ജോലി ആവശ്യത്തിനായാലും വിനോദ സഞ്ചാരത്തിനായാലും ഇന്ത്യക്കാര്‍ ഏറ്റവും അധികം സന്ദര്‍ശിക്കുന്ന വിദേശ രാജ്യമാണ് യുഎഇ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ എമിറേറ്റ്‌സുകളിലായി ജോലി ചെയ്യുന്നത്. അടുത്തിടെയായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വിസ അപേക്ഷകള്‍ വലിയ തോതില്‍ നിരസിക്കപ്പെടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ടൂറിസ്റ്റ് വിസ അപേക്ഷകര്‍ക്കുള്ള നിബന്ധനകള്‍ യുഎഇ അടുത്തിടെ കര്‍ശനമാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ അപേക്ഷകരുടെ വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിലേക്ക് നയിച്ചത്. ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ ഹോട്ടല്‍ ബുക്കിംങ് വിശദാംശങ്ങളോടൊപ്പം റിട്ടേണ്‍ ടിക്കറ്റ് വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് ഏറ്റവും പുതിയ നിര്‍ദേശം. ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കണം.
നേരത്തെയെല്ലാം ഇന്ത്യയില്‍ നിന്നും ദുബായിലേക്കുള്ള വിസ അപേക്ഷകളില്‍ 99 ശതമാനത്തിനും അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ തയ്യാറാക്കുന്ന അപേക്ഷകള്‍ പോലും നിരസിക്കപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍പ് ഒന്ന് അല്ലെങ്കില്‍ രണ്ട് ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷ നിരസിക്കല്‍ നിരക്കെങ്കില്‍ നിലവില്‍ അത് അഞ്ച് മുതല്‍ ആറ് ശതമാനം വരെയായി ഉയര്‍ന്നു.
ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ക്കൊപ്പം വിമാന ടിക്കറ്റിന്റെ കോപ്പിയും അറ്റാച്ച് ചെയ്ത് അപേക്ഷിക്കുമ്പോള്‍ പോലും അപേക്ഷ നിരസിക്കപ്പെടുന്നുണ്ടെന്നാണ് പാസിയോ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ നിഖില്‍ കുമാറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. യാത്രക്കാര്‍ ദുബായില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ബന്ധുവിന്റെ വാടക കരാര്‍, എമിറേറ്റ്‌സ് ഐഡി, റസിഡന്‍സ് വിസ കോപ്പി, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ തുടങ്ങിയ രേഖകളെല്ലാം അറ്റാച്ച് ചെയ്യണം. എന്നിട്ട് പോലും അപേക്ഷ നിരസിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഹോട്ടല്‍ ബുക്കിങിനായും ഫ്‌ലൈറ്റ് ടിക്കറ്റിനായും വലിയ തോതില്‍ പണം ചിലവഴിച്ചതിന് ശേഷമാണ് അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് എന്നത് യാത്രക്കാര്‍ക്ക് സാമ്പത്തികമായി വലിയ തിരിച്ചടി നല്‍കുന്നു. വിസ നിരസിക്കപ്പെടുന്ന സാഹചര്യം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഇന്ത്യക്കാരുടെ സാന്നിധ്യം കുറയാനും ഇടയാക്കും. ഡിസംബര്‍ എട്ട് മുതല്‍ 14 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത്. എല്ലാം തവണയും നിരവധി ഇന്ത്യക്കാരാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ലക്ഷ്യമിട്ട് വിദേശ സഞ്ചാരം നടത്താറുള്ളത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ട്രാവൽ ഏജൻസികൾ ഒരുപോലെ വിസ നിരാകരിക്കുന്നതിന്റെ തോത് വൻതോതിൽ ഉയർന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എമിറേറ്റ്സിലേക്ക് വിനോദ സഞ്ചാരികളായി പോലും എത്തണമെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ പാലിക്കേണ്ട ഗതികേടിലാണ് ഇന്ത്യക്കാർ. ഇത് വഴിയൊരുക്കുന്നതാവട്ടെ വലിയ അനിശ്ചിതത്വത്തിനും കാര്യമായ സാമ്പത്തിക നഷ്‌ടങ്ങൾക്കുമാണ്.
നേരത്തെ 99 ശതമാനം ഇന്ത്യൻ ടൂറിസ്‌റ്റ് വിസകളും അംഗീകരിക്കപ്പെട്ടിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് വിവിധ ട്രാവൽ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പുതിയ വിസ നിയമങ്ങൾ നടപ്പാക്കിയതോടെ അനുമതി കിട്ടാതെ യാത്ര മുടങ്ങുന്നവരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്. പലർക്കും ഇത് കാര്യമായ സാമ്പത്തിക നഷ്‌ടവും വരുത്തിവയ്ക്കുന്നുണ്ട്.
സീസണിലെ തിരക്ക് മുൻകൂട്ടി കണ്ട് മികച്ച എയർലൈനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും താമസ സൗകര്യങ്ങൾ വരെ മുൻകൂറായി ഒരുക്കുകയും ചെയ്‌തവരുടെ വിസകൾ പോലും തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് യാത്രക്കാർക്ക് ലക്ഷങ്ങളുടെ നഷ്‌ടം വരുത്തിവയ്ക്കുന്ന സ്ഥിതിവിശേഷവും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വിസ ഫീസുകൾ മാത്രമല്ല ഇത്തരം മുൻകൂട്ടിയുള്ള ബുക്കിംഗ് മുഖേനയും വലിയ നഷ്‌ടമാണ് ടൂറിസ്‌റ്റുകൾക്ക് നേരിടേണ്ടി വരുന്നത്. ദുബായിൽ നടപ്പിലാക്കിയ പുതിയ വിസ നിയമങ്ങൾ താരതമ്യേന സങ്കീർണവും അതിലേറെ ചിലവേറിയതുമാണ് എന്നതാണ് പലരെയും പിന്നിലേക്ക് വലിക്കുന്ന ഘടകം. ഇത് കൂടുതൽ പേരെ യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കാനും കാരണമാവുമെന്ന് വിലയിരുത്തലുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1