ഹൈദരാബാദ് : ഐ.പി.എല്ലിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തോൽവി. ഐ.പി.എൽ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച ടീം ടോട്ടൽ ഉയർത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദാണ് 44 റൺസിന് രാജസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഇഷാൻ കിഷൻ (47 പന്തുകളിൽ 106 നോട്ടൗട്ട് ), ട്രാവിസ് ഹെഡ് (31 പന്തിൽ 67), നിതീഷ് (30), ക്‌ളാസൻ (34) എന്നിവരുടെ മികവിൽ 286/6 എന്ന സ്‌കോർ ഉയർത്തിയപ്പോൾ രാജസ്ഥാന് 242/6ലേ എത്താനായുള്ളൂ.
മറുപടി ബാറ്റിംഗിൽ 50 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇംപാക്ട് പ്‌ളേയറായി ഇറങ്ങിയ സഞ്ജുവും (37 പന്തുകളിൽ 64 റൺസ്) ധ്രുവ് ജുറേലും (35 പന്തുകളിൽ 70) പൊരുതിയത് രാജസ്ഥാന് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 15 -ാം ഓവറിൽ ഇരുവരും കൂടാരം കയറിയതോടെ സൺറൈസേഴ്‌സ് ആധിപത്യമുറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സിന് വേണ്ടി ഓപ്പണർമാരായ അഭിഷേക് ശർമ്മയും, ട്രാവിസ് ഹെഡും 19 പന്തുകളിൽ അടിച്ചുകൂട്ടിയത് 45 റൺസാണ്. നാലാം ഓവറിന്റെ ആദ്യ പന്തിൽ അഭിഷേകിനെ മഹീഷ് തീഷ്ണ ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ചാണ് സഖ്യം പൊളിച്ചത്. നേരിട്ട 11 പന്തുകളിൽ അഭിഷേക് അഞ്ചെണ്ണം അതിർത്തി കടത്തിയിരുന്നു.
തുടർന്ന് കളത്തിലേക്കിറങ്ങിയ ഇഷാൻ കിഷൻ ട്രാവിസ് ഹെഡിനൊപ്പം കത്തിക്കയറിയതോടെ സൺറൈസേഴ്‌സിന്റെ സ്‌കോർ ബോർഡുയർന്നു. ഏഴാം ഓവറിൽ ടീം 100 കടന്നു. 21 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച ഹെഡിനെ 10-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെ പുറത്താക്കുമ്പോൾ ടീം സ്‌കോർ 130ലെത്തിയിരുന്നു. ഇംപാക്ട് പ്‌ളേയറായിറങ്ങിയ ഹെഡ് ഒൻപത് ഫോറും മൂന്ന് സിക്‌സും പായിച്ചിരുന്നു.
തുടർന്ന് കൂട്ടിനെത്തിയ നിതീഷ് കുമാർ റെഡ്ഡിയോടൊപ്പം ഇഷാൻ 15 -ാം ഓവറിൽ ടീമിനെ 200കടത്തി. നിതീഷിനെ പുറത്താക്കി 29 പന്തുകളിൽ 72 റൺസ് നേടിയ ഈ സഖ്യത്തെ പിരിച്ചതും തീഷ്ണയാണ്. 15 പന്തുകളിൽ നാലുഫോറുകളും ഒരു സിക്‌സും പറത്തിയ നിതീഷ് യശസ്വിക്കാണ് ക്യാച്ച് നൽകിയത്. എന്നാൽ ഇഷാൻ ഒരറ്റത്ത് ജ്വലിച്ചുയർന്നതോടെ സൺറൈസേഴ്‌സിന്റെ സ്‌കോർ ബോർഡ് വീണ്ടുമുയർന്നു.
ഹെൻറിച്ച് ക്‌ളാസൻ(14 പന്തുകളിൽ 34), അനികേത് വർമ്മ(7), അഭിനവ് മനോഹർ (0) എന്നിവർ കൂടി പുറത്തായെങ്കിലും ഐ.പി.എല്ലിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലിലേക്ക് എത്താൻ സൺറൈസേഴ്‌സിന് കഴിഞ്ഞു. 19-ാം ഓവറിൽ നേരിട്ട 45-ാമത്തെ പന്തിലാണ് ഇഷാൻ തന്റെ ആദ്യ ഐ.പി.എൽ സെഞ്ച്വറി തികച്ചത്. 11 ഫോറുകളും ആറ് സിക്‌സുകളുമാണ് ഇഷാന്റെ ബാറ്റിൽനിന്ന് പറന്നത്.
മറുപടിക്കിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ തിരിച്ചടിയാണ് ലഭിച്ചത്. അഞ്ചുപന്തുകളിൽ ഒരു റൺസ് മാത്രമെടുത്ത യശസ്വി ജയ്‌സ്വാൾ രണ്ടാം ഓവറിൽ സിമർജീത് സിംഗിന്റെ പന്തിൽ അഭിനവിന് ക്യാച്ച് നൽകി കൂടാരം കയറി. ഇതേ ഓവറിൽ നായകൻ റിയാൻ പരാഗിനേയും(4) സിമർജീത് തിരിച്ചയച്ചു. എതിർ ക്യാപ്ടൻ കമ്മിൻസിനായിരുന്നു പരാഗിന്റെ ക്യാച്ച്. കൊൽക്കത്തയിൽ നിന്ന് കൂടുമാറിയെത്തിയ നിതീഷ് റാണയെ(11) അഞ്ചാം ഓവറിൽ ഷമി കമ്മിൻസിന്റെ കയ്യിലേൽപ്പിച്ചതോടെ രാജസ്ഥാൻ 50/3 എന്ന നിലയിലായി.
എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച സഞ്ജുവും ധ്രുവ് ജുറേലും തകർത്തടിച്ചതോടെ കളി ആവേശകരമായി. ഒൻപതാം ഓവറിൽ ടീം 100കടന്നു. 150ലെത്തുമ്പോഴേക്കും സഞ്ജുവും ധ്രുവ് ജുറേലും അർദ്ധസെഞ്ച്വറി കടന്നിരുന്നു. 14-ാം ഓവറിൽ ഹർഷൽ പട്ടേലിനെ സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തിൽ ആഞ്ഞുവീശിയെങ്കിലും ഉയർന്നുപൊങ്ങി കീപ്പർ ക്‌ളാസന്റെ കയ്യിൽ അവസാനിച്ചു.
37 പന്തുകളിൽ ഏഴുഫോറും നാലുസിക്‌സും പറത്തി മടങ്ങിയ സഞ്ജുവിന് പിന്നാലെ ജുറേലും പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. 35 പന്തുകളിൽ അഞ്ചുഫോറും ആറുസിക്‌സുമടക്കം 70 റൺസെടുത്ത ജുറേലിനെ 15-ാം ഓവറിൽ സാംബ ഇഷാന്റെ കയ്യിലെത്തിക്കുകയായിരുന്നു.
ഇതോടെ രാജസ്ഥാൻ 161/5 എന്ന നിലയിലായി. തുടർന്ന് വിജയ പ്രതീക്ഷ മങ്ങിയെങ്കിലും ഹെറ്റ്്‌മേയറും ശുഭം ദുബെയും ചേർന്ന് വീശിയടിച്ച് 242/6 എന്ന സ്‌കോറിലെത്തിച്ചു. 19.5-ാം ഓവറിലാണ് ഹെറ്റ്‌മേയർ പുറത്തായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്