അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി, തലശേരിക്കാരൻ സി.പി റിസ്‌വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കേരളത്തിനുവേണ്ടി അണ്ടർ19, 23 തലങ്ങളിൽ കളിച്ചിട്ടുള്ള റിസ്‌വാൻ യു.എ.ഇ ദേശീയ ടീമിന്റെ നായകനായിരുന്നു. യു.എ.ഇയ്ക്ക് വേണ്ടി 42 ഏകദിനങ്ങളിലും 18 ട്വന്റി20കളിലും കളിച്ചിട്ടുണ്ട്.
2021 ജനുവരി എട്ടിന് അയർലൻഡിനെതിരേ നടന്ന ഏകദിന മത്സരത്തിലായിരുന്നു ആദ്യസെഞ്ച്വറി (109). 2022ലെ ട്വന്റി20 ലോകകപ്പിൽ യു.എ.ഇയെ നയിച്ചത് റിസ്‌വാനാണ്. തലശേരിയിൽ ജനിച്ച റിസ്‌വാൻ ചെറുപ്പത്തിൽതന്നെ മാതാപിതാക്കൾക്കൊപ്പം യു.എ.ഇയിലേക്ക് പോയെങ്കിലും പഠനത്തിനായി കേരളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
പഠനത്തിനൊപ്പം ക്രിക്കറ്റിലും തിളങ്ങിയ റിസ്‌വാൻ കേരളത്തിനായി 2004ൽ ഇന്റർ ഡിസ്ട്രിക്ട് മത്സരങ്ങൾ കളിച്ചുതുടങ്ങി. 2006ൽ അണ്ടർ 14 കേരള ടീമിലെത്തി. വിവിധ ഏജ്കാറ്റഗറി മത്സരങ്ങളിൽ കളിച്ചു.
2014ലാണ് വീണ്ടും യു.എ.ഇയിലെത്തിയത്. അവിടെയും ക്രിക്കറ്റിനെ കൈവിട്ടില്ല. 2019ലാണ് യു.എ.ഇ ദേശീയ ടീമിൽ അരങ്ങേറിയത്. നേപ്പാളിനെതിരെയായിരുന്നു ആദ്യ ഏകദിന മത്സരം നേപ്പാളിനെതിരെതന്നെ ട്വന്റി20യിലും അരങ്ങേറി. 2023ൽ അഫ്ഗാനെതിരെയായിരുന്നു അവസാന ട്വന്റി20. 2024ൽ കാനഡയ്ക്ക് എതിരെ അവസാന ഏകദിനം.
തലശ്ശേരി സ്വദേശി അബ്ദുറൗഫിന്റെയും നസ്രീൻ റൗഫിന്റെയും മകനായ റിസ്‌വാൻ എമിറേറ്റ്‌സ് എയർലൈനിൽ ഉദ്യോഗസ്ഥനാണ്. ഫാത്തിമ അനസാണ് ഭാര്യ. മക്കൾ : മാസ് ബിൻ റിസ്‌വാൻ, ഹുദ് ബിൻ റിസ്‌വാൻ.
കളി ഇനി ആഭ്യന്തര ലീഗുകളിൽ, ഒപ്പം പരിശീലക വേഷവും
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ലീഗുകളിലും എമിറേറ്റ്‌സ് എയർലൈൻ ടീമിലും തുടർന്ന് കളിക്കുമെന്ന് റിസ്‌വാൻ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലും കളിക്കാൻ താത്പര്യമുണ്ട്. അതിനൊപ്പം യു.എ.ഇയിലെ സ്വന്തം ക്രിക്കറ്റ് അക്കാഡമിയായ 'സെറ്റ് ഗോ'യിൽ പരിശീലനം നൽകുന്നതും തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്