ഫുട്‌ബോൾ ലോകം ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനത്തിന് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം. ഫ്രഞ്ച് ഇതിഹാസ താരം സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും. 2030 ലോകകപ്പ് വരെ ഉൾപ്പെടുന്ന കരാറിലാണ് 54കാരനായ സിദാൻ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷനുമായി ഒപ്പുവെച്ചത്.
14 വർഷമായി ഫ്രാൻസിന്റെ പരിശീലകനായിരുന്ന ദിദിയർ ദെഷാംപ്‌സിന്റെ പടിയിറക്കത്തെ തുടർന്നാണ് സിദാന് ഉത്തരവാദിത്വം ലഭിച്ചത്. റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും രണ്ട് ലാ ലിഗ കിരീടങ്ങളിലേക്കും നയിച്ച ശേഷം പരിശീലക ജീവിതത്തിൽ നിന്ന് വിട്ടുനിന്ന സിദാന്റെ തിരിച്ചുവരവിനായി ആരാധകർ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു.
1998ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടുമ്പോൾ ദെഷാംപ്‌സ് ടീമിന്റെ നായകനും സിദാൻ ടീമിന്റെ സൂപ്പർതാരവുമായിരുന്നു. അതേ വർഷം തന്നെ ബാലൺ ഡി ഓർ സ്വന്തമാക്കിയ സിദാൻ, കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനെന്ന നിലയിലും ലോക ഫുട്‌ബോളിലെ ഇതിഹാസമായി മാറി.
2021ൽ റയൽ മാഡ്രിഡ് വിട്ടശേഷം യൂറോപ്പിലെ നിരവധി വമ്പൻ ക്ലബ്ബുകളും ദേശീയ ടീമുകളും സിദാനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല. ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു സിദാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്.
ദിദിയർ ദെഷാംപ്‌സിന്റെ കാലഘട്ടം ഫ്രഞ്ച് ഫുട്‌ബോളിലെ ഏറ്റവും വിജയകരമായ അധ്യായങ്ങളിലൊന്നായിരുന്നു. 1998ൽ ക്യാപ്ടനായി ലോകകപ്പ് ഉയർത്തിയ അദ്ദേഹം, പരിശീലകനെന്ന നിലയിൽ 2018ൽ ഫ്രാൻസിനെ വീണ്ടും ലോക ചാമ്പ്യന്മാരാക്കി. 2022ൽ ടീമിനെ ലോകകപ്പ് ഫൈനലിലേക്കും ഇത്തവണ സെമിഫൈനലിലേക്കും നയിച്ച ശേഷമാണ് ദെഷാംപ്‌സ് സ്ഥാനമൊഴിയുന്നത്.
2030 ലോകകപ്പിനെ ലക്ഷ്യമിട്ട് യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന പുതിയ ഫ്രഞ്ച് സംഘത്തെ ഒരുക്കുകയെന്ന വെല്ലുവിളിയോടെയാണ് സിനദിൻ സിദാൻ ഇനി പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യത്തിലേക്ക് കടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
