അണ്ടർ 19 വനിതാ ട്വന്റി20 ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലെ പോരാട്ടത്തിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 98 റൺസേ നേടാനായുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 4 ഓവറിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആയുഷി ശുക്ലയാണ് ഇന്ത്യയുടെ വിജയശില്പിയും കളിയിലെ താരവും.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ നിക്കി പ്രസാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച് ഇന്ത്യൻ ബൗളർമാർ നറഞ്ഞാടുകയായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണർ സഞ്ജന കവിന്ദിയെ (9) ക്യാപ്ടൻ നിക്കിയുടെ കൈയിൽ എത്തിച്ച് ദൃതി കേസരി ഇന്ത്യയുടെ ലങ്കൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ക്യാപ്ടൻ മനുദി (33), വിക്കറ്റ് കീപ്പർ സുമുദു (21) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായുള്ളൂ. 4 വിക്കറ്റ് വീഴ്ത്തി ആയുഷിയെ കൂടാതെ പരുണിയ സിസോദിയ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്‌കോർ 5ൽ എത്തിയപ്പോൾ ഓപ്പണർ ഈശ്വരി അവ്‌സാരെ(0), മൂന്നാം നമ്പറിലെത്തിയ സനിക ചൽകെ (4) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. തുടർന്ന് നാലാം വിക്കറ്റിൽ ഒന്നിച്ച തൃഷയും (24 പന്തിൽ 32), കമാലിനയും (26 പന്തിൽ 28) ചേർന്നാണ് ഇന്ത്യയെ വിജയവഴിയിലേക്കെത്തിച്ചത്. തൃഷ ടീം സ്‌കോർ 68ൽ വച്ച് പുറത്തായതിന് പിന്നാലെ കമാലിനിയുടേതുൾപ്പെടെ മൂന്ന് വിക്കറ്റുകൂടി നഷ്ടമായെങ്കിലും മിഥില വിനോദ് (പുറത്താകാതെ 12 പന്തിൽ 17) നന്നായി ബാറ്റ് ചെയ്ത് ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. 1 റണ്ണുമായി ആയുഷി മിഥിലയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.
നാളെ നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്നലെ നടന്ന മറ്റൊരു സൂപ്പർ ഫോർ പോരാട്ടത്തിൽ നേപ്പാളിനെ 9 വിക്കറ്റിന് തകർത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 8 വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 7 പന്ത് ബാക്കി നിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു.
കഴിഞ്ഞയിടെ നടന്ന അണ്ടർ 19 പുരുഷ ടി20 ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ഏറ്റുമുട്ടിയത്. എന്നാൽ സെമി വരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ തുടർച്ചയായ രണ്ടാം ഫൈനലിലും ബംഗ്ലാദേശിനോട് തോൽക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്