ന്യൂഡെല്‍ഹി: ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ ബിനില്‍ ടി ബി യുദ്ധമുഖത്ത് കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബിനിലിന്റെ ബന്ധുവായ ജെയിന്‍ പരിക്കേറ്റ് ചികില്‍സയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജെയിനെയും റഷ്യന്‍ സൈന്യത്തിനായി ജോലി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ഉടന്‍ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് റഷ്യയോട് ആവശ്യപ്പെട്ടു.
'ഈ വിഷയം ഇന്ന് മോസ്‌കോയിലെ റഷ്യന്‍ അധികാരികളോടും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയോടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നേരത്തെ വിട്ടയക്കാനുള്ള ഞങ്ങളുടെ ആവശ്യവും ഞങ്ങള്‍ ആവര്‍ത്തിച്ചു,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
തൃശ്ശൂരില്‍ നിന്നുള്ള ഇലക്ട്രീഷ്യനായ ബിനില്‍ ടിബി (32) ഉക്രെയ്ന്‍ പ്രവിശ്യയിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഐടിഐ മെക്കാനിക്കല്‍ ഡിപ്ലോമക്കാരായ ബിനിലും ജെയിനും ഇലക്ട്രീഷ്യന്‍മാരായും പ്ലംബര്‍മാരായും ജോലി ചെയ്യാമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍ നാലിനാണ് റഷ്യയിലേക്ക് പോയത്. എന്നിരുന്നാലും, അവിടെയെത്തിയപ്പോള്‍, ഇവരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടി. തുടര്‍ന്ന് യുവാക്കളെ റഷ്യന്‍ മിലിട്ടറി സപ്പോര്‍ട്ട് സര്‍വീസിന്റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിച്ചതായി അവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മോസ്‌കോയിലെ ഇന്ത്യന്‍ എംബസി യുവാക്കളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. 'മൃതദേഹം ഇന്ത്യയിലേക്ക് നേരത്തേ എത്തിക്കുന്നതിനായി ഞങ്ങള്‍ റഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. പരിക്കേറ്റയാളെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്, ''ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ എട്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സായുധ സേനയില്‍ ചേര്‍ന്നിട്ടുള്ള 63 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്