ദോഹ: സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയര്‍ ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബാലണ്‍ ദ്യോര്‍ നേരിയ വ്യത്യാസത്തിന് നഷ്ടമായ റയല്‍ താരത്തിന് ഫിഫ പുരസ്‌കാരം നേട്ടമായി.
സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരമായി. തുടര്‍ച്ചയായ രണ്ടാംതവണയാണ് മുന്നേറ്റനിരതാരം പുരസ്‌കാരം നേടുന്നത്. ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും താരത്തിനാണ്. സ്‌പെയിനിനായും ബാഴ്സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്.
സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ മുന്നേറ്റത്തില്‍ നടത്തിയ തീപ്പൊരി പ്രകടനമാണ് ബ്രസീല്‍ താരം വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. സ്പാനിഷ് താരം റോഡ്രി, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, നോര്‍വേ താരം ഏര്‍ലിങ് ഹാളണ്ട്, അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് മികച്ചതാരമായത്. ഇതിഹാസതാരങ്ങളില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നില്ല.
ചരിത്രത്തില്‍ പുരസ്‌കാരം നേടുന്ന ആറാം ബ്രസീല്‍ താരമാണ്. റൊമാരിയോ, റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീന്യോ, കക്ക എന്നിവരാണ് മുന്‍പ് ഫിഫയുടെ മികച്ച താരമായത്. 2007-ല്‍ കക്ക പുരസ്‌കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീല്‍ താരം നേട്ടം കൈവരിക്കുന്നത്. 24-കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരം കളിച്ചു. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തില്‍നിന്ന് 96 ഗോളും നേടി. 13 കിരീടനേട്ടങ്ങളില്‍ പങ്കാളിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്