മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലിൽ. 125 റൺസിന്റെ വമ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 320 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ മറുപടി 42.3 ഓവറിൽ 194 റൺസിൽ അവസാനിച്ചു.
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യ രണ്ടാം സെമി ഫൈനലിലെ വിജയികളെ ദക്ഷിണാഫ്രിക്ക ഫൈനലിൽ നേരിടും. ഞായറാഴ്ച നവി മുംബയിലാണ് കലാശപ്പോര്. ഇതാദ്യമായിട്ടാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒരു ദക്ഷിണാഫ്രിക്കൻ ടീം പ്രവേശിക്കുന്നത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ആമി ജോൺസ്,
ടാമി ബ്യൂമോണ്ട്, മൂന്നാമതെത്തിയ ഹീഥർ നൈറ്റ് എന്നിവർ പൂജ്യത്തിന് പുറത്തായി. ഒരു റൺസ് മാത്രമായിരുന്നു ഈ സമയത്തെ സ്‌കോർ. നാലാം വിക്കറ്റിൽ ക്യാപ്ടൻ നാറ്റ് സിവർ ബ്രണ്ട് 64(76), അലീസ് ക്യാപ്‌സെ 50(71) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടിയത് പ്രതീക്ഷ നൽകി. 107 റൺസ് കൂട്ടിച്ചേർത്ത ശേഷം ഈ സഖ്യം പിരിഞ്ഞതോടെ ദക്ഷിണാഫ്രിക്ക പിടിമുറുക്കി.
പിന്നീട് വന്നവരിൽ ഡാനിയെല വയറ്റ് 34(31) മാത്രമാണ് ചെറുത്ത് നിന്നത്. പത്താമതായി ബാറ്റ് ചെയ്യാനെത്തിയ ലിൻസെ സ്മിത്ത് 27(36) റൺസ് നേടിയെങ്കിലും അപ്പോഴേക്കും ജയം അകന്നുപോയിരുന്നു. സോഫിയ ഡംഗ്ലെ 2(10), ഷാർലെറ്റ് ഡീൻ 0(1), സോഫി എക്കിൾസ്റ്റൺ 2(12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്‌കോറുകൾ ലോറൻ ബെൽ 9*(12) പുറത്താകാതെ നിന്നു.
അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മാരിസൈൻ ക്യാപ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്. നദീൻ ഡി ക്ലെർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അയബോംഗ ഖാക, ഓൻകുലുലേകും ലാബ, സുൻ ലൂസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ക്യാപ്ടൻ ലോറ വോൾവാർട്ടിന്റെ തകർപ്പൻ സെഞ്ച്വറി 169 (143) മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക പടുത്തുയർത്തിയത് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റൺസ്. 20 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു ദക്ഷിണാഫ്രിക്കൻ നായികയുടെ ഇന്നിംഗ്‌സ്.
ക്യാപ്ടന് ഒപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത തസ്മിൻ ബ്രിറ്റ്‌സ് 45(65) റൺസ് നേടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 116 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ വന്ന അനേക ബോഷ് 0(3), സുൻ ലൂസ് 1(6) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ഒരുവശത്ത് ലോറ വോൾവാർട്ട് തകർത്തടിച്ചു. മാറിസൈൻ ക്യാപ് 42(33) റൺസ് നേടി മദ്ധ്യ ഓവറുകളിൽ ലോറയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കൻ സ്‌കോറിംഗ് മുന്നോട്ടുകൊണ്ടുപോയി.
വിക്കറ്റ് കീപ്പർ സിനോലോ ജാഫ്ത 1(4), അനെറി ഡെർക്‌സെൻ 4(14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്‌കോറുകൾ. ക്ലോയി ട്രയോൺ 33*(26), നദീൻ ഡി ക്ലെർക്ക് 11*(6) എന്നിവർ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്കിൾസ്റ്റൺ നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. ലോറൻ ബെല്ലിന് രണ്ട് വിക്കറ്റ് ലഭിച്ചപ്പോൾ ക്യാപ്ടൻ നാറ്റ് സിവർ ബ്രണ്ട് ഒരു വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
