വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് യുവതാരം പൃഥ്വി ഷായെ ഒഴിവാക്കാൻ കാരണം ഗുരുതര അച്ചടക്കലംഘനമെന്ന് റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ മുംബൈക്കായി കളിച്ചെങ്കിലും പരിശീലന സെഷനുകളിൽ കൃത്യമായി പങ്കെടുക്കാതെയും രാത്രി മുഴുവൻ പാർട്ടികളിൽ പങ്കെടുത്തും പൃഥ്വി ഷാ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന അംഗം പിടിഐയോട് പറഞ്ഞു.
കായികക്ഷമതയില്ലാത്ത പൃഥ്വി ഷായെ ഫീൽഡിംഗിനിറക്കുമ്പോൾ ഗ്രൗണ്ടിൽ പലപ്പോഴും 10 ഫീൽഡർമാരുമായി കളിക്കുന്ന അവസ്ഥയാണുള്ളതെന്നും സീനിയർ അംഗം പറഞ്ഞു. കായികക്ഷമത ഇല്ലാത്തതിനാൽ പലപ്പോഴും പൃഥ്വി ഷായെ ഫീൽഡിൽ ഒളിപ്പിച്ചു നിർത്തേണ്ട ഗതികേടിലാണ് മുംബൈ ടീം. അടുത്തുകൂടെ പോകുന്ന പന്തുകൾപോലും പിടിക്കാൻ പലപ്പോഴും അവന് കഴിയുന്നില്ല. ബാറ്റ് ചെയ്യുമ്പോൾ പലപ്പോഴും പന്തിന്റെ ലൈനിലേക്ക് എത്താനുമാവുന്നില്ല. അച്ചടക്കത്തിന്റെ കാര്യത്തിലും കായികക്ഷമതയുടെ കാര്യത്തിലും കളിയോടുള്ള സമീപനത്തിന്റെ കാര്യത്തിലും പൃഥ്വി ഷാ പലപ്പോഴും പിന്നിലാണ്.
മുഷ്താഖ് അലി ട്രോഫിക്കിടെ പലപ്പോഴും പരിശീലന സെഷനുകളിൽ പങ്കെടുക്കാതെ വിട്ടു നിന്ന പൃഥ്വി ഷാ രാത്രി മുഴുവൻ പാർട്ടികളിൽ പങ്കെടുത്ത് രാവിലെ ആറ് മണിക്കൊക്കെയാണ് ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയിരുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരസ്യപ്രതികരണം നടത്തിയതുകൊണ്ടൊന്നും മുംബൈ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ നിലപാട് മാറാൻ പോകുന്നില്ലെന്നും പ്രതിനിധി പറഞ്ഞു.
മുംബൈ ടീം നായകൻ ശ്രേയസ് അയ്യരും പൃഥ്വി ഷായുടെ അച്ചടക്കലംഘനങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നു. കളിയോടുള്ള സമീപനം മാറ്റിയാൽ പൃഥ്വി ഷായ്ക്ക് ആകാശമാണ് അതിരെന്ന് ശ്രേയസ് അയ്യർ മുഷ്താഖ് അലി ട്രോഫി കിരീടം നേടിയശേഷം പറഞ്ഞിരുന്നു. മടിയിലിരുത്തി കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പൃഥ്വി ഷാ ചെറിയ കുട്ടിയല്ലെന്നും എല്ലാവരും അവനെ ഉപദശിച്ചിരുന്നുവെന്നും എങ്ങനെയാണ് മെച്ചപ്പെടേണ്ടതെന്ന് പൃഥ്വി ഷാ സ്വയം തിരിച്ചറിയുകയാണ് വേണ്ടതെന്നും ശ്രേയസ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്