വേൾഡ് സെന്റോസ (സിംഗപ്പൂർ): ലോക ചെസ് ചാമ്പ്യൻഷിപ്പിൽ 11-ാം ഗെയിം ജയിച്ച് ലീഡെടുത്ത ഇന്ത്യൻ സെൻസേഷൻ ഡി. ഗുകേഷിനെ, 12-ാം പോരാട്ടത്തിൽ തോൽപ്പിച്ച് ഒപ്പമെത്തി നിലവിലെ ചാമ്പ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറൻ. ഇതോടെ ഇരുവർക്കും 6 പോയിന്റ് വീതമായി. പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. ഇനിയുള്ള 2 മത്സരങ്ങളിൽ നിന്ന് 1.5 പോയിന്റ് കിട്ടുന്നയാൾ ജയിക്കും. 12-ാം ഗെയിമിൽ 22 നീക്കങ്ങൾ ആയപ്പോഴെ വെള്ളക്കരുക്കളുമായി കളിച്ച ലിറൻ ജയിക്കുമെന്ന സൂചനകിട്ടി. 39-ാം നീക്കത്തിനൊടുവിൽ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ജയമുറപ്പിച്ചു.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ന് മത്സരമില്ല. നാളെ പതിമൂന്നാം ഗെയിമും വ്യാഴാഴ്ച പതിനാലാം ഗെയിമും നടക്കും. പതിമൂന്നാം ഗെയിമിൽ ഗുകേഷിനാണ് വെള്ളക്കരുക്കൾ.
പതിനൊന്നാം ഗെയിമിലെ തോൽവിക്ക് പിന്നാലെ പന്ത്രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി കളിച്ച് ജയിക്കുമെന്ന് ഡിംഗ് ലിറൻ പറഞ്ഞത് സത്യമായി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ നിപ്പോനിയാംഷിക്കെതിരെ പതിനൊന്നാം ഗെയിമിൽ തോറ്റ് 5-6ന് ലീഡ് വഴങ്ങിയ ലിറൻ പന്ത്രണ്ടാം ഗെയിമിൽ ജയിച്ച് ഒപ്പമെത്തിയിരുന്നു. അതേ മികവ് ഇത്തവണ ഗുകേഷിനെതിരെയും ലിറൻ തുടർന്നു.
ഇന്നലെ വെള്ളക്കരുക്കളുമായി സി4 കളിച്ച് ഇംഗ്ലീഷ് ഓപ്പണിംഗിലാണ് ഡിംഗ് ലിറൻ തുടങ്ങിയത്. നിയോ കറ്റാലൻ ഡിഫൻസ് വഴി കളി പുരോഗമിച്ചു. കുഴപ്പമില്ലാതെ മത്സരം മുന്നോട്ട് പോകുന്നതിനിടെ ഇടയ്ക്ക് ഗുകേഷ് കുറച്ച് സമയം കളഞ്ഞു. നീക്കങ്ങൾക്കായി ആലോചിച്ചുകൊണ്ടിരുന്നു. സ്റ്റോക്ക് ഫിഷ് ചെസ് എൻജിന്റെ കണക്ക് പ്രകാരം 92 ശതമാനം ആക്യുറസിയായിരുന്നു ഡിംഗിന്. ഗുകേഷിന് 80.5 ശതമാനമായിരുന്നു.
22-ാം നീക്കത്തിൽ ബി ജി5 (ബിഷപ്പ് ജി 5) കളിച്ച് ഗുകേഷ് വലിയ അബദ്ധം കാണിച്ചു. ഈ നീക്കമാണ് ഗുകേഷിന് പിഴച്ചത്. പതിനാറാമത്തെ നീക്കം മുതലേ ഗുകേഷ് പിഴവുകൾ വരുത്തി തുടങ്ങിയിരുന്നു. പതിനാറാമത്തെ നീക്കത്തിൽ ഗുകേഷ് എൻഡി 7കളിച്ചത് ലിറന് നേട്ടമായി. തൊട്ടുപിറകെ ബി ജി6ഉം കളിച്ചത് മോശമായിരുന്നു. തുടർന്ന് 20-ാം നീക്കത്തിൽ ബിഷപ്പ് എഫ് 6 എന്തിന് കളിച്ചെന്ന് അർക്കും മനസിലാകുന്നില്ല. ഇതിന് പിന്നാലെ 22-ാം നീക്കത്തിൽ ബി ജി5 കളിച്ചതോടെ മത്സരത്തിൽ ഗുകേഷിന്റെ നില വളരെ മോശമായി. 25-ാം നീക്കത്തിൽ എൻ ബി8 കളിച്ചതും അബദ്ധമായി. മറുവശത്ത് ലിറൻ മികച്ച ഫോമിലായിരുന്നു. ജയം അർഹിച്ച കളിയായിരുന്നു. മേറ്റ് ഇൻ 2 ഓർ മേറ്റ് ഇൻ 7 എന്നുള്ള രീതിയിൽ കളിയുടെ അവസാന എൻഡിംഗിൽ വന്നു. ലിറന്റ സമഗ്രാധിപത്യമായിരുന്നു കളിയിൽ.
എന്നാൽ 14 ഗെയിമുകളും പൂർത്തിയാകുമ്പോൾ ഒരേ പോയിന്റ് നിലയാണെങ്കിൽ ടൈബ്രേക്കർ നടത്തും. ആദ്യം റാപ്പിഡ് ഫോർമാറ്റിൽ നാലുറൗണ്ട് മത്സരങ്ങൾ. ഇതിലും തുല്യതയാണെങ്കിൽ രണ്ട് റാപ്പിഡ് റൗണ്ടുകൾ കൂടി.
എന്നിട്ടും ഫലമില്ലെങ്കിൽ രണ്ട് ബ്‌ളിറ്റ്‌സ് ഗെയിമുകൾ. ഇതിലും ഫലമില്ലെങ്കിൽ ഒരാൾ ജയിക്കുന്നതുവരെ ബ്‌ളിറ്റ്‌സ് ഗെയിമുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്