ന്യൂഡെല്‍ഹി: കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്ത ഇന്ത്യയിലെ സര്‍ക്കാര്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തി മെറ്റ. അശ്രദ്ധ കൊണ്ടുണ്ടായ പിശക് എന്ന് സിഇഒ സുക്കര്‍ബര്‍ഗിന്റെ പ്രസ്താവനയെ മെറ്റ വിശേഷിപ്പിച്ചു.
'2024 ലെ തിരഞ്ഞെടുപ്പില്‍ പല പാര്‍ട്ടികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന മാര്‍ക്കിന്റെ നിരീക്ഷണം പല രാജ്യങ്ങളെയും സംബന്ധിച്ച് ശരിയാണ്, പക്ഷേ ഇന്ത്യയിലല്ല. ഞങ്ങള്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ അശ്രദ്ധമായ തെറ്റിന്,' മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രല്‍ എക്സില്‍ എഴുതി.
അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്നോളജി ഗ്രൂപ്പിന് ഇന്ത്യ അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട രാജ്യമായി തുടരുകയാണെന്നും തുക്രല്‍ പറഞ്ഞു.
സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രസ്താവനയില്‍ തന്റെ ടീം മെറ്റയെ വിളിപ്പിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കമ്പനി മാപ്പ് പറഞ്ഞത്.
''ഈ തെറ്റായ വിവരത്തിന് എന്റെ കമ്മിറ്റി മെറ്റായെ വിളിക്കും. തെറ്റായ വിവരങ്ങള്‍ ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഈ തെറ്റിന് ഇന്ത്യന്‍ പാര്‍ലമെന്റിനോടും ഈ രാജ്യത്തെ ജനങ്ങളോടും സംഘടന മാപ്പ് പറയേണ്ടിവരും,'' ദുബെ എക്സില്‍ എഴുതി.
സുക്കര്‍ബര്‍ഗ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരാശാജനകമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും നേരത്തെ പ്രതികരിച്ചിരുന്നു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍, 640 ദശലക്ഷത്തിലധികം വോട്ടര്‍മാരുമായാണ് ഇന്ത്യ 2024 ലെ തിരഞ്ഞെടുപ്പ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ആവര്‍ത്തിച്ചു. കോവിഡിന് ശേഷം അധികാരം നഷ്ടപ്പെട്ടെന്നത് വസ്തുതാപരമായി തെറ്റാണ്,' വൈഷ്ണവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്