'ട്രാക്കോ കേബിൾ' 'ആർക്കോ' ഉള്ള കമ്പനിയായി മാറാം, ടീകോം'ധീം തരികിട തോം' എന്ന കരാർ തിരുവാതിരകളിയുമാകാം....

DECEMBER 12, 2024, 1:24 AM

ഇന്ന് (ബുധൻ) പത്രത്തിൽ കണ്ട ഒരു വാർത്തയിൽ ട്രാക്കോ കേബിൾസ് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങിയതായി കണ്ടു. ഒരു വർഷത്തോളമായി അങ്കമാലിയിലെ ഈ  പൊതുമേഖലാ സ്ഥാപനത്തിൽ ശമ്പളം മുടങ്ങിയിരിക്കുകയാണ്. മറ്റൊരു വാർത്തയിൽ ടീകോം എന്ന ഗൾഫ് കമ്പനിക്ക് സർക്കാർ അനുവദിച്ച 2456 ഏക്കർ ഭൂമി  നഷ്ടപരിഹാരം നൽകി തിരിച്ചു പിടിക്കാൻ പോകുന്നതായി വായിച്ചു. ഈ രണ്ട് വാർത്തകളെയും കുറിച്ചുള്ള വിശദീകരണങ്ങളിലൂടെ സർക്കാർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള ചില നയവിക്രിയകളെക്കുറിച്ച് ചിന്തിക്കാം.

പൊതുമേഖലാസ്ഥാപനങ്ങളെ 'തൊട്ടിലാട്ടി പുന്നാരിക്കുന്ന' ഒരു നയമാണ് സർക്കാരിനുള്ളതെന്ന് ഇടതു നേതാക്കൾ എപ്പോഴും വീമ്പടിക്കാറുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി.യിലെ എത്ര ജോലിക്കാർ ശമ്പളവും പെൻഷനും കിട്ടാതെ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ചോദിച്ചാൽ ഇതേ നേതാക്കളുടെ അണ്ണാക്കിൽ പിരിവെട്ടും. കഴിഞ്ഞ മൂന്നു വർഷം മുമ്പ് 200 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടായിരുന്ന കമ്പനി എങ്ങനെ ഇങ്ങനെയൊരു പതനത്തിലെത്തിയെന്ന ചോദ്യത്തിന്, ട്രാക്കോ കേബിൾ കമ്പനിയുടെ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ ചെയർമാന് മറുപടിയില്ല.

ട്രാക്കോ കേബിളിന് ഇരുമ്പനത്തും തിരുവല്ലയിലും ഡിപ്പോകളുണ്ട്. മൂന്നു വർഷമായി ജോലിക്കാരിൽ നിന്ന് പിരിച്ചെടുത്ത പി.എഫ്. വിഹിതം ഇപ്പോഴും പ്രൊവിഡന്റ് ഫണ്ടിൽ അടച്ചിട്ടില്ല. എംപ്ലോയീസ് സൊസൈറ്റികളിലേക്കുള്ള തൊഴിലാളി വിഹിതമായി പിരിച്ചെടുത്ത ഒന്നരകോടി രൂപയും മാനേജ്‌മെന്റ് വിഴുങ്ങി. പോയ വർഷങ്ങളിൽ ശരാശരി 30 കോടി രൂപവച്ച് സർക്കാരിന് ലാഭവിഹിതമായി നൽകി വന്ന കമ്പനിയാണിത്. കെ.എസ്.ഇ.ബിയിൽ നിന്ന് 152 കോടിയുടെ ഓർഡർ ലഭിച്ചിട്ടും, അത് മുതലാക്കാൻ കഴിയാതെ പോയ കമ്പനിക്ക് 22 കോടിയുടെ പ്രൊഡക്ഷനാണ് ബോർഡിനു വേണ്ടി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇപ്പോൾ ട്രാക്കോ കേബിൾ കമ്പനിയുടെ ബാധ്യത 231.52 കോടി രൂപയാണ്. പ്രൊഡക്ഷനുവേണ്ടി പണം കടം കൊടുത്തിരുന്ന പവർ ഫിനാൻസ് കോർപ്പറേഷനും 89.99 കോടി നൽകാനുണ്ട്. സ്റ്റീൽ നൽകിയ വകയിൽ 4.9 കോടി രൂപ ഒരു സ്വകാര്യ കമ്പനിക്ക് നൽകണം. ഇരുവരും ട്രാക്കോ കേബിളിനെതിരെ കോടതിയിൽ കേസ് നൽകിക്കഴിഞ്ഞു.

vachakam
vachakam
vachakam

പ്രവർത്തന മൂലധനമില്ലാതെ വന്നതോടെയാണ് കമ്പനിയുടെ പ്രവർത്തനം സ്തംഭിച്ചത്. ഒരു മുന്നണി നേതാവ് ചെയർമാനായിരിക്കെ, സി.പി.എം. നേതൃത്വത്തിലുള്ളവർ ഈ കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിൽ വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല. മാത്രമല്ല, കമ്പനിയിലെ മധ്യവയസ്‌ക്കരായ തൊഴിലാളികളും കാലപ്പഴക്കം വന്ന മെഷീനറിയും ഒരേ പോലെ ബാധ്യതയാവുമെന്ന് വ്യവസായ മന്ത്രി പോലും കരുതിയിരിക്കാം. കമ്പനി പൂട്ടിയാൽ, അതിന്റെ മറവിൽ നടക്കാൻ പോകുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തിലും സി.പി.എമ്മിലെ ചില നേതാക്കൾക്ക് കള്ളലാക്കുണ്ടാവാം. കോഴിക്കോട് നഗരത്തിൽ പൂട്ടിപ്പോയ കമ്പനിയുടെ 45 ഏക്കർ ഭൂമി നിസ്സാര വിലയ്ക്ക് ഒരു ഗുജറാത്ത് കമ്പനി വാങ്ങിച്ചതിന്റെ പിന്നിലെ 'കള്ളക്കളി' വാർത്തയാക്കാൻ മടിക്കുന്ന മുഖ്യധാരാമാധ്യമങ്ങളുള്ളപ്പോൾ 'ട്രാക്കോ' ആർക്കോ വിറ്റു തുലയ്ക്കാൻ പോകുന്നുവെന്നു മാത്രം ചിന്തിച്ചാൽ മതി.

ടീകോം നോട്ട് ടീക് ഹേ, (ഹോ!)

ഒരു കമ്പനി ലക്ഷത്തിനടുത്ത തൊഴിലവസരങ്ങളുണ്ടാക്കുമെന്നു പറഞ്ഞപ്പോൾ, അവർക്ക് ഉമ്മൻചാണ്ടി സർക്കാർ സൗജന്യമായി കാക്കനാട് ഇൻഫോപാർക്കിനടുത്ത് 245 ഏക്കർ ഭൂമി നൽകിയെന്നത് ചരിത്രം. അതേ ഭൂമി കമ്പനി തരിശുനിലമായി ഇട്ടത് 12ലേറെ വർഷങ്ങൾ. പ്രളയവും, കോവിഡും, ആഗോളമാന്ദ്യവും മൂലം ടീകോമിന് ആരംഭിക്കാൻ കഴിയാതെ പോയ ഐ.ടി. സംരംഭത്തെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ മാധ്യമങ്ങളിൽ അങ്ങാടിപ്പാട്ടാണ്. ഒ.സി.യുടെ കാലത്ത് ഇതേ സംരംഭത്തിന്റെ ചുക്കാൻ പിടിച്ച വിദ്വാനെ കൊണ്ട് 'വിഷമിറക്കി' ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഭൂമി വീണ്ടെടുക്കുന്നത്, ടീകോമുമായുള്ള കരാറിൽ മഷിപ്പേന കൊണ്ട് എഴുതിച്ചേർത്ത ഒരു വ്യവസ്ഥയുടെ ബലത്തിലാണത്രെ.

vachakam
vachakam
vachakam

ഈ കരാറിന്റെ ഒറിജിനലിന്റെ കസ്റ്റോഡിയൻ ആരായിരുന്നു? തോപ്പുംപടി ബി.ഒ.ടി. പാലത്തിൽ ടോൾ പിരിക്കാൻ കൂടുതൽ വർഷങ്ങൾ കരാർ കമ്പനിക്ക് നൽകിയതും, ഇങ്ങനെയൊരു തിരുത്തലിന്റെ പിൻബലത്തിലായിരുന്നില്ലേ? ഭരണകൂടം 'ജാഗ്രതക്കുറവ്' എന്ന് വിശേഷിപ്പിക്കുന്ന ഇത്തരം തിരുത്തലുകളിലൂടെ ജനം കൂടുതൽ കബളിപ്പിക്കപ്പെടുന്നുവെന്നതല്ലേ സത്യം ?

സി.ബി.ഐ.യെ ആർക്കാണ് പേടി ?

നവീൻബാബു കേസിൽ നാളെ (വ്യാഴം) ഹൈക്കോടതി വിചാരണ നടത്തുന്നുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ സർക്കാരിനും പോലീസിനും പറയാനുള്ളത് കോടതി കേൾക്കും. ഇതിനിടെ പോലീസിന്റെ മഹസറിൽ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയെക്കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ലാത്തത് മറ്റൊരു തർക്കത്തിന് കാരണമായേക്കാം.

vachakam
vachakam
vachakam

പി.പി. ദിവ്യയുടെ ഭർത്താവും, പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തനും ജോലി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തരുതെന്ന നവീൻബാബുവിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന കണ്ണൂർ കളക്ടർ കേൾക്കാതെ പോയതിനുള്ള കാരണവും പ്രതിഭാഗം വിശദീകരിക്കേണ്ടിവരാം. ഹോമിയോ പഠിച്ച്, അതിന്റെ ബലത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. സീറ്റ് തരമാക്കിയ ഒരു കടുത്ത പാർട്ടി സഖാവാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറെന്ന് നവമാധ്യമങ്ങൾ പറയുന്നു. മൃതദേഹം ഞാന്നു കിടന്ന പ്ലാസ്റ്റിക് നൂലിന്റെ ബലക്കുറവ് പോലും ഇനി ചോദ്യം ചെയ്യപ്പെട്ടേക്കാം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രക്തക്കറ ഇല്ലാതെ പോയതും, ശരീരത്തിൽ മുറിവോ ചതവോ ഉണ്ടായിരുന്നില്ലെന്ന കണ്ടെത്തലുമെല്ലാം കോടതി സസൂക്ഷ്മം നിരീക്ഷിക്കും.

സർക്കാരിന് രുചികരമല്ലാത്ത വിധികൾ പറഞ്ഞിരുന്ന ന്യായാധിപനെ 'റോസ്റ്റർ' ചേഞ്ചിന്റെ പേരിൽ ഈ കേസ് വിചാരണയിൽ നിന്ന് ഒഴിവാക്കിയതിനെപ്പറ്റി സംശയിക്കാൻ കാരണമൊന്നുമില്ല. ഒരു പ്രമുഖ സർക്കാർ ഉദ്യോഗസ്ഥനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വിചാരണ 2018ൽ തുടങ്ങി 2024 ഓഗസ്റ്റ് 7ന് പൂർത്തിയായതാണ്. പക്ഷെ ഈ കേസിന്റെ നിലവിലുള്ള സ്ഥിതിയെപ്പറ്റി ഹൈക്കോടതിയുടെ ഔദ്യോഗിക സൈറ്റിൽ വിവരമൊന്നുമില്ല.

ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിനെ അഴിമതിക്കേസിൽ നാലര മാസം തടവിൽ പാർപ്പിക്കാൻ ശൗര്യം കാട്ടിയ ഇ.ഡി.ക്ക്, കേരളത്തിലെ ഒരു മുൻ മന്ത്രിയെ സമൻസയച്ച് വിളിപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. വിചാരണ കഴിഞ്ഞ് 2024 ഫെബ്രുവരിയിൽ വിധി പറയേണ്ട കേസ് ഇപ്പോഴും ശൂന്യതയിലാണ്. കോവിഡ് കാലത്തു നടന്ന സ്പ്രിംഗ്‌ളർ ഇടപാട് സംബന്ധിച്ച് പരാതി നൽകിയത് രമേശ് ചെന്നിത്തലയാണ്. ആ കേസിന്റെ ഇനിയുള്ള വാദം കേൾക്കൽ 2025 ഫെബ്രുവരിയിലാണ്. ഇതെല്ലാം കോടതിയുടെ ജോലിഭാരം കൊണ്ടുമാത്രം സംഭവിക്കുന്നതാണോ? പിണറായി സർക്കാരിനും ഭരണത്തിനുമെതിരെയുള്ള കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ എന്തേ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാത്തത് ?

റീ ബിൽഡ് കേരളയും റീബിൽഡ് കോമഡി സ്റ്റോറികളും !

പ്രളയം കഴിഞ്ഞപ്പോഴാണ് റീബിൽഡ് കേരളയെന്ന മുദ്രാവാക്യം ഭരണ നേതാക്കൾ ഉറക്കെ പറയാൻ തുടങ്ങിയത്. എന്നാൽ, പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതും, പുതുക്കിപ്പണിതതുമായ സർക്കാർ കെട്ടിടങ്ങൾ എത്രയുണ്ടെന്ന ചോദ്യത്തിനു പോലും മറുപടി നൽകാൻ കഴിയാത്തത്ര പിടിപ്പുകേട് നിറഞ്ഞ ഭരണമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. സർക്കാർ ജീവനക്കാരുടെ മൊത്തം എണ്ണം, അതിൽ സ്ഥിരക്കാർ എത്ര, താൽക്കാലികക്കാർ എത്ര, സർക്കാരിന്റെ കൈവശമുള്ള മൊത്തം ഭൂമി എത്ര അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇനിയും സർക്കാരിന് കഴിയുന്നതേയില്ല.

പാർട്ടി വിട്ടാൽ ഉടൻ കേസ് പൊങ്ങും!

സി.പി.എം. വിട്ട മധു മുല്ലശേരി എന്ന പ്രാദേശിക നേതാവ് സാമ്പത്തിക ക്രമക്കേട് നടത്തിയതായി പാർട്ടി പോലീസിന് പരാതി നൽകിക്കഴിഞ്ഞു. മറ്റൊരു പാർട്ടി നേതാവിനെ പഴയ കുടുംബപ്രശ്‌നത്തിന്റെ പേരിൽ പാർട്ടി പ്രതിയാക്കിയിട്ടുണ്ട്. എന്തിന് പാർട്ടി വിട്ട പി.വി. അൻവറിന്റെ കളമശ്ശേരി എൻ.എ.ഡി.യിലുള്ള ഏഴ് നില കെട്ടിടം നിയമം ലംഘിച്ചുള്ള നിർമ്മിതിയാണെന്നും പാർട്ടി കണ്ടെത്തിക്കഴിഞ്ഞു. പാർട്ടിയംഗമായിരിക്കെ, ഇവരെല്ലാം പ്രിയ സഖാക്കൾ, പാർട്ടി വിട്ടാൽ 'കുലം കുത്തി' എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ അതേ മാതൃകയാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരും സ്വീകരിച്ചിട്ടുള്ളത്. അനധികൃത സ്വത്തെന്നു പറഞ്ഞ മഹാരാഷ്ട്രയിലെ അജിത് പവാറിന്റെ 1200 കോടി രൂപയുടെ സ്വത്തുക്കളാണ്, അജിത് ബി.ജെ.പി.യിൽ ചേർന്നതോടെ ഇ.ഡി. വിട്ടു കൊടുത്തത് !

റോഡല്ലേ, സ്റ്റേജ് കെട്ടാൻ ബെസ്റ്റല്ലേ?

വഞ്ചിയൂർ പോലീസ് സ്റ്റേഷന്റെ മൂക്കിന്റെ തുമ്പത്തായി, സി.പി.എം. ഏരിയാ സമ്മേളനത്തിനുവേണ്ടി ഡിസംബർ 5നാണ് റോഡിൽ സ്റ്റേജ് കെട്ടിയത്. ആമയിഴഞ്ചാൽ തോട് സ്‌ലാബിട്ട് മൂടി വഴിയായി മാറിയപ്പോൾ ജനം അതേ വഴിയിലൂടെ സഞ്ചരിക്കുന്നത് പതിവാക്കി. റോഡരികുകളിൽ കൊടി കെട്ടരുത്, രക്തസാക്ഷി മണ്ഡപം സ്ഥാപിക്കരുത് തുടങ്ങിയുള്ള കോടതി നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി റോഡിൽ സ്റ്റേജ് കെട്ടിയാലും ആരുണ്ട് ചോദിക്കാനെന്ന മട്ടിലുള്ള ഭരണകക്ഷിയുടെ ധാർഷ്ട്യം ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്. ഭരണവിരുദ്ധ വികാരം നാട്ടിൽ 'കൊലവെറി' യായി പടരവേ, ഇനി പാർട്ടി വിരുദ്ധ വികാരം കൂടി നാട്ടിൽ നട്ടു വളർത്താൻ തീരുമാനിച്ച 'ഗോവിന്ദ മഹാരാജാവ്' നീണാൾ വാഴട്ടെ.

ഇപ്പോൾ കണ്ടാലറിയാവുന്ന (അറിയാത്ത എന്ന് പോലീസ് ഭാഷ്യം) 500 പേർക്കെതിരെയുള്ള കേസെടുക്കൽ, ഒരു സ്റ്റേജല്ലേ കെട്ടിയുള്ളൂ, പാർട്ടി മന്ദിരമൊന്നും പണിതില്ലല്ലോ എന്ന രീതിയിൽ 'എരിവ് പോയ മുളക്' പോലെ പുകഞ്ഞു തീരുമെന്നാണ് തോന്നുന്നത്. തലസ്ഥാനത്തു പോകുമ്പോൾ, ഏരിയാ സമ്മേളനം പെരുവഴിയിൽ നടത്തേണ്ടി വന്ന സി.പി.എമ്മിന്റെ പുതിയ ബഹുനില മന്ദിരം ഏ.കെ.ജി. സെന്ററിനരികെ പണി പൂർത്തിയായി വരുന്നത് കാണാതിരിക്കല്ലേ? പാർട്ടിക്കാർ കഴിച്ചിരുന്ന കട്ടൻ കാപ്പി ഹോർലിക്‌സും ഫലൂഡയുമായതും, പരിപ്പു വട ഒന്നാന്തരം മട്ടൻ ബിരിയാണിയായതും അറിയാത്തവർ ആ മഹാമന്ദിരം കാണാതെ പോയാൽ ആ കെട്ടിടത്തിന് നൽകാൻ പോകുന്ന ഒരു അയ്യോ പാവം 'തൊഴിലാളി നേതാവിനെ' അപമാനിക്കലാവില്ലേ? അരുതനിയാ, അരുത് ...!

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam