ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ ചുറ്റിവരിഞ്ഞ ഇരു മുന്നണികളും സംസ്ഥാന രാഷ്ട്രീയ മണ്ഡലത്തെ വീണ്ടും ചൂടു പിടിപ്പിക്കുന്ന കാഴ്ചയാണ് കേരളം ഈ വാരം കണ്ടത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപാടെ അതുവരെ അടക്കിപ്പിടിച്ചു നിന്ന പ്രതിഷേധങ്ങൾ ഒന്നൊന്നായി പുറത്തു ചാടി. നേതൃമാറ്റമെന്ന അജണ്ഡയുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തിറങ്ങിയപ്പോൾ, പാർട്ടി സമ്മേളനങ്ങളിൽ ഉയരുന്ന കലാപമടക്കാനുള്ള തത്രപ്പാടിലാണ് സി.പി.എം നേതൃത്വം. ബി.ജെ.പിയാവട്ടെ തോൽവികൾക്ക് ന്യായീകരണം കണ്ടെത്താൻ നിൽക്കാതെ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാം എന്ന ലൈനിൽ ഒതുങ്ങി. തോൽവിയുടെ പേരിൽ കെ. സുരേന്ദ്രനെ പുകയ്ക്കാമെന്ന മോഹം തൽക്കാലം വേണ്ടെന്ന് പ്രഭാരി പ്രകാശ് ജാവഡേക്കർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
കോൺഗ്രസിൽ തെരഞ്ഞെടുപ്പിനു പിന്നാലെ നേതൃമാറ്റ ആവശ്യം ഉയർത്തിയതിൽ പാർട്ടി കേന്ദ്ര നേതൃത്വം അതൃപ്തിയിലാണ്. ഹൈക്കമാന്റിന്റെ മനം കെ. സുധാകരൻ തന്നെ നയിക്കട്ടെ എന്ന്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഏകാധിപത്യ ശൈലിക്കെതിരെ കലാപമുയർത്തുകയാണ് മറ്റൊരു വിഭാഗം. യുവനിരയുടെ പ്രതിഷേധ സ്വരം കോൺഗ്രസിൽ കരുത്താർജിക്കുന്നത് സതീശന് ഭീഷണിയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്കൊഴികെ മറ്റെല്ലാ യുവ നേതാക്കൾക്കും ചുമതല നൽകിയെന്ന ചാണ്ടി ഉമ്മന്റെ വെടിയുതിർക്കൽ നേരെ ചെന്നു കൊണ്ടത് സതീശന്റെ നെഞ്ചിൽത്തന്നെ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന്റെ മത്സര രംഗത്ത് ചാണ്ടി ഉമ്മൻ എത്തിയില്ല. അതേ സമയം, പ്രചാരണ കാലത്ത് രാഹുൽ മാങ്കൂട്ടം ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കൽ എത്തിയപ്പോൾ ഒപ്പം ചാണ്ടി ഉമ്മനെ കണ്ടതുമില്ല. അതൃപ്തി അന്നേ വ്യക്തം.
പാലക്കാട്ടേയ്ക്ക് അടുപ്പിച്ചില്ല എന്ന പരാതി അന്നേ ഉയർത്തിയ മറ്റ് യുവ നേതാക്കളുമുണ്ട്. ആരുടേയും ശബ്ദം കാര്യമായി പുറത്തേയ്ക്കു വന്നില്ല എന്നു മാത്രം. തോൽവിയുടെ പേരിൽ നേതൃമാറ്റമുണ്ടാകുന്നെങ്കിൽ അത് സുധാകരനിൽ മാത്രമായി ഒതുങ്ങരുതെന്ന സന്ദേശം കെ. മുരളിധരൻ നൽകിയതോടെ ചേരിതിരിവ് പ്രകടമായി. നേരത്തെ സിമി റോസ് ബെൽ ജോണിനെപോലുള്ള എ.ഐ.സി.സി തലം വരെയെത്തിയ നേതാക്കൾ സതീശനെതിരെ കലാപക്കൊടി ഉയർത്തിയതിന്റെ ബാക്കിയായി വേണം ഇതിനെ കാണാൻ.
കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റാനാണെങ്കിൽ വച്ചു നീട്ടാതെ അത് ഉടനെ വേണമെന്ന് ചില സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചത് പഴയ ഗ്രൂപ്പുകളിയുടെ കാലത്തെ കോൺഗ്രസിനെ ഓർമിപ്പിക്കുന്നു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പുന:സംഘടന വേണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർത്തിയത് സുധാകര വിരുദ്ധ പക്ഷമാണെങ്കിലും അതിന്റെ ഗുണഭോക്താവാൻ കഴിയാത്തതിന്റെ നൈരാശ്യത്തിലാണ് ഒരു പറ്റം നേതാക്കൾ. സാമുദായിക പരിഗണനയും യുവനിരയ്ക്കുള്ള പങ്കാളിത്തവും കണക്കാക്കിയാൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാൻ തങ്ങളും യോഗ്യരാണെന്ന വിശ്വാസം പുലർത്തുന്ന അര ഡസനോളം നേതാക്കൾ കോൺഗ്രസിലുണ്ട്. ഏതായാലും പുതിയ ടീം വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉയർത്തുന്ന വെല്ലുവിളി വരും നാളുകളിൽ ഗ്രൂപ്പിസത്തിന് നല്ല വളമായി മാറുമെന്ന് വ്യക്തമാണ്.
അതിനിടെ, ഡി.സി.സി അദ്ധ്യക്ഷന്മാരുടെ മാറ്റത്തിനുള്ള സമയവും വന്നു ചേർന്നു. അതിന്റെ സമവാക്യവും സമദൂരവുമെല്ലാം മറ്റൊരു കടമ്പയാണ്. ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമിട്ടതോടെ പല ജില്ലകളിലും സി.പി.എം നേതൃത്വവും അണികൾക്കും അംഗങ്ങൾക്കും മുന്നിൽ പ്രതിരോധത്തിലാണ്. അവിടേയും പാർട്ടിക്കുള്ളിലെ അധികാര വടംവലി തന്നെ മുഖ്യവിഷയം. ഉപതെരഞ്ഞെടുപ്പ് വിവാദങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കി. ഏരിയാ സമ്മേളനങ്ങൾ പലതും ഇറങ്ങിപ്പോകലുകൾക്കു വേദിയായി. സമ്മേളന തെരഞ്ഞെടുപ്പുകളിൽ മത്സരം വന്നു. ജില്ലാ സെക്രട്ടറിമാർ ഓടി നടന്ന് ഓട്ടയടച്ചു പിടിച്ചുനിന്നു.
പ്രശ്‌നം ഒന്നു തന്നെ
സംസ്ഥാനതലം തൊട്ടു ബ്രാഞ്ചു തലം വരെ സഖാക്കളുടെ അധികാര പ്രമത്തത. കമ്മ്യൂണിസ്റ്റ് ശൈലി മറന്നുള്ള ജീവിതം. കട്ടൻകാപ്പിയും പരിപ്പുവടയും കഴിച്ച് കഴിഞ്ഞ കാലം എന്ന പരിഹാസ പ്രയോഗത്തെ മറിച്ചിട്ട് ആഡംബരത്തിന്റെ അവസാന വാക്കായി വിലസുന്നവർ. രംഗം വഷളായത് ഏരിയാ സമ്മേളനങ്ങൾ കഴിഞ്ഞതോടെയാണ്. ആദ്യ ജില്ലാ സമ്മേളനം നടന്ന കൊല്ലത്തു തന്നെ വിഭാഗീയതയുടേയും പുതുക്കിപ്പണിയലിന്റെയും അപശബ്ദങ്ങളും ആവശ്യങ്ങളും തല പൊക്കി. പാർട്ടിയിൽ ഇരട്ടനീതി അതായിരുന്നു നേതൃത്വം നേരിട്ട ഏറ്റവും വലിയ ആക്ഷേപം. വിഭാഗീയത രൂക്ഷമായതിനാൽ ഏരിയാ കമ്മിറ്റി പിരിച്ചു വിട്ട കരുനാഗപ്പള്ളി ഏരിയയിൽ നിന്ന് പ്രതിനിധികളില്ലാതെയാണ് കൊല്ലം സമ്മേളനം നടത്തിയത്. സാക്ഷാൽ എം.വി. ഗോവിന്ദനെ മുൾ മുനയിൽ നിർത്തിയാണ് കൊല്ലം സമ്മേളത്തിൽ പ്രതിനിധികൾ ആക്ഷേപങ്ങളുന്നയിച്ചത്.
ഇരട്ട പദവി പാർട്ടി നയമല്ല എന്നു പറയുന്ന സെക്രട്ടറി എങ്ങനെ ഒരേ സമയം എം.എൽ.എ പദവി കൂടി വഹിക്കുന്നു എന്ന സുപ്രധാന ചോദ്യം ഉയർത്തപ്പെട്ടു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം.എൽ.എയാണ്. എന്നാൽ അടിത്തട്ടിലെ പാർട്ടി പ്രവർത്തകൻ പഞ്ചായത്ത് പ്രസിഡന്റോ സഹകരണ ബാങ്ക് പ്രസിഡന്റോ ആയാൽ പാർട്ടിയിൽ സുപ്രധാന ചുമതലകൾ നിഷേധിക്കുന്നത് ഇരട്ട നീതിയാണെന്ന് പൊതു ചർച്ചയിൽ ആക്ഷേപമുയർന്നു.
സീതാറാം യെച്ചൂരി അന്തരിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താൻ കഴിയാഞ്ഞത് നാണക്കേടാണ്. ദേശീയതലത്തിൽ പാർട്ടിയുടെ അടവ് നയങ്ങളാകെ പാളുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് പാർട്ടി മെമ്പർഷിപ്പിലുള്ള ഒരാളെപ്പോലും കണ്ടെത്താനായില്ല. രൂക്ഷമായ ആരോപണങ്ങൾ മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തുമ്പോൾ മുഖ്യമന്ത്രി പുലർത്തുന്ന മൗനം പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നു. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. പ്രകാശ് ജവേദ്കറുമായി കൂട്ടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ശക്തമായ നടപടി ഉണ്ടാകാത്തത് കൂടിക്കാഴ്ച പാർട്ടി അറിഞ്ഞാണെന്ന സംശയം ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ചിഹ്നം നഷ്ടപ്പെട്ടാൽ മരപ്പെട്ടി, ഈനാംപേച്ചി തുടങ്ങിയ ചിഹ്നങ്ങളിൽ വോട്ട് ചെയ്യേണ്ടി വരുമെന്ന കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രസംഗം പാർട്ടിക്കാകെ ക്ഷീണമുണ്ടാക്കി.
അതിനിടെ, തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സി.പി.എം. ഏരിയാ സമ്മേളനം നടത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം വന്നു. റോഡ് കെട്ടിയടയ്ക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത് എന്ന ഹൈകോടതിയുടെ ചോദ്യത്തിന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറയേണ്ട സ്ഥിതിവന്നു. ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതു കണക്കിലെടുക്കാതെ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ഗതാഗതം തടസപ്പെടുംവിധം സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലും രാപ്പകൽ സമരം നടത്തി. പോലീസ് കേസായി. വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ ഉൾപ്പാർട്ടി വിവാദങ്ങൾ മുന്നണികളിലെ പ്രബല കക്ഷികളെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ചോദ്യം.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1