ഐ.പി.എൽ അരങ്ങേറ്റത്തിൽ വിക്കറ്റുകളുമായി പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറുടെ മകൻ
അപ്രതീക്ഷിതമായി കൈവന്ന ഐ.പി.എൽ അവസരം അവിസ്മരണീയമാക്കുകയായിരുന്നു ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിഘ്‌നേഷ് പുതൂർ. ഇംപാക്ട് പ്‌ളേയറായി കളത്തിലിറങ്ങിയ വിഘ്‌നേഷ് എറിഞ്ഞ ആദ്യ ഓവറിൽതന്നെ വിക്കറ്റ് നേടി. അർദ്ധസെഞ്ച്വറിയുമായി നിന്ന ചെന്നൈ ക്യാപ്ടൻ റിതുരാജ് ഗെയ്ക്ക്‌വാദിനെ വിൽ ജാക്‌സിന്റെ കയ്യിലെത്തിക്കുകയായിരുന്നു വിഘ്‌നേഷ്. അടുത്ത ഓവറിൽ അപകടകാരിയായ ശിവം ദുബെയെ (9) തിലക് വർമ്മ പിടികൂടി. മൂന്നാം ഓവറിൽ ദീപക് ഹൂഡയും വിഘ്‌നേഷിന് ഇരയായി.
പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി. ബിന്ദുവിന്റേയും മകനാണ് വിഘ്‌നേഷ്. ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിച്ചു. പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
താൻ ബൗളിംഗിൽ കൂടുതൽ ശ്രദ്ധിച്ചതുകൊണ്ട് ക്രിക്കറ്റ് കിറ്റ് ഉൾപ്പടെയുള്ള വലിയ ചെലവുകൾ ഓട്ടോ ഡ്രൈവറായ അച്ഛന് വരുത്താതെ നോക്കാൻ കഴിഞ്ഞെന്ന് വിഘ്‌നേഷ് പറയുന്നു.
താര ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ ടീമിലെടുത്തത്. ലേലത്തിന് മുമ്പ് വിഘ്‌നേഷ് മുംബയ് ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ടിംഗ് കോച്ചാണ് ട്രയൽസിനെത്താൻ ആവശ്യപ്പെട്ടത്. അന്ന് ട്രയൽസിലെ ബൗളിംഗ് വളരെയേറെ ഇഷ്ടപ്പെട്ടതായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നെങ്കിലും ടീമിലെടുക്കുമെന്ന് കരുതിയില്ലെന്ന് വിഘ്‌നേഷ് കേരള കൗമുദിയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്