ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആശങ്കയിലാഴ്ത്തി കൊണ്ട് പൗരത്വ നിയമങ്ങളില്‍ വലിയ മാറ്റം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ നിലവിലുള്ള ജന്മാവകാശ പൗരത്വ നിയമത്തില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്നാണ് ട്രംപ് പറയുന്നത്. ജനുവരിയില്‍ അധികാരമേറ്റെടുത്ത ശേഷം ആദ്യം നടപ്പാക്കുന്ന മാറ്റങ്ങളില്‍ ഒന്നാവും ഇതെന്നും ട്രംപ് പറയുന്നു.
രാജ്യത്തെ കുടിയേറ്റ നയങ്ങള്‍ ശക്തമാക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകും. അമേരിക്കയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന 14 ലക്ഷത്തിലേറെ പേരില്‍ 18000 ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്. മതിയായ രേഖകള്‍ ഇല്ലാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
നവംബറില്‍ ഐസിഇ പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാരില്‍ അധികവും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നിയമം കര്‍ശനമായി നടപ്പിലാക്കുകയാണെങ്കില്‍ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഐസിഇയുടെ പ്രസ്താവനയോടെ തന്നെ ഇവരെ നാടുകടത്തിയേക്കുമെന്ന് ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആവശ്യമായ രേഖകളില്ലാത്തവര്‍ നേരത്തെ തന്നെ നിയമനടപടികള്‍ നേരിട്ട് വരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കേസ് നടത്തുന്നുവരുമുണ്ട് ഇക്കൂട്ടത്തില്‍. നാടുകടത്തല്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള പ്രവത്തനത്തിലെ കാലതാമസം കാരണം ഐസിഎ ഇന്ത്യയെ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അമേരിക്കിയില്‍ നിന്നും തിരിച്ച് അയക്കുന്ന പൗരന്മാരെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങള്‍ കാണിക്കുന്ന താല്‍പര്യം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പട്ടിക അമേരിക്ക തയ്യാറാക്കിയിരിക്കുന്നത്. 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് ശരാശരി 90,000 ഇന്ത്യന്‍ പൗരന്മാര്‍ യുഎസ് അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. അനധികൃത കുടിയേറ്റക്കാരെ കടുത്ത രീതിയില്‍ നേരിടുകയെന്നുള്ളത് ട്രംപിന്റെ പ്രഖ്യാപിത നയമാണ്. കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജന്‍സികളെയും ഉപയോഗിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
അതേസമയം ഇത് ആദ്യമായല്ല അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള അമേരിക്കയുടെ നീക്കം. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് കഴിയുന്ന അനധികൃത കുടിയേറ്റക്കാരായ നൂറോളം ഇന്ത്യക്കാരെ അമേരിക്ക ചാര്‍ട്ടേഡ് വിമാനത്തില്‍ തിരിച്ച് അയച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാറും ഈ നടപടിയില്‍ സഹകരിച്ചു. ഇത്തരത്തില്‍ 2024-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1100 ലേറെ പേരെ നാടുകടത്തിയെന്നാണ് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ച് അയക്കുന്നതിനൊപ്പം തന്നെ പൗരത്വ നിയമങ്ങളില്‍ വലിയ മാറ്റം നടപ്പാക്കാനും ട്രംപ് ഒരുങ്ങുകയാണ്. യുഎസില്‍ നിലവിലുള്ള ജന്മാവകാശ പൗരത്വ നിയമത്തില്‍ കാതലായ മാറ്റം കൊണ്ടുവരാനാണ് നീക്കം. യുഎസില്‍ ജനിക്കുന്ന വ്യക്തി യുഎസ് പൗരനായി കണക്കാക്കപ്പെടും എന്നതാണ് നിലവിലെ നിയമം. തന്റെ ഒന്നാം ഭരണ കാലത്ത് തന്നെ ഈ നിയമം പരിഷ്‌കരിക്കാനുള്ള ശ്രമം ട്രംപ് ആരംഭിച്ചിരുന്നെങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.
യുഎസ് ഭരണഘടനയില്‍ കഴിഞ്ഞ 150 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന നിര്‍ണായക വകുപ്പുകളില്‍ ഒന്നാണ് ജന്മാവകാശ പൗരത്വം. അതാണ് ട്രംപ് എടുത്തുകളയാന്‍ ഒരുങ്ങുന്നത്. യുഎസില്‍ ജനിക്കുന്ന വ്യക്തി യുഎസ് പൗരനായി കണക്കാക്കപ്പെടും എന്നതാണ് ഈ നിയമം അനുശാസിക്കുന്നത്. തന്റെ ഒന്നാം ഭരണ കാലത്ത് തന്നെ ഇതിനുള്ള നീക്കങ്ങള്‍ ട്രംപ് ആരംഭിച്ചിരുന്നെങ്കിലും അന്നത് നടക്കാതെ പോവുകയായിരുന്നു.
എന്നാല്‍ ട്രംപിന്റെ പുതിയ നീക്കം യുഎസിലേക്ക് കുടിയേറിയ ആയിരക്കണക്കിന് ഇന്ത്യന്‍ക്കാരെയും ഇന്ത്യന്‍ വംശജരെയും പ്രതിസന്ധിയിലാക്കും. കൂടുതല്‍ കടുത്ത നടപടികളിലേക്ക് തന്നെ താന്‍ കടക്കുമെന്ന സൂചനയാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. ജന്മാവകാശ പൗരത്വത്തെ പരിഹാസ്യമായ ആശയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
യുഎസിലെ ജന്മാവകാശ പൗരത്വ നിയമം
ജന്മാവകാശ പൗരത്വം എന്നാല്‍ യുഎസില്‍ ജനിച്ചവര്‍ സ്വയമേവ ഒരു അമേരിക്കന്‍ പൗരനാകും എന്നതാണ്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി രാജ്യത്ത് ഈ നിയമം നിലവിലുണ്ട്. 1868-ല്‍ അംഗീകരിച്ച 14-ാം ഭേദഗതിയിലാണ് ഈ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് അടിമകളായി ഇവിടെ എത്തിയ ആളുകള്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും പൗരത്വം നല്‍കുന്നതിനാണ് ഈ വ്യവസ്ഥ ആദ്യം രൂപകല്‍പ്പന ചെയ്തിരുന്നത് എന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യക്കാരെ ബാധിക്കുക എങ്ങനെ?
യുഎസിലാകെ 5.4 ദശലക്ഷത്തിലധികം ഇന്ത്യന്‍ അമേരിക്കക്കാരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അവര്‍ ആകെ ജനസംഖ്യയുടെ 1.47 ശതമാനത്തോളം വരും. ഇതിലാവട്ടെ മൂന്നില്‍ രണ്ട് പേരും കുടിയേറ്റക്കാരും 34 ശതമാനം പേര്‍ യുഎസില്‍ ജനിച്ചവരുമാണ്. ഇത്രയധികം ഇന്ത്യക്കാര്‍ യുഎസില്‍ വസിക്കുമ്പോള്‍ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകും എന്നുറപ്പാണ്.
2019ല്‍ രാജ്യത്തെ മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് 18 വയസിന് താഴെയുള്ള 5.5 ദശലക്ഷം കുട്ടികള്‍ രാജ്യത്ത് അനധികൃത കുടിയേറ്റക്കാരായി കുറഞ്ഞത് ഒരു രക്ഷിതാവിനോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് യുഎസിലെ പ്രായപൂര്‍ത്തിയാവാത്തവരുടെ എണ്ണത്തിന്റെ 7 ശതമാനത്തോളം വരുമെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇത് കണക്കിലെടുമ്പോള്‍ ജന്മാവകാശ പൗരത്വത്തിലെ ഏത് ഭേദഗതിയും ഗ്രീന്‍ കാര്‍ഡും എച്ച്-1 ബി വിസയുമുള്ള ഇന്ത്യക്കാര്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളി തന്നെ സൃഷ്ടിക്കും. അതായത് നിലവിലുള്ളത് പോലെ അവര്‍ നേരിട്ട് യുഎസ് പൗരന്മാര്‍ ആവില്ല, പകരം പല സങ്കീര്‍ണമായ നിയമ പ്രക്രിയകളിലൂടെയും കടന്നുപോവേണ്ടി വരും. ഇതാണ് ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്ന കാര്യം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1