സയ്യിദ് മുഷ്താഖ് അലി ടി20യിൽ ബാറ്റുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത് മുഹമ്മദ് ഷമി. ഛണ്ഡിഗഡിനെതിരായ മുഷ്താഖ് അലി പ്രീ ക്വാർട്ടറിൽ ബംഗാളിന് വേണ്ടി 17 പന്തിൽ പുറത്താവാതെ 32 റൺസാണ് ഷമി അടിച്ചെടുത്തത്.
ബംഗാൾ ഇന്നിംഗ്‌സിലെ രണ്ടാമത്തെ ടോപ് സ്‌കോററാണ് ഷമി. കരൺലാൽ (33), പ്രദീപ്ത പ്രമാണിക്ക് (30), വൃതിക് ചാറ്റർജി (28) എന്നിവരാണ് തിളങ്ങിയ പ്രധാന താരങ്ങൾ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ബംഗാൾ നേടിയത്.
മോശം തുടക്കമായിരുന്നു ബംഗാളിന്. 21 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് പോറൽ (8), സുധീപ് കുമാർ ഗരാമി (0), ഷാകിർ ഹബീബ് ഗാന്ധി (10) എന്നിവരാണ് മടങ്ങിയത്. പിന്നാലെ കരൺ -വൃതിക് സഖ്യം 40 റൺസ് കൂട്ടിചേർത്തു. ഇതാണ് ബംഗാളിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ വൃതിക്കിനെ മടക്കി രാജ് ഭാവ ഛണ്ഡീഗഡിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ഷഹ്ബാസ് അഹമ്മദിനും (7) തിളങ്ങാനായില്ല. ഇതിനിടെ കരൺ, അഗ്‌നിവ് പാൻ (6), കനിഷ്‌ക് സേത് (1) എന്നിവരും മടങ്ങി. ഇതോടെ 15.1 ഓവറിൽ എട്ടിന് 114 എന്ന നിലയിലായി ബംഗാൾ.
പിന്നീടായിരുന്നു ഷമിയുടെ പ്രകടനം. പത്താമനായി ക്രീസിലെത്തിയ ഷമി 17 പന്തുകൾ മാത്രമാണ് നേടിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഷമിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതിനിടെ പ്രദീപ്ത മടങ്ങിയെങ്കിലും സയാൻ ഘോഷിനെ (1) കൂട്ടുപിടിച്ച് ഷമി സ്‌കോർ 150 കടത്തി.
സീസണിൽ ഇതുവരെ ബംഗാളിന് വേണ്ടി എട്ട് മത്സരങ്ങൾ കളിച്ച ഷമി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മികച്ച പ്രകടനം തുടരുന്ന ഷമി ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധ്യതയേറെയാണ്.
താരത്തെ കുറിച്ച് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഷമിക്ക് വേണ്ടി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. എന്നാൽ എൻ.സി.എ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമെ ടീമിനൊപ്പം ചേർക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. ധൃതി പിടിച്ച് ടീമിൽ ഉൾപ്പെടുത്തില്ലെന്നും രോഹിത് കൂട്ടിചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്