മുംബൈ: ഉദ്ധവ് സേനയ്ക്ക് പിന്നാലെ മുംബൈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി എന്‍സിപി (എസ്പി) നേതാവ് ശരദ് പവാറും. മഹാ വികാസ് അഘാഡിയില്‍ (എംവിഎ) വിള്ളലുണ്ടെന്ന അഭ്യൂഹത്തിന് ശക്തി പകരുന്നതാണ് പവാറിന്റെ നിലപാട്. മുംബൈയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പവാര്‍, ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കായി മാത്രമാണ് ഇന്ത്യ സഖ്യം രൂപീകരിച്ചതെന്നും മുനിസിപ്പല്‍, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു.
'ഇന്ത്യ മുന്നണി രൂപീകരിക്കുമ്പോള്‍, ദേശീയ വിഷയങ്ങളും തിരഞ്ഞെടുപ്പുകളും മാത്രമായിരുന്നു ചര്‍ച്ച. തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചോ സംസ്ഥാന തെരഞ്ഞെടുപ്പിനെക്കുറിച്ചോ ചര്‍ച്ച നടന്നിട്ടില്ല,' പവാര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കാന്‍ എംവിഎ ഘടകകക്ഷികള്‍ക്കിടയില്‍ ഒരു യോഗം ചേരുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു.
വരുന്ന 8-10 ദിവസത്തിനുള്ളില്‍ എല്ലാവരും ഒരു യോഗം ചേര്‍ന്ന് ഒരുമിച്ച് മത്സരിക്കണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കുമെന്ന് ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പില്‍ എംവിഎ സഖ്യത്തിന് 46 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ. ശിവസേന (യുബിടി) 20, കോണ്‍ഗ്രസ് 16, എന്‍സിപി (എസ്പി) 10 എന്നിങ്ങനെയായിരുന്നു വിജയം. പരാജയത്തിന് പിന്നാലെ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം പഴി ചാരിയിരുന്നു.
എംവിഎയുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പരിഗണിക്കാന്‍ താക്കറെയോട് ആവശ്യപ്പെടാന്‍ ഈ ഫലങ്ങള്‍ ഒരു വിഭാഗം സേന (യുബിടി) നേതാക്കളെ പ്രേരിപ്പിച്ചു.
മറുവശത്ത്, പവാറുമാരെല്ലാം ഒന്നിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അമ്മ പറഞ്ഞതിനെത്തുടര്‍ന്ന് ശരദ് പവാറിന്റെയും അജിത്തിന്റെയും എന്‍സിപി വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിന് സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. ഈ മാസം ആദ്യം ശരദ് പവാറും ആര്‍എസ്എസിനെ പുകഴ്ത്തി അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്