മുംബൈ: മുംബൈ നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ജനപ്പെരുപ്പത്തോടൊപ്പം പെരുകുന്ന വാഹനങ്ങളും നഗരത്തെ കൂടുതല്‍ വീര്‍പ്പുമുട്ടിക്കുമെന്ന ആശങ്ക ഉയരുകയാണ്. ഒരു വര്‍ഷത്തിനിടെ ഇവിടെ വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനമാണ് വര്‍ധനവാണുണ്ടായതെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം റോഡുകളുടെ വിസ്തൃതി കൂടിയിട്ടില്ല. മുംബൈ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 50 ലക്ഷം കടന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. റോഡ് വിസ്തൃതിയാകട്ടെ 2000 കിലോമീറ്ററായി മാറ്റമില്ലാതെ തുടരുകയാണ്.
മുംബൈയില്‍ പ്രതിദിനം ശരാശരി 193 കാറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. 2024 ല്‍ പ്രതിദിനം 460 പുതിയ ബൈക്കുകളും നിരത്തുകളിലിടം പിടിച്ചു. പൊതുഗതാഗതാ സംവിധാനത്തിന്റെ അപര്യാപ്തതയും റോഡുകളിലെ വാഹനവര്‍ധനവും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണവും ജനങ്ങളെ ശ്വാസം മുട്ടിക്കുന്നുവെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ 4,300 ബസുകള്‍ ഉണ്ടായിരുന്ന പൊതുഗതാഗത സംവിധാനമായ ബൃഹത് മുംബൈ ഇലക്ട്രിക് സപ്‌ളൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന് (ബെസ്റ്റ്) നിലവില്‍ 2,900 ബസുകള്‍ മാത്രമേയുള്ളൂ. നഗരത്തില്‍ പ്രതിദിന ബസ് യാത്രക്കാരുടെ എണ്ണം 33 ലക്ഷത്തോളമാണ്. നഗരത്തില്‍ ഒരു കിലോമീറ്റര്‍ റോഡില്‍ 2,450 വാഹനങ്ങള്‍ എന്ന നിലയില്‍ വാഹനങ്ങള്‍ വര്‍ധിക്കുമ്പോള്‍ പാര്‍ക്കിങ് പ്രശ്‌നങ്ങളും കൂടിയിട്ടുണ്ട്.
മുംബൈയില്‍ വാഹനങ്ങളുടെ എണ്ണം 50 ലക്ഷത്തോളമെത്തിയത് റോഡിലെ സ്ഥിതി ഗുരതരമാക്കുമെന്ന് ഗതാഗതവകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന് 20 ലക്ഷം വാഹനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളെയുള്ളു. കൂടുതല്‍ മെട്രോകള്‍ ജനങ്ങളിലേക്കെത്തിയാല്‍ മാത്രമേ കുറച്ചെങ്കിലും ആശ്വാസമാകൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്