ഇരുപത്തഞ്ച് വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബാഷര്‍ അല്‍ അസദ്. പിതാവ് ഹാഫിസുല്‍ അസദ് മരിച്ചപ്പോള്‍ 2000ത്തിലാണ് അദ്ദേഹം സിറിയയുടെ ഭരണം ഏറ്റെടുത്തത്. 2011ല്‍ സര്‍ക്കാരിനെതിരെ ജനകീയ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും പിന്നീട് ആഭ്യന്തര യുദ്ധമായി മാറുകയുമായിരുന്നു. ഈ മാസം എട്ടിന് വിമതര്‍ തലസ്ഥാനമായ ദമസ്‌കസ് പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പാണ് അസദും കുടുംബവും സിറിയ വിട്ട് റഷ്യയില്‍ അഭയം തേടിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആലപ്പോയിലെയും ദമസ്‌കസിലെയും കൊട്ടാരങ്ങള്‍ വിമതര്‍ കൈയ്യേറിയിരുന്നു.
കൊട്ടാരത്തില്‍ നിന്ന് ലഭിച്ച ആല്‍ബത്തിലാണ് ബാഷര്‍ അല്‍ അസദിന്റെയും കുടുംബത്തിന്റെ ഫോട്ടോകള്‍ ഉള്ളത്. വിമതര്‍ ഇത് പരസ്യപ്പെടുത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നതും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതും യുവതിയെ തോളിലേറ്റിയതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നവയില്‍ ഉള്‍പ്പെടും. അസദ് കുടുംബത്തിന്റെ ആഡംബര ജീവിതം വിളിച്ചോതുന്നതാണ് പുറത്തുവരുന്ന ഫോട്ടോകള്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിതാവ് ഹാഫിസുല്‍ അസദിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് ഇതും. നിലവില്‍ ബാഷറും ഭാര്യ അസ്മയും മക്കളും അടുത്ത ബന്ധുക്കളും റഷ്യയിലാണുള്ളത്. ദമസ്‌കസില്‍ നിന്ന് വിമാനത്തില്‍ ഇവര്‍ രക്ഷപ്പെട്ടുവെന്ന വിവരം ഈ മാസം ആദ്യവാരാന്ത്യത്തില്‍ വന്നിരുന്നു. പിന്നീട് റഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചു.
അതേസമയം, ബാഷര്‍ അല്‍ അസദ് 250 ദശലക്ഷം ഡോളര്‍ റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഏകദേശം 2082 കോടി രൂപയാണിത്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഡോളറായും യൂറോ ആയുമാണ് ഇത്രയും തുക കടത്തിയത്. നുക്കോവോ വിമാനത്താവളം വഴിയാണ് പണം കടത്തിയത്. ഇവ റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ യൂറോപ്പിന്റെയും അമേരിക്കയുടെയും ഉപരോധമുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് ഇടപാട് വഴി പണം അയക്കല്‍ പ്രയാസമാണ്. വിമാനത്തിലാണ് പണം എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുനാള്‍ ഭരണം വീഴുമെന്ന് അസദ് മുന്‍കൂട്ടി കണ്ടിരുന്നു എന്ന് തോന്നിപ്പിക്കുംവിധമാണ് അദ്ദേഹത്തിന്റൈ നീക്കങ്ങള്‍.
അതേസമയം, റഷ്യന്‍ ബാങ്കുകള്‍ പണമായി നിക്ഷേപം സ്വീകരിച്ചതിന്റെ രേഖകള്‍ ഇല്ല എന്ന് റിപ്പോര്‍ട്ടിലുണ്ട്. സിറിയയുടെ എല്ലാ ഭരണകാര്യങ്ങളിലും അസദിന്റെ ബന്ധുക്കള്‍ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള ഇടപാടില്‍ തന്നെ പണം കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. അനധികൃത എണ്ണക്കടത്തിലൂടെ അസദിന്റെ ബന്ധുക്കള്‍ വന്‍തോതില്‍ പണമുണ്ടാക്കി എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
2011 മുതല്‍ ആംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ പതറിപ്പോകുമെന്നു ലോകം പ്രതീക്ഷിച്ച സിറിയ, ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതര്‍ക്കുമേല്‍ കടുത്ത ആക്രമണം നടത്തി തിരികെ വരികയായിരുന്നു. പക്ഷേ പലവട്ടം തിരിച്ചടി നല്‍കിയെങ്കിലും അവരെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ അസദിനു കഴിഞ്ഞില്ല. ഇന്ന് ഇറാനും റഷ്യയും അവരുടേതായ യുദ്ധമുഖങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സിറിയയുടെ കാര്യത്തില്‍ നടത്തിയ അവഗണന അസദിന്റെ ഭരണം അവസാനിപ്പിച്ചിരിക്കുകയാണ്.
തലസ്ഥാന നഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിനു പിന്നാലെ വിമതസേന ഹയാത്ത് തഹ്രീര്‍ അല്‍ ഷംസ് (എച്ച്ടിഎസ്) രാജ്യം അസദ് മുക്തമായെന്നു പ്രഖ്യാപിക്കുകയായിരുന്നു. സുന്നി മുസ്ലിം വിഭാഗക്കാര്‍ക്കു ഭൂരിപക്ഷമുള്ള രാജ്യമാണ് സിറിയ. 2011ലെ അറബ് വിപ്ലവത്തിന്റെ കാലത്താണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സിറിയയുടെ കുറച്ചുസ്ഥലം വിമതസേനയുടെ നിയന്ത്രണത്തിലായപ്പോള്‍ ബാക്കിയുള്ളിടത്ത് അധികാരം ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു അസദ് ചെയ്തത്.
2018ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ആയിരുന്ന ഡോണള്‍ഡ് ട്രംപ് അസദിനെ മൃഗം എന്നാണ് വിശേഷിപ്പിച്ചത്. സ്വന്തം ജനതയ്ക്കുനേരെ രാസ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അത്തരമൊരു പ്രയോഗം. ആരോപണം അസദ് തള്ളിയെങ്കിലും രാജ്യാന്തര തലത്തില്‍ നിരവധി ഉപരോധങ്ങള്‍ സിറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയത് ശക്തമായിത്തന്നെ സമ്പദ്വ്യവസ്ഥയെ ബാധിച്ചിരുന്നു.
പിന്നീട് അറബ് രാജ്യങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനായെങ്കിലും സിറിയയ്ക്കുണ്ടായ സാമ്പത്തിക ആഘാതം തിരിച്ചുപിടിക്കാന്‍ അസദിനായില്ല. വിമതസേന ഓരോ ഘട്ടത്തിലും മുന്നേറുമ്പോള്‍ അതു പ്രതിരോധിക്കാനാകാതെ സിറിയന്‍ സൈന്യം പിന്മാറി. അലെപ്പോ നഗരം വിമതസേനയുടെ നിയന്ത്രണത്തിലായതിനുശേഷം പരസ്യ പ്രസ്താവനകള്‍ നടത്താതെ അസദ് മൗനം പാലിച്ചതുതന്നെ പരാജയം മുന്‍കൂട്ടിക്കണ്ടുകൊണ്ടാണെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
13 വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന വിമതര്‍ക്ക് ഏറെ നിര്‍ണായകമായിരുന്നു കഴിഞ്ഞുപോയ ദിനങ്ങള്‍. 54 വര്‍ഷമായി സിറിയയില്‍ അധികാരത്തിലിരിക്കുകയായിരുന്നു അസദ് കുടുംബം. 1970ല്‍ നടത്തിയ അട്ടിമറിയിലൂടെയാണ് ബഷാര്‍ അല്‍ അസദിന്റെ പിതാവ് ഹഫിസ് അസദ് അധികാരത്തിലെത്തുന്നത്. 2000ല്‍ മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു അധികാരത്തില്‍. പിതാവിന്റെ മരണത്തിന് ആഴ്ചകള്‍ക്ക് ശേഷം ബഷാര്‍ അല്‍ അസദിനെ നേതാവായി തിരഞ്ഞെടുത്തു. ആരും അറിയാതെ രാജ്യം വിടുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.
ഭരണകൂടത്തിന്റെ പതനത്തിന് പിന്നാലെ അസദിന്റെ പിതാവിന്റെയും സഹോദരന്റെയും പ്രതിമകള്‍ ജനക്കൂട്ടം തകര്‍ത്തു. അസദിന്റെ ചിത്രംപതിച്ച ബില്‍ബോര്‍ഡുകള്‍ നിലത്തിട്ടു ചവിട്ടുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. അസദ് ഭരണത്തില്‍നിന്നു മുക്തി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഡമാസ്‌കസിലെ നിരത്തുകളില്‍ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങളില്‍ 'സ്വാതന്ത്ര്യം' എന്നു ആവേശത്തോടെ ജനക്കൂട്ടം വിളിക്കുന്നതായും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസദിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ച ജയിലുകളും വിമതര്‍ പിടിച്ചെടുത്ത് തടവിലുള്ളവരെ മോചിപ്പിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1