ഭാഗത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്നു വൈദ്യുതി വേലിയടക്കം സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. പക്ഷേ, വീട്ടിൽനിന്നിറങ്ങിയാൽ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത ഭയാനക സാഹചര്യത്തിനു മാറ്റമുണ്ടാക്കാൻ ശ്രമമുണ്ടായില്ല. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഫണ്ടില്ലെന്ന വനംവകുപ്പിന്റെ പല്ലവി തുടരുന്നു. വനം വകുപ്പും അതിനൊരു മന്ത്രിയും ഉണ്ടെങ്കിലും അവർ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കാൻ പണമാണത്രേ മുഖ്യ തടസം. അതുകൊണ്ടുതന്നെ വനം വകുപ്പ് കൈകാര്യം ചെയ്യുന്നവർ ഇത്തരം ദുരന്തം നടന്ന ഇടങ്ങളിൽ ജനരോഷം ഭയന്ന് ആശ്വസിപ്പിക്കാനെന്ന പേരിൽ പ്രദർശനത്തിന് ഇറങ്ങാൻ ധൈര്യപ്പെടാറില്ല.
'സോളർ ഹാങ്ങിങ്'
കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങൾ ഉണ്ടായതായാണ് ആധികാരിക കണക്ക്. ഇതിൽ 909 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ വച്ച കണക്കുപ്രകാരം കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബംഗങ്ങൾക്കു സഹായധനം നൽകാൻപോലും സർക്കാരിനു കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നവിധം സുരക്ഷാസൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതു സർക്കാരിന്റെ പിടിപ്പുകേടാണെന്നു തീർച്ച. ദുരന്തത്തിന് ഇരയാകുന്നവരുടെ കുടംബങ്ങളിലെ ശേഷിക്കുന്നവർ തളർന്നുപോകാതിരിക്കാനാണ് നാമമാത്ര സഹായധനം നൽകുന്നത്. അതിലടക്കം വീഴ്ചയുണ്ടെന്നാണു സർക്കാർരേഖ വ്യക്തമാക്കിയത്.
വനം, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം സമീപപ്രദേശങ്ങളിൽ ഉണ്ടായതുകൊണ്ടുമാത്രം ജനത്തിനു ഭീതികൂടാതെ ഇറങ്ങിനടക്കാനോ സ്വസ്ഥമായി ഉറങ്ങാനോ കഴിയില്ല. വന്യജീവികൾക്കു ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കഴിയാത്തവിധത്തിൽ ഓരോ ഭൂപ്രദേശത്തിനും അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയേ തീരൂ. വനത്തോടു ചേർന്ന പ്രദേശങ്ങളിലേക്കോ കൃഷിഭൂമിയിലേക്കോ മാത്രമല്ല, ജനസാന്ദ്രതയേറിയ മാനന്തവാടി പോലുള്ള പ്രദേശങ്ങളിലേക്കും കാട്ടാന എത്തിയതു സമീപകാലത്തു കേരളം കണ്ടു ഭയന്നു. കാട്ടാനയ്ക്കു പുറമേ കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയവയെല്ലാം മനുഷ്യജീവനു ഭീഷണിയായി മാറുന്നു. റോഡപകടങ്ങളുടെ കാര്യത്തിൽ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന ചിന്ത വൈകിയാണെങ്കിലും ഉന്നതതലത്തിൽ കാണാനായെങ്കിലും മലയോര മേഖലയിൽ വന്യജീവികൾ വരുത്തുന്ന വിനയിൽ ഒഴുകുന്ന കണ്ണീരിനു മറുപടി ഉണ്ടാകുന്നില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ വിദഗ്ധ സഹായം തേടുകയാണാവശ്യം. പണവും ലഭ്യമാകണം. കൈകൂപ്പി നിന്നു ജനരോഷത്തിൽ നിന്നു രക്ഷപ്പെടാൻ എപ്പോഴും സാധ്യമാകില്ല ഭരണക്കാർക്ക്.
കണ്ണൂരിലെ വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ജൂണിൽ പരസ്യമായി രംഗത്തുവന്നിരുന്നു. കണ്ണൂർ പാലത്തിൻകടവ്, കച്ചേരിക്കടവ് എന്നിവിടങ്ങളിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചായിരുന്നു പ്രതികരണം. ആനകളുടെ സൈ്വര്യവിഹാരത്തിന് വനംവകുപ്പ് ബോധപൂർവം അവസരമുണ്ടാക്കുന്നുവെന്നായിരുന്നു മാർ പാംപ്ലാനിയുടെ ആരോപണം. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ആ വിമർശനം സർക്കാരിനെതിരെയെന്ന് കരുതുന്നില്ലെന്നു പറഞ്ഞ് തടിതപ്പാനാണ് വനംമന്ത്രി ശ്രമിച്ചത്. 'സോളർ ഫെൻസിങ് പ്രായോഗികമല്ല. സോളർ ഹാങ്ങിങ് സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ബിഷപ്പിന് അറിവുണ്ടാകില്ല' മന്ത്രി പ്രതികരിച്ചതിങ്ങനെ. പക്ഷേ, ഫെൻസിങ്ങും ഹാങ്ങിങ്ങുമൊക്കെ വെറും തമാശായി തുടരുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1