ത്രിരാഷ്ട്ര ടി20 പരമ്പരയിൽ സിംബാബ്‌വെയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് സിംബാബ്‌വെ പരാജയപ്പെട്ടത്.
ഹരാരെ, സ്‌പോർട്‌സ് ക്ലബിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. 61 റൺസെടുത്ത ബ്രയാൻ ബെന്നറ്റാണ് ആതിഥയേർക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. റുബിൻ ഹെർമാൻ (63), റാസി വാൻ ഡർ ഡസ്സൻ (52) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. 22 റൺസിനിടെ അവർക്ക് ലുവാൻ ഡ്രെ പ്രെട്ടോറ്യൂസ് (4), റീസ ഹെൻഡ്രിക്‌സ് (6) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ഡസ്സൻ - ഹെൻമൻ സഖ്യം 106 റൺസ് കൂട്ടിചേർത്തു. വിജയത്തിനടുത്ത് റുബിൻ വീണെങ്കിലും ഡിവാൾഡ് ബ്രേവിസിനെ (13) കൂട്ടുപിടിച്ച് ഡസ്സൻ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. 36 പന്തുകൾ നേരിട്ട റുബിൻ നാല് സിക്‌സും മൂന്ന് ഫോറും നേടി. ഡസ്സന്റെ ഇന്നിംഗ്‌സിൽ ആറ് ബൗണ്ടറികളുണ്ടായിരുന്നു.
നേരത്തെ ബെന്നറ്റിന് പുറമെ റ്യാൻ ബേളാണ് (31 പന്തിൽ 36) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു സിംബാബ്‌വെ താരം. വെസ്ലി മധെവേരെ (12) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ക്ലൈവ് മതാൻഡെ (8), സിക്കന്ദർ റാസ (9), തഷിൻഗ മുസെകിവ (0), മുന്യോഗ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കോർബിൻ ബോഷ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ സിംബാബ്‌വെ പുറത്തായി. പരമ്പരയിലെ മൂന്നാമത്തെ ടീമായ ന്യൂസിലൻഡിനെതിരായ ഒരു മത്സരം കൂടി അവർക്ക് അവശേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്