ജനങ്ങളുടെ മുതുകിൽ ആവർത്തിത 'ഷോക്ക് '

DECEMBER 11, 2024, 5:51 AM

ഏതു മുന്നണി ഭരിച്ചാലും വൈദ്യുതിക്കും വെള്ളത്തിനും കേരളത്തിൽ വില കൂടിവരുമെന്ന തിരിച്ചറിവ് ഏറെക്കാലമായി കേരള ജനതയ്ക്കുണ്ട്. നിരക്കു വർദ്ധനയ്‌ക്കെതിരെ സമരാനുഷ്ഠാനവും പതിവ്. പക്ഷേ, ബിൽ തുക ഉയർത്തുന്ന വൈദ്യുതി ബോർഡിന്റെ ഇത്തവണത്തെ ഷോക്ക് ചികിത്സ സമര കോലാഹലത്തിലേക്കല്ല ആക്ഷേപ ഹാസ്യത്തിന്റെ പാരമ്യത്തിലെത്തിയ തീവ്ര ചർച്ചകളിലേക്കാണു പുരോഗമിക്കുന്നത്.

അഴിമതിയും ധൂർത്തും ആസൂത്രണമില്ലായ്മ മൂലമുണ്ടാകുന്ന പാഴ്‌ച്ചെലവുകളും നേരിടാനുള്ള എളുപ്പവഴിയായിട്ടാണ് കൂടെക്കൂടെയുള്ള നിരക്കുവർദ്ധനയെന്ന ആരോപണം പ്രതിരോധിക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനും ഭരണാനുകൂല വാദികൾക്കും ആകുന്നില്ല. 2016ൽ പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്കുയർത്തിയിരിക്കുന്നത്. യൂണിറ്റിനു കാർഷിക മേഖലയിലുൾപ്പെടെ 16 പൈസ കൂട്ടി. അടുത്ത വർഷം 12 പൈസ കൂടി വർധിപ്പിക്കാനും ഇപ്പോഴേ തീരുമാനമായിട്ടുണ്ട്. പെട്ടിക്കടക്കാർക്കു മുതൽ വൻകിട വ്യവസായ സംരംഭങ്ങൾക്കു വരെ ഈ വില വർധനവിന്റെ പ്രഹരമേൽക്കും. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലായി നിരക്ക് വർധനയിലൂടെ ജനങ്ങളിൽ നിന്ന് 850-900 കോടി രൂപ ഊറ്റിയെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും സർക്കാരിന്റെ നയവൈകല്യവും കെ.എസ്.ഇ.ബിയിലെ അഴിമതിയും അനാസ്ഥയും സൃഷ്ടിച്ച നഷ്ടം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ തയ്യാറായിരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

മറ്റു സംസ്ഥാനങ്ങളെല്ലാം വൈദ്യുതി നിരക്ക് കുറച്ചുകൊണ്ടിരിക്കെ കേരളത്തിൽ മാത്രമാണ് കുത്തനെ ഉയർത്തിവരുന്നത്. സമീപകാലത്ത് നിയമസഭാ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെല്ലാം സാധാരണ കുടുംബങ്ങൾക്ക് നിശ്ചിത യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന വാഗ്ദാനം നൽകപ്പെട്ടു. മുൻപ് ഡൽഹിയിൽ ആംആദ്മി 15 വർഷത്തെ കോൺഗ്രസ് ഭരണം തകർത്തത് വെള്ളവും വെളിച്ചവും ബസ് യാത്രയും സൗജന്യനിരക്കിൽ നൽകുമെന്ന പ്രഖ്യാപനത്തിലൂടെയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടന്ന പല സംസ്ഥാനങ്ങളിലും ഈ മാതൃക ആവർത്തിച്ചു പാർട്ടികൾ. കേരളത്തിൽ വൈദ്യുതി ഉത്പാദനം കൂട്ടാൻ യാതൊരു നടപടിയും സ്വീകരിക്കാതെ അമിതവിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങി ആ ഭാരം അപ്പാടെ ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മുതൽ നിരവധി കാരണങ്ങളാൽ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരന് ഏറ്റവും കനത്ത തിരിച്ചടിയായി മാറുകയാണ് വൈദ്യുതി നിരക്ക് വർധന. 

vachakam
vachakam
vachakam

മാർച്ച് വരെയുള്ള കാലത്ത് ഇപ്പോഴത്തെ വർദ്ധന വഴി ബോർഡിന് അധികമായി ലഭിക്കുന്നത് 408 കോടി രൂപ. ഏപ്രിലിൽ പ്രാബല്യത്തിലാകുന്ന വർദ്ധനയിലൂടെ 695 കോടിയും. 800 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കത്തക്ക വിധം വർദ്ധന ആവശ്യപ്പെട്ടിരുന്നു ഇലക്ട്രിസിറ്റി ബോർഡ്. അത്രയും പോകാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ല. 800 കോടി അധികം ലഭിച്ചാലും ബോർഡ് നഷ്ടത്തിൽ നിന്ന് കരകയറാൻ പോകുന്നില്ലെന്നു വ്യക്തം. ബോർഡ് തന്നെ തയ്യാറാക്കിയിട്ടുള്ള കണക്കുപ്രകാരം ഈ വർഷം നഷ്ടം 1370 കോടി രൂപയാകും. അടുത്ത വർഷം 1108 കോടിയുടെയും പിന്നത്തെ വർഷം 1065 കോടിയുടെയും നഷ്ടവും കണക്കാക്കുന്നു. ആ നിലയ്ക്ക് ഇപ്പോഴത്തെ നിരക്കുവർദ്ധനയിലൂടെയും ബോർഡ് രക്ഷപ്പെടില്ല. 45000 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ സഞ്ചിത നഷ്ടം. ഇങ്ങനെ പോയാൽ ശമ്പളം നൽകാൻ പോലും കഴിയാത്തവിധം കെ.എസ്.ഇ.ബി മറ്റൊരു കെ.എസ്.ആർ.ടി.സിയായി മാറുമെന്ന് സി.എം.ഡി ബിജു പ്രഭാകർ ഈയിടെ പറഞ്ഞിരുന്നു.

നിരക്കുവർദ്ധന നാമമാത്രമാണെന്നാണ് സർക്കാരിന്റെ അവകാശവാദം. പക്ഷേ, 'നാമമാത്രം' എല്ലാവർഷവുമാകുമ്പോൾ ഉണ്ടാകാവുന്ന വലിയ ഭാരത്തെക്കുറിച്ച് സർക്കാർ ഓർക്കുന്നില്ല. സർക്കാരിന് കീഴിൽ സ്വതന്ത്ര റിപ്പബ്‌ളിക്കായി പ്രവർത്തിക്കുന്ന ബോർഡ് അതിന്റെ കുഴി സ്വയം തോണ്ടുന്നതു തുടരുന്നു. വൈദ്യുത ഉത്പാദനം, വിതരണം എന്നിവയിലും ഹരിത ഊർജ്ജ ഉത്പാദനത്തിലും രാജ്യം ആഗോളമികവ് നേടുമ്പോഴാണ് കേരളത്തിൽ പിൻഗമനം. 2023 ഡിസംബറിൽ രാജ്യത്ത് സൗരോർജ്ജ സ്ഥാപിത ശേഷി ഏകദേശം 73.31 ജിഗാവാട്ടിൽ എത്തി. 2023 ഡിസംബറിലെ കണക്കനുസരിച്ച് മേൽക്കൂര സോളാർ സ്ഥാപിത ശേഷി 11.08 ജിഗാവാട്ട് ആണ്. മൊത്തം സൗരോർജ്ജ ശേഷിയുടെ കാര്യത്തിൽ 18.7 ജിഗാവാട്ടുമായി രാജസ്ഥാൻ ആണ് സംസ്ഥാനങ്ങളിൽ മുന്നിൽ. 10.5 ജിഗാവാട്ടുമായി ഗുജറാത്ത്് രണ്ടാം സ്ഥാനത്ത്. റൂഫ്‌ടോപ്പ് സോളാർ കപ്പാസിറ്റിയുടെ കാര്യത്തിൽ, ഗുജറാത്ത് 2.8 ജിഗാവാട്ടുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തും മഹാരാഷ്ട്ര 1.7 ജിഗാവാട്ടുമായി രണ്ടാം സ്ഥാനത്തുമാണ്. ഇതൊന്നും ഉൾക്കൊള്ളാനുളള ഭാവനാശേഷി പോലും കേരളത്തിൽ ദൃശ്യമല്ല. ഭരണാധികാരികൾ തങ്ങളുടെ അനാസ്ഥയുടെ പാപഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. 

യൂണിറ്റിന് മാർച്ച് വരെയുള്ള കാലത്തേക്ക് 16 പൈസയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നതെന്നു പറയുമ്പോഴും മറ്റു നിരക്കുകൾ കൂടി ഇതിനൊപ്പം കൂടുമെന്നതിനാൽ മൊത്തത്തിലുള്ള വർദ്ധന കൂടാനാണ സാധ്യത. പ്രതിമാസം 300 യൂണിറ്റ് ഉപയോഗിക്കുന്നയാൾക്ക് രണ്ടുമാസത്തെ നിരക്ക് ഇപ്പോഴത്തെ 4612 രൂപയിൽ നിന്ന് 4791 രൂപയായാണ് കൂടുന്നത്. ഡ്യൂട്ടിയിലും ഫിക്‌സഡ് ചാർജിലുമൊക്കെ വർദ്ധനയുണ്ടാകും. വർഷങ്ങളായി ഈടാക്കിക്കൊണ്ടിരിക്കുന്ന മീറ്റർ വാടക പോലും വേണ്ടെന്നുവയ്ക്കാൻ ബോർഡ് തയാറാകുന്നില്ല. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ദരിദ്രവിഭാഗങ്ങളെ നിരക്കുവർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം. സംസ്ഥാനത്ത് ഈ ഗണത്തിൽ വരുന്ന എത്ര ഉപഭോക്താക്കളുണ്ടെന്ന കണക്ക് അജ്ഞാതം.

vachakam
vachakam
vachakam

ഇതിനിടെ, ഉപഭോക്താക്കളിൽ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കാനുള്ള വൈദ്യുതി ബോർഡിന്റെ തീരുമാനം ബാധിക്കുക 7.90 ലക്ഷം പേരെയായിരിക്കും. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്് ടിഒഡി ബാധകമാവും. 20 കോടിയിലധികം രൂപയാണ് കെ.എസ്.ഇ.ബിക്കു ചെലവ് വരിക. ഈ തുക മീറ്റർ വാടകയായി ഉപയോക്താക്കൾ നൽകണം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ 10% ഇളവ് ലഭിക്കുമെന്ന നേട്ടമുണ്ടെങ്കിലും വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ 25% അധിക നിരക്ക് നൽകേണ്ടി വരും. നിരക്കു വർദ്ധനയ്ക്കു മുൻപ് ഇത് 20% ആയിരുന്നു. നിലവിൽ ടി.ഒ.ഡി ബില്ലിംഗിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഈ വർദ്ധന ബാധകമാകും. നിലവിൽ 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ വീട്ടിൽ ടി.ഒ.ഡി മീറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവർക്ക് സ്ലാബ് അനുസരിച്ചുള്ള (ടെലിസ്‌കോപിക്) ബിൽ ആണ് നൽകിയിരുന്നത്. ഈ മീറ്ററിലെ പ്രോഗ്രാമിംഗ് മാറ്റിയാൽ ടി.ഒ.ഡി ബിൽ നൽകാനാകും.

വെറും നാലിലൊന്ന് തമിഴ്‌നാട്ടിലെ ബിൽ 

കേരളത്തിൽ 500 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുകാർക്ക് രണ്ടു മാസത്തിലൊരിക്കൽ 8772 രൂപയുടെ ബില്ല് വരുമ്പോൾ, തമിഴ്‌നാട്ടിൽ ഇത്രയും വൈദ്യുതിക്ക് ഈടാക്കുന്നത് വെറും 2360 രൂപ മാത്രമെന്ന കണക്കും ഇതിനിടെ പുറത്തുവന്നു. നിരക്കിലെ വ്യത്യാസത്തിനു പുറമേ, കേരളത്തിൽ അമിത നിരക്ക് ഈടാക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണ് ഈ വ്യത്യാസത്തിനു കാരണം. കേരളത്തിൽ ആദ്യത്തെ അമ്പത് യൂണിറ്റിന് നിരക്ക് 3.15 രൂപയാണ്. അടുത്ത അമ്പത് യൂണിറ്റിന് 3.95 രൂപയും. അമ്പത് കഴിഞ്ഞ് ഉപയോഗിക്കന്ന യൂണിറ്റിന് മാത്രം അധിക നിരക്ക് കൊടുത്താൽ മതി. നൂറു കഴിഞ്ഞാൽ അടുത്ത അമ്പതിന് അഞ്ചു രൂപയായി. ഇത്തരത്തിലാണ് ക്രമീകരണം. എന്നാൽ, 250 യൂണിറ്റിൽ കൂടുതൽ ഒരു യൂണിറ്റെങ്കിലും ഉപയോഗിച്ചാൽ തട്ടുതിരിച്ചുള്ള നിരക്കിന്റെ ആനുകൂല്യം ലഭിക്കില്ല. മൊത്തം യൂണിറ്റിനും 6.20 രൂപ നിരക്കിൽ നൽകണം. 500 യൂണിറ്റിന്റെ പരിധി കടന്നാൽ മൊത്തം യൂണിറ്റിനും 7.60 രൂപ വച്ചു നൽകണം.ഇത് 7600രൂപ വരും. ഇതിനൊപ്പം ഫിക്‌സഡ് ചാർജ്ജ് 200 ആക്കി ഉയർത്തിയതോടെ രണ്ടുമാസത്തേക്ക് അത് 400 രൂപയാകും. വൈദ്യുതിചാർജ്ജിന്റെ പത്തു ശതമാനം 760 രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായും 12 രൂപ മീറ്റർ വാടകയായും ഉൾപ്പെടുത്തും. ജി.എസ്.ടിയും കൂടി ചേരുമ്പോൾ, രണ്ടു മാസത്തെ മൊത്തം ബിൽത്തുക 8772 രൂപയാകും. 

vachakam
vachakam
vachakam

തമിഴ്‌നാട്ടിൽ ആനുകൂല്യം എല്ലാവർക്കും കിട്ടും. ആദ്യത്തെ നൂറ് യൂണിറ്റ് എല്ലാവർക്കും സൗജന്യം. 500 യൂണിറ്റ് ഉപയോഗിക്കുന്നവരും ആദ്യ 100 യൂണിറ്റിന് പണം നൽകേണ്ട. തുടർന്ന് 200 മുതൽ 300 വരെ നിരക്ക് 2.50 രൂപയാണ്. അതിന് 50 പൈസ സബ്‌സിഡിയുണ്ട്. നിരക്ക് രണ്ടു രൂപയാണെന്ന് അർത്ഥം. എത്ര കൂടുതൽ ഉപയോഗിച്ചാലും ഈ ആനുകൂല്യം കിട്ടും. ഇതനുസരിച്ച് തുക 200 രൂപയാകും. 201 മുതൽ 500 വരെയുള്ള മൂന്നൂറ് യൂണിറ്റിന് മൂന്നു രൂപയാണ്. ആ തുക 900 രൂപയാകും. അങ്ങനെ മൊത്തം വൈദ്യുതി ചാർജ്ജ് 1100 രൂപയാകും. ഇതിനൊപ്പം 30 രൂപ ഫിക്‌സഡ് ചാർജ്ജും 50 രൂപ ഇലക്ട്രിസിറ്റി നികുതിയും ചേർത്ത് ഒരു മാസത്തേക്ക് 1180 രൂപ. രണ്ടുമാസത്തെ ബിൽത്തുക 2360 രൂപ മാത്രം.

1987വരെ വൈദ്യുതോർജ്ജത്തിൽ മിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് മറ്റെല്ലാ മേഖലകളെയും പോലെ ഊർജ്ജ ഉദ്പാദന രംഗത്തും കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് 3000 ടിഎംസി ജലം ലഭിക്കുന്നുണ്ടെങ്കിലും 300 ടി എംസി മാത്രമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത് എന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. ഉപഭോഗം കൂടുന്നതിനനുസരിച്ച് ഉത്പാദനം വർധിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. 2023 വർഷത്തിൽ 77.7 ശതമാനം വൈദ്യുതിയും കേരളത്തിന് പുറത്ത് നിന്ന് വാങ്ങേണ്ടിവന്നു. ഈ രംഗത്തെ കേരളത്തിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്ന കണക്കാണിത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ 13200 കോടി രൂപയാണ് കേരളത്തിന് ചെലവഴിക്കേണ്ടി വന്നത്. 851 സിവിൽ എൻജിനീയർമാർ ജോലി ചെയ്യുന്ന ബോർഡിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ 99 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കൂടുതലായി ഉത്പാദിപ്പിച്ചത്.

2009 ലാണ് കുറ്റിയാടി അഡീഷണൽ എക്‌സ്‌ടെൻഷൻ സ്‌കീം കമ്മീഷൻ ചെയ്തത്. തുടർന്ന് ഇക്കഴിഞ്ഞ മാസമാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിഞ്ഞത്. പൂർത്തീകരിക്കാത്ത നിരവധി ചെറുകിട ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. 2009 ൽ 207 കോടി രൂപയ്ക്കാണ് തൊട്ടിയാർ പദ്ധതിയുടെ കരാർ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ പാതിവഴിയിൽ നിലച്ച പദ്ധതിക്ക് 2018ൽ 280 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കി. വൈദ്യുത ഉത്പാദന രംഗത്തെ കേരളത്തിന്റെ കെടുകാര്യസ്ഥതയുടെ ജീവിക്കുന്ന ഉദാഹരണങ്ങൾ  കേരളത്തിലുടനീളം കാണാനാകും. 45,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ കുറ്റകരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ നിലവിലുള്ളതെന്ന് വിദഗ്ധർ പറയുന്നു.

അധിക ജീവനക്കാർ, ജീവനക്കാരിൽ ചില വിഭാഗത്തിന്റെ ശമ്പളനിരക്കിലെ അസമത്വം എന്നിവയും ബോർഡിനെ വലയ്ക്കുന്ന പ്രശ്‌നങ്ങളാണ്. ഏകപക്ഷീയമായി ബോർഡ് ശമ്പള വർധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന അധികബാധ്യതയുടെ ഭാരവും ജനങ്ങൾക്കു താങ്ങേണ്ടിവരുന്നു. നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ ശമ്പള വർധന നടപ്പാക്കാവൂ എന്ന ചട്ടത്തിനു പുല്ലുവിലയേയുള്ളൂ. സർക്കാരുമായി ചർച്ച നടത്തി മുൻകൂർ അനുമതി നേടിയ ശേഷം മാത്രമേ ശമ്പള വർധന നടപ്പാക്കാവൂ എന്ന സർക്കാരിന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ബോർഡ് ശമ്പളം കുത്തനെ കൂട്ടിയത്. ബോർഡിന്റെ പ്രവർത്തന ചെലവ് 36.1 ശതമാനത്തിൽ നിന്ന് 46.5 ശതമാനമായി ഉയർന്നതിന്റെ പ്രധാന കാരണം ഏകപക്ഷീയമായി നടപ്പാക്കിയ ശമ്പള വർധനവാണെന്നറിയാൻ വലിയ ഡാറ്റാ വിശ്‌ളേഷണങ്ങൾ ആവശ്യമില്ല.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയത് വഴി 1011 കോടി രൂപയും പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ഇനത്തിൽ 306.66 കോടി രൂപയും  വൈദ്യുതിബോർഡ് അനിയന്ത്രിതമായി ചെലവഴിച്ചെന്ന്് സിഎജി കുറ്റപ്പെടുത്തിയിരുന്നു. 1995,2001, 2007, 2011, 2016 വർഷങ്ങളിലും സംഭവിച്ചു ക്രമരഹിതമായ പരിഷ്‌കരണങ്ങൾ. രണ്ടോ മൂന്നോ വർഷത്തിനകം പൂർത്തിയാക്കാവുന്ന ചെറിയ പദ്ധതികൾ പോലും പത്തും പതിനഞ്ചും വർഷമെടുത്താലും തീരുന്നില്ല. ഇത്തരം കാര്യക്ഷമതാരാഹിത്യത്തിനൊപ്പം ബോർഡിലെ കുത്തഴിഞ്ഞ ഭരണം കൂടിയാകുമ്പോൾ ഉപഭോക്താക്കൾക്ക് ഇനിയുള്ള കാലവും അമിതനിരക്ക് നൽകേണ്ടിവരുമെന്നു തീർച്ചയാണ്. ബോർഡിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനും ഭരണം കാര്യക്ഷമമാക്കാനും ഉറച്ച നടപടികളാണ് ആവശ്യം. അതിനാകട്ടെ ബോർഡിൽ അപ്രമാദിത്വമുള്ള യൂണിയനുകളുടെ സഹകരണവും പിന്തുണയും ഉറപ്പാകണം. യു.ഡി.എഫ് ഭരിച്ചപ്പോഴും യൂണിയനുകളുടെ പരമാധിപത്യത്തിലായിരുന്നു സർവതും. ഈ ദുരവസ്ഥ എന്നെങ്കിലും മാറുമെന്ന സ്ഥിതിയിലല്ല കേരളമെന്നതിനാൽ  മുതുകത്ത് ആവർത്തിത 'ഷോക്ക്് ' കിട്ടാൻ തന്നെയാണ് ജനങ്ങൾക്കു യോഗം.   

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam