ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഓസ്‌ട്രേലിയയേയും പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളും ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 63.33 പോയന്റ് ശതമാനമാണുള്ളത്. 10 മത്സരങ്ങളിൽ ആറെണ്ണം ജയിച്ചു. ഒരു സമനിലയും മൂന്ന് തോൽവിയും അക്കൗണ്ടിലുണ്ട്. ഇനി പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നുള്ളത് ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. നേരത്തെ അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു ഓസീസ്.
60.71 പോയന്റ് ശതമാനമാണ് ഓസീസിനുള്ളത്. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ടീമിന് ഒമ്പത് ജയവും നാല് തോൽവിയും ഒരു സമനിലയുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയന്റ് ശതമാനം 57.29 ആണ്. 16 മത്സരങ്ങൾ ഇന്ത്യ കളിച്ചപ്പോൾ 9 എണ്ണം ജയിച്ചു. ആറ് തോൽവിയും ഒരു സമനിലയും.
ആദ്യ രണ്ട് സ്ഥാനക്കാരാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേർക്കുനേർ വരിക. ഇപ്പോഴത്തെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ നേർക്കുനേർ വരാനാണ് സാധ്യത. മറിച്ച് സംഭവിക്കണമെങ്കിൽ ഇന്ത്യ ഓസീസിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളും ജയിക്കണം. എന്നാൽ ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ ജയിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യക്ക് മറ്റു പരമ്പരകൾ ഒന്നും തന്നെയില്ല. ഓസീസിന്, ശ്രീലങ്കൻ പര്യടനം ബാക്കിയുണ്ട്.
തോൽവിയോടെ ശ്രീലങ്കയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. നാലാം സ്ഥാനത്താണ് ലങ്ക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലും അവർ തോറ്റിരുന്നു. 11 മത്സരം കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചു. ആറ് തോൽവിയും. 45.45 പോയന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലൻഡ് (44.23) എന്നിവർ അഞ്ചും ആറും സ്ഥാനങ്ങളിൽ.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റും തോറ്റത് കിവീസിന് കനത്ത തിരിച്ചടിയായി. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലണ്ടിന്റെയും ന്യൂസിലൻഡിന്റെയും പോയന്റുകൾ വെട്ടിക്കുറച്ചിരുന്നു. അതും ടീമിന് തിരിച്ചടിയായി. പാകിസ്ഥാൻ, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവർ യഥാക്രമം ഏഴ് മുതൽ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്