ഭോപ്പാല്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ട ആളുകള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജ്യം വിടുന്ന പിടികിട്ടാപ്പുള്ളികള്‍ ഒളിവിലിരിക്കെ തന്നെ വിചാരണ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധി സംഘവുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറെ കാലമായി ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിക്കണം. ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ അമിത് ഷാ അഭിനന്ദിച്ചു.
ഭീകരവാദം, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ആ വകുപ്പുകള്‍ പ്രസ്തുത കേസിന് യോഗ്യമാണോ എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് രണ്ട് സംസ്ഥാനങ്ങള്‍ പരസ്പരം എഫ്‌ഐആര്‍ കൈമാറുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ ജില്ലയിലും ഒന്നിലധികം ഫോറന്‍സിക് സയന്‍സ് മൊബൈല്‍ വാനുകളുടെ ലഭ്യത ഉറപ്പാക്കണം.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളില്‍ നിന്നും ജയിലുകളില്‍ നിന്നും പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് മതിയായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ രേഖാമൂലം സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ തുടര്‍ച്ചയായി സംസ്ഥാന പൊലീസ് മേധാവി നിരീക്ഷിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്