വിദ്വേഷപ്രചാരണത്തിന്റെ അഗ്‌നിസ്ഫുലിംഗങ്ങളിൽ നിന്നും എന്ന് ഇന്ത്യൻ ജനത മോചനം നേടും..?

JANUARY 16, 2025, 2:11 AM

രോഗികളെ ആശ്വസിപ്പിക്കാൻ ഭവനസന്ദർശനം നടത്തുന്നവരെയും രോഗശാന്തി ശുശ്രൂഷയും സുവിശേഷ കൺവെൻഷനുകളും നടത്തുന്നവരെയും മാജിക്കൽ സൗഖ്യദാനത്തിലൂടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തി ജയിലിൽ അടക്കുന്ന ഒരു ഭരണകൂടം ഇന്ത്യയിലുണ്ട്.

1947ൽ അല്ല രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന ആർ.എസ്.എസ് നേതാവ് മോഹൻ ഭഗത് തട്ടിവിട്ടത് അടുത്തിടെയാണ്. മോഹൻ ഭഗവത് പറയുന്നത് രാജ്യദ്രോഹമാണ്. മറ്റൊരു രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി അതിന് ശക്തമായ മറുപടി പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയും ആർ.എസ്.എസിന്റെ പ്രത്യേയശാസ്ത്രവും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. അതോടെ ആ പ്രശ്‌നവും അവസാനിച്ചോ..? തൊട്ടുമുമ്പ് അംബേദ്കറെ പരിഹസിച്ച് അമിത്ഷാ നടത്തിയ പ്രസംഗവും പ്രതിക്ഷേധത്തിനിടയാക്കിയെങ്കിലും അതും കെട്ടടങ്ങിയ മട്ടാണ്. ബി.ജെ.പി നേതാക്കളിലാരെങ്കിലും പ്രശ്‌നങ്ങളെന്തെങ്കിലും ഉടലെടുക്കുമ്പോൾ ഇത്തരത്തിലുള്ള എന്തെങ്കിലും വിവാദ പ്രസ്ഥാവനകളോ, പ്രസംഗമോ നടത്തി ഗൗരവമേറിയ പല പ്രശ്‌നങ്ങളേയും വഴിതിരിച്ചുവിടുക പതിവാണ്. അതിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും തട്ടിവീഴുകയും ചെയ്യും.

vachakam
vachakam
vachakam

ഓരോ മുസ്‌ലിം പള്ളിയിലും ശിവലിംഗം തിരയേണ്ടതില്ലെന്ന് ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് പറഞ്ഞിട്ടും കാശിയിലെ ഗ്യാൻവാപി മസ്ജിദിലും മഥുരയിലെ ശാഹി ഈദ് ഗാഹിലും നിന്ന് ഹിന്ദു സേന ഇപ്പോൾ പടിഞ്ഞാറൻ യുപിയിലെ സംഭലിൽ ബാബറിന്റെ കാലത്ത് നിർമിക്കപ്പെട്ട ശാഹി ജുമാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിൽ 800 വർഷത്തെ ചരിത്രമുറങ്ങുന്ന ഹസ്രത്ത് ഖ്വാജാ ഗരീബ് നവാസ് ദർഗാ ശരീഫിലും, അഡായി ദിൻ കാ ഛോപ്ഡാ എന്ന അജ്മീറിലെ അതിപുരാതന മസ്ജിദിലും, മുഗൾ ചക്രവർത്തി ഷാജഹാൻ 1644-1656 കാലഘട്ടത്തിൽ നിർമിച്ച ഡൽഹി ജുമാ മസ്ജിദിലും വരെ ഹിന്ദുക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ബിംബങ്ങളും മാന്തിയെടുക്കാനുള്ള പുറപ്പാടിലാണ്.

ഇതെല്ലാം ബി.ജെ.പി അനുഭാവമില്ലാത്ത ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തിൽ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ്.

അടുത്തിടയാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ മന്ത്രിസഭ അംഗീകരിച്ച 'നിയമവിരുദ്ധ മതപരിവർത്തനം തടയാനുള്ള' പുതിയ ബില്ലിന്റെ പിന്നാമ്പുറ കഥയും. ഗോത്രവർഗക്കാരും ദുർബല വിഭാഗങ്ങളും ക്രിസ്തുമതം സ്വീകരിക്കുന്നതിലെ വിപത്തിനെക്കുറിച്ചും മുസ് ലിം പുരുഷന്മാർ ആദിവാസി സ്ത്രീകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും ആശങ്കാജനകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് രാജസ്ഥാൻ നിയമമന്ത്രി ജോഗാറാം പട്ടേൽ പറയുന്നത്.

vachakam
vachakam
vachakam

പട്ടിണിയും തൊഴിലില്ലായ്മയും ഗ്രാമീണ കർഷകരുടെ ദുരിതങ്ങളും പരിഹരിക്കാനുള്ള വഴികാണാതെ അഞ്ചു ട്രില്യൻ അമേരിക്കൻ ഡോളറിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വീമ്പുപറയുന്ന മോദിയുടെ അനുയായികൾക്ക് ക്രൈസ്തവ പ്രേഷിതരുടെ സാമൂഹിക ശുശ്രൂഷയോട് കടുത്ത വിരോധമാണ്. മുസ് ലിംകളുടെ മേൽ ആരോപിക്കാറുള്ള മതംമാറ്റത്തിനായുള്ള 'ലൗ ജിഹാദ്' വിവാഹതട്ടിപ്പിന്റെ കഥകളാകട്ടെ വിദ്വേഷപ്രചാരണത്തിന്റെ ഉഗ്രശിഖയുള്ള അഗ്‌നിസ്ഫുലിംഗങ്ങളാണ്.

ഗോത്രവർഗക്കാർ ഹിന്ദുക്കളല്ലെന്നു വാദിക്കുന്ന ഭാരത് ട്രൈബൽ പാർട്ടി തെക്കൻ രാജസ്ഥാനിലെ ബാംസ വാഡയിലും ഡൂംഗർപുറിലും ഭീൽ വംശജരുടെ മറ്റു പ്രധാന മേഖലകളിലും അതിവേഗം വളർന്ന് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നതും ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.

ആദിവാസി മേഖല കൈവിട്ടുപോകുന്നതു തടയാൻ ഉദയ്പൂരിലെ ബി.ജെ.പി എംപി മന്നലാൽ റാവത്ത് പാർട്ടിനേതൃത്വത്തിൽ ഏറെ സമ്മർദം ചെലുത്തിയാണ് മതപരിവർത്തന നിരോധന നിയമം തിടുക്കത്തിൽ കൊണ്ടുവരുന്നതെന്നോർക്കണം..!

vachakam
vachakam
vachakam

'സ്‌നേഹപ്രകടനം, പ്രലോഭനം, ബലപ്രയോഗം, വഞ്ചന' എന്നിവയിലൂടെ മതപരിവർത്തനം നടത്തിയാൽ രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ ജയിൽശിക്ഷയും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന 'രാജസ്ഥാൻ ധാർമിക് സ്വതന്ത്രതാ വിധേയക്' 2006ൽ വസുന്ധരാ രാജേ സിന്ധ്യയുടെ ബി.ജെ.പി സർക്കാർ അവതരിപ്പിച്ചിരുന്നു. ആ ബില്ലിന് അന്ന് സംസ്ഥാന ഗവർണറായിരുന്ന പ്രതിഭാ പാട്ടിൽ അനുമതി നൽകിയില്ല. മതപരിവർത്തനത്തിന് ജില്ലാ കലക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നത് അടക്കമുള്ള ഭേദഗതികളോടെ 2008ൽ സിന്ധ്യാ സർക്കാർ അതു വീണ്ടും കൊണ്ടുവന്നു. ഗവർണറായിരുന്ന എസ്.കെ. സിങ് പലവട്ടം തള്ളിയെങ്കിലും ഒടുവിൽ ബില്ല് കേന്ദ്രത്തിലേക്ക് അയച്ചു. വസുന്ധരാ രാജേ രണ്ടാംവട്ടം മുഖ്യമന്ത്രിയായിരിക്കെ 2017 നവംബറിൽ അത് കേന്ദ്രത്തിൽ നിന്ന് തിരിച്ചയച്ചത് 'ദേശീയനയവുമായി പൊരുത്തപ്പെടുന്നതല്ല'  എന്ന കുറിപ്പോടെയായിരുന്നു.

രാജസ്ഥാൻ ഹൈക്കോടതി 2017ൽ നിയമവിരുദ്ധ മതപരിവർത്തനം തടയുന്നതിനുള്ള മാർഗരേഖ പുറപ്പെടുവിച്ചു. വാസ്തവത്തിൽ, മതപരിവർത്തനം തടയുന്നതിന് നിയമവിധേയമായി ഉചിതമായ നടപടികളെടുക്കാൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ട്. മതപരിവർത്തന നിരോധന നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ വ്യവസ്ഥയുണ്ട്.

രാജസ്ഥാനിലെ പുതിയ ബില്ലിൽ, നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വ്യവസ്ഥയുണ്ട്. വ്യക്തിയോ സ്ഥാപനമോ തെറ്റിദ്ധരിപ്പിച്ചോ വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ മതം മാറ്റിയാൽ ആദ്യകുറ്റകൃത്യത്തിന് ഒരു വർഷം മുതൽ അഞ്ചു വർഷം വരെയും, രണ്ടാം തവണ 10 വർഷം വരെയും തടവുശിക്ഷ നിർദേശിക്കുന്നു.
സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ, പട്ടികജാതിപട്ടികവർഗക്കാർ എന്നിവർ ഉൾപ്പെടുന്ന കേസിൽ രണ്ടു മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും,

രണ്ടോ അതിലധികമോ പേരുടെ 'വലിയതോതിലുള്ള മതംമാറ്റത്തിന്' മൂന്നു മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. അനധികൃത മതപരിവർത്തനത്തിനുവേണ്ടിയുള്ള വിവാഹം കുടുംബ കോടതിക്ക് അസാധുവായി പ്രഖ്യാപിക്കാനാകും. മതപരിവർത്തനം ആഗ്രഹിക്കുന്നവർ 60 ദിവസം മൂൻകൂറായി ജില്ലാ മജിസ്‌ട്രേട്ടിന് അപേക്ഷ സമർപ്പിക്കണം. മതംമാറ്റത്തിന്റെ ലക്ഷ്യം, കാരണം, സാഹചര്യം എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തും. മതപരിവർത്തനം കഴിഞ്ഞ് 21 ദിവസത്തിനകം ഡിഎം മുമ്പാകെ നേരിട്ട് ഹാജരായി

സത്യവാങ്മൂലം സമർപ്പിക്കണം. അത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. പൂർവമതത്തിലേക്കുള്ള തിരിച്ചുപോക്കിന് ഹിന്ദുത്വ അജൻഡയിലെ ഘർവാപസിക്ക്  ഈ വക കാര്യക്രമങ്ങളിൽ ഒന്നുംതന്നെ ആർക്കും ബാധകമല്ല.

അസമിലെ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ്മ ഈയിടെ കൊണ്ടുവന്ന മാജിക്കൽ ഹീലിങ് (പ്രിവൻഷൻ ഓഫ് ഈവിൾ പ്രാക്ടീസസ്) ആക്ട് പ്രകാരം അപ്പർ ഗോലാഘാട്ടിൽ പദംപുർ ഗ്രാമത്തിലെ ഏതാനും ഗോത്രവർഗക്കാരുടെ രോഗശാന്തിക്കായി പ്രാർഥിച്ച ബാപ്റ്റിസ്റ്റ് സഭാ പാസ്റ്ററെ മൂന്നു വർഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പിൽ അടുത്തിടെ അറസ്റ്റു ചെയ്തു.
രോഗികളെ ആശ്വസിപ്പിക്കാൻ ഭവനസന്ദർശനം നടത്തുന്നവരെയും രോഗശാന്തി ശുശ്രൂഷയും സുവിശേഷ കൺവെൻഷനുകളും നടത്തുന്നവരെയും മാജിക്കൽ സൗഖ്യദാനത്തിലൂടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തി ജയിലിൽ അടക്കുകയാണ് അസം ഭരണകൂടം.

ഒഡീഷ, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മതപരിവർത്തന നിരോധന നിയമം നിലവിലുണ്ട്. കർണാടകയിൽ ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമം കോൺഗ്രസ് ഭരണകൂടം റദ്ദാക്കി. ഈ സംസ്ഥാനങ്ങളിലൊന്നും ഇന്നേവരെ ഒരാളെപ്പോലും മതപരിവർത്തന നിയമത്തിന്റെ പേരിൽ വിചാരണ ചെയ്ത് അന്തിമമായി ശിക്ഷിക്കാനായിട്ടില്ല എന്നത് നിയമവിരുദ്ധ മതപരിവർത്തന കേസുകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam