യുദ്ധവെറിയും ഭരണകൂടങ്ങളുടെ പതനവും ലക്ഷക്കണക്കിന് പേരുടെ പലായനവും കണ്ട 2024. സമ്മര്‍ദങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും വര്‍ഷത്തില്‍ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ വ്യക്തിയായി പ്രശസ്തമായ പൊളിറ്റിക്കോ കണ്ടെത്തിയത് ഒരു വനിതയെ ആയിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. മുഖത്ത് നോക്കി കാര്യം പറയുന്ന, ലോകരാഷ്ട്രീയത്തിലെ വല്യേട്ടന്‍മാരുടെ താളത്തിനൊത്ത് തുള്ളാത്ത ഭരണാധികാരിയെന്നായിരുന്നു പൊളിറ്റിക്കോയുടെ വിലയിരുത്തല്‍.
പ്രായോഗിക സമീപനം കൊണ്ടും നിലപാടുകള്‍ കൊണ്ടും തീവ്രവലതുപക്ഷ പശ്ചാത്തലത്തിന്റെ പേരില്‍ സംശയത്തോടെ നോക്കിയ വിമര്‍ശകരെ കൊണ്ടും പ്രശംസാ വാചകങ്ങള്‍ പറയിക്കാന്‍ കഴിഞ്ഞു മെലോനിക്ക്. കുടിയേറ്റം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം തുടങ്ങിയ വിഷയങ്ങളില്‍ മെലോനിയുടെ സമീപനത്തെ കുറിച്ച് ആശങ്കയോടെയാണ് പല രാജ്യങ്ങളും സംഘടനകളും കണ്ടത്. അതില്‍ വലിയ ഞെട്ടിക്കുന്ന നയംമാറ്റമൊന്നും കൊണ്ടുവന്നില്ലെങ്കിലും ഉക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങളേര്‍പ്പെടുത്തണമെന്ന് ഏറ്റവും ശക്തമായി മെലോനി വാദിക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.
അന്ന് ആ നിലപാട് വ്യക്തമാക്കിയതോടെ മെലോനിയുടെ പ്രതിഛായ തന്നെ മാറുകയായിരുന്നു. ഇലോണ്‍ മസ്‌ക് ഉള്‍പെടെ വലിയൊരു വിഭാഗം മെലോനിയുടെ ആരാധകരായത്. നിന്ന നില്‍പില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന രാഷ്ട്രീയ സൗഹൃദങ്ങളും അഴിമതിക്കഥകളും നിറഞ്ഞ ഇറ്റലിയുടെ രാഷ്ട്രീയ രംഗത്ത് സമീപകാലത്ത് കണ്ട സ്ഥിരതയാര്‍ന്ന ഭരണത്തിന്റെ സാരഥിക്ക് ഇപ്പോഴിതാ പൊളിറ്റിക്കോയുടെ അംഗീകാരവും.
ചരിത്രം, സംസ്‌കാരം, സാഹിത്യം, കല, സംഗീതം, ഫുട്‌ബോള്‍, ഭക്ഷണം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ സമ്പന്നമായ നാടിന് ആദ്യമായി വന്ന പെണ്‍കാവലാള്‍ ആയിരുന്നു മെലോനി. ഇറ്റലിക്ക് മാറുന്ന മുഖം എന്ന ആഗ്രഹം മെലോനി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പങ്കുവെക്കുമ്പോള്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് ആശങ്കയായിരുന്നു. ഒന്നാമത് യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയോട് വിയോജിപ്പ്, അതിര്‍ത്തികളെല്ലാം അടച്ചിട്ട് കുടിയേറ്റം നിയന്ത്രിച്ചാലെന്താ എന്ന മട്ട്, ഘഏആഠഝ സമൂഹത്തോട് കടുത്ത എതിര്‍പ്പ്, ലിംഗപരമായ ആശയസംവാദങ്ങളോടുള്ള താത്പര്യമില്ലായ്മ... ഈ നിലപാടുകള്‍ക്ക് പുറമെ മുസ്സോളിനിക്ക് ശേഷം എത്തുന്ന ഫാഷിസ്റ്റ് നേതൃത്വം എന്ന തലക്കെട്ട് കൂടിയാകുമ്പോള്‍ പൂര്‍ത്തിയായി.
മെലോനിയെ സംശയദൃഷ്ടിയോടെയല്ലേ നോക്കാന്‍ പറ്റൂ എന്നായി വിമര്‍ശകരുടെ ചോദ്യം. സഖ്യനേതാക്കളായ ബെര്‍ലുസ്‌കോണിയുടേയും മാറ്റിയോ സാല്‍വീനിയുടേയും പോലെ റഷ്യക്കൊപ്പമല്ല താനെന്ന് മെലോനി പറഞ്ഞത് വെറുതെയല്ലെന്ന് ഭരണത്തിലേറിയപ്പോള്‍ തെളിഞ്ഞു. അപ്പോള്‍ മുതലാണ് രാഷ്ട്രീയ വിമര്‍ശകര്‍ പതുക്കെ മെലോനിയിലേക്ക് ശ്രദ്ധ തിരിച്ചത്.
ഈ ലോകത്തെ ജീവിതം ഒരു കൊല്ലം മാത്രം പിന്നിടുമ്പോള്‍ ഉപേക്ഷിച്ച് പോയ അച്ഛന്‍ ഫ്രാന്‍സെസ്‌കോയുടെ ഇടത് നിലപാടില്‍ നിന്ന് മെലോനി മാറിനടന്നത് സ്വാഭാവിക പ്രതികരണമായിരുന്നു. അമ്മ അന്നയുടേത് വലതുപക്ഷ നിലപാടായിരുന്നു എന്നത് അതിനൊരു പിന്‍ബലമായെന്ന് മാത്രം. പതിനഞ്ചാം വയസ്സില്‍ എംഎസ്‌ഐയുടെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടില്‍ ചേര്‍ന്നു. എംഎസ്‌ഐ നേതാവായ മാര്‍ക്കോ മാര്‍സിലിയോ ആണ് രാഷ്ട്രീയഗുരു. രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് മെല്ലെ മെല്ലെ ചുവടുകള്‍ വെച്ച് 2008ല്‍ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ മന്ത്രിസഭയിലേക്ക് നടന്നു കയറിയ മെലോനി ഇറ്റലിയില്‍ മന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി.
നാല് കൊല്ലത്തിനിപ്പുറം സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ബ്രദേഴ്‌സ് ഓഫ് ഇറ്റലി. മുസ്സോളിനിയുടെ ഫാഷിസ്റ്റ് ആശയങ്ങളുടെ ശേഷിപ്പുകള്‍ കൊണ്ടാണ് അടിസ്ഥാന ഘടനയുണ്ടാക്കിയത്, തീവ്ര വലതുപാര്‍ട്ടികളുടെ ചിഹ്നമായ ത്രിവര്‍ണജ്വാല പേറിയ മെലോനി പക്ഷേ, സ്വയം പരിചയപ്പെടുത്തിയിരുന്നത് സ്ത്രീയായും അമ്മയായും ഇറ്റലിക്കാരിയായുമാണ്. മറ്റ് വീടുകളില്‍ കുട്ടികളെ നോക്കിയും നൈറ്റ് ക്ലബ്ബുകളില്‍ മദ്യം വിളമ്പിയും മാധ്യമപ്രവര്‍ത്തകയായും ജോലി ചെയ്തിട്ടുള്ള മെലോനിയുടെ ആ വാക്കുകള്‍ സാമാന്യ ഇറ്റലിക്കാര്‍ക്ക് നന്നേ ബോധിച്ചു. അങ്ങനെയാണ് മെലോനി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഒരു ഭരണകൂടം ഇറ്റലിയില്‍ അധികാരത്തിലേക്ക് എത്തിയത്.
കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ മെലോനി സ്വീകരിച്ചിരിക്കുന്നത് കടുംനിലപാടുകളാണ്. ടൂണിഷ്യയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളുമായി കുടിയേറ്റ നിയന്ത്രണത്തിന് ഏര്‍പെട്ടിരിക്കുന്ന കരാറുകള്‍ വിവാദമാണ്. ബോട്ടുകള്‍ പിടിച്ചെടുത്തും തടവിലാക്കിയും തിരിച്ചയച്ചുമൊക്കെ അഭയാര്‍ത്ഥികളെ നേരിടാനുദ്ദേശിച്ചുള്ളതാണ് പ്രസ്തുത കരാറുകള്‍. അഭയാര്‍ത്ഥികളുടെ അവകാശ സംരക്ഷണം പോട്ടെ, ജീവനും ജീവിതവും പോലും അപകടാവസ്ഥയിലാകുന്ന നയങ്ങളെ കുറിച്ച് സാമൂഹിക നിരീക്ഷകര്‍ക്ക് വലിയ ആശങ്കയാണുള്ളത്.
തീര്‍ന്നില്ല, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഉരുക്കുമുഷ്ടിയുപയോഗിച്ചാണ് നേരിടന്നത്. തന്നെ വിമര്‍ശിക്കുന്നത് ജഡ്ജിയാണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും സാധാരണ സ്‌കൂള്‍ ടീച്ചറാണെങ്കിലും ഒരേ സമീപനം. കേസും കൂട്ടവും സമ്മര്‍ദമേറ്റലുമായി കുരുക്കിയിടും. ലൈംഗിക ന്യൂനപക്ഷങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ്. വാടക ഗര്‍ഭധാരണത്തിലൂടെയോ കൃത്രിമ ബീജസങ്കലനത്തിലൂടെയോ കുഞ്ഞുങ്ങളാകാമെന്ന് സ്വവര്‍ഗ പങ്കാളികള്‍ക്ക് ആഗ്രഹിക്കാനേ കഴിയൂ. അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇത്തരം നടപടികളില്‍ ആശങ്കയുണ്ടെങ്കിലും തത്കാലം അതൊക്കെ ആഭ്യന്തര കാര്യങ്ങളെന്ന മട്ടിലാണ് യൂറോപ്യന്‍ യൂണിയന്‍. ഉക്രെയ്ന്‍ ഉള്‍പെടെയുള്ള പ്രധാന വിഷയങ്ങളില്‍ മെലോനി ഒപ്പമുണ്ടെന്നാണ് അവരുടെ വിശ്വാസം. വിവാദ നിലപാടുകളും കാര്‍ക്കശ്യ നടപടികളുമുണ്ടെങ്കിലും ഇറ്റലിയില്‍ ഭരണസ്ഥിരത കൊണ്ടുവരാനായില്ലേ എന്നും വിലയിരുത്തുന്നു. താരതമ്യേന ഭരണസ്ഥിരതയുള്ള ജര്‍മനിയിലും ഫ്രാന്‍സിലുമൊക്കെ രാഷ്ട്രീയാസ്വസ്ഥതകള്‍ തല പൊക്കിയപ്പോഴും ഇറ്റലിയില്‍ തട്ടുകേടില്ലാതെ മെലോനി മുന്നോട്ടു പോയത് ചൂണ്ടിക്കാട്ടിയാണ് ചോദ്യം. യൂറോപ്യന്‍ യൂണിയന്റെ മൃദുസമീപനം വെറുതെയല്ല. യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത് വലിയ സാന്പത്തികശക്തി ആയ ഇറ്റലിയുടെ തീരുമാനങ്ങള്‍ യൂണിയനെ പല തരത്തില്‍ ബാധിക്കും.
തീര്‍ന്നില്ല, മസ്‌കിന്റെ ആരാധന ഡോണള്‍ഡ് ട്രംപിനെയും സ്വാധീനിക്കുമെന്നുള്ളതു കൊണ്ട് അമേരിക്കയുമായി യൂറോപ്പിനുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാകും ഇനി മെലോനിക്കുണ്ടാവുക. ആദ്യവട്ടം പ്രസിഡന്റായിരുന്ന സമയത്ത് ട്രംപിന് യൂറോപ്പിനെ അത്ര ബോധിച്ചിരുന്നില്ല. തിരിച്ചും. അതു മാറ്റിയെടുക്കാന്‍ മസ്‌ക് നല്ലൊരു പാലമാകും. നോട്രഡാം പള്ളി വീണ്ടും തുറന്നു കൊടുത്ത വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഒരുക്കിയ വിരുന്നില്‍ ട്രംപും മെലോനിയും ഏറെ നേരം ഒന്നിച്ചുണ്ടായരുന്നതിന് ഒരു തുടക്കമായി കാണുന്നു രാഷ്ട്രീയ നിരീക്ഷകര്‍. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി ഈ ലോകം ഇത്തിരി ശരിയാക്കാനുണ്ടെന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1