ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉത്തര കൊറിയയോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ച് ഇന്ത്യ. ലോകം മധ്യ, പടിഞ്ഞാറന്‍ ഏഷ്യയിലും പശ്ചിമേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും യൂറോപ്പിലെയും യുദ്ധങ്ങള്‍ക്കെതിരെയുള്ള നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആക്ട് ഈസ്റ്റ് നയവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിന് പുറമേ കൊറിയന്‍ ഉപദ്വീപിലെ നയത്തില്‍ ന്യൂഡല്‍ഹി ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്. ഉത്തര കൊറിയയുടെ പല പ്രവര്‍ത്തനങ്ങളും രഹസ്യമാണ്. എങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം പ്യോങ്യാങ്ങുമായുള്ള നയതന്ത്രബന്ധം നിലനിര്‍ത്താന്‍ ന്യൂഡല്‍ഹി ശ്രമിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2021 ജൂലൈയില്‍ ഇന്ത്യ പ്യോങ്യാങ്ങിലെ എംബസി അടച്ചുപൂട്ടിയിരുന്നു. അംബാസഡര്‍ അതുല്‍ മല്‍ഹാരി ഗോട്‌സര്‍വെയും മുഴുവന്‍ ജീവനക്കാരും മോസ്‌കോ വഴി ന്യൂഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ എംബസി അടച്ചതായി വിദേശകാര്യ മന്ത്രാലയം ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടാണ് മുഴുവന്‍ ജീവനക്കാരെയും തിരികെ വിളിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോവിഡ് കാരണം എന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടി.
വര്‍ഷങ്ങളായി പ്യോങ്യാങ്ങിലെ നയതന്ത്ര ദൗത്യത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഇല്ലായിരുന്നു. അതിനിടെ 14 മാസം മുമ്പ് മംഗോളിയയിലെ അംബാസഡറായി ഗോട്‌സര്‍വെയ്ക്ക് നിയമനം ലഭിച്ചു. ഈ മാസം ആദ്യം പ്യോങ്യാങ്ങിലെ എംബസിയില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സാങ്കേതിക ജീവനക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘത്തെ ഉത്തര കൊറിയയിലേക്ക് അയയ്ക്കുയും ചെയ്തു.
ജീവനക്കാര്‍ ഇതിനോടകം പ്യോങ്യാങ്ങില്‍ എത്തിയിട്ടുണ്ടെന്നും ദൗത്യം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നര വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന എംബസിയില്‍ സമഗ്രമായ പരിശോധന നടത്തേണ്ടതുണ്ട്. സംശയാസ്പദമായ ഇന്റലിജന്‍സ് ശേഖരണ സാങ്കേതിക വിദ്യകള്‍ക്ക് കുപ്രസിദ്ധമായ ഉത്തര കൊറിയ മുഴുവന്‍ എംബസി കെട്ടിടവും ഡീബഗ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്.
കൂടാതെ ഉത്തരകൊറിയയുടെ തന്ത്രപ്രധാനമായ പ്രാധാന്യം നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യയ്ക്കും ഏഷ്യയ്ക്കും മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഇത് പ്രധാനമാണ്. ഹൈപ്പര്‍സോണിക് മിസൈലുകള്‍, തന്ത്രപരമായ ആയുധങ്ങള്‍, ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര മിസൈലുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ അതിവേഗം കരസ്ഥമാക്കുകയാണ് ഉത്തര കൊറിയ.
ഉത്തരകൊറിയ അതിന്റെ ആണവായുധ ശേഖരം ക്രമാനുഗതമായി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്യോങ്യാങ്ങില്‍ സന്നിഹിതരായിരിക്കേണ്ടതും അത്തരം സാങ്കേതിക വിദ്യ പാകിസ്ഥാനിലേക്കോ മറ്റ് ഘടകങ്ങളിലേക്കോ വഴിമാറാത്ത തരത്തില്‍ ബന്ധം സ്ഥാപിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഉത്തരകൊറിയ റഷ്യ, ചൈന, ഇറാന്‍ എന്നിവയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ നയതന്ത്രപരമായി നേരിടാന്‍ ഇന്ത്യയ്ക്ക് ഉത്തര കൊറിയയുമായി ബന്ധം സ്ഥാപിക്കേണ്ടത് ഒരു പ്രധാന മുന്‍ഗണനയാണ്. ന്യൂഡല്‍ഹിക്ക് മോസ്‌കോയുമായി ഇതിനകം തന്നെ ശക്തമായ ബന്ധമുണ്ട്. ടെഹ്‌റാനുമായും നല്ല നയതന്ത്രബന്ധം പങ്കിടുന്നു. ഇന്ത്യയും ചൈനയും ഏഷ്യയില്‍ ശാശ്വത സമാധാനം കാണുന്നതിന് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്.
ഉത്തരകൊറിയ റഷ്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കുകയും ഉക്രെയ്നിനെതിരായ യുദ്ധത്തിന് സൈനികരെ വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ട്. ഏഷ്യയിലുടനീളമുള്ള പ്യോങ്യാങ്ങിന്റെ വളര്‍ച്ചയും പ്രവര്‍ത്തനവും സ്വാധീനവും മനസില്‍ വെച്ചുകൊണ്ട് നയതന്ത്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനാണ് ന്യൂഡല്‍ഹി ലക്ഷ്യമിടുന്നത്. പ്യോങ്യാങ്ങിലെ എംബസി വീണ്ടും തുറക്കുന്നത് ആശയവിനിമയത്തിന്റെ ഒരു ചാനല്‍ പുനസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായാണ് കണക്കാക്കപ്പെടുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1