മുംബൈ: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് (ശനിയാഴ്ച) പ്രഖ്യാപിക്കും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന 50 ഓവര്‍ ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഉച്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനം നടത്തും. . ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാക്കിസ്ഥാനിലെയും യുഎഇയിലെയും മൂന്ന് വേദികളിലായാണ് ചാംപ്യന്‍സ് ട്രോഫി നടക്കുക.
സെലക്ഷന്‍ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായും ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും വെര്‍ച്വല്‍ ചര്‍ച്ച നടത്തി. സെലക്ഷന്‍ മീറ്റിംഗ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും, അഗാര്‍ക്കര്‍ ഉച്ചയ്ക്ക് 2 മണിക്ക് മുംബൈയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കും.
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംറയും ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, ഇന്ത്യയുടെ പ്രധാന ആഭ്യന്തര 50 ഓവര്‍ ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കരുണ്‍ നായരെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ വിമുഖത കാട്ടുന്നതായി റിപ്പോര്‍ട്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 752 റണ്‍സ് നേടിയ കരുണ്‍ വിദര്‍ഭയെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മഹാരാഷ്ട്രയ്ക്കെതിരായ സെമിയില്‍ 44 പന്തില്‍ 88 റണ്‍സ് നേടി ഫിനിഷര്‍ എന്ന നിലയിലുള്ള തന്റെ കഴിവും പ്രകടമാക്കി.
എന്നിരുന്നാലും, 2017 ല്‍ അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ച കരുണ്‍ നായരെ ഒരു പ്രധാന ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് തിരിച്ചുവിളിക്കുന്നത് ബുദ്ധിശൂന്യമാണെന്ന് സെലക്ടര്‍മാര്‍ കരുതുന്നു.
സഞ്ജു സാംസണും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല. ജനുവരി 22 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലേക്ക് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്